ചക്കയട, അമ്മ മിക്കവാറും ഉണ്ടാക്കുന്നത്, കുക്കറിലാണ്. അതായത് ഇലയൊന്നുമില്ലാതെ. മാവുകലക്കി, കുക്കറിന്റെ തട്ടുകളിലേക്ക് ഒഴിച്ച് വേവിച്ചെടുക്കും. ആദ്യം വെന്തോന്ന് നോക്കിയിട്ട്, വെന്തില്ലെങ്കിൽ, കുറച്ചുസമയംകൂടെ വേവിക്കും. അടയുടെ സ്വാദുതന്നെ. അത്രത്തോളം വരില്ലെങ്കിലും. എളുപ്പത്തിൽ ജോലികഴിയും എന്നതാണ് ഗുണം.
മിനുസമായിപ്പൊടിച്ച അരിപ്പൊടി, (അരിപ്പൊടി വറുത്തെടുക്കും ഇവിടെ) ശർക്കര, ചക്കവരട്ടിയത്, ഏലയ്ക്ക പൊടിച്ചത്, തേങ്ങ ചെറുതായി നുറുക്കിയത് എന്നിവ വേണം. ചിത്രത്തിൽ ഉള്ളതുപോലെ മതി അളവ്. ശർക്കരയും ഏലയ്ക്കയും ചിത്രത്തിൽ ഇല്ല. ഏകദേശം കണക്കാക്കി എടുക്കുക. ആറേഴ് ആണി മതിയാവും. മധുരം വേണ്ടതനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.
ചക്കവരട്ടിയിൽ ശർക്കര കുറവായിരിക്കും. അതുകൊണ്ട് കുറച്ച് ശർക്കര എടുത്ത്, അരിപ്പൊടിക്കു മധുരം വരാനും കണക്കാക്കി, പാവുകാച്ചുക. (വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് ഉരുക്കുക). മിനുസമായി പൊടിച്ച അരിപ്പൊടിയെടുക്കുക. ആ ഉരുകിയത് അരിച്ചിട്ടാണെങ്കിൽ അരിച്ചിട്ട് അല്ലെങ്കിൽ അപ്പാടെ അരിപ്പൊടിയിലേക്ക് ഒഴിക്കുക. ഏലയ്ക്ക പൊടിച്ചിടുക. തേങ്ങാക്കഷണങ്ങൾ ഇടുക. ചക്കവരട്ടിയതും ഇട്ട് ഒന്നായി ഇളക്കി കുറച്ച് വെള്ളമായി എടുത്ത് കുക്കറിന്റെ തട്ടിലോ, കുക്കറിൽ വെക്കാവുന്ന പാത്രത്തിലോ കുറച്ച് നെയ് പുരട്ടിയിട്ട് ഒഴിയ്ക്കുക. (നെയ് പുരട്ടിയില്ലെങ്കിലും സാരമില്ല. പക്ഷെ വെന്താൽ അപ്പാടെ എടുക്കണമെങ്കിൽ ചിലപ്പോൾ കിട്ടിയെന്നുവരില്ല). കുക്കറിന്റെ കൂടെ കിട്ടുന്ന തട്ടിൽത്തന്നെയാണ് ഞാൻ വെച്ചിരിക്കുന്നത്. വലുതിൽ.
ഒരു പ്ലേറ്റുകൊണ്ട് അടയ്ക്കുക. കുക്കർ അടയ്ക്കുക. വേവിക്കുക.
കുക്കർ ചക്കയപ്പം തയ്യാർ. ഇതൊരു എളുപ്പപ്പണിയാണ്. വെന്തോന്ന് നോക്കാൻ ഒരു ഈർക്കിലോ പപ്പടം കുത്തിയോ എടുത്ത് അപ്പത്തിൽ ഒന്ന് കുത്തിയെടുത്ത് നോക്കുക. പറ്റിപ്പിടിച്ചാൽ വെന്തില്ല.
ഒന്നു തണുത്താൽ പ്ലേറ്റിലേക്ക് മാറ്റാം.
മുറിച്ചെടുക്കാം. ഇഷ്ടമുള്ളതുപോലെ.
കുക്കറിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, കുറച്ചുനേരം എടുക്കും ഇത് വേവാൻ എന്നുള്ളതുകൊണ്ട് കുക്കറിൽ നല്ലപോലെ വെള്ളം ഒഴിക്കണം. കൂട്ടൊഴിച്ച പാത്രത്തിനടിയിൽ വേറൊരു പാത്രം (അതിൽ വെള്ളം ഒഴിക്കാം. നീങ്ങിപ്പോകാതിരിക്കാൻ കനത്തിന്) വെക്കാം. എന്നാൽ കുക്കറിലൊഴിച്ച വെള്ളം തിളച്ചുപൊന്തി കൂട്ടിലേക്ക് കയറില്ല.
ചക്കവരട്ടിയത്, ശർക്കര വെള്ളത്തിലേക്കിട്ടിളക്കി ഒന്ന് യോജിപ്പിച്ചാലും നന്നായിരിക്കും. ചൂടോടെ.
ചക്കവരട്ടിയത് കടയിൽ ഇഷ്ടം പോലെ കിട്ടാനുണ്ടല്ലോ. അതുകൊണ്ട് എളുപ്പമായി ഇത് ചെയ്യാം. അരിപ്പൊടിയും കിട്ടും.
ഇവിടെ ചക്കവരട്ടിയത് വീട്ടിൽത്തന്നെയുണ്ട്. അരിപ്പൊടിയും മിക്കവാറും വീട്ടിൽ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യാറ്. ഇടയ്ക്ക് കടയിൽ നിന്നു വാങ്ങും.