Sunday, February 21, 2010

ചക്ക പെരട്ടിയുപ്പേരി

ചക്ക കാണാത്ത മലയാളിയുണ്ടോ? കഴിക്കാത്ത മലയാളിയുണ്ടോ? ഇഷ്ടമില്ലാത്തവർ എന്തായാലും ഉണ്ടാവും. ഇഷ്ടമുള്ളവർ അതിലേറെ ഉണ്ടാവും. ചക്കക്കാലമായി. ഇടിച്ചക്കയുടെ കാലം കഴിഞ്ഞ് മൂത്ത ചക്കയിലേക്കെത്തി. ഒരു ചക്കയ്ക്ക് എത്ര ഭാഗമുണ്ടെന്ന് അറിയാമോ?

കരൂൾ - ചക്കയുടെ മുള്ളുള്ള ഭാഗത്തിന് പറയുന്നതാണ്.
മടൽ - മുള്ളു കഴിഞ്ഞ ഭാഗം.
കൂഞ്ഞ് - നടുവിലുള്ള ഭാഗം. അവിടെയാണ് ചക്കപ്പശ/ചക്കവിളഞ്ഞി/ചക്കമുളഞ്ഞ് ഉണ്ടാവുക.
ചവിണി/ചകിണി - വെളുത്ത നൂലുപോലെയുള്ള ഭാഗം.
ചുള - ചക്കയുടെ ശരിക്കുപയോഗിക്കുന്ന ഭാഗം.
പോണ്ടി - കുരുവിന്റെ മുകളിലുള്ള വെളുത്ത ഭാഗം
തോല് - കുരുവിനു മുകളിലുള്ളത്
പിന്നെ ചക്കക്കുരു - ചക്കക്കുള്ളിലെ കുരു.

ചക്ക അപ്പാടെയും, ഭാഗം ഭാഗമായും പല വിഭവങ്ങളും ഉണ്ടാക്കാം. എന്തായാലും ചക്കക്കാലത്ത് ചക്കവിഭവമില്ലെങ്കിൽ പിന്നെന്ത് പാചകം.

ഇത് ചക്കയുപ്പേരിയാണ്. ചോറിനു മാത്രമല്ല ചായപ്പലഹാരമായും ഇതുണ്ടാക്കാം. ചക്ക പെരട്ടി ഉപ്പേരി എന്നാണ് പറയുന്നത്. ചക്ക മെഴുക്കുപുരട്ടി, ചക്കത്തോരൻ എന്നൊക്കെപ്പറയാം.




ചക്കച്ചുളയെടുത്ത്, കുരുവും, മുകളിലും താഴെയുള്ള ഭാഗവും മുറിച്ച്, നീളത്തിൽ മുറിച്ചെടുക്കുക. മൂക്കും വാലും ഉപ്പേരിയിൽ ഇടുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.

പാത്രം അടുപ്പത്ത് വച്ച്, അതിൽ രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിക്കുക. ഒരു ടീസ്പൂൺ ഉഴുന്നിടുക. ഉഴുന്ന് ചുവന്നു വന്നാൽ കടുക്, ചുവന്ന മുളക് പൊട്ടിച്ചത് എന്നിവയിടുക. അത് പൊട്ടി പാകമായാൽ കറിവേപ്പിലയിടുക. അതിലേക്ക് ചക്കച്ചുള മുറിച്ചുവച്ചതിടുക. ഉപ്പിടുക, മഞ്ഞളിടുക. അടച്ചുവയ്ക്കുക.
തീ കുറച്ചുവെച്ച് വേവിച്ചാൽ വെള്ളം മിക്കവാറും ഒഴിക്കേണ്ടിവരില്ല. ഇനി കരിഞ്ഞുപോകും എന്നു തോന്നുന്നെങ്കിൽ അല്പം മാത്രം വെള്ളം ചേർക്കാം.

വെന്ത് പാകമായാൽ വാങ്ങിവച്ച് ചിരവിയ തേങ്ങ ചേർക്കുക.

3 comments:

ശ്രീകുട്ടി said...

മറന്നു പോയൊരു വിഭവം ആയിരുന്നു ,ഓര്‍മ്മിപ്പിച്ചതിനു ആദ്യമേ നന്ദി ,ഉടനെ തന്നെ തയ്യാറാക്കുന്നുണ്ട്

സു | Su said...

ശ്രീകുട്ടീ :) ഉണ്ടാക്കൂ.

ശ്രീ said...

ചക്ക സീസണ്‍ ആകുമ്പോള്‍ വീട്ടില്‍ പോകുമ്പോള്‍ ഒരിയ്ക്കലെങ്കിലും ഇത് കഴിയ്ക്കാതിരിയ്ക്കില്ല.

:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]