Saturday, August 18, 2007
കറിവേപ്പിലയിലെ ഓണം
മാവേലിത്തമ്പുരാന്‍ വരാറായി. ഒക്കെ ഒരുങ്ങിയില്ലേ? പൂക്കളമിട്ട്, പുത്തനുടുപ്പിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട്, സമയംകുറേ ആയോ? സദ്യയൊരുക്കങ്ങളൊക്കെ ആയോ? ഓണത്തിന് ഒന്നും കുറയ്ക്കരുത്. ഇഡ്ഡലിയും, സാമ്പാറും തന്നെ ആയ്ക്കോട്ടെ, പ്രാതലിന്. ചട്ണിയില്ലെങ്കില്‍ സാരമില്ല. ചട്ണിപ്പൊടി
മതിയല്ലോ. അല്ലെങ്കില്‍ എന്തിനാ വേണ്ടെന്ന് വയ്ക്കുന്നത്? അല്‍പ്പം തേങ്ങ ചിരവിയെടുത്ത്, ചുവന്നമുളകും, ഉപ്പുമിട്ട്, നന്നായി അരച്ച്, വെള്ളം ചേര്‍ത്ത്, കടുകും, പൊട്ടിച്ച ചുവന്ന മുളകും, കറിവേപ്പിലയും വറുത്ത് ഇട്ടാല്‍, ചട്ണി ആയില്ലേ? നേന്ത്രപ്പഴം പുഴുങ്ങിയതും തയ്യാറാക്കി വെച്ചില്ലേ? നേന്ത്രപ്പഴം മുറിച്ച് പുഴുങ്ങുമ്പോള്‍, അതില്‍ അല്‍പ്പം ശര്‍ക്കര കൂടെ ഇട്ടു നോക്കൂ.
ഊണിനോ? സാമ്പാര്‍, രാവിലെ വെച്ചത് തന്നെ മതി. കൊത്തമല്ലിയും, ചുവന്നമുളകും, അല്‍പ്പം ഉലുവയും, അല്‍പ്പം കായവും വറുത്ത്,ചിരവിയ തേങ്ങയും, വറുത്തരച്ചുവെക്കുന്ന സാമ്പാര്‍ തന്നെ കേമന്‍. അത്രയ്ക്കൊന്നും ഇല്ലെങ്കിലും സാരമില്ലെന്നേ. കാളന്‍, തയ്യാറാക്കിവെച്ചിട്ടുണ്ടല്ലോ. പുളിയിഞ്ചിയില്‍ ശര്‍ക്കര ഇടാന്‍ മറക്കരുത്.
പച്ചടി,പൈനാപ്പിള്‍
തന്നെ ആയ്ക്കോട്ടെ. അതല്ലേ ഇപ്പോ ഫാഷന്‍? വേണ്ടെങ്കില്‍ വേണ്ട. വഴുതനങ്ങയോ, തക്കാളിയോ എടുത്ത്, പൈനാപ്പിളിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചാല്‍പ്പോരേ?
കൂട്ടുകറിയില്‍ വെള്ളം ഒട്ടുംവേണ്ട. വെറുതേ സ്വപ്നം കണ്ടുനിന്നാല്‍, അത് കരിഞ്ഞുപിടിക്കും. അതില്‍ത്തന്നെ ശ്രദ്ധിച്ച് നില്‍ക്കണം. മാങ്ങാക്കറികളൊക്കെ റെഡിയായില്ലേ? മാങ്ങാപ്പെരക്കിന്റെ ആവശ്യം ഇല്ല. എന്തിനാ വെറുതേ? പച്ചടി ഉണ്ടല്ലോ. ചട്ണിയും വേണ്ട. കൂട്ടുകറിയില്ലെങ്കില്‍
എരിശ്ശേരി ആയ്ക്കോട്ടെ. ചേനയും കായയും, കടലപ്പരിപ്പും ഇട്ട് വെക്കുന്നതാവും, ഓണസ്സദ്യയ്ക്ക് നല്ലത്.
ഓലന്‍, ചൂടോടെ തന്നെ ഇരുന്നോട്ടെ. വെള്ളരിക്കയും കുമ്പളങ്ങയും, മത്തനും അല്‍പ്പം, നീളവും വീതിയും വലുതാക്കി, പക്ഷെ കട്ടി, നന്നായി കുറച്ച്, മുറിയ്ക്കുക. ഉപ്പും, പച്ചമുളക്, ചീന്തിയിട്ടതും കൂടെ വേവിക്കുക. വന്‍പയര്‍ ആദ്യം തന്നെ വേവിച്ച് വയ്ക്കണം. വെന്താല്‍ വന്‍പയറും ഇട്ട്, അല്‍പ്പം വെളിച്ചണ്ണയും ഒഴിച്ച് എടുക്കുക. വെള്ളം അധികമാവാതെ നോക്കണം. ഇനി തേങ്ങാപ്പാല്‍ നിര്‍ബന്ധം ആണെങ്കില്‍ അതും ആവാം. തോരന്‍ വേണ്ടേ? കാബേജ് ആയ്ക്കോട്ടെ. വറവ് ചേര്‍ക്കുമ്പോള്‍, ഉഴുന്ന് പരിപ്പും ഇടണം. കടുകും, മുളകും, കറിവേപ്പിലയും ഇടുന്നതിനുമുമ്പ്. ഉള്ളിയൊന്നും വേണമെന്നില്ല.
അവിയല്‍ വേണം എന്തായാലും.
ശര്‍ക്കയുപ്പേരിയും, കായ വറുത്തതും, പപ്പടത്തിന്റെ കൂടെ വിളമ്പാന്‍ മറക്കരുത്. രസവും മറക്കരുത്. അല്‍പ്പം പുളിപിഴിഞ്ഞെടുത്ത വെള്ളത്തില്‍, തക്കാളി, ഉപ്പും, മഞ്ഞളും, ഇട്ട് വേവിച്ച്, ശര്‍ക്കരയും ഇട്ട്, രസം പൌഡറും ചേര്‍ത്താല്‍ രസം, രസമായില്ലേ? വേവിച്ച തുവരപ്പരിപ്പും വേണമെങ്കില്‍ ഇടാം. റെഡിമേയ്ഡ് പൊടികളില്‍ മഞ്ഞളും ഉണ്ടാവും. അതുകൊണ്ട് ചേര്‍ക്കുന്നതിനുമുമ്പ് നോക്കുക.
തുവരപ്പരിപ്പ് വേവിച്ച്, അത് വിളമ്പി, നെയ്യും വിളമ്പാന്‍ മറക്കരുത്. ചോറു വിളമ്പിയാല്‍ ഉടന്‍ വിളമ്പണം.
പായസമോ? കേമമായിക്കളയാം.ചക്കപ്രഥമന്‍ തന്നെ ആയ്ക്കോട്ടെ. പിന്നെ ഒരു ഓണം സ്പെഷലും ആയ്ക്കോട്ടെ ഇത്തവണ.
ഇടയ്ക്ക്, വിശക്കുമ്പോള്‍, ഇതും, പിന്നെ ഇതും,ഓണത്തിനുമുമ്പ് തയ്യാറാക്കിവെച്ചിരുന്നത് കഴിക്കാന്‍ മടിയ്ക്കരുത്.
ഇല വച്ചാല്‍, ആദ്യം കറികളൊക്കെ വിളമ്പണം. ചോറ്, ആദ്യം തന്നെ വിളമ്പിവയ്ക്കരുത്.
എല്ലാ മലയാളികള്‍ക്കും കറിവേപ്പിലയുടെ ഓണാശംസകള്‍. !
Friday, August 17, 2007
ചക്കപ്രഥമന്‍
വിശേഷദിവസങ്ങളില്‍, പായസം ഒന്നാമന്‍ തന്നെ ആയ്ക്കോട്ടെ. പ്രഥമന്‍. അതും ചക്കപ്രഥമന്‍. ചക്ക വരട്ടിയത്, വീട്ടില്‍ ഇല്ലെങ്കില്‍, റെഡിമേയ്ഡ് കിട്ടുമല്ലോ ഇപ്പോള്‍.
തേങ്ങ ചിരവി, അതില്‍ നിന്ന് പാലെടുക്കുക. ആദ്യമെടുക്കുന്നത് മാറ്റിവെക്കുക. രണ്ടാമതെടുക്കുമ്പോള്‍, തേങ്ങാപ്പീരയില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. അതും എടുത്ത് മാറ്റിവെച്ച്, അല്‍പ്പംകൂടെ വെള്ളം ചേര്‍ത്ത് നന്നായി പിഴിഞ്ഞെടുക്കുക.
അല്‍പ്പം ചക്ക വരട്ടിയതെടുത്ത്, മൂന്നാം പാലും ചേര്‍ത്ത് വേവിക്കുക. ശര്‍ക്കര, കുറച്ച് ഇടണം. അത് കഴിഞ്ഞ് ശര്‍ക്കരയും വെന്ത് യോജിച്ചുകഴിഞ്ഞാല്‍, രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. അതുകഴിഞ്ഞ് വാങ്ങി, ആദ്യം മാറ്റിവെച്ചപാല്‍ ഒഴിക്കുക.
തേങ്ങ, ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത്, നെയ്യില്‍ മൂപ്പിച്ച്, പായസത്തിലേക്കിടുക. ഇതില്‍ ഞാന്‍ തേങ്ങ കുറേ ചേര്‍ത്തിട്ടുണ്ടെന്ന് സൂക്ഷിച്ചുനോക്കാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും. ;)
ഏലയ്ക്കായും പൊടിച്ചിടുക. അല്‍പ്പം ചുക്കുപൊടിയും ചേര്‍ക്കണം.
ചക്കപ്രഥമന്‍ തയ്യാര്‍!
വരട്ടുന്നത് ശര്‍ക്കര ചേര്‍ത്ത് ആയതുകൊണ്ട്, അല്‍പ്പം ചേര്‍ത്താല്‍ മതിയാവും പിന്നെ.
ചിത്രത്തില്‍ ഉള്ള ചക്കപ്പേസ്റ്റിന്റെ പകുതിയും, ഒരു തേങ്ങയില്‍ നിന്ന് പാലും എടുത്താല്‍, ചിത്രത്തില്‍ ഉള്ള പായസം ആകും. മുക്കാല്‍ ഭാഗവും എടുക്കാം. തേങ്ങാപ്പാല്‍ കുറച്ചുകൂടെ വേണമെങ്കില്‍ ചേര്‍ക്കാം.
ഓട്സ് പായസം
രണ്ട് ഗ്ലാസ്സ് വെള്ളം തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക്, അര ഗ്ലാസ്സ് ഓട്സ് ഇടുക. വെന്തുകഴിഞ്ഞാല്‍, ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കുക. ശര്‍ക്കരയും യോജിച്ച് കഴിഞ്ഞാല്‍, ചിരവിയ തേങ്ങ, (ഏകദേശം കാല്‍ ഗ്ലാസ്സ്) അതിലേക്കിടുക. കുറച്ച് സമയം വെക്കണം. ഇളക്കിക്കൊടുക്കുകയും വേണം. അല്ലെങ്കില്‍ തീ താഴ്ത്തി വെച്ച് വേവിക്കണം. വാങ്ങിവെച്ച് ഏലയ്ക്കാ പൊടിച്ചത് ചേര്‍ക്കുക. വേണമെങ്കില്‍ അല്‍പ്പം നെയ്യും ചേര്‍ക്കാം.
ഇതേപോലെ, തേങ്ങയ്ക്ക് പകരം തേങ്ങാപ്പാലൊഴിച്ചും ഉണ്ടാക്കാം.
തേങ്ങയ്ക്കും, ശര്‍ക്കരയ്ക്കും പകരം, പാലും പഞ്ചസാരയും ചേര്‍ത്തും ഉണ്ടാക്കാം.
Thursday, August 16, 2007
അവിയല്‍
നേന്ത്രക്കായ, ചേന, മുരിങ്ങാക്കായ, കയ്പ്പക്ക, വെള്ളരിക്ക, കുമ്പളങ്ങ, കാരറ്റ്, നീണ്ട പച്ചപ്പയര്‍, ഉരുളക്കിഴങ്ങ്, ചേമ്പ്, മാങ്ങ. ഇവയൊക്കെയും, ഇനി എന്തെങ്കിലും പച്ചക്കറികള്‍ ഉണ്ടെങ്കില്‍ അതും ചേര്‍ക്കാം. ഇതില്‍, തക്കാളി, സവാള, എന്നിവ ചേര്‍ക്കുന്ന പതിവ് സാധാരണ ഇല്ല.
എല്ലാ പച്ചക്കറികളും, അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ഒന്നേകാലിന്ച്. ആദ്യം കഴുകാന്‍ പറ്റുന്നത്, കഴുകിയെടുത്ത് മുറിക്കുക, അല്ലാത്തവ, മുറിച്ച ശേഷം കഴുകിയെടുക്കുക. കയ്പ്പക്ക, അധികം വേണ്ട. വളരെക്കുറച്ച് കഷണങ്ങളേ ഉള്ളൂവെങ്കില്‍, ഒന്നോ രണ്ടോ കഷണം കയ്പ്പക്ക മതി. പച്ചമുളക്, കുറച്ചെണ്ണം ഒന്നു ചീന്തിയിട്ടാലും കുഴപ്പമില്ല.
എല്ലാംകൂടെ, മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് വേവിക്കുക.
തേങ്ങ ചിരവിയെടുത്ത്, എരുവിന്റെ, ആവശ്യത്തിനു പച്ചമുളകും, അല്‍പ്പം ജീരകവും ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക. പേസ്റ്റുപോലെ അരയേണ്ട ആവശ്യമില്ല.
ഒക്കെ നന്നായിവെന്തുകഴിഞ്ഞാല്‍, അതില്‍ തേങ്ങയരച്ചത് ചേര്‍ത്ത് ഇളക്കുക. വെള്ളം വേണ്ട. കഷണങ്ങളിലും, വേവാനുള്ള വെള്ളമേ ഒഴിക്കാവൂ. തേങ്ങയും ചേര്‍ന്ന്, വെന്തുകഴിഞ്ഞാല്‍, നല്ല പുളിയുള്ള തൈരോ മോരോ ഒഴിക്കുക. യോജിപ്പിക്കുക. ചൂടായാല്‍ വാങ്ങുക. തിളച്ച് തിളച്ച് കിടക്കരുത്. മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുക. കറിവേപ്പില ഇടുക. പുളിയുള്ള മാങ്ങയുണ്ടെങ്കില്‍, പുളിത്തൈര് കുറേ ഒഴിക്കരുത്.
തയ്യാറായാല്‍, വെള്ളം വെള്ളം പോലെ ഇരിക്കരുത്. കഷണം, കഷണം പോലെ ഇരിക്കണം.
എല്ലാ പച്ചക്കറികളും, അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ഒന്നേകാലിന്ച്. ആദ്യം കഴുകാന്‍ പറ്റുന്നത്, കഴുകിയെടുത്ത് മുറിക്കുക, അല്ലാത്തവ, മുറിച്ച ശേഷം കഴുകിയെടുക്കുക. കയ്പ്പക്ക, അധികം വേണ്ട. വളരെക്കുറച്ച് കഷണങ്ങളേ ഉള്ളൂവെങ്കില്‍, ഒന്നോ രണ്ടോ കഷണം കയ്പ്പക്ക മതി. പച്ചമുളക്, കുറച്ചെണ്ണം ഒന്നു ചീന്തിയിട്ടാലും കുഴപ്പമില്ല.
എല്ലാംകൂടെ, മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് വേവിക്കുക.
തേങ്ങ ചിരവിയെടുത്ത്, എരുവിന്റെ, ആവശ്യത്തിനു പച്ചമുളകും, അല്‍പ്പം ജീരകവും ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക. പേസ്റ്റുപോലെ അരയേണ്ട ആവശ്യമില്ല.
ഒക്കെ നന്നായിവെന്തുകഴിഞ്ഞാല്‍, അതില്‍ തേങ്ങയരച്ചത് ചേര്‍ത്ത് ഇളക്കുക. വെള്ളം വേണ്ട. കഷണങ്ങളിലും, വേവാനുള്ള വെള്ളമേ ഒഴിക്കാവൂ. തേങ്ങയും ചേര്‍ന്ന്, വെന്തുകഴിഞ്ഞാല്‍, നല്ല പുളിയുള്ള തൈരോ മോരോ ഒഴിക്കുക. യോജിപ്പിക്കുക. ചൂടായാല്‍ വാങ്ങുക. തിളച്ച് തിളച്ച് കിടക്കരുത്. മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുക. കറിവേപ്പില ഇടുക. പുളിയുള്ള മാങ്ങയുണ്ടെങ്കില്‍, പുളിത്തൈര് കുറേ ഒഴിക്കരുത്.
തയ്യാറായാല്‍, വെള്ളം വെള്ളം പോലെ ഇരിക്കരുത്. കഷണം, കഷണം പോലെ ഇരിക്കണം.
Subscribe to:
Posts (Atom)