Monday, October 15, 2007

ഫ്രൈ പത്തിരി

കുറച്ച്, ഏകദേശം രണ്ട് കപ്പ്, പുഴുങ്ങലരി, നാലഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക.
കുറച്ച് തേങ്ങ (ഒരു വല്യ മുറിത്തേങ്ങയുടെ പകുതി) ചിരവിയെടുക്കുക.


തേങ്ങയും, അരിയും, അഞ്ച്- ആറ് ചെറിയ ഉള്ളി(ചുവന്ന ഉള്ളി) യും, ഒരു ടീസ്പൂണ്‍ നിറച്ചും, ജീരകവും, ഉപ്പും ചേര്‍ത്ത് നന്നായി, അരച്ചെടുക്കുക. കുറേ വെള്ളം ആവരുത്.

അരച്ചുകഴിഞ്ഞ്, അതില്‍, കറുത്തതോ വെളുത്തതോ എള്ള് കുറച്ച് ഇടുക. യോജിപ്പിക്കുക.
അതുകഴിഞ്ഞ്, കൂട്ട് അടുപ്പത്ത് വെച്ച് ഇളക്കുക. വെള്ളം വറ്റുമ്പോള്‍, വാങ്ങി വയ്ക്കുക.
അടുപ്പത്ത് വച്ചാല്‍ ഇളക്കിക്കൊണ്ടിരിക്കണം.

വാങ്ങി, അല്‍പ്പം തണുത്താല്‍, കൈകൊണ്ട് തൊടാന്‍ പാകത്തില്‍ ആയാല്‍, എടുത്ത് ഉരുട്ടി, ഒരു പ്ലാസ്റ്റിക് പേപ്പറില്‍, അല്‍പ്പം എണ്ണ പുരട്ടി, അതില്‍ വട്ടത്തില്‍, വേണ്ട വലുപ്പത്തില്‍ പരത്തുക. പരത്തുമ്പോള്‍, അല്‍പ്പം എണ്ണ, വിരലില്‍ തൊട്ടാല്‍, കൈയിലേക്ക്, മാവ് വീണ്ടും ഒട്ടിപ്പിടിക്കില്ല. പരത്തിയിട്ട്, അധികം നേരം വച്ച് എടുക്കുമ്പോള്‍, അതൊക്കെ മുറിഞ്ഞുമുറിഞ്ഞുപോകാന്‍ സാദ്ധ്യതയുണ്ട്.
അതുകൊണ്ട്, ഒറ്റയ്ക്കാണ് പാചകമെങ്കില്‍, കൈകൊണ്ട്, കയ്യിലിട്ട് പരത്തുക. നേരിട്ട് വറുക്കാനിടുക.

ചൂടായ വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുക. വറുക്കാനിടുമ്പോള്‍, എണ്ണയില്‍ നിന്ന് പൊട്ടിത്തെറിയൊക്കെ ഉണ്ടാവും. സൂക്ഷിക്കുക. ഒരു സ്പൂണ്‍ കൊണ്ടോ മറ്റോ, ഒന്ന് അമര്‍ത്തിവിട്ടാല്‍, പൊള്ളച്ചു വരും. (ചിലപ്പോള്‍) ;)




മിനുസമായി അരയണം, അരയ്ക്കുമ്പോള്‍. അല്ലെങ്കില്‍, നേര്‍മ്മയായി പരത്താന്‍ കിട്ടില്ല.
ഉള്ളില്‍ വേവും കുറവാകും. വെള്ളുള്ളി, ഉപയോഗിക്കുന്നവര്‍ക്ക്, അരയ്ക്കുമ്പോള്‍ അതും ചേര്‍ക്കാം. അല്‍പ്പം.

7 comments:

ഉപാസന || Upasana said...

:)
ഉപാസന

ശാലിനി said...

സൂ, ഇതുകുറച്ച് സമയമെടുക്കുമല്ലോ.

മന്‍സുര്‍ said...

വായിച്ചു കഴിഞപ്പോ...വയറ്‌ നിറഞപോലെ...ഇനി ഉണ്ടാക്കി കഴിച്ചല്‍ എന്തായിരിക്കും...കോപ്പി എടുകുന്നുണ്ടു....കെട്ടിയോല്‍ക്ക്‌ അയച്ചു കൊടുക്കാന്‍..
എന്നെ കൊണ്ടു അവളെങ്കിലും കുക്കിങ്ങ്‌ പഠിക്കട്ടെ..

നന്‍മകള്‍ നേരുന്നു

സു | Su said...

സുനില്‍ :)

ശാലിനീ :) എടുക്കും. തിരക്കില്‍ പറ്റില്ല.

മന്‍സൂര്‍ :)

Cartoonist said...

സു,
പ്രഭാതം !
ഞന്‍ ജയന്‍ സ്റ്റൈലില്‍ ആഗ്രഹിച്ചുപോകുന്നു.
സുവിന്റെ ഒരു പടം കിട്ടിയിരുന്നെങ്കില്‍
കേരളഹഹഹ അലങ്കരിയ്ക്കാമായിരുന്നു.:)

പൂരൂരുട്ടാതി തിരുനാള്‍
ഊണേശ്വരം പി.ഒ.
sajjive@gmail.com

സു | Su said...

സജ്ജീവ് ജി :) ഫോട്ടോ, ബ്ലോഗിലേക്ക് ആവശ്യപ്പെട്ടതില്‍ സന്തോഷം. പിന്നീടൊരിക്കല്‍ അയച്ചുതരാം. പുലികളുടേതൊക്കെ കഴിയട്ടെ എന്നിട്ടാവാം. നന്ദി.

സാങ്കേതികന്‍ said...

എണ്ണപ്പലഹാരം കഴിചാല്‍ ദിവസങ്ങളെണ്ണാം

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]