Tuesday, October 28, 2008

പപ്പായസാമ്പാർ



പപ്പായ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണെന്ന് നിങ്ങൾക്കാരെങ്കിലും പറഞ്ഞുതരണോ അല്ലേ? പഴുത്തതും പച്ചയുമായ പപ്പായകൊണ്ട് പലതരം വിഭവങ്ങൾ നിങ്ങൾ ഉണ്ടാക്കിക്കാണും. ഇവിടെ പപ്പായ ഇഷ്ടമുള്ള ഒരു വസ്തുവാണ്. പപ്പായ, കപ്പളങ്ങ, ഓമയ്ക്ക എന്നൊക്കെ പേരുണ്ടതിന്. കർമൂസ എന്നാണ് ഞങ്ങളുടെ നാട്ടിൽ. എന്നെ നീന്തലു പഠിപ്പിച്ച ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെയിരിക്കുന്നു മരത്തിൽ കുറെ പപ്പായ. അതൊക്കെ ഒരു ചാക്കിൽ നിറയെ കൊണ്ടുവന്ന് എല്ലാർക്കും വിതരണം ചെയ്തു. ചേട്ടന്റെ അമ്മയാണ് പപ്പായസാമ്പാർ ഉണ്ടാക്കുന്ന ആൾ. അല്ലെങ്കിൽ മിക്കവാറും എല്ലാവരും തോരനും, ഓലനും കൊണ്ട് പപ്പായ തീർക്കും. പിന്നെ പഴുത്ത് തിന്നുകയും ചെയ്യും. ഞാനും ഒരു പപ്പായസാമ്പാർ ഉണ്ടാക്കിയേക്കാം എന്നു കരുതി.
സാമ്പാർ ഉണ്ടാക്കാൻ,

പപ്പായ ചിത്രത്തിലെപ്പോലെ മുറിച്ചത്

തുവരപ്പരിപ്പ് - മൂന്ന് ടേബിൾസ്പൂൺ (നമ്മൾ ദാൽ ഫ്രൈ ഒന്നുമല്ല ഉണ്ടാക്കുന്നത് ;))






മഞ്ഞൾപ്പൊടി - കുറച്ച്,
തക്കാളി - ഒന്ന്. നിങ്ങൾക്കിഷ്ടമാണെങ്കിൽ. ഞാൻ രണ്ട് പച്ചമുളകും ഇട്ടു. സാമ്പാറിൽ ഇടാറുണ്ട്.



പുളി - നെല്ലിക്കാവലുപ്പത്തിൽ പുളി, വെള്ളത്തിൽ കുതിർത്ത് കുറച്ചുകഴിഞ്ഞ് ആ പുളിവെള്ളം എടുക്കുക.
തേങ്ങ വറുത്തത് - രണ്ട് ടേബിൾസ്പൂൺ. (തേങ്ങയുടെ കൂടെ ഞാൻ കറിവേപ്പിലയും വറുക്കും. തേങ്ങ നന്നായി മൊരിഞ്ഞുവന്നാൽ കറിവേപ്പില, ഇല മാത്രം ഇടുക.)
കൊത്തമല്ലി - ഒന്നരടീസ്പൂൺ
ചുവന്ന മുളക് - രണ്ട് അല്ലെങ്കിൽ മൂന്ന്.
ഉലുവ - നാലുമണി.
കൊത്തമല്ലിയും, മുളകും, ഉലുവയും നന്നായി വറുത്തെടുത്ത് വറുത്ത തേങ്ങയുടെ കൂട്ടി മിനുസമായി അരച്ചെടുക്കുക.
കായം - പൊടി, കുറച്ച്.
ഉപ്പ്,
വറവിടാൻ, കറിവേപ്പില, മുളക്, കടുക് എന്നിവ. വെളിച്ചെണ്ണ/ പാചകയെണ്ണയും.
പരിപ്പും കഷണവും കഴുകി, മഞ്ഞൾപ്പൊടിയിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കുക. അല്ലെങ്കിൽ പാത്രത്തിൽ പരിപ്പ് വേവിച്ച്, ഒന്നു വെന്താൽ കഷണങ്ങളും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. ഉപ്പ് വെന്തതിനുശേഷം ചേർക്കുക.



പുളിവെള്ളം ഒഴിച്ച് വേവിക്കുക. തക്കാളി ഇടുന്നെങ്കിൽ ഇടുക. കായം ഇടുക.


കുറച്ചുകഴിഞ്ഞാൽ തക്കാളി വെന്ത്, പുളി വെന്ത് വരും. അപ്പോൾ തേങ്ങ ചേർക്കണം.
തിളച്ച് വാങ്ങിവെച്ച് വറവിട്ടെടുക്കുക.



ഇഡ്ഡലിയോടൊപ്പം കൂട്ടുക. ബാക്കി ചോറിനൊപ്പവും കൂട്ടുക.
മല്ലിയും മുളകുമൊക്കെ ഒരു കണക്കിനാണ്. ഇവിടെ മല്ലി വല്യ ഇഷ്ടമില്ല. നിങ്ങളുടെ ഇഷ്ടമനുസരിച്ച് കൂടുതലോ കുറവോ ചേർക്കാം. പുളിവെള്ളം ചേർക്കാൻ ഇഷ്ടമില്ലെങ്കിൽ കൂടുതൽ തക്കാളി ചേർക്കുക.

Thursday, October 23, 2008

പരിപ്പുദോശ

ദോശയിഷ്ടമില്ലാത്തവരുണ്ടോ? സ്വാദിലും ഉണ്ടാക്കാൻ എളുപ്പത്തിനും ഒരു പലഹാരം ഇന്നും ദോശ തന്നെ. അതുകൊണ്ട് പരിപ്പുദോശയായാലോ? സാമ്പാറിനു വയ്ക്കുന്ന പരിപ്പ് കുറച്ചെടുത്തുവെച്ച് വെറുതെ തിന്നുമായിരുന്നു പണ്ട്. പരിപ്പുകൾ ആരോഗ്യത്തിനു നല്ലതുതന്നെ. എല്ലാംകൂടെച്ചേരുമ്പോൾ പരിപ്പുദോശയെന്നതിലുപരി ആരോഗ്യദോശയായി. മുളകിന്റെ കാര്യത്തിലും കുഴപ്പമൊന്നുമില്ല. കുറച്ച് മുളക് ആവശ്യം തന്നെ. കുഞ്ഞുകുട്ടികൾക്ക് കൊടുക്കുമ്പോൾ മുളക് ഒഴിവാക്കുക.
അരിയും പരിപ്പുകളും 2:1 എന്ന അനുപാതത്തിൽ എടുക്കണം.



പച്ചരി - 2 കപ്പ്/ഗ്ലാസ്സ്/പാത്രം.
ചെറുപരിപ്പും, കടലപ്പരിപ്പും, ഉഴുന്നുപരിപ്പും, തുവരപ്പരിപ്പും കൂടെ - 1 കപ്പ്/ഗ്ലാസ്സ്/പാത്രം.
ഉലുവ - 1 ടീസ്പൂൺ മതി.
ചുവന്ന മുളക് ഞാൻ നാലെണ്ണം എടുത്തു. (എരിവ് അധികം വേണ്ടാത്തവർ കുറയ്ക്കുക).
പിന്നെ കുറച്ച് കായം (പൊടി മതി).
പിന്നെ കറിവേപ്പില രണ്ട് തണ്ടിൽ ഉള്ള ഇലയും.
ഉപ്പ്.
അരിയും പരിപ്പുകളും ഉലുവയും വെള്ളത്തിൽ കുതിർത്ത് രണ്ട് - മൂന്ന് മണിക്കൂർ വെച്ച്, കഴുകിയെടുത്ത് അരയ്ക്കുക. അരയ്ക്കുമ്പോൾ കായം, മുളക്, ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കണം. തരുതരുപ്പായിട്ട് അരച്ചാൽ മതി. അത്രയ്ക്കും നല്ലപോലെ അരയരുത്.


പിന്നെ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ ദോശയുണ്ടാക്കാം. ഒരു മണിക്കൂർ വെച്ചില്ലെങ്കിലും സാരമില്ല. ദോശയുണ്ടാക്കുമ്പോൾ അധികം വട്ടം ആക്കിയില്ലെങ്കിൽ കൂടുതൽ സോഫ്റ്റ് ആയിരിക്കും. ഉണ്ടാക്കുമ്പോൾ എണ്ണയോ നെയ്യോ പുരട്ടുക.



ചമ്മന്തി മതി കൂടെക്കഴിക്കാൻ. ചൂടോടെ കഴിക്കുക. പരിപ്പുദോശയായതുകൊണ്ട് സാമ്പാറൊന്നും വേണമെന്നില്ല. പരിപ്പുകൾ അലർജിയുള്ളവർ മാത്രം ഈ ദോശയുണ്ടാക്കി കഴിക്കേണ്ട. വീട്ടിൽ അമ്മയുണ്ടാക്കാറുണ്ട്. എന്റെ കസിൻ ഉണ്ടാക്കാറുണ്ട്. അവർക്കൊക്കെ ഇഷ്ടം തന്നെ.

Monday, October 20, 2008

ഇലുമ്പിപ്പുളി

എല്ലാവരും പറയുന്നത് ഇലുമ്പിപ്പുളിയെന്നാണോ? എന്റെ അമ്മാമന്റെ വീട്ടിനടുത്ത് ഒരു ഡോക്ടറുടെ നഴ്സിംഗ് ഹോമിൽ നിറയെ ഇലുമ്പിപ്പുളിയുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാനും കസിനുകളും അവിടെ പോകുമ്പോൾ രോഗിയെ കാണുന്നതിലും ഉഷാർ ഇലുമ്പിപ്പുളി പെറുക്കിക്കൊണ്ടുവന്ന് തിന്നുന്നതിലായിരുന്നു. കൊണ്ടുവന്ന് തിന്നും. പിന്നെ വീണ്ടും പോകും.



ഇപ്പോ അമ്മാമന്റെ വീട്ടിലുണ്ട് മരം. പക്ഷെ, അതിൽനിന്ന് പറിച്ചുതിന്നാൻ ആർക്കും വല്യ ഉഷാറില്ല. ഒന്നും ഉണ്ടാക്കാറുമില്ല.
എന്നാല്‍പ്പിന്നെ ചമ്മന്തിയുണ്ടാക്കിയേക്കാം, അച്ചാറുണ്ടാക്കിയേക്കാം എന്നൊക്കെ ഞാൻ കരുതി.


ചമ്മന്തിയ്ക്ക് ഇലുമ്പിപ്പുളിയുടെ കൂടെ കുറച്ച് തേങ്ങ, ഉപ്പ്, ചുവന്ന മുളക് എന്നിവ വേണം. കറിവേപ്പിലയും ഇടാം. ഇലുമ്പിപ്പുളിയുടെ അധികപുളി ഒഴിവാക്കാൻ ഞാൻ അതിൽ കുറച്ച് കുഞ്ഞുള്ളിയും ഇട്ടു.



ഇലുമ്പിപ്പുളി മിക്സിയിൽ ഇടുന്നതിനുമുമ്പ് ഒന്നു ചെറുതാക്കാം. തീരെ വെള്ളമില്ലാതെ
അരയ്ക്കണം. പുളിയിൽത്തന്നെ വെള്ളമുണ്ട്. ചമ്മന്തി റെഡി.



പുളിയുള്ളതുകൊണ്ട് ചോറിനും കഞ്ഞിക്കുമൊപ്പമാണ് നല്ലത്.



ഇനി അച്ചാറുണ്ടാക്കാനോ?

ഇലുമ്പിപ്പുളി
നല്ലെണ്ണ
കായം (പൊടി)
ഉലുവപ്പൊടി
മുളകുപൊടി
ഉപ്പ്
ഇത്രയും വേണം.



ഇലുമ്പിപ്പുളി ചിത്രത്തിലെപ്പോലെ മുറിക്കുക. നല്ലെണ്ണ കുറച്ചെടുത്ത് ചൂടാക്കാൻ വയ്ക്കുക. ഇലുമ്പിപ്പുളിയ്ക്കനുസരിച്ച് അതു വഴറ്റിയെടുക്കാൻ വേണ്ട അളവിൽ എണ്ണയെടുക്കണം. ചൂടായാൽ ഇലുമ്പിപ്പുളി അതിലേക്കിട്ട് ഇളക്കുക. തീ വളരെക്കുറച്ചു വയ്ക്കുക. പുളി എളുപ്പത്തിൽ മൃദുവാകും. നിറവും മാറും. അങ്ങനെ മൃദു ആയാൽ അതിലേക്ക് ഉലുവപ്പൊടി വളരെക്കുറച്ച് ഇടുക. കായം പൊടി ഇടുക. ഇളക്കി യോജിപ്പിച്ചതിനുശേഷം ഉപ്പും ആവശ്യത്തിനു മുളകുപൊടിയും ഇടുക. മൂന്നാലു മിനുട്ട് ഇളക്കിക്കൊണ്ട് യോജിപ്പിച്ചാൽ വാങ്ങിവയ്ക്കാം.



നല്ലെണ്ണ ഇഷ്ടമല്ലെങ്കിൽ നിങ്ങളുപയോഗിക്കുന്ന പാചകയെണ്ണ ഉപയോഗിച്ചാലും മതി.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]