Friday, March 19, 2010

തേൻ‌കുഴൽ

തേനുമായിട്ട് വല്യ ബന്ധമൊന്നുമില്ലെങ്കിലും ഈ പലഹാരത്തിന്റെ പേരു തേൻ‌കുഴൽ എന്നാണ്. അനിയത്തിക്കുട്ടിയുടെ വീട്ടിൽ പോയപ്പോൾ അവിടെയിരിക്കുന്നു തേൻ‌കുഴൽ. തിന്നുന്ന ജോലിയല്ലേ പിന്നെ ഉള്ളൂ. അവിടത്തെ അമ്മ പാചകനിപുണയാണ്. അവിടിരുന്ന് തിന്നുനിറച്ചതിന്റെ രുചി നാവിൽ ഉള്ളതുകൊണ്ട് ഞാനും തേൻ‌കുഴൽ തന്നെ ഉണ്ടാക്കാംന്ന് വെച്ചു. തിന്നണംന്ന് വിചാരം ഉണ്ടെങ്കിൽ ഉണ്ടാക്കാനും എളുപ്പം.

ഇതിനാവശ്യമുള്ളത് വീട്ടിൽത്തന്നെ മിക്കവാറും ഉള്ളതുതന്നെയാവും. പറയാം. ഏറ്റവും ആദ്യം ചെയ്യേണ്ടത് കുറച്ച് ഉഴുന്ന് വെള്ളത്തിൽ കുതിർത്തുവയ്ക്കണം. കുതിർക്കുന്നതിനുമുമ്പ് അളവെടുത്തില്ല. കുതിർന്ന് അരച്ചെടുത്താൽ ഉള്ള അളവേ എടുത്തുള്ളൂ. ഇതിനു വേണ്ടി ഉഴുന്ന് എടുത്തശേഷം, ബാക്കിയുള്ളത് കൊണ്ട് വേറെ എന്തെങ്കിലുമുണ്ടാക്കാം. രണ്ടോ മൂന്നോ മണിക്കൂർ കുതിർന്നാൽ മിനുസമായി വെണ്ണപോലെ അരയ്ക്കണം.



അരിപ്പൊടി - മുന്നൂറ് -300 - ഗ്രാം എടുത്തു.
അരച്ചെടുത്ത ഉഴുന്ന് - 12 ടേബിൾസ്പൂൺ.
ജീരകം - ഒരു ടീസ്പൂൺ
എള്ള് - ഒരു ടീസ്പൂൺ.
എള്ളും ജീരകവും കുറയ്ക്കണമെങ്കിൽ കുറയ്ക്കാം.
കായം പൊടി - കുറച്ച് ഇടണം
പിന്നെ ഉപ്പ്
മുളകുപൊടി - കാൽടീസ്പൂൺ - അധികം വേണമെങ്കിൽ നിങ്ങൾക്ക് ചേർക്കാം. തീരെ വേണ്ടെങ്കിൽ ഒഴിവാക്കാം.

അരിപ്പൊടിയിലേക്ക് ഉഴുന്നരച്ചതും ബാക്കിയുള്ളതും ഒക്കെക്കൂട്ടി കുഴയ്ക്കുക. ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നതുപോലെ ആവും. നല്ല കട്ടിയായിപ്പോവരുത്. അങ്ങനെ ആയാൽ ഉഴുന്ന് കുറച്ചും കൂടെ കൂട്ടണം. ഉഴുന്നരച്ചതിൽ ഉള്ള വെള്ളം മതിയാവും കൂട്ടിന്. ഇവിടെ അതുമതിയായി. വേറെ വെള്ളം കൂട്ടിയില്ല. ഉഴുന്നിൽ വെള്ളം കൂട്ടി അരയ്ക്കണം എന്നു വിചാരിച്ചിട്ട് ഒരുപാട് വെള്ളം ചേർക്കരുത്. അത് മിനുസമായി അരയാൻ പാകത്തിനുള്ള വെള്ളം മതി.



എല്ലാം യോജിപ്പിച്ച് അഞ്ചുമിനുട്ട് വയ്ക്കാം. നിർബന്ധമൊന്നുമില്ല. കുഴയ്ക്കുമ്പോൾ കുറച്ച് വെളിച്ചെണ്ണയും ചേർക്കാം. വെളിച്ചെണ്ണ വല്യൊരു ചീനച്ചട്ടിയിലോ ഉരുളിയിലോ ചൂടാവാൻ വയ്ക്കുക.



പിന്നെ നാഴിയെടുത്ത്/പ്രെസ്സ് എടുത്ത് (മുകളിൽ ഉള്ള ചില്ലാണ് ഇടേണ്ടത്. അങ്ങനെ ഒറ്റയ്ക്കുള്ള ഒരു ചില്ലും ഉണ്ടാവും. അതെടുത്താലും മതി. അപ്പോ വേഗം തീരില്ല) അതിൽ നിറച്ച് ചൂടായ വെളിച്ചെണ്ണയിലേക്ക് നേരിട്ട് പിഴിയുക. കുറേ വട്ടത്തിൽ വട്ടത്തിൽ പിഴിയരുത്. കുറച്ച് പിഴിഞ്ഞ് നിർത്തുക. അല്ലെങ്കിൽ ഒട്ടിപ്പിടിക്കുന്നിടത്ത് ശരിക്കും വേവില്ല. പിന്നെ തിരിച്ചും മറിച്ചുമൊക്കെ ഇട്ട് എടുത്തുവയ്ക്കുക. എണ്ണ നന്നായി ചൂടായാൽ തീ കുറയ്ക്കണം. പിന്നെ അടുത്തത് പിഴിഞ്ഞുകഴിഞ്ഞിട്ട് തീ കൂട്ടിയാൽ മതി. തീ കുറയ്ക്കുകയും കൂട്ടുകയും ചെയ്യേണ്ടിവരും.




വെറുതെയൊന്ന് നോക്കാൻ‌വേണ്ടി പ്ലേറ്റിലേക്കു പിഴിഞ്ഞുനോക്കി. അതാണിത്.


ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എണ്ണയിലേക്കാണ് പിഴിയുന്നത് എന്ന കാര്യമാണ്. അപകടങ്ങളൊന്നും ഇല്ലാതെ സൂക്ഷിക്കുക. തീ കുറച്ച്, കൈ മുകളില്‍പ്പിടിച്ച് പിഴിയുക. പിഴിയുന്നതിനിടയ്ക്ക് എണ്ണപ്പാത്രമൊന്നും തട്ടിപ്പോകാതെ സൂക്ഷിക്കുക.




പിഴിഞ്ഞുകോരിയെടുത്ത് എണ്ണയൊക്കെ പോയാൽ, തണുത്താൽ, പാത്രത്തിലോ കുപ്പിയിലോ ഇട്ട് അടച്ചുവയ്ക്കുക. അല്ലെങ്കിൽ അപ്പോത്തന്നെ തിന്നുക.

ഇതിൽ വ്യത്യാസം വേണമെങ്കിൽ കുറച്ച് കടലമാവ് ചേർക്കാം. പക്ഷേ ഉഴുന്നും അരിയും പോലെയല്ല കടലമാവ്. ആരോഗ്യത്തിനു അത്ര നല്ലതല്ല. അരിപ്പൊടിയ്ക്കു പകരം പുഴുങ്ങലരി വെള്ളത്തിലിട്ട് അരച്ചും എടുക്കാം. അപ്പോപ്പിന്നെ എന്തായാലും മുറുക്കത്തിനുവേണ്ടി കടലമാവ് കൂട്ടേണ്ടിവരും. ഉഴുന്നിലും അരിയിലും വെള്ളം ആയിരിക്കുമല്ലോ.

ചില്ല് വ്യത്യാസം ഉണ്ടെങ്കിൽ കുറച്ചും‌കൂടെ വലുപ്പം ഉണ്ടാവും. മുറുക്കിന്റെ ചില്ല് പോലുള്ള ഒരു ചില്ലുണ്ട്. അതിൽ പിഴിഞ്ഞാലും കുറച്ച് വലുപ്പക്കൂടുതൽ ഉണ്ടാവുമായിരിക്കും.

5 comments:

ശ്രീ said...

തേന്‍ കുഴല്‍ എന്ന പേര് ആദ്യമായാണ് കേള്‍ക്കുന്നത്. പക്ഷേ, ആ ചിത്രത്തിലെ പലഹാരം കണ്ടിട്ട് കഴിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു.
:)

Bindhu Unny said...

ഇതാണോ തേന്‍‌കുഴല്‍? തേനില്‍ മുക്കിയ എന്തോ ആണെന്നാണ് വിചാ‍രിച്ചിരുന്നത്. ഇത് കഴിച്ചിട്ടുണ്ട്. :)

ദിയ കണ്ണന്‍ said...

valare ishtamulla oru palaharamanu ithu..kothiyavunnu.. :)

സു | Su said...

ശ്രീ :) ഇത് മധുരമുള്ളതും ഉണ്ട്.

ബിന്ദു :) കുറേക്കാലമായല്ലോ കണ്ടിട്ട്. തിരക്കിലായിരുന്നു അല്ലേ? ഇതിന് തേൻ‌കുഴൽ എന്നു പറയും. വേറെ എന്തെങ്കിലും പേരുണ്ടോയെന്തോ!

ദിയ :) അവിടെ ഉണ്ടാക്കി നോക്കൂ. പറ്റുമെങ്കിൽ.

geethavappala said...

തെന്കുഴല്‍ എന്ന് വായിച്ചപ്പോള്‍ കുരചെന്ക്കിലും മധുരമുണ്ടാവും എന്ന് വിചാരിച്ചു... ഈ തെന്കുഴല്‍ ചൂടോടെ പഞ്ചസാര പാവില്‍ ഇട്ടാല്‍ .... മധുരതോടുകൂടിയ കുഴലാവും ... ഞങ്ങള്‍ അതിനു "മധുരസേവ" എന്ന്നാണ് പറയുക..... ബ്ലോഗ്‌- ഇടുന്ന എല്ലാം പരീഷിച്ചു നോക്കാറുണ്ട് ... എല്ലാ വിഭവങ്ങളും വളരെ ഉപകാരപ്രദം .....all the ബെസ്റ്റ്!!!!!!!!!!!!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]