പയറുപ്പേരി, പയറുതോരൻ, പയർ വറവ് എന്നൊക്കെ ഇതിനു പറയും. പയർ കഴുകി, തലയും വാലും കളഞ്ഞ് ചെറുതായി മുറിച്ചെടുക്കണം.
ചീനച്ചട്ടി/ ഫ്രയിംഗ് പാൻ/ പാത്രം ചൂടാക്കി അതിൽ വെളിച്ചെണ്ണ അല്പം ഒഴിക്കുക. അതിൽ ഉഴുന്നുപരിപ്പ് ഇടുക. അതു ചുവന്നുവരുമ്പോഴേക്കും കുറച്ച് കടുകും, ചുവന്ന മുളകും ഇടുക. കടുക് പൊട്ടിത്തെറിക്കുമ്പോഴേക്കും കറിവേപ്പിലയും ഇടുക. അതിലേക്ക് പയർ ഇടുക. ഉപ്പും മഞ്ഞളും ഇടുക. നിങ്ങൾക്കു വേണമെങ്കിൽ മുളകുപൊടിയും. ഞാനിടാറില്ല. അത്യാവശ്യത്തിനു വെള്ളമൊഴിക്കുക. അടച്ചുവച്ച് വേവിക്കുക. നിങ്ങൾ വെളിച്ചെണ്ണയിൽ വഴറ്റി വഴറ്റി വേവിക്കുമെങ്കിൽ അങ്ങനെയും ആവാം. വെള്ളമൊഴിക്കാതെ. വെന്തുകഴിഞ്ഞാൽ വാങ്ങി തേങ്ങ ചിരവിയിടുക.
വേണമെങ്കിൽ മുളകുപൊടിയിടാം. അല്ലെങ്കിൽ തേങ്ങയുടെ കൂടെ ജീരകവും പച്ചമുളകും ചതച്ച് ഇടാം. കുറേ മുളകുപൊടിയും മുളകുമൊക്കെ ഇട്ട് പച്ചക്കറികളുടെ ഗുണങ്ങൾ കളയരുത്. പിന്നെ കൊച്ചുകുട്ടികൾക്കും നാം കഴിക്കുന്നതുപോലെ കൊടുക്കണമെങ്കിൽ അധികം എരിവ് ഇല്ലാതിരിക്കുന്നതുതന്നെ നല്ലത്. എരിവിന് കൂട്ടാൻ അച്ചാറില്ലേ?
No comments:
Post a Comment