Saturday, September 27, 2008

കുക്കർ ചക്കയപ്പം

ഇലയട ആയിരുന്നു വീട്ടിൽ മിക്കപ്പോഴും ഉണ്ടാക്കിയിരുന്ന മധുരം. എല്ലാവരും കൂടെയാണ് പാചകം. ഇലയടയ്ക്കുള്ളിൽ വയ്ക്കുന്ന കൂട്ടിനെ ഞങ്ങൾ “പണ്ടം” എന്നാണ് വിളിക്കുന്നത്. പണ്ടം എന്നതിന് ആഭരണം എന്നുകൂടെയുണ്ട് ഞങ്ങളുടെ നാട്ടിൽ അർത്ഥം. എന്നിട്ട്, ഞങ്ങൾ അരിമാവ് പരത്തിയതിലേക്ക് പണ്ടം വയ്ക്കുമ്പോൾ, ഇതിനു കുറച്ച് പണ്ടം കൂടുതൽ കൊടുത്തേക്കാം എന്നും പറഞ്ഞ് ചിരിക്കുമായിരുന്നു. ഇലയട കഴിഞ്ഞാൽ ചക്കയപ്പവും ചക്കയടയും ഇടയ്ക്കൊക്കെ ഉണ്ടാക്കിയിരുന്നു.

ചക്കയട, അമ്മ മിക്കവാറും ഉണ്ടാക്കുന്നത്, കുക്കറിലാണ്. അതായത് ഇലയൊന്നുമില്ലാതെ. മാവുകലക്കി, കുക്കറിന്റെ തട്ടുകളിലേക്ക് ഒഴിച്ച് വേവിച്ചെടുക്കും. ആദ്യം വെന്തോന്ന് നോക്കിയിട്ട്, വെന്തില്ലെങ്കിൽ, കുറച്ചുസമയംകൂടെ വേവിക്കും. അടയുടെ സ്വാദുതന്നെ. അത്രത്തോളം വരില്ലെങ്കിലും. എളുപ്പത്തിൽ ജോലികഴിയും എന്നതാണ് ഗുണം.
മിനുസമായിപ്പൊടിച്ച അരിപ്പൊടി, (അരിപ്പൊടി വറുത്തെടുക്കും ഇവിടെ) ശർക്കര, ചക്കവരട്ടിയത്, ഏലയ്ക്ക പൊടിച്ചത്, തേങ്ങ ചെറുതായി നുറുക്കിയത് എന്നിവ വേണം. ചിത്രത്തിൽ ഉള്ളതുപോലെ മതി അളവ്. ശർക്കരയും ഏലയ്ക്കയും ചിത്രത്തിൽ ഇല്ല. ഏകദേശം കണക്കാക്കി എടുക്കുക. ആറേഴ് ആണി മതിയാവും. മധുരം വേണ്ടതനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.


ചക്കവരട്ടിയിൽ ശർക്കര കുറവായിരിക്കും. അതുകൊണ്ട് കുറച്ച് ശർക്കര എടുത്ത്, അരിപ്പൊടിക്കു മധുരം വരാനും കണക്കാക്കി, പാവുകാച്ചുക. (വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് ഉരുക്കുക). മിനുസമായി പൊടിച്ച അരിപ്പൊടിയെടുക്കുക. ആ ഉരുകിയത് അരിച്ചിട്ടാണെങ്കിൽ അരിച്ചിട്ട് അല്ലെങ്കിൽ അപ്പാടെ അരിപ്പൊടിയിലേക്ക് ഒഴിക്കുക. ഏലയ്ക്ക പൊടിച്ചിടുക. തേങ്ങാക്കഷണങ്ങൾ ഇടുക. ചക്കവരട്ടിയതും ഇട്ട് ഒന്നായി ഇളക്കി കുറച്ച് വെള്ളമായി എടുത്ത് കുക്കറിന്റെ തട്ടിലോ, കുക്കറിൽ വെക്കാവുന്ന പാത്രത്തിലോ കുറച്ച് നെയ് പുരട്ടിയിട്ട് ഒഴിയ്ക്കുക. (നെയ് പുരട്ടിയില്ലെങ്കിലും സാരമില്ല. പക്ഷെ വെന്താൽ അപ്പാടെ എടുക്കണമെങ്കിൽ ചിലപ്പോൾ കിട്ടിയെന്നുവരില്ല). കുക്കറിന്റെ കൂടെ കിട്ടുന്ന തട്ടിൽത്തന്നെയാണ് ഞാൻ വെച്ചിരിക്കുന്നത്. വലുതിൽ.




ഒരു പ്ലേറ്റുകൊണ്ട് അടയ്ക്കുക. കുക്കർ അടയ്ക്കുക. വേവിക്കുക.


കുക്കർ ചക്കയപ്പം തയ്യാർ. ഇതൊരു എളുപ്പപ്പണിയാണ്. വെന്തോന്ന് നോക്കാൻ ഒരു ഈർക്കിലോ പപ്പടം കുത്തിയോ എടുത്ത് അപ്പത്തിൽ ഒന്ന് കുത്തിയെടുത്ത് നോക്കുക. പറ്റിപ്പിടിച്ചാൽ വെന്തില്ല.

ഒന്നു തണുത്താൽ പ്ലേറ്റിലേക്ക് മാറ്റാം.


മുറിച്ചെടുക്കാം. ഇഷ്ടമുള്ളതുപോലെ.



കുക്കറിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, കുറച്ചുനേരം എടുക്കും ഇത് വേവാൻ എന്നുള്ളതുകൊണ്ട് കുക്കറിൽ നല്ലപോലെ വെള്ളം ഒഴിക്കണം. കൂട്ടൊഴിച്ച പാത്രത്തിനടിയിൽ വേറൊരു പാത്രം (അതിൽ വെള്ളം ഒഴിക്കാം. നീങ്ങിപ്പോകാതിരിക്കാൻ കനത്തിന്) വെക്കാം. എന്നാൽ കുക്കറിലൊഴിച്ച വെള്ളം തിളച്ചുപൊന്തി കൂട്ടിലേക്ക് കയറില്ല.
ചക്കവരട്ടിയത്, ശർക്കര വെള്ളത്തിലേക്കിട്ടിളക്കി ഒന്ന് യോജിപ്പിച്ചാലും നന്നായിരിക്കും. ചൂടോടെ.

ചക്കവരട്ടിയത് കടയിൽ ഇഷ്ടം പോലെ കിട്ടാനുണ്ടല്ലോ. അതുകൊണ്ട് എളുപ്പമായി ഇത് ചെയ്യാം. അരിപ്പൊടിയും കിട്ടും.

ഇവിടെ ചക്കവരട്ടിയത് വീട്ടിൽത്തന്നെയുണ്ട്. അരിപ്പൊടിയും മിക്കവാറും വീട്ടിൽ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യാറ്. ഇടയ്ക്ക് കടയിൽ നിന്നു വാങ്ങും.

9 comments:

വല്യമ്മായി said...

ഇലയടയുടെ ആ മണം കിട്ടില്ല അല്ലേ :(

കുക്കറില്‍ അപ്പം ഉണ്ടാക്കാന്‍ പറ്റിയ ചെറിയ കിണ്ണത്തോടു കൂടിയ സ്റ്റാന്റ്(ഇടിയപ്പം സ്റ്റാന്‍ഡ് പോലെ) മാര്‍ക്കറ്റിലിറങ്ങിയിട്ടുണ്ട്.കണ്ടിരുന്നോ

siva // ശിവ said...

ഇതൊക്കെ കാണുമ്പോള്‍ തന്നെ കൊതിയാവുന്നു...

Bindhu Unny said...

ചിന്ത അഗ്രിഗേറ്ററില്‍ ‘സു - കുക്ക® ചക്കയപ്പം’ എന്നു കണ്ട് ഓടിവന്നതാണ്. ഞാനാദ്യം വായിച്ചത് ‘കക്ക‘ എന്നാണ്. ® കണ്ടപ്പോള്‍ സു ഈ പുതിയ വിഭവം രജിസ്റ്റര്‍ ചെയ്തു എന്ന് കരുതി. ഇവിടെത്തിയപ്പഴല്ലേ മനസ്സിലായത്. കൊതി വന്നത് ബാക്കി. നാട്ടില്‍ പോയപ്പോ ഉണ്ണീടമ്മ തന്നുവിട്ട ചക്ക വരട്ടിയത് തീര്‍ന്നുപോയി. ഇനി അടുത്ത വര്‍ഷം വരെ കാത്തിരിക്കണം. :-)

Sapna Anu B.George said...

എന്റെ സൂ എന്തിനാ എന്നെ ഈ കൊല്ലാക്കൊല ചെയ്യുന്നത്...ഒന്നാമതു ചക്ക,രണ്ടാമതു കിണ്ണത്തപ്പം......
ഇടിവെട്ടു കിണ്ണത്തപ്പം കേട്ടോ...
ഭാഗ്യം ചെയ്ത മനുഷ്യര്‍.

smitha adharsh said...

കൊതിപ്പിച്ചു കൊല്ല്!!
അല്ല,പിന്നെ..

സു | Su said...

വല്യമ്മായി :) തട്ടുതട്ടായിട്ടുള്ള സ്റ്റാന്റ് ആണെങ്കിൽ കണ്ടിരുന്നു. വാങ്ങിയില്ല.

ശിവ :)

ബിന്ദു :) ചക്ക വരട്ടിയത് കടയിൽ കിട്ടുമല്ലോ.

സപ്ന :)

സ്മിത :)

മേരിക്കുട്ടി(Marykutty) said...

cooker vangiyappol enikku thattonnum kittiyilla..thattu mathramayittu vangan pattumo?

pinne, ithokke kandu saayoojyamadayunnu. allathe undakkan, chakka varattiyathonnum kittiyilla :(. ini nattil pokumbol Saras nte chakka varattiyathu vangam ennu vaykkunnu.

ജെസ്സ് said...

Chechi....

kurippikal ellaam adipoli...

njaanum kurachokke paachakam cheyyum...

blog orennam undaakkiyittundu..
pakshe aarum vaayichathaayi kaanunnilla..
athinenthaa cheka?
onnu help cheyyaamo??
sneha poorvam

jess

സു | Su said...

മേരിക്കുട്ടി :) വലിയ അളവിലുള്ള കുക്കർ വാങ്ങുമ്പോൾ രണ്ട് തട്ട് കിട്ടും. സ്റ്റീലിന്റേയോ അലൂമിനിയത്തിന്റേയോ. അതു വേണമെന്നു പറഞ്ഞാൽ മതി.

ജെസ്സ് :) ലോഗിൻ ചെയ്ത് സെറ്റിംഗ്സിൽ സൈറ്റ് ഫീഡ് എന്നുള്ളതിൽ ഫീഡ്, ഫുൾ എന്നോ ഷോർട്ട് എന്നോ സെലക്റ്റ് ചെയ്താൽ അഗ്രഗേറ്ററുകളിൽ പോസ്റ്റ് വരും.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]