കാപ്പിയേയും ചായയേയും കുറിച്ച് പലയിടത്തും വായിക്കാം. കഴിക്കരുതെന്ന് ചിലര്‍. ആരോഗ്യത്തിനു നല്ലതെന്ന് ചിലര്‍. ഇതൊന്നും ശ്രദ്ധിക്കാതെ കാപ്പിയും ചായയും കുടിക്കുന്നവര്‍ പലരും.
മഴക്കാലത്ത് ചൂടുകാപ്പിയും കുടിച്ച് ഇരിക്കാന്‍ എനിക്കിഷ്ടമാണ്.
ഇത് ചായ കാപ്പി പുരാണമൊന്നുമല്ല. ഇത് വെറും കരുപ്പട്ടിക്കഥയാണ്. കരുപ്പട്ടിയെക്കുറിച്ച് വിശദമായി ഒന്നും അറിയില്ല. കരുപ്പട്ടി കുറച്ചു കിട്ടി.
അതുകൊണ്ട് അതിന്റെ കാപ്പി പരീക്ഷിച്ചുകളയാം എന്നു കരുതി. തിരയാനുള്ളിടത്തൊക്കെപ്പോയി തിരഞ്ഞു. കാര്യമായി ഒന്നും കിട്ടിയില്ല. ഇവിടെ കുറച്ച് വിവരം ഉണ്ട്.
ശര്‍ക്കരക്കാപ്പി പോലെയാണ് കരുപ്പട്ടിക്കാപ്പിയും. പാലൊഴിക്കാതെ. ഇനി പാലൊഴിച്ച് ഉണ്ടാക്കുമോയെന്തോ. അറിവുള്ളവര്‍ പറഞ്ഞുതരിക.
വെള്ളം വെച്ച് ഇത് ഒരു കഷണം പൊടിച്ചിട്ട്, തിളച്ചാല്‍ കാപ്പിപ്പൊടിയും ഇടുക. മധുരം ഇല്ലെങ്കില്‍ വീണ്ടും ഇടുക. എനിക്കിതിന്റെ സ്വാദ് അത്ര ഇഷ്ടമൊന്നുമായില്ല.
മസാലച്ചായ
ഏലയ്ക്കയിട്ട് ചായ ഉണ്ടാക്കാറുണ്ട്. ഇത് ഇഞ്ചിയും ഏലയ്ക്കായും ചതച്ചിട്ടാണ് ഉണ്ടാക്കിയത്. നല്ലതാണ്.
അരക്കപ്പ് വെള്ളം വയ്ക്കുക. ഒരു ചെറിയ കഷണം ഇഞ്ചിയും മൂന്നാലു തരി ഏലയ്ക്കായും കൂടെ ചതച്ച് ഇതിലിടുക. അരക്കപ്പ് പാലൊഴിക്കുക. ചായപ്പൊടിയും പഞ്ചസാരയും ഇടുക. നിങ്ങളുടെ അളവില്‍. കുറഞ്ഞുപോകരുത്. കുറച്ചുനേരം തിളച്ച് വറ്റിക്കുക. ഒക്കെ ചെറിയ തീയില്‍ ചെയ്യുക. മസാലച്ചായ റെഡി. നല്ല ചൂടോടെ കുടിക്കുക.