Wednesday, October 31, 2007

റാഗിപ്പുട്ട്


റാഗിപ്പൊടി കുറച്ചെടുത്ത്, നന്നായി വറുക്കുക. അരി പൊടിച്ച് വറുക്കുന്ന അത്രയും സമയം വേണ്ട. എന്നാലും കുറച്ചുനേരം വറുക്കുക. വറുത്തുകഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ, വേറെ, ഒരു ചൂടില്ലാത്ത പാത്രത്തിലോ, ഒരു പേപ്പറിലോ ഇടുക.

വറുത്ത റാഗിപ്പൊടിയെടുത്ത്, പൊടിയുപ്പിട്ട്, പച്ചവെള്ളവും കൂട്ടി കുഴയ്ക്കുക. പുട്ടിന്റെ പാകത്തില്‍. കട്ട കട്ടയായി നില്‍ക്കുന്നുണ്ടെങ്കില്‍, അരയ്ക്കുന്ന പാത്രത്തിലിട്ട്, മിക്സിയില്‍ ഒറ്റത്തവണ തിരിച്ചെടുക്കുക.
ചിരവിയ തേങ്ങയും എടുത്ത്, പുട്ടുണ്ടാക്കുന്ന പാത്രത്തിലിട്ട് വേവിച്ചെടുക്കുക.


പുട്ട് ആവി വന്നു കഴിഞ്ഞാല്‍, കുക്കറിനുമുകളില്‍ നിന്നോ, പുട്ടിന്റെ പാത്രത്തിനു മുകളില്‍ നിന്നോ, അതിന്റെ പാത്രം എടുത്തുകഴിഞ്ഞാല്‍, രണ്ട്- മൂന്ന് മിനുട്ട് കഴിഞ്ഞ്, പ്ലേറ്റിലേക്കോ പാത്രത്തിലേക്കോ ഇടുക. ഒട്ടും പൊടിയില്ല.


ഇത് കുക്കറിനു മുകളില്‍ വെക്കുന്ന പാത്രത്തില്‍ വേവിച്ചെടുത്തതാണ്.
റാഗിയില്‍, അരിപ്പൊടിയോ, അല്ലെങ്കില്‍ റവയോ, സമാസമം ചേര്‍ത്തും പുട്ടുണ്ടാക്കാവുന്നതാണ്.

പുട്ടിനു കുഴയ്ക്കുമ്പോള്‍, അതില്‍ കുറച്ച് പഞ്ചസാരയും, തേങ്ങയും ചേര്‍ക്കാം. ഡയറ്റിംഗ് ഇല്ലാത്തവര്‍. അല്ലെങ്കില്‍, ഓരോ കഷണത്തിലും വെക്കുന്ന തേങ്ങ തന്നെ അധികം. ;)


കടലക്കറിയോ, ചെറുപയര്‍ കറിയോ, പഴമോ, ഉരുളക്കിഴങ്ങ് കറിയോ, എന്തെങ്കിലും കൂട്ടി കഴിക്കുക.
പുട്ടുണ്ടാക്കുന്ന വിധം ഇവിടെയുണ്ട്

5 comments:

Sethunath UN said...

ഹൊ! ആ പുട്ടിന്റേയും ആ കടലക്ക‌റിയുടേയും ഖുമു ഖുമായെന്നുള്ള മ‌ണം വരുന്നു.
തേങ്ങ‌യടിയ്ക്കുന്നത് പ്രാകൃത സമ്പ്രദായ‌മാകുന്നു. ഞാന്‍ തേങ്ങ ചുരണ്ടുക‌യാണ്. ഇവിടെ. പുട്ടിനും, പിന്നെ കട‌ല‌ക്കറിയ്ക്ക് വ‌റത്തരയ്ക്കാനും.
ഇതുണ്ടാക്കിയിരിയ്ക്കും.
ന‌ന്ദി!

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
സൂചി ഗോതമ്പിന്റെ പുട്ട്(samba wheat)നല്ല രുചികരമാണ്. അടുത്തത് അതായിക്കൊട്ട്.

വാണി said...

മോളു കുഞ്ഞായിരിക്കുമ്പോള്‍ അവള്‍ക്ക് കുറുക്കുണ്ടാക്കാന്‍ സ്ഥിരം റാഗിപ്പൊടി വാങ്ങുമായിരുന്നു. അപ്പോഴൊക്കെ അതിലൊരു പിടി എടുത്ത് പുട്ടുണ്ടാക്കുമായിരുന്നു.
ഹൊ..വായില്‍ വെള്ളം വരുന്നൂ..

ഹരിയണ്ണന്‍@Hariyannan said...

എന്റെ അമ്മ ഈ റാഗിപ്പുട്ടില്‍ ചില നല്ല പരിഷ്കാരങ്ങള്‍ കൂടി വരുത്താറുണ്ട്!
മധുരച്ചീര-റാഗിപ്പുട്ട്,കാരറ്റ്-റാഗിപ്പുട്ട് എന്നിവ അതില്‍ ചിലത്...
അമ്മേ..എല്ലാം ഓര്‍മ്മവരുന്നു..പുട്ടും അമ്മയും...

സു | Su said...

നിഷ്കളങ്കന്‍ :) ഉണ്ടാക്കിയിരിക്കും അല്ലേ? നന്ദി.

ബാജി :) ഉണ്ടാക്കിയിട്ടുണ്ട്. ഇവിടേയും ഇടാം.

എന്റെ കിറുക്കുകള്‍ :) നാട്ടിലൊക്കെ പൊടി വാങ്ങാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. വാങ്ങിയിട്ട് അരച്ചുകൊടുക്കും.

ഹരിയണ്ണന്‍ :) അങ്ങനെയൊക്കെ ശ്രമിച്ചുനോക്കാം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]