Thursday, October 29, 2009

ഓട്സ് പുട്ട്




ഓട്സ് ആരോഗ്യത്തിനു നല്ലതാണെന്ന് പറയാറുണ്ട്. ഓട്സ് കൊണ്ട് കഞ്ഞിയുണ്ടാക്കിക്കുടിക്കുകയാണ് വേണ്ടത്. മധുരമിട്ടും, മധുരമിടാതെയും. അങ്ങനെയൊക്കെയാണ് ഇവിടെ സ്ഥിരം ചെയ്യാറുള്ളത്. വീട്ടുകാർ മിക്കവരും ദിവസവും ഓട്സ് കഴിക്കുന്നവരാണ്. ഓട്സ് കഞ്ഞിയല്ലാതെ, ആരും ഓട്സ് കൊണ്ട് വേറെയൊന്നും ഉണ്ടാക്കാറില്ല. ഇവിടെ പായസം ഉണ്ടാക്കിയിട്ടുണ്ട്. ഓട്സ് കൊണ്ട് പുട്ടുണ്ടാക്കിയാൽ എന്തായെന്ന് തോന്നിയതുകൊണ്ട് ഒന്ന് പരീക്ഷിച്ചേക്കാംന്ന് കരുതി. ഓട്സിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് ഈ പുട്ടും ഇഷ്ടമാവും.

ഓട്സ് കുറച്ചെടുത്ത് പൊടിക്കണം. കരിഞ്ഞുപോവാതെ വറുക്കണം. പുട്ടിനു അരിപ്പൊടി വറുക്കുന്നതുപോലെത്തന്നെ. പക്ഷേ അത്രയും നേരം വേണ്ട.




വറുത്ത പൊടി തണുക്കാനിടുക.

തണുത്ത പൊടിയിൽ ആവശ്യത്തിനു ഉപ്പിടുക. ഉപ്പു കുറച്ചുകുറഞ്ഞാൽ സാരമില്ല. പുട്ട്, കറിയും കൂട്ടി കഴിക്കുമ്പോൾ കുഴപ്പമുണ്ടാവില്ല. അധികമാവരുത്.

അതിലേക്ക് കുറച്ചുകുറച്ചായി വെള്ളം ചേർത്ത് പുട്ടുണ്ടാക്കാൻ പാകത്തിൽ കുഴയ്ക്കണം. കുഴയ്ക്കാൻ കുറച്ചു വിഷമം ഉണ്ടാവും. കൈയിൽ പറ്റിപ്പിടിക്കും. ഒന്ന് വെള്ളം കൂട്ടി കുഴച്ചുകഴിഞ്ഞ്, പൊടി മുഴുവൻ വെള്ളം നനഞ്ഞാൽ, അത് എടുത്ത് മിക്സിയുടെ ഏതെങ്കിലും ഒരു പാത്രത്തിൽ ഇട്ട് ഒന്ന് തിരിക്കുക. അധികം പ്രാവശ്യം തിരിക്കരുത്. ഒരു പ്രാവശ്യം മതി. ഇപ്പോ നല്ല പാകത്തിനുള്ള പൊടി ആയിട്ട് കിട്ടും. വെള്ളം ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.

തേങ്ങയും പൊടിയും തേങ്ങയും പൊടിയും ആയി, പുട്ടുകുറ്റിയിലേക്ക് നിറയ്ക്കുക. ഉണ്ടാക്കിയെടുക്കുക. കുഴച്ച പൊടിയിൽ തേങ്ങ കുറച്ചിട്ട് കുഴയ്ക്കുകയും ചെയ്യാം.



ഓട്സ് ആയതുകൊണ്ടും ആവിയിൽ വേവിക്കുന്നതായതുകൊണ്ടും ആരോഗ്യത്തിന് കുഴപ്പമില്ലാത്തൊരു പലഹാരമാണ് ഇതെന്ന് കരുതാം. തേങ്ങയും ഉപ്പും മാത്രമല്ലേ ചേരുന്നുള്ളൂ. ചെറുപയർ കറിയുണ്ടാക്കിയാൽ ഇതിനു കൂട്ടിക്കഴിക്കാൻ നല്ലത്. പഴം ആയാലും മതി.

Wednesday, October 21, 2009

മധുരക്കിഴങ്ങ് ബജ്ജി

മറ്റെല്ലാ ബജ്ജികളും ഉണ്ടാക്കുന്നതുപോലെ, വളരെ എളുപ്പമുള്ളൊരു പലഹാരമാണ് മധുരക്കിഴങ്ങ് ബജ്ജി. മധുരക്കിഴങ്ങ് വാങ്ങിക്കൊണ്ടുവെച്ചിട്ടുണ്ടെങ്കിൽ അതിഥികൾ ആരെങ്കിലും വന്നാൽ, അല്ലെങ്കിൽ കൂട്ടുകാർ ആരെങ്കിലും വന്നാലുടനെ ഇത് തയ്യാറാക്കി കൊടുക്കാം. സ്വാദുമുണ്ട്.

ഇത് ഉണ്ടാക്കാൻ

കടലമാവ്
അരിപ്പൊടി
ഉപ്പ്
മധുരക്കിഴങ്ങ്
മുളകുപൊടി
കായം (പൊടി)
വെളിച്ചെണ്ണ (ഏതെങ്കിലും പാചകയെണ്ണയായാലും മതി).




രണ്ട് മധുരക്കിഴങ്ങ് എടുത്ത് ആദ്യം വൃത്തിയായി കഴുകുക. ചിത്രത്തിൽ ഉള്ളതുപോലെ മിക്കവാറും മണ്ണ് കാണും അതിൽ.
കഴുകിക്കഴിഞ്ഞാൽ തോലു കളയുക. പെട്ടെന്ന് കളയാൻ പറ്റിയെന്നുവരില്ല.
തോലു കളഞ്ഞിട്ട് ഒന്നുകൂടെ കഴുകാം.




എന്നിട്ട് വട്ടത്തിലോ ചിത്രത്തിലുള്ളപോലെ ഒരു വശത്തുനിന്ന് ചെത്തിയോ മുറിക്കണം.
മുറിച്ച് വീണ്ടും കഴുകണം. കറയുണ്ടെങ്കിൽ പോകും.

അഞ്ച് ടേബിൾസ്പൂൺ കടലപ്പൊടി (കടലമാവ്) എടുക്കുക. ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും. കുറച്ച് കൂടിയാലും കുഴപ്പമില്ല.
കാൽ ടീസ്പൂൺ മുളകുപൊടിയിടുക. കുറച്ച് ഉപ്പും. അല്പം കായവും (പൊടി).
വെള്ളമൊഴിച്ച് അധികം വെള്ളം പോലെയാവാതെ കുഴയ്ക്കുക.
അഞ്ചുമിനുട്ട് വയ്ക്കുക.
അതിൽ ഓരോ മധുരക്കിഴങ്ങ് കഷണങ്ങളും ഇട്ട് മുക്കിയെടുത്ത് ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുക.



അധികം തണുക്കുന്നതിനുമുമ്പ് കഴിക്കുക.

Monday, October 12, 2009

മസാലപ്പൊരി

പൊരി കണ്ടിട്ടില്ലേ? എല്ലാവരും തിന്നിട്ടുമുണ്ടാവും. പണ്ടൊക്കെ ഉത്സവച്ചന്തയിൽ വരുമായിരുന്നു പൊരി. വാങ്ങിക്കൊണ്ടുവന്ന് തേങ്ങയും ശർക്കരയുമൊക്കെക്കൂട്ടി കഴിക്കുമായിരുന്നു. ഇപ്പോ എല്ലായിടത്തും കടകളിൽ കാണാം. മസാലപ്പൊരിയുണ്ടാക്കിയാൽ, യാത്രയ്ക്കൊക്കെ കൊണ്ടുപോകാം. വെറുതേ പൊരി തിന്നുന്നതിനേക്കാൾ സ്വാദുമുണ്ടാവും. എരിവ് ഇഷ്ടമുള്ളവർക്കേ ഇത് പറ്റൂ. എളുപ്പം തയ്യാറാക്കിയെടുക്കാം.




പൊരി - നൂറ്റമ്പത് ഗ്രാം.

വെളുത്തുള്ളി ചെറിയ അല്ലി - പത്ത്/പന്ത്രണ്ട്.

പാചകയെണ്ണ (സൂര്യകാന്തിയെണ്ണയാണ് വെളിച്ചെണ്ണയേക്കാൾ ഇതിന് നല്ലത്) - രണ്ടോ മൂന്നോ ടേബിൾസ്പൂൺ.

മുളകുപൊടി - എരിവ് ഇഷ്ടമാണെങ്കിൽ അര ടീസ്പൂൺ ചേർക്കുക. അല്ലെങ്കിൽ വളരെക്കുറച്ച്.

നിലക്കടല - രണ്ട് ടേബിൾസ്പൂൺ.

കറിവേപ്പില കുറച്ച്.

പൊരിയിൽ ഉപ്പുണ്ടാവും മിക്കവാറും. ഇല്ലെങ്കിൽ മാത്രം ആവശ്യത്തിനു ചേർക്കുക.

എണ്ണ ചൂടാക്കുക. ഒരു വല്യ പാത്രം തന്നെ എടുക്കണം. അല്ലെങ്കിൽ ഇളക്കാൻ കഴിയില്ല. എണ്ണ ചൂടായാൽ നിലക്കടല പൊരിക്കുക. അതിലേക്ക് വെളുത്തുള്ളിയിട്ട് വറുക്കുക. പിന്നെ കറിവേപ്പിലയിടുക. തീ നന്നായി കുറച്ചുവേണം ഒക്കെ ചെയ്യാൻ. അതിലേക്ക് മുളകുപൊടിയിടുക. പൊരിയിട്ട് നന്നായി ഇളക്കിയോജിപ്പിച്ച് വാങ്ങിവയ്ക്കുക.




മസാലപ്പൊരി തയ്യാർ. മുളകുപൊടി വേണ്ടെങ്കിൽ ചുവന്നമുളക് ചെറുതാക്കി മുറിച്ചിട്ടാലും മതി.

തേങ്ങയോ സേവയോ മിക്സ്ചറോ ഒക്കെ ഇതിലിട്ട് തിന്നാം. വേണ്ടതിൽ മാത്രമേ ഇടാവൂ. ഉണ്ടാക്കിയതിൽ മുഴുവൻ തേങ്ങയിട്ടാല്‍പ്പിന്നെ അത് പിന്നേയ്ക്ക് എടുത്തുവയ്ക്കാൻ പറ്റില്ല. അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിലാക്കി നന്നായി അടച്ചുവച്ചാൽ കുറച്ചുനാൾ ഇരിക്കും.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]