Tuesday, May 24, 2011

മാങ്ങാത്തെര

മാങ്ങാത്തെര അഥവാ മാങ്ങാക്കച്ച് എന്ന് അറിയപ്പെടുന്ന വിഭവം, മാങ്ങാക്കാലത്ത്, നല്ല വെയിലുള്ള കാലത്ത് ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റിയ ഒന്നാണ്. എന്റെ കസിൻ സഹോദരന്റെ ഭാര്യ എല്ലാ വേനലവധിക്കും സ്വന്തം വീട്ടിൽ പോയിട്ട് ഇതുകൊണ്ടുവരും. അവിടെ അമ്മയുണ്ടാക്കിയത്. ഇവിടെയും എല്ലാവർക്കും അറിയാമെങ്കിലും ഉള്ള മാങ്ങയൊക്കെ തിന്നുതീർക്കുന്നതുകൊണ്ട് ആരും ഉണ്ടാക്കാൻ ശ്രമിക്കാറില്ലായിരുന്നു. ഇത്തവണ ഞാൻ ആ അമ്മയെ ഫോൺ ചെയ്ത് ഇതിന്റെ എല്ലാ ഗുട്ടൻസുകളും ചോദിച്ചറിഞ്ഞു. ഉണ്ടാക്കാനും തുടങ്ങി. അത് ഇങ്ങനെയൊക്കെ ആയിക്കിട്ടി. ഇനി നിങ്ങൾക്കും ഇതൊക്കെ ഒന്നു പരീക്ഷിച്ചൂടേ?

ഇത് ചെയ്യാൻ നന്നായി പഴുത്ത മാങ്ങകൾ വേണം. മൂവാണ്ടൻ മാങ്ങയുണ്ടെങ്കിൽ നല്ലത്. ഇവിടെ വാങ്ങിക്കൊണ്ടുവന്ന മാങ്ങയാണ് ഉപയോഗിച്ചിരിക്കുന്നത്.

ചെയ്യേണ്ട വിധം :-




പഴുത്ത മാങ്ങ തോലു കളയുക.



അതിന്റെ ചാറ് നന്നായി പിഴിഞ്ഞെടുക്കുക. കഷണങ്ങളും ഉണ്ടെന്നു തോന്നുന്നെങ്കിൽ മിക്സിയിൽ അടിച്ചെടുക്കുക.

ഒരു പായയിലോ, പ്ലാസ്റ്റിക്ക് കടലാസ്സിലോ ഇത് നേർമ്മയിൽ തേച്ചുപിടിപ്പിക്കുക.




ഉണക്കാൻ വയ്ക്കുക. നല്ല വെയിൽ ഉണ്ടെങ്കിൽ വേഗം ഉണങ്ങും.





പിറ്റേ ദിവസം ആ ഉണങ്ങിയതിനു മുകളിൽ മാങ്ങാച്ചാറ് വീണ്ടും തേയ്ക്കുക. വേണമെങ്കിൽ ശർക്കര കൂട്ടാം. അഥവാ മാങ്ങയ്ക്ക് പുളിയുണ്ടെങ്കിൽ അതു പോയിക്കിട്ടും.

കട്ടിയിൽ തേയ്ക്കരുത്. എന്നാൽ ഓരോ ദിവസം തേയ്ക്കുന്നതും അന്നന്നു തന്നെ ഉണങ്ങിക്കിട്ടും.



അങ്ങനെ നിങ്ങൾക്കാവശ്യമുള്ള കട്ടിയിൽ തേച്ചുപിടിപ്പിച്ച് ഉണക്കി തെര ഉണ്ടാക്കിയെടുക്കുക.




ഇത്രേം കട്ടിയിൽ ഒന്നും വേണമെന്നില്ല കേട്ടോ. ശരിക്കും ഉണങ്ങിയാൽ കറുപ്പുനിറമാവും.



സൂക്ഷിച്ചുവച്ച് പഴുത്ത മാങ്ങ ഇല്ലാത്ത കാലത്ത് ചോറിനൊപ്പം കഴിക്കുക. കറികളിൽ ഇടുകയും ചെയ്യാം. വെറുതെ തിന്നാനും നല്ലതുതന്നെ.

Wednesday, May 11, 2011

കയ്പ്പക്കയും മാങ്ങയും കൂട്ടാൻ

കയ്പ്പക്ക അഥവാ പാവയ്ക്ക ഇഷ്ടമുള്ളവർ മാത്രം ഇതുണ്ടാക്കിയാൽ മതി എന്നാണ് എന്റെ അഭിപ്രായം. കുറച്ച് കയ്പ്പൊക്കെ ഉണ്ടാവും കൂട്ടാന്. ഇത് വളരെ എളുപ്പമുള്ള ഒരു കൂട്ടാനാണ്.



കയ്പ്പക്ക - ഒന്ന്.
മാങ്ങ - ഒന്ന്. അധികം പുളിയില്ലാത്തതാവും നല്ലത്.
ജീരകം - കാൽ ടീസ്പൂൺ.
തേങ്ങ - മൂന്ന്/ നാലു ടേബിൾസ്പൂൺ.
മുളകുപൊടി - അര ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വറവിടാൻ, വെളിച്ചെണ്ണയും, കടുകും, മുളകും, കറിവേപ്പിലയും.



കയ്പ്പക്കയും മാങ്ങയും കഷണങ്ങളാക്കി മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് വേവിക്കുക. ആദ്യം കയ്പ്പക്ക വേവിച്ച് പിന്നെ മാങ്ങയിട്ടാൽ നല്ലത്. കയ്പ്പയ്ക്ക് കുറച്ച് വേവുണ്ട്. മാങ്ങയ്ക്ക് അത്രയില്ലല്ലോ. ഒരുമിച്ച് വെച്ചാലും കുഴപ്പമില്ല. തേങ്ങ, ജീരകം ഇട്ട് അരയ്ക്കുക. കയ്പ്പക്കയും മാങ്ങയും വെന്താൽ അതിലേക്ക് തേങ്ങ കൂട്ടുക. തിളപ്പിക്കുക. വാങ്ങിവയ്ക്കുക. വറവിടുക.




മാങ്ങയ്ക്ക് പുളി തീരെയില്ലെങ്കിൽ, കൂട്ടാനു പുളിയുള്ളതാണ് നിങ്ങൾക്കിഷ്ടമെങ്കിൽ കുറച്ച് മോരു ചേർക്കുക. എരിവ് നിങ്ങളുടെ പാകത്തിനു ചേർക്കുക.

Monday, May 02, 2011

ചെറുപയർ ദോശ

ചെറുപയർ കൊണ്ട് പലതരം കൂട്ടാനുകളും വയ്ക്കാറില്ലേ? ഇനി ചെറുപയർ കൊണ്ട് ദോശയായാലോ? അത്ര എളുപ്പത്തിലൊന്നും ആവില്ല. എന്നാലും സമയമുള്ളപ്പോൾ പരീക്ഷിക്കാം.



പച്ചരി - ഒരു ഗ്ലാസ്.
പുഴുങ്ങലരി - അര ഗ്ലാസ്.
ഉലുവ - ഒരു ടീസ്പൂൺ.
ചെറുപയർ - അര ഗ്ലാസ്.
ഉപ്പ്.

ഉപ്പ് ഒഴിവാക്കി ബാക്കിയെല്ലാം നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിലിട്ടു വയ്ക്കുക. കഴുകിയിട്ട് വെള്ളത്തിലിട്ടാൽ മതി. മിനുസമായിട്ട് അരച്ചെടുക്കുക. അരയ്ക്കുമ്പോൾ, മിക്സിയിൽ, വളരെക്കുറച്ച് വെള്ളം ഒഴിക്കുക. ഇതൊക്കെ ഉള്ളതിന്റെ പകുതിയിൽ നിൽക്കുന്നത്രേം വെള്ളം. വേണമെങ്കിൽ മാത്രം വീണ്ടും ചേർത്താൽ മതി. മിനുസമായിട്ട് അരയണം. ഉപ്പ്, അരയ്ക്കുമ്പോൾ ഇട്ടാൽ ഒരുപോലെ ചേരും.



ദോശമാവ് പുളിയ്ക്കാൻ വയ്ക്കുക. ഇവിടെ വൈകുന്നേരം അരച്ചിട്ട് പിറ്റേന്ന് രാവിലെയാണുണ്ടാക്കിയത്.



ദോശക്കല്ലിൽ മാവൊഴിക്കുക. പരത്തുക. എണ്ണയോ നെയ്യോ പുരട്ടുക.



വെന്താൽ മറിച്ചിടുക. മറ്റേഭാഗവും വെന്താൽ എടുത്തുവയ്ക്കുക.




കൂടെക്കൂട്ടാൻ വെറും ചമ്മന്തി ആയാലും കുഴപ്പമില്ല. അല്ലെങ്കിൽ കറിയെന്തെങ്കിലും ഇഷ്ടമുള്ളതുപോലെ ഉണ്ടാക്കുക.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]