പുളിങ്കറി എന്നാൽ പുളി ചേർത്തുവയ്ക്കുന്ന കറി. പുളിശ്ശേരിയിൽ മോരും പുളിങ്കറിയിൽ പുളിയും. ഒരു സാദാ കറി. ഇവിടെ പുളിങ്കറി വച്ചത് ചേമ്പുകൊണ്ടാണ്. എന്തൊക്കെ വേണംന്ന് പറയാം.
ചേമ്പ് - ചിത്രത്തിൽ ഉള്ളതിന്റെ പകുതി. (ചിത്രം കാണാത്തവർക്ക്, ഒരു വല്യ ചേമ്പിന്റെ പകുതി) - തോലുകളഞ്ഞ് കഷണങ്ങളാക്കിയത്. കഴുകിയെടുക്കുക.
തേങ്ങ ചിരവിയത് നാലു ടേബിൾസ്പൂൺ, അര ടീസ്പൂൺ ജീരകവും ചേർത്ത് നന്നായി അരച്ചത്. (കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ആയിപ്പോയാൽ വല്യ കുഴപ്പമില്ല).
നെല്ലിക്കാവലുപ്പത്തിൽ പുളിയെടുത്ത്, കാൽ ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടുവച്ച് കുറച്ചുകഴിഞ്ഞാൽ ആ വെള്ളം മാത്രം എടുക്കുക. പുളി ചൂടുവെള്ളത്തിലിട്ടാൽ വേഗം പിഴിഞ്ഞ് വെള്ളം എടുക്കാൻ പറ്റും.
മുളകുപൊടി - കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണിലും അല്പം കുറച്ച്
ഉപ്പ്
വറവിടാൻ - കടുക് മുളക് കറിവേപ്പില
ചേമ്പ് കഷണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഇട്ട് ആവശ്യത്തിനുമാത്രം വെള്ളം ചേർത്ത് നല്ലോണം വേവിക്കണം. വെന്താൽ അതിൽ പുളി വെള്ളം ചേർത്ത് കുറച്ചുനേരം തിളപ്പിക്കണം. തേങ്ങ ചേർക്കുമ്പോഴോ പുളി ചേർക്കുമ്പോഴോ കറിയിൽ ആവശ്യമുള്ളത്ര വെള്ളവും ചേർക്കണം. വെന്തു കഴിഞ്ഞാൽ വെള്ളം കുറവാണെങ്കിൽ ചേർത്താൽ മതി. പുളി വെന്താൽ തേങ്ങ ചേർക്കുക. അതും തിളച്ചാൽ വാങ്ങിവെച്ച് വറവിടുക.
വ്യത്യാസം വരുത്തണമെങ്കിൽ, കഷണം വേവിക്കുമ്പോൾ, കുറച്ച് പച്ചമുളക് ചീന്തിയിടാം . പിന്നെ തുവരപ്പരിപ്പും ഇടാം. ശരിക്കുള്ള പുളിങ്കറി അങ്ങനെയാണ്.
ചേമ്പിനു കൊഴുപ്പുള്ളതുകൊണ്ട് പരിപ്പ് ഒഴിവാക്കിയെന്നേ ഉള്ളൂ. വല്യ ചേമ്പ് കിട്ടിയതുകൊണ്ട് അതെടുത്തു. ചെറിയ ചേമ്പ് ആയാലും മതി.
Subscribe to:
Post Comments (Atom)
7 comments:
ആദ്യത്തെ രണ്ട് ചിത്രങ്ങളിലും ചേമ്പിന്റെ മുകളിൽ ചുവന്ന അക്ഷരത്തിൽ കറിവേപ്പിലയെന്ന് എഴുതി വച്ച് വഴിതെറ്റിക്കാൻ നോക്കുന്നാ ;)
ഹും..ഇന്നാട്ടിലും ചേമ്പ് കിട്ടും ഞാനും ഉണ്ടാക്കും..എന്നിട്ട് ബാക്കി...തങ്ക്സ് :)
മയൂര ആ കരിവേപ്പില ലേബല്‍ ആരും അടിച്ച് മാറ്റാതിരിക്കാനാണ്. വേണമെങ്കില്‍ സ്വയം ചേമ്പിന്റെ ചിത്രമെടുക്കണം.
എന്തായാലും ഇവിടം കാണാതെ പോകണ്ട.
മയൂര :) പറ്റിയ്ക്കാമെന്നുവെച്ചാൽ സമ്മതിക്കില്ല അല്ലേ?
ചന്ദ്രേട്ടൻ :) കണ്ടിരുന്നു. നന്ദി.
വല്യ ബുദ്ധിമുട്ടില്ലാതെ ഉണ്ടാക്കാമെന്ന് തോന്നുന്നല്ലോ. നോക്കട്ടെ
ഇന്ന് ചേമ്പ് പുളിങ്കറി ഉണ്ടാക്കി. എന്നിട്ട് കമന്റ് ചെയ്യാമെന്ന് വെച്ചതാ.
കൊള്ളാം. വേഗം ഉണ്ടാക്കാം. രുചിയും എനിക്കിഷ്ടമായി.
ശ്രീ :) നോക്കൂ.
സുകന്യ :) പരീക്ഷിച്ചതിനു നന്ദി.
എനിക്കു ഈ ബ്ലൊഗിൽ എത്തിയപ്പൊൾ വല്ലാത്തെ വിശപ്പാണു തൊന്നിയതു...ഒരൊന്നു വായിച്ച് വിശപ്പടക്കി...കൊള്ളാം എനിക്കിഷ്ട്ടമായി സു....
Post a Comment