വേണം:-
കടലപ്പരിപ്പ്
സവാള
ഇഞ്ചി
പച്ചമുളക്
കായം
മുളകുപൊടി
ഉപ്പ്
വെളിച്ചെണ്ണ
കുറച്ച് കടലപ്പരിപ്പെടുത്ത് ഒരു മൂന്ന്-നാലുമണിക്കൂര്‍ വെള്ളത്തിലിട്ടുവെയ്ക്കുക. അത് കുതിരുന്ന സമയത്ത്, കുറച്ച്, സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായിച്ചെറുതായി അരിഞ്ഞെടുക്കുക. ഒരു കപ്പിന് രണ്ട് സവാള മതി. വലുതാണെങ്കില്‍ അത്രയും വേണമെന്നും ഇല്ല. ഇത് ഉള്ളിവടയല്ലല്ലോ. ;) ഒക്കെ ചെറുതായി അരിയാന്‍ മടിയ്ക്കരുത്. മടിച്ചാല്‍ തിന്നുമ്പോള്‍ മനസ്സിലാവും.
കടലപ്പരിപ്പ് വെള്ളം കഴുകി, വെള്ളം പൂര്‍ണ്ണമായി കളഞ്ഞ്, അരയ്ക്കുക. ഒട്ടും വെള്ളം വേണ്ട. പേസ്റ്റുപോലെ അരയ്ക്കരുത്. വെറുതെ ഒന്ന് അരയ്ക്കുക. കുറച്ച് പരിപ്പ് അപ്പാടെ കിടക്കണം. അരച്ചാല്‍, ആദ്യം, കുറച്ച് കായം പൊടി, കുറച്ച് മുളകുപൊടി, ഉപ്പുപൊടി (കല്ലുപ്പ് ചേര്‍ക്കരുതെന്ന്. വേറെ ഒന്നുമല്ല.) എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കൈകൊണ്ടാണ് നല്ലത്. അതിനുശേഷം, അരിഞ്ഞുവെച്ചിരിക്കുന്ന എല്ലാ വസ്തുക്കളും, പരിപ്പിലേക്ക് ഇട്ട്, പിന്നേം യോജിപ്പിക്കുക. യോജിപ്പിക്കുന്നത് കൈകൊണ്ടാണെങ്കില്‍ പെട്ടെന്ന് കൈ കഴുകാന്‍ മറക്കരുത്. മുളകുപൊടിയും, പച്ചമുളകും കൊണ്ട് എരിഞ്ഞിട്ട് നില്ക്കാന് പറ്റില്ല. ;)
മുളകുപൊടിയും പച്ചമുളകും കൂടുതലൊന്നും ചേര്‍ക്കരുത്. മല്ലിയിലയും ചേര്‍ക്കണമെങ്കില്‍ ആവാം.
ഇതൊക്കെ യോജിപ്പിച്ച് വെച്ചതിനുശേഷം, വെളിച്ചെണ്ണ ചൂടാക്കാന്‍ വയ്ക്കുക. ഈ കൂട്ടില്‍ നിന്ന് കുറച്ചെടുത്ത് ഓരോ ഉരുളയുണ്ടാക്കി, കൈയില്‍ത്തന്നെ പരത്തി മിനുക്കി, വെളിച്ചെണ്ണയിലേക്ക് ഇടുക. തിരിച്ചും മറിച്ചും ഇട്ട്, വേവിച്ച് കോരിയെടുക്കുക. നിങ്ങള്‍ക്കിഷ്ടമുള്ള വലുപ്പത്തില്‍ ഉണ്ടാക്കാം. പക്ഷെ, അധികം കനത്തിലായാല്‍ ഉള്ളില്‍ വേവില്ല. ഓര്‍മ്മിക്കുക. കഴിഞ്ഞ ഉടനെ കൈ കഴുകുക.
എന്നിട്ട് ചട്ണിയിലോ സോസിലോ മുക്കിത്തിന്നുക. അല്ലെങ്കില്‍ വെറുതെ തിന്നുക. തിന്നുമ്പോള്‍ എന്നെ ഓര്‍ക്കണം. ;)
6 comments:
:)
upaasana
സൂ, ഇതു നമ്മുടെ പരിപ്പുവട തന്നെയല്ലേ?
എനിക്കിഷ്ടമാണിത്. നല്ല മഴയുള്ള വൈകുന്നേരം, പരിപ്പുവടയും പഴവും, കട്ടന്‍ കാപ്പിയും...വായില്‍ വെള്ളം നിറഞ്ഞു. ഇവിടെ പരിപ്പുവടയും പഴവും കട്ടന്‍ കാപ്പിയും ഉണ്ടാക്കാം, എന്റെ മഴയെ കൊണ്ടുവരാന്‍ ഒരു വഴിയുമില്ല.
സുനില്‍ :)
ശാലിനീ :) പരിപ്പുവട എന്ന് പറയുന്നത്, തുവരപ്പരിപ്പ് വടയെ ആണ്. ഇത് കടലപ്പരിപ്പ് വട. നാട്ടില്‍ വന്ന് തിന്നൂ.
ഞാന്‍ ഈ ബ്ളോഗൊക്കെ ഇപ്പൊഴാണുകാണുന്നത്. അതുകൊണ്ട് പ്രതികരണം അല്പം താമസിച്ചു.സു പറഞ്ഞതിനോട് അല്പം വിയോജിപ്പുണ്ട്. ഞങ്ങളുടെ നാട്ടിലൊക്കെ പരിപ്പുവട കടലപ്പരിപ്പു കൊണ്ടോ പട്ടാണിപ്പരിപ്പുകൊണ്ടോ മാത്രമേ ഉണ്ടാക്കാറുള്ളൂ. തുവരപ്പരിപ്പ് സാമ്പാര്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. അതുകൊണ്ടു വടയുണ്ടാക്കിയാല്‍ രുചിയുണ്ടാവില്ലെന്നാണ് എണ്റ്റെ അനുഭവം
ജയൻ എം വി :) താങ്കൾ പറഞ്ഞതിനോട് എനിക്ക് വിയോജിപ്പില്ല. കാരണം, താങ്കളുടെ നാട്ടിലെ കാര്യം എനിക്കറിയില്ലല്ലോ. ഞങ്ങളുടെ നാട്ടിൽ എന്നല്ല മിക്കവാറും സ്ഥലത്തും തുവരപ്പരിപ്പുകൊണ്ടുള്ള വടയാണ് സ്ഥിരം കാഴ്ച. പട്ടാണിപ്പരിപ്പുകൊണ്ട് വടയുണ്ടാക്കുന്നത് അറിയില്ല. അതും പറഞ്ഞുതന്നതിന് നന്ദി.
ഞാന്‍ സ്കൂളില്‍ പ്ഠിക്കുന്ന കാലം. എന്നുപറഞ്ഞാല്‍ ൭൦കള്. വീട്ടില്‍ അമ്മ പരിപ്പുവടയുണ്ടാക്കി. അതുകഴിച്ച വേലക്കാരി പറഞ്ഞു ഇതു തുവരപ്പരിപ്പുകൊണ്ടുണ്ടാക്കിയതുകൊണ്ടാണ് രുചി കുറവെന്ന്. (വേലക്കാരിയുടെ ഭര്താവിനു ചായക്കടയാണുദ്യോഗം) പരിപ്പുവടയുണ്ടാക്കേണ്ടത് കടലപ്പരിപ്പുകൊണ്ടാണെന്നും അതിനു വില കൂടുതലുള്ളതിനാല്‍ പട്ടാണിപ്പരിപ്പുപയോഗിക്കാറുണ്ടെന്നും വേലക്കാരി പറഞ്ഞു. പിന്നീട് ഞാന്‍ ചായക്കടയിലെ പരിപ്പുവട കഴിക്കുമ്പോഴെല്ലം ശ്രദ്ധിച്ചിട്ടുണ്ട് തുവരപ്പരിപ്പുകൊണ്ടുണ്ടാക്കിയ വട ഞാന്‍ ഒരു ചായക്കടയിലും കണ്ടിട്ടില്ല. വീടുകളില്‍ സാധാരണയായിക്കണുന്നത് തുവരപ്പരിപ്പായതുകൊണ്ടാകാം അതുകൊണ്ട് വടയുണ്ടാക്കിയത്. തര്ക്കിക്കുകയൊന്നുമല്ല കേട്ടോ. എനിക്കറിയാവുന്നത് പറഞ്ഞു എന്നു മാത്രം
Post a Comment