Sunday, April 13, 2008

വിഷു എത്തിയപ്പോള്‍

വിഷുവും, ക്രിസ്മസ്സും, പെരുന്നാളും, ഓണവുമൊക്കെ വെറും ആഘോഷങ്ങളും ഒഴിവുദിനങ്ങളുമല്ല. അതൊക്കെ ദൈവം നമുക്കായി തന്നിട്ടുള്ള സന്തോഷങ്ങളാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍, ഈ ആഘോഷങ്ങളൊക്കെ നമ്മുടെ മനസ്സിനൊരു ഉണര്‍വ്വു തരും. കൂട്ടുകാരേയും വീട്ടുകാരേയും ഒക്കെ ഒന്നിച്ചുകൂട്ടുന്ന, പലപ്പോഴും മന:പൂര്‍വ്വമല്ലെങ്കിലും മറന്നുപോകുന്ന സൌഹൃദങ്ങള്‍ ഓര്‍മ്മിക്കുന്ന ഇത്തരം അവസരങ്ങള്‍ നമുക്ക് പിന്നേയ്ക്കും ഓര്‍മ്മിക്കാനൊരു സന്തോഷം ബാക്കിവെച്ചിട്ടാണ് കടന്നുപോവുക. എത്ര തിരക്കായാലും, സ്വന്തക്കാരൊക്കെ ദൂരെയായാലും അവരൊക്കെ സന്തോഷിക്കുന്നതും ആഘോഷിക്കുന്നതുമായ ആഘോഷം, നമ്മുടെ മനസ്സിലെങ്കിലും ആഘോഷം തന്നെ.

വിഷു, വിളവെടുപ്പിന്റെ ഉത്സവമാണത്രേ. വിളകളൊക്കെ നശിച്ച് ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടി വരുന്നവര്‍ പോലും വിഷു വരുമ്പോള്‍, അല്‍പ്പമെങ്കിലും പ്രതീക്ഷയുടെ കിരണം മുന്നില്‍ക്കണ്ട് ആഘോഷിക്കും.

വിഷുവിന് കണിവയ്ക്കുകയാണ് പ്രധാനം. പടക്കം പൊട്ടിക്കലും സദ്യയും അതിനോടൊപ്പമുള്ളതും. തലേന്നു തന്നെ കണിയൊക്കെ ഒരുക്കിവെച്ച് അതിരാവിലെ എണീറ്റ് വിളക്കുതെളിച്ച് കണികണ്ട്, കൈനീട്ടം, കൊടുത്തും, വാങ്ങിയും, പടക്കം പൊട്ടിക്കുകയും, ക്ഷേത്രങ്ങളിലൊക്കെ പോയി വന്ന്, സദ്യയുണ്ടാക്കുകയും കഴിക്കുകയും ചെയ്യുക. ഇതൊക്കെയാണ് വിഷുവിന് മുഖ്യം. ഓട്ടുരുളിയും, സകല പഴവും പച്ചക്കറികളും, ചക്കയും മാങ്ങയും, കൊന്നപ്പൂവും ഒക്കെ ഒരുക്കിവയ്ക്കാനില്ലാതെ എന്ത് കണി എന്നു ചോദിക്കുന്നവര്‍ ഉണ്ടാവും. അതിനൊന്നും സൌകര്യമില്ലാത്തവര്‍ കണി കാണരുതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. ഇതൊക്കെയൊരുക്കിവെച്ച് കാണാന്‍ പറ്റാത്തവര്‍ക്കും വിഷുപ്പുലരിയില്‍ കണികണ്ട് പ്രാര്‍ത്ഥിക്കാം. ഒരു വിളക്കെടുത്ത് കത്തിച്ചുവയ്ക്കുക. ദൈവത്തിനോട് പ്രാര്‍ത്ഥിക്കുക. തന്ന നന്മയ്ക്കൊക്കെ നന്ദിയും, തരാന്‍
പോകുന്ന സൌഭാഗ്യങ്ങള്‍ക്കു വേണ്ടി അപേക്ഷയും നല്‍കുക. വീട്ടുകാരേയും കൂട്ടുകാരേയും ചെന്നുകണ്ടോ, ഫോണ്‍ ചെയ്തോ, അവരുടെ സന്തോഷങ്ങളില്‍ പങ്കുചേരുക. ഇതൊക്കെയാണ് വിഷുവിന്റെ നന്മ. അടുത്തവര്‍ഷം ഇതിനേക്കാളും നന്നായി വിഷു ആഘോഷിക്കാന്‍ കഴിയണമെന്നുകൂടെ പ്രാര്‍ത്ഥിക്കുക. വീട്ടുകാരേയും കൂട്ടുകാരേയും ഒക്കെ വിളിച്ച് സന്തോഷിക്കുമ്പോള്‍, ലോകത്തുള്ള മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുക. ഇത്രയൊക്കെയേ വേണ്ടൂ വിഷു ആഘോഷിക്കാന്‍.
ഞങ്ങള്‍ ഒരു ആഘോഷവും ഒരു കാരണം കൊണ്ടും മുടക്കാറില്ല. കഴിയുന്നതുപോലെയൊക്കെ ആഘോഷിക്കും. പ്രിയപ്പെട്ടവരാരെങ്കിലും ഈ ലോകം വിട്ടുപോകുമ്പോള്‍, അതുകഴിഞ്ഞ് തൊട്ടടുത്ത് വരുന്ന വിശേഷദിനം മാത്രമാണ് ആഘോഷിക്കാതെയിരിക്കുക. അല്ലെങ്കില്‍, സന്തോഷിക്കാനും ഒരുമിച്ച് കാണാനും ഉള്ള ഒരവസരവും ഞങ്ങളിലാരും പാഴാക്കാറില്ല. ദൈവം തരുന്ന സമ്മാനമായിട്ടാണ് ഓരോ ആഘോഷവും ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ദൈവനിന്ദ കാണിക്കാറില്ല. ഇന്നുള്ളതൊക്കെ നാളെയുണ്ടാവുമോയെന്നും അറിയില്ല. ജന്മദിനങ്ങള്‍ പോലും ആരും ആഘോഷിക്കാതെയിരിക്കില്ല. ഇനി വേണ്ടെന്നുവെച്ചാലും കുടുംബത്തിലെ മുതിര്‍ന്ന ആള്‍ക്കാര്‍, ആഘോഷിക്കാതെയിരിക്കാന്‍ അനുവദിക്കുകയുമില്ല. നമുക്കു തരുന്ന സൌഭാഗ്യങ്ങള്‍ക്കൊക്കെ നന്ദി പറഞ്ഞ്, ഇതൊന്നും ഇല്ലാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ദാനം ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ഇതൊക്കെ എപ്പോഴും ചെയ്യും.


ഇവിടെ വിഷുവെത്തിക്കൊണ്ടിരിക്കുന്നു. ചില പച്ചക്കറികളൊക്കെ എത്തി. ഇനിയും എന്തൊക്കെയോ ഉണ്ട് ഒരുക്കാന്‍. പച്ചക്കറിയ്ക്ക് വിലകൂടി എന്നും പറഞ്ഞ് വാങ്ങാതെ ഇരുന്നിട്ട് കാര്യമില്ലല്ലോ. അടുത്തവര്‍ഷം ഇതൊക്കെ കിട്ടുമോന്നുതന്നെ ആര്‍ക്കറിയാം. അല്ലെങ്കില്‍ വീട്ടുവളപ്പില്‍ ഉണ്ടാക്കേണ്ടിവരും.


വിഷുസംക്രമത്തിനും സദ്യ വേണം എന്നൊക്കെയാണ്. അടുത്തൊരിടത്ത് ഉത്സവം ഉണ്ടായപ്പോള്‍ അച്ഛന്‍ വാങ്ങിച്ചുതന്ന കല്‍ച്ചട്ടി ഉദ്ഘാടനം കഴിച്ചത് വിഷുസംക്രമത്തിന് കാളന്‍ വെച്ചാണ്. അടുപ്പത്തൊക്കെ വെച്ച് കറുകറുപ്പിക്കണം എന്നൊക്കെ മോഹമുണ്ട്. സ്റ്റൌവില്‍ കച്ചട്ടിവയ്ക്കുന്നു, നിനക്കു വേറെ ജോലിയില്ലേന്ന് എല്ലാരും ചോദിക്കും. എന്നാലും അതിനൊരു സ്വാദ് വേറെ തന്നെ.


വിഷുവിന് മാത്രമല്ല എല്ലാ സദ്യകള്‍ക്കും, പപ്പടവും, പുളിയിഞ്ചിയും, വറുത്തുപ്പേരിയും, ഉപ്പിലിട്ട കറികളും പ്രധാനം തന്നെ. പുളിയിഞ്ചി രണ്ടുദിവസം മുമ്പുതന്നെ വയ്ക്കുന്നതാണ് നല്ലത്. അതിന്റെ ജോലി തീരുമല്ലോ.
പിന്നെ സദ്യ വേണ്ടതുതന്നെ. ചുരുക്കത്തിലെങ്കില്‍ ചുരുക്കത്തില്‍. ഇവയൊക്കെക്കൂടാതെ,
പച്ചടിയും, മാങ്ങാപ്പച്ചടിയും, ചീരക്കറികളും, വറുത്തുപ്പേരിയും, ഓലനും‍, എരിശ്ശേരിയും, സാമ്പാറും
അവിയലും, കാളനും, കൂട്ടുകറിയും പിന്നെ പായസവും ആവാം. ഇതൊന്നുമില്ലെങ്കിലും ഇഷ്ടമുള്ളത് കഴിക്കുക. അതുതന്നെ സദ്യ!
ഇനി വിഷുവിങ്ങോട്ട് വരുകയേ വേണ്ടൂ. വിളക്കുകത്തിച്ച്, കണികണ്ട് എല്ലാ നന്മയും എല്ലാവര്‍ക്കും കൊടുക്കണം എന്നു പറയും. വിഷുക്കണി കാണാന്‍ തന്നതിനു നന്ദിയും പറയും. എല്ലാ കൂട്ടുകാര്‍ക്കു വേണ്ടിയും ആഘോഷിക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കും.


വിഷുവിന് കൈനീട്ടമാണ് പ്രധാനമെങ്കിലും കോടിയുണ്ടെങ്കില്‍പ്പിന്നെ ഉടുക്കാതിരിക്കുന്നതെന്തിന്? രണ്ട് അനിയത്തിക്കുട്ടികളുടെ പുത്തന്‍ വിഷുവാണ് ഇക്കൊല്ലം. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന വിഷു. അവരൊക്കെ ആഘോഷിക്കുമ്പോള്‍, എന്ത് വിഷു? ഏത് വിഷു എന്നൊന്നും പറഞ്ഞിരിക്കാന്‍ എന്നെ കിട്ടില്ല. ദൂരെയാണെങ്കിലും അവരെ വിളിക്കും. വിഷു കഴിഞ്ഞാല്‍ വിരുന്നുവരുമ്പോള്‍ കാണുകയും ചെയ്യും.
വിഷു മാത്രമല്ല, എല്ലാ വിശേഷാവസരങ്ങളും ആഘോഷിക്കുന്നതാണ് നല്ലത്. കവി പാടിപ്പോയതുപോലെ, “നാളെയാരെന്നുമെന്തെന്നുമാര്‍ക്കറിയാം?”

എല്ലാവര്‍ക്കും വിഷു ആശംസകള്‍. എല്ലാവരും കണികണ്ടു പ്രാര്‍ത്ഥിക്കുക. ആര്‍ഭാടങ്ങളൊന്നും വേണ്ട. എവിടെ ആണെങ്കിലും കണി കാണാം. പ്രാര്‍ത്ഥിക്കാം. സൌകര്യം പോലെ, സമയം പോലെ സദ്യയൊരുക്കാം. ഇന്നത്തെ വിഷു വേണ്ട എന്നുവെക്കരുത്. ഇന്നാണ് ജീവിതം. നാളെ എന്നത് വെറും വാക്ക് മാത്രമാണ്. ഇന്നു ദൈവം നമുക്ക് തന്നിരിക്കുന്നതാണ് വിഷു. എല്ലാവരും ആഘോഷിക്കുക. ഒപ്പം മറ്റുള്ളവരെക്കുറിച്ചോര്‍ക്കുക.
കുഞ്ഞുണ്ണിമാഷ് പാടിപ്പോയിട്ടുണ്ട്.
“ചടപടപടകം ചടപടപടകം
ചടപടചടപട ചടപട പടകം
കത്തും പൂത്തിരിയിത്തിരിനേര-
ത്തത്തറ നേരത്തെത്ര വിചിത്രം
മത്താപ്പൂവിനു മഞ്ഞവെളിച്ചം
മത്താപ്പൂവിനു പച്ചവെളിച്ചം
പടകം പൂത്തിരി മത്താപ്പൂവേ
വിഷുവിങ്ങോട്ടു വരട്ടെ വേഗം.” എന്ന്.
അതുകൊണ്ട് വിഷുവരട്ടെ. നന്മയുടെ, സന്തോഷത്തിന്റെ കണിയുമായിട്ട്.
വിഷുക്കാലം പ്രമാണിച്ച് ആദ്യം കണ്ട ചിത്രം ക്രേസി4 ആണ്. അതില്‍ ഷാരൂഖ്ഖാനുണ്ടെന്ന് നിങ്ങള്‍ക്കറിയില്ല അല്ലേ? ;)

9 comments:

കുഞ്ഞന്‍ said...

സൂ വിനും കുടുംബത്തിനു ഐശ്വര്യം നിറഞ്ഞ നല്ലൊരു വിഷു ആശംസിക്കുന്നു..


എന്റെ വക ആദ്യ കൈനീട്ടം..

ഠേ...ഠോ.ഠേ ഠേ ഠോ.... പൊട്ടട്ടെ പടക്കങ്ങള്‍.. സന്തോഷം നിറയട്ടെ..

തേങ്ങക്കു വിലക്കൂടതലാണ് എന്നാലും വിഷുവായതുകൊണ്ട് ഞാന്‍ രണ്ടു തേങ്ങ ഉടക്കുന്നു..!

അഗ്രജന്‍ said...

സൂവിനും കുടുംബത്തിനു നന്മയും ഐശ്വര്യവും സന്തോഷവും നിറഞ്ഞ വിഷു ആശംസിക്കുന്നു..

കരീം മാഷ്‌ said...

സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മഷി കൊണ്ടാണു ഇതിഹാസങ്ങളോക്കെ ഏഴുതി മുഴുമിച്ചത്.
ആ ഇതിഹാസങ്ങളാണു ഇന്നും മനുഷ്യനു വഴികാട്ടി.
പ്രതീക്ഷയുടെ വെട്ടമാണു മനുഷ്യനെ നയിക്കുന്നത്.
ഈ വിഷുപ്പുലരി സു വിനും കുടുംബത്തിനും നന്മ സമ്മാനിക്കട്ടെ!
ആശംസകളോടെ!!!

ശാലിനി said...

su, a settmundu njaneduthotte?
kalchattiyum?

vishu ennum ente ulsavamayirunnu, kanikonnapookkal ente swanthamayirunnu... innu vishuvum kaniyum othiri dooreyanu.

അനിലൻ said...

ഫോട്ടോയില്‍ പച്ചമാങ്ങാകൊണ്ട് എന്താ എഴുതി വച്ചിരിക്കുന്നത്?

വിഷു ആശംസകള്‍ എന്നാണോ :)

സു | Su said...

കുഞ്ഞേട്ടന്റെ വക ആദ്യത്തെ കൈനീട്ടം ആയതുകൊണ്ടാവും വിഷു അടിപൊളി ആയിരുന്നു.
(കുഞ്ഞേട്ടന്‍ എന്നുവിളിക്കാന്‍ ഒരു കാരണം ഉണ്ട്. പിന്നെ പറയും. വിളി എപ്പോള്‍ വേണമെങ്കിലും കാന്‍സല്‍ ചെയ്യുകയും ചെയ്യും. ;) ഹിഹി. )

അഗ്രജന്‍ :) നന്ദി.

അനിലന്‍ :) അതെയതെ. അതാണ് ആശംസാമാങ്ങകള്‍.

കരീം മാഷേ :)

ശാലിനീ :) ഒക്കെയെടുത്തോ.

വിഷുവിന് ഇവിടെ എത്തിയ അഞ്ചുപേര്‍ക്കും നന്ദി.

ശ്രീ said...

വിഷു ആഘോഷിയ്ക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്രയും വിഷുക്കാഴ്ചകള്‍ ഒരുക്കിയതിനു നന്ദി, സൂവേച്ചീ...

സദ്യയുടെ ഒരു പടം കൂടി ആകാമായിരുന്നു.
;)

സു | Su said...

ശ്രീ :) വിഷുവിന് ഒഴിവില്ലായിരുന്നു അല്ലേ? ഇവിടെ തിരക്കായിരുന്നു. സദ്യയൊക്കെ കേമമായിരുന്നു. പക്ഷെ ഫോട്ടോ എടുത്തില്ല. അതിനെക്കുറിച്ച് ആലോചിച്ചില്ല.

nsarmila said...

dear su,

can you please email me? would like to inquire about a writup. hope you may contact me. my name is sarmila. and i am from calicut. my email id is given below.

nsarmila.ila@gmail.com

warmly,
sarmila

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]