Saturday, February 16, 2008

പച്ചമാങ്ങാക്കുഞ്ഞുള്ളിച്ചമ്മന്തി

ഞാന്‍ ടൌണില്‍ പോയി. പച്ചക്കറിക്കടയില്‍ നോക്കുമ്പോള്‍ എന്തിരിക്കുന്നു? മാവില്‍ നിന്ന് അപ്പോപ്പറിച്ചതുപോലെയുള്ള മാങ്ങ. അതുകണ്ടപ്പോള്‍ ഒന്നു മനസ്സിലായി. എന്ത്? ഇനി സെപ്റ്റംബര്‍ വരെ ഈ വീട്ടില്‍ എന്നുമൊരു മാങ്ങാക്കറിയുണ്ടാവും എന്ന്. മാവില്‍ നിന്ന് എറിഞ്ഞിടുന്നതും, അന്നന്നേരം തിന്നുന്നതും ഒക്കെയോര്‍ത്താല്‍ ഇത് വെറും പുല്ല്. എന്നാലും ഇതൊക്കെയല്ലേ ഇപ്പോ തല്‍ക്കാലം കഴിയൂ. പഴയ മാങ്ങാക്കാലം ഓര്‍ത്താല്‍ എവിടേം നില്‍ക്കില്ല. അതുകൊണ്ട് തല്‍ക്കാലം മുന്നോട്ട് പോകാം.

എന്തുണ്ടാക്കും എന്നു വിചാരിച്ചപ്പോഴാ പച്ചമാങ്ങാപഞ്ചതന്ത്രം ഓര്‍മ്മവന്നത്. അതില്‍ ഇല്ലാത്തത് തന്നെ ആയിക്കോട്ടെ. പുരാവസ്തുശേഖരത്തിലേക്ക് പോകാന്‍ കാത്തിരിക്കുന്ന പാവം കുറച്ച് ചെറിയ ഉള്ളികള്‍‌. അതിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ? അങ്ങനെയാണ് ഈ പച്ചമാങ്ങാ കുഞ്ഞുള്ളിച്ചമ്മന്തി പിറക്കുന്നത്‌.



കറിവേപ്പില വേണം.
ചുവന്നമുളക് വേണം. ഇനി അതില്ലെങ്കില്‍ മുളകുപൊടി ആയാലും മതി.
ചുവന്നുള്ളി/ചെറിയ ഉള്ളി/കുഞ്ഞുള്ളി വേണം.
ഉപ്പ് എന്തായാലും വേണം.
ചിരവിയ തേങ്ങയും വേണം.
ഇതൊക്കെ അരമുറിത്തേങ്ങ, ഒരു മാ‍ങ്ങ തോലു കളഞ്ഞത്, അഞ്ചെട്ട് ചുവന്നുള്ളി, കറിവേപ്പില ഒരു തണ്ടിലെ ഇല അല്ലെങ്കില്‍‌ എട്ട്- പത്ത് ഇല, മൂന്നാലു മുളക്, ഉപ്പ് എന്ന കണക്കില്‍‌ എടുക്കുക‌. അല്ലെങ്കില്‍ നിങ്ങളുടെ സ്വന്തം കണക്കിലെടുക്കുക.
ഇതൊക്കെ ആയാല്‍ അരയ്ക്കാം എന്ന് അല്ലേ? അരയ്ക്കാനോ? നോ അരയ്ക്കല്‍ ഓണ്‍ലി ചതയ്ക്കല്‍‌. അമ്മിക്കല്ലില്‍ ആയാല്‍ ബഹുകേമം. മിക്സിയില്‍ ആദ്യം തേങ്ങ ചതയ്ക്കുക. പിന്നെ ബാക്കിയെല്ലാം ഇട്ട് ചതയ്ക്കുക.
തയ്യാര്‍. ഇനി ചോറെടുത്തോ. അല്ലെങ്കില്‍ വേണ്ട. കഞ്ഞിയാ നല്ലത്.

10 comments:

ബിന്ദു said...

ഇത്തിരി എടുത്തു നാക്കില്‍ വച്ചു നോക്കി, എരിവിത്തിരി കൂടുതല്‍ ഉണ്ട്‌ എന്നാലും നല്ല ടേസ്റ്റ്‌ !( ഹോ.. വായില്‍ വെള്ളം കാരാണം മിണ്ടാന്‍ പറ്റുന്നില്ല)

അനിലൻ said...

നാട്ടില്‍നിന്ന് ഒരാള്‍ പച്ചമാങ്ങ കൊണ്ടുവന്നിട്ടുണ്ട്
ഇന്നുതന്നെ ഉണ്ടാക്കിയിട്ട് വേറെക്കാര്യം!

G.MANU said...

പച്ചമാങ്ങാക്കുഞ്ഞുള്ളിച്ചമ്മന്തിയുണ്ടെടീ
പച്ചരിച്ചോറും കറിയുമെടുക്കെടീ..
ഇത്തിരിത്തൈരും മെഴുക്കുപുരട്ടിയും
കൊത്തിയരിഞ്ഞിട്ട പാവക്കാത്തീയലും..

സൂ.ജി... നാവില്‍ വെള്ളം റെഡി...

രാജ് said...

സൂന്റെ എഴുത്തിന്റെ രീതിയങ്ങ് മാറിയതു പോലെ. ഈ ബ്ലോഗ് കുറേ കാലത്തിനു ശേഷം വായിക്കുന്നത് കൊണ്ടു തോന്നിയതുമാകാം. മാമ്പൂച്ചമ്മന്തിയല്ലാതെ മറ്റൊന്നും ഇവിടെ എടുക്കില്ല.

അപര്‍ണ്ണ said...

ammikkallu illa. mixite cheriya jar-il aanu pareekshanam. ente pachamangachammanthi from Ginger and Mango. ithu try cheyyatte.
second photo super!

സു | Su said...

ബിന്ദൂ :)

അനിലന്‍ :) ഉണ്ടാക്കിയോ?

മനൂ :) ചമ്മന്തിപ്പാട്ടാണോ?

പ്രമോദ് :)

രാജ് :) മാറ്റങ്ങള്‍ ആരംഭിക്കേണ്ടത് നമ്മുടെ എഴുത്തില്‍നിന്നാണെന്ന് ആരും പഠിപ്പിച്ചിട്ടില്ലേ? ;) മാറിയിട്ടൊന്നുമില്ല. ഉണ്ടോ? മാമ്പൂച്ചമ്മന്തി! മാമ്പൂ പറിച്ചെടുക്കാനോ? കൊഴിഞ്ഞത് നോക്കിവയ്ക്കാം. ആരാന്റെ, മക്കളെക്കണ്ടും, മാമ്പൂക്കളെക്കണ്ടും കൊതിയ്ക്കരുതെന്നറിയില്ലേ? ;)

അപര്‍ണ്ണ :)

ദേവന്‍ said...

എന്റേം ഒരു വീക്ക്നസ്സാ മാങ്ങാച്ചമ്മന്തി.

ശാലിനി said...

സു മാങ്ങാചമ്മന്തി കൊതിപ്പിച്ചു. നല്ല ചൂടു ചോറുംകൂടി കിട്ടിയിരുന്നെന്കില്‍.

സു | Su said...

ദേവാ :) ഇനിയിപ്പോ കുറച്ചുകാലത്തേക്ക് ചമ്മന്തിയുണ്ടാവുമല്ലോ. എന്നും മാങ്ങ കിട്ടും. പക്ഷെ, മാങ്ങാക്കാലത്തെ മാങ്ങ വേണം.

ശാലിനീ :) ഇതൊക്കെ എളുപ്പമല്ലേ? ഒഴിവുദിവസം ഉണ്ടാക്കൂ.

Kumar Neelakandan © (Kumar NM) said...

മാങ്ങയുടെ പുളി. ചെറിയ എരിവും. നാവിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. അല്പം പച്ച വെളിച്ചെണ്ണകൂടി ഒഴിച്ചൊന്നു പരീക്ഷിക്കണം.

നന്ദി

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]