Saturday, January 10, 2009
കോവയ്ക്ക മെഴുക്കുപുരട്ടി
കോവയ്ക്ക ആരോഗ്യത്തിന് വളരെ ഉത്തമം ആണ്. പല വിഭവങ്ങളും ഉണ്ടാക്കാം. എനിക്കേറ്റവും ഇഷ്ടം കോവയ്ക്ക കൊണ്ട് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നതാണ്. ഇരുമ്പിന്റെ ചീനച്ചട്ടിയിൽ അതങ്ങനെ മൊരിഞ്ഞ് കിടക്കണം. അതിന്റെ സ്വാദ് വേറൊന്നിനുമില്ല.
കോവയ്ക്ക - കാൽ കിലോ
മുളകുപൊടി - ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി
ഉപ്പ്
വെളിച്ചെണ്ണ
കോവയ്ക്ക, കാൽക്കിലോയെടുത്ത്, വട്ടത്തിൽ മുറിയ്ക്കുക. കനം കുറച്ച്. ചിലപ്പോൾ ചുവന്നതും ഉണ്ടാകും. നല്ലതുതന്നെയാണോന്ന് നോക്കണം.
ഒരു പാത്രത്തിലോ ചീനച്ചട്ടിയിലോ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് ഒന്നര ടീസ്പൂൺ ഉഴുന്നുപരിപ്പ് ഇടുക.
കുറച്ച് കടുകും, അതൊക്കെ മൊരിയുമ്പോഴേക്കും കറിവേപ്പിലയും ഇടുക.
മുറിച്ച് കഴുകിയ കോവയ്ക്ക അതിലേക്ക് ഇടണം.
ഉപ്പും മഞ്ഞളും, ഒരു ടീസ്പൂൺ മുളകുപൊടിയും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കുക.
വെള്ളം തിളച്ചാൽ, തീ കുറച്ച് വേവിക്കുക. വെന്താൽ അടച്ച പ്ലേറ്റ് മാറ്റി വയ്ക്കുക.
വെള്ളം വറ്റി മൊരിയാൻ വിടുക. കുറച്ചുംകൂടെ വെളിച്ചെണ്ണ ഒഴിക്കാം.
ഇടയ്ക്കൊക്കെ ഒന്ന് ഇളക്കിനോക്കണം.
വളരെക്കുറഞ്ഞ തീയിലേ മൊരിയാൻ വയ്ക്കാവൂ.
ഈ അളവിൽ ഉണ്ടാക്കിയാൽ ചിത്രത്തിൽ കാണുന്നത്രേം ഉണ്ടാവും.
ഞാൻ, സാധാരണ വറവിടില്ല. മുളകുപൊടിയും ഇടില്ല. ഉപ്പും മഞ്ഞളും വെള്ളവും മാത്രം. വെന്താൽ വെളിച്ചെണ്ണയൊഴിച്ച് മൊരിയാൻ വയ്ക്കും.
Subscribe to:
Post Comments (Atom)
6 comments:
സൂജി പ്രണയത്തെപ്പറ്റി എഴുതിയതും തിരുവാതിരയെപ്പറ്റി എഴുതിയതും ഒക്കെ വായിച്ചു.
ഏതില്‍ കമന്റെഴുതണമെന്നറിയാതെ ഒരു ആശയക്കുഴപ്പം. എല്ലാം ഒന്നിനൊന്ന് മെച്ചം!
സൂജി എഴുതുന്ന പാചകക്കുറിപ്പുകള്‍ ചിലതൊക്കെ
പരീക്ഷിച്ചു നോക്കുന്നുണ്ട് ട്ടൊ. ഇതും മിക്കവാറും
നാളെ തന്നെ പരീക്ഷിച്ചേയ്ക്കും. നന്ദി.
ആത്മ :) നന്ദി. എന്നെ സൂജി എന്നു വിളിക്കേണ്ട. സു എന്നു വിളിച്ചാൽ മതി.
കോവയ്ക്ക- നമ്മുടെ പാക്കനാര്‍ കൊണ്ടു വന്ന പശുവിന്റെ അകിട് കുഴിച്ചിട്ടപ്പോ ഉണ്ടായ ചെടി, ശരിയാണോ?? പാക്കനാര്‍ തന്നെയല്ലേ അത്? എനിക്ക് കോവയ്ക്ക പഴുത്തത് കഴിക്കാന്‍ വളരെ ഇഷ്ടമാണ്..
മേരിക്കുട്ടീ :) അതുതന്നെ. പാക്കനാർ കൊണ്ടുവന്നപ്പോൾ വലിച്ചെറിഞ്ഞ് വള്ളിച്ചെടിയായത്.
ഇത് ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ഇവിടെയും ഉണ്ടാക്കാറുണ്ട്. ഉഴുന്ന് പരിപ്പ് ഇടാറില്ല
:)
sooo
Post a Comment