Tuesday, February 23, 2010

ചക്കപ്പപ്പടം

ചക്കപ്പപ്പടം തിന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വേനൽക്കാലത്ത് ചക്കപ്പപ്പടം ഉണ്ടാക്കിത്തിന്നുക. വേനൽക്കാലമായി. ഉണക്കിയെടുത്ത് സൂക്ഷിക്കുന്നതൊക്കെ ഉണ്ടാക്കാനുള്ള കാ‍ലമായി. ചക്കക്കാലമായതുകൊണ്ട് ചക്കപ്പപ്പടം തന്നെ ആയിക്കോട്ടെ ആദ്യം. അമ്മായി കുറേ ഉണ്ടാക്കിവച്ച് ഞങ്ങൾക്കൊക്കെ തരാറുണ്ടായിരുന്നു. ഇപ്രാവശ്യം ഞാൻ തന്നെ തുനിഞ്ഞിറങ്ങി. അമ്മായിയോടും മറ്റുള്ളവരോടുമൊക്കെ അഭിപ്രായം ചോദിച്ചറിഞ്ഞു. വളരെക്കുറച്ച് ഉണ്ടാക്കി. വെയിലിനും ചക്കയ്ക്കും ക്ഷാമമില്ലല്ലോ തൽക്കാലം. സമയം കൂടുതലുള്ളപ്പോൾ കൂടുതലുണ്ടാക്കാം.

ചക്കപ്പപ്പടം ഉണ്ടാക്കാൻ ആവശ്യമുള്ളത്:-

പച്ചച്ചക്കച്ചുള - കുരു കളഞ്ഞ് എടുക്കുക.
കായം പൊടി
മുളക് അല്ലെങ്കിൽ മുളകുപൊടി
ജീരകം
എള്ള്
ഉപ്പ്

ഞാൻ 25 ചുളയാണെടുത്തത്.
ഒരു ടീസ്പൂൺ മുളകുപൊടിയിട്ടു. കുറച്ച് കായം ഇട്ടു. ജീരകം ഒരു ടീസ്പൂൺ ഇട്ടു. എള്ള് രണ്ട് ടീസ്പൂൺ ഇട്ടു. ഉപ്പിട്ടു.

പപ്പടം ഉണ്ടാക്കുന്ന വിധം വളരെ എളുപ്പമാണ്.




ആദ്യം ചുള വേവിക്കണം.



അത് തണുത്താൽ അരച്ചെടുക്കണം.




എന്നിട്ട് ബാക്കി ചേരുവകളൊക്കെ ചേർക്കണം.
അല്ലെങ്കിൽ മുളകും ഉപ്പുമൊക്കെ അരയ്ക്കുമ്പോൾ ചേർക്കാം. അരയ്ക്കുമ്പോൾ ചേർത്താൽ ഒരു ഗുണം കൂടെയുണ്ട്. അവിടവിടെയായിട്ട് ആവില്ല ഒന്നും. എല്ലായിടത്തും ഒരുപോലെ ഉപ്പും മുളകുമൊക്കെ പിടിക്കും.
മുളകുപൊടിയ്ക്കും മുളകിനും പകരം പച്ചമുളക് ചേർക്കാം അരയ്ക്കുമ്പോൾ.





എല്ലാം യോജിപ്പിച്ച ശേഷം, പായയിലോ തുണിയിലോ പരത്തി വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. പ്ലാസ്റ്റിക് കടലാസിൽ ആയാലും മതി. കനം കുറച്ച് പരത്താൻ കഴിയുമെങ്കിൽ നല്ലത്.



നല്ല വെയിലു വേണം. നല്ല പോലെ ഉണങ്ങുകയും വേണം.



കുറച്ചുദിവസം ഉണക്കിയെടുക്കാം. കൂടുതൽ ദിവസം ഇരിക്കണമെങ്കിൽ നല്ലപോലെ ഉണക്കുന്നതാവും നല്ലത്.

ചേരുവകളൊക്കെ ഏകദേശം ഒരു അളവുനോക്കി ഇടുന്നതാവും നല്ലത്. എരിവും ഉപ്പുമൊക്കെ. 25 ചുളയ്ക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഇട്ടാൽ എരിവുണ്ട്. എരിവു തീരെ വേണ്ടെന്നുള്ളവർ മുളകൊന്നും ചേർക്കണമെന്നുമില്ല.

നന്നായി ഉണക്കിക്കഴിഞ്ഞാൽ വേണ്ടപ്പോൾ വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക.

8 comments:

വല്യമ്മായി said...

കൊതിപ്പിക്കുകയാണല്ലെ :(

Mayoora | Vispoism said...

ഇതൊരുതരം മാനസിക പീഡനമാണു ;)

സു | Su said...

വല്യമ്മായി :)

മയൂര :)

Manesh Babu K said...

ഇതൊക്കെ എങ്ങിനെ പരീക്ഷിച്ചു ചേച്ചി

Fowza.. said...

എന്തോരം വിഭാവങ്ങലാ ചേച്ചി ഇതൊക്കെ..ഇങ്ങനെ ഒക്കെ ഐറ്റംസ് ഉണ്ടോ നമ്മുടെ നാട്ടില്‍..ഹോഒ..മയൂര പറഞ്ഞത് പോലെ...സത്യത്തില്‍ ഇതൊരു മാനസിക പീഡനം തന്നെ...പ്രത്യേകിച്ചും എന്നെ പോലെ ഉള്ള പ്രവാസികള്‍ക്ക്...
;)
എന്തായാലും ചേച്ചിക്ക് ഒരുപാട് അഭിനന്ദനങള്‍ ...പിന്നെ ഒരുപാട് നന്ദിയും ...ചേച്ചിയുടെ പാചകം പോലെ പെര്‍ഫെക്റ്റ്‌ ആവില്ലെങ്കിലും തിന്നാന്‍കോലത്തില്‍ ആയിതുടങ്ങിടുണ്ട് എന്റെ പാചകവും ..ഹി ഹി

സു | Su said...

String :)

ഫൗസ.. :)

ശ്രീ said...

ഓ... ഇങ്ങനെയും ഒരു ഐറ്റം ഉണ്ടോ? ഇപ്പോഴാണ് അറിയുന്നത്. ഒന്നു പരീക്ഷിച്ചു നോക്കണം. നാട്ടില്‍ പോകുമ്പോഴാകട്ടെ.

സു | Su said...

ശ്രീ :) നല്ല സ്വാദുള്ള ഒന്നാണ്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]