Wednesday, January 13, 2010

പനീർ മസാലക്കറി

പനീർ കൊണ്ടൊരു മസാലക്കറി. സാദാ മസാലക്കറി. ഉരുളക്കിഴങ്ങും കാരറ്റും ഒക്കെക്കൊണ്ടുണ്ടാക്കുന്നതിൽ പനീറും ചേർക്കുന്നുവെന്ന് വിചാരിച്ചാൽ മതി.



പനീർ വേണം - നൂറ് ഗ്രാം. അത് കഷണമല്ലെങ്കിൽ കഷണങ്ങളാക്കി എണ്ണയിലിട്ട് വറുത്തെടുക്കണം. ചുവപ്പു നിറം വരുന്നതാണ് നിങ്ങൾക്കിഷ്ടമെങ്കിൽ അങ്ങനെ, അല്ലെങ്കിൽ ഒന്ന് എണ്ണയിലിട്ട് കോരിയെടുക്കുകയാണെങ്കിൽ അങ്ങനെ.

പാചകയെണ്ണ - വെളിച്ചെണ്ണയേക്കാൾ നല്ലത് സൂര്യകാന്തിയെണ്ണയായിരിക്കും.

ഉരുളക്കിഴങ്ങ് - നാലെണ്ണം. അധികം വലുതും അധികം ചെറുതുമല്ലാത്തത്. തോലുകളഞ്ഞ് കഷ്ണങ്ങളാക്കി വേവിച്ചെടുക്കുകയോ, അല്ലെങ്കിൽ അപ്പാടെ പുഴുങ്ങി തോലുകളഞ്ഞ് കഷ്ണങ്ങളാക്കുകയോ ചെയ്യാം.

വലിയ ഉള്ളി/ സവാള - രണ്ട് . ചെറുതായി അരിഞ്ഞെടുക്കുക. അധികം വലുത് വേണ്ട.

തക്കാളി - വലുത് ഒന്ന്. ചെറുതാക്കി മുറിക്കുക

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - രണ്ടും കൂടെ അര ടീസ്പൂൺ. വാങ്ങുന്ന പേസ്റ്റ് ആയാലും മതി.

പച്ചമുളക് - ഒന്നോ രണ്ടോ മുറിച്ചെടുത്തത്.

മുളകുപൊടി - കാൽടീസ്പൂൺ.

മഞ്ഞൾപ്പൊടി
ഉപ്പ്
കടുക്, ജീരകം- കാൽ ടീസ്പൂൺ വീതം
കറിവേപ്പില.
ഏതെങ്കിലും വെജിറ്റബിൾ മസാല - ഒരു ടീസ്പൂൺ. ഇല്ലെങ്കിൽ ഗരം മസാല ആയാലും മതി.

ആദ്യം തന്നെ ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ പാചകയെണ്ണ ചൂടാക്കാൻ വയ്ക്കണം. ചൂടായി വരുമ്പോൾ അതിലിട്ട് കടുകു പൊട്ടിക്കുക. കടുക് പൊട്ടിവരുമ്പോൾ ജീരകം ഇടണം. ജീരകം വേഗം ചൂടാവും. അപ്പോത്തന്നെ കറിവേപ്പില ഇടുക. പിന്നെ ഉള്ളിയും പച്ചമുളകും ഇടുക. തീ കുറച്ച് വഴറ്റിക്കൊണ്ടിരിക്കുക. തക്കാളി ഇടുക. തക്കാളി വെന്താൽ, ഇഞ്ചി വെളുത്തുള്ളി ചേർക്കുക. അതും യോജിച്ചാൽ മഞ്ഞൾ, മുളകുപൊടികൾ ചേർക്കണം. ഇളക്കിക്കൊണ്ടിരിക്കണം. ഒന്നിളക്കി യോജിപ്പിച്ചിട്ട് അതിലേക്ക് കാൽ ലിറ്റർ വെള്ളം ഒഴിക്കുക. തീ കൂട്ടി വയ്ക്കുക. ഉരുളക്കിഴങ്ങും പനീറും ഇടുക. ഉപ്പും ഇടുക. തിളച്ചാൽ തീ കുറച്ച് അടച്ച് കുറച്ചുനേരം വെന്ത് യോജിക്കാൻ വയ്ക്കണം. വെള്ളം തീർത്തും വറ്റണമെങ്കിൽ അങ്ങനെ. അല്ലെങ്കിൽ കുറച്ചു വെള്ളം ഉണ്ടായിക്കോട്ടെ എന്നാണെങ്കിൽ അതിനനുസരിച്ച് വയ്ക്കുക. മസാലകളും ഉപ്പും പൊടികളും ഒക്കെ എല്ലാത്തിലും യോജിക്കുന്നതുവരെ വയ്ക്കണം. വെള്ളം വേണമെന്നുണ്ടെങ്കിൽ മാത്രം വീണ്ടും ചേർക്കാം.



മുളകുപൊടിയും പച്ചമുളകും വേണമെങ്കിൽ ചേർത്താൽ മതി. മസാലപ്പൊടി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എരിവൊക്കെ അവരവരുടെ പാകമനുസരിച്ച്. പനീറും ഉരുളക്കിഴങ്ങും ഇനിയും ചെറിയ കഷണങ്ങളാക്കിയാൽ കൂടുതൽ നന്നാവും. പനീർ വറുത്ത് ഇട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന് തോന്നുന്നു. ഒരിക്കൽ പരീക്ഷിച്ച് ഉറപ്പുപറയാം.


13 comments:

Typist | എഴുത്തുകാരി said...

കണ്ടിട്ടു കൊതിയാവുന്നു.ബുദ്ധിമുട്ടില്ലല്ലോ ഉണ്ടാക്കി നോക്കാം.

സു | Su said...

ചേച്ചീ :) നോക്കൂ. നന്ദി.

Sapna Anu B.George said...

ഉഗ്രൻ ചിത്രം,കറി ഞാൻ ഇന്നു രാത്രി ചപ്പാത്തിയുടെ കൂടെ കഴിച്ചിട്ടു പറയാം. ഈ ചിത്രം ഇങ്ങനെ ഇത്ര ക്ലിയർ ആയി ഇവിടെ എങ്ങിനെയാ പോസ്റ്റ് ചെയ്യുന്നത് എന്നു ഒന്നു പറഞ്ഞു തരുമോ???

സു | Su said...

സപ്ന :) ചിത്രം വലുപ്പം കുറയ്ക്കാനും ആവശ്യമുള്ളത്രയും മുറിച്ചെടുക്കാനും Paint. net എന്ന പ്രോഗ്രാം ആണ് ഞാൻ ഉപയോഗിക്കുന്നത്. പെയിന്റ്.നെറ്റിന്റെ വിൻഡോ തുറന്ന്, ആവശ്യമുള്ള ചിത്രവും അതിൽ തുറന്നാല്‍പ്പിന്നെ അതിലുള്ള ടൂൾസ് ഒക്കെ ഉപയോഗിച്ച് ചിത്രം ചെറുതാക്കുകയും പേരെഴുതുകയും ഒക്കെ ചെയ്യാം. വെട്ടാനുണ്ടെങ്കിൽ വെട്ടിമാറ്റുകയും ചെയ്യാം. അതിൽ കുറേ ഓപ്ഷൻസ് ഉണ്ട്. ഒന്നു ശ്രമിച്ചുനോക്കൂ. (എനിക്ക് എളുപ്പമാണ്. ചെയ്ത് ശീലമായതുകൊണ്ടാവും). ഞാൻ ഈ ചിത്രങ്ങളുടെ കറുത്ത ബാക്ക്ഗ്രൗണ്ട് നീക്കം ചെയ്തപ്പോൾ ഇങ്ങനെ ആയി.

ശ്രീ said...

ഓഫീസ് കാന്റീനില്‍ ഇടയ്ക്ക് കിട്ടാറുള്ലത് ഇതാണ് എന്ന് തോന്നുന്നു.

സിനു said...

കൊള്ളാലോ...
കാണാന്‍ തന്നെ നല്ല രസംട്ടോ
എനിക്ക് ഇഷ്ട്ടപ്പെട്ടു.

സു | Su said...

ശ്രീ :) കാന്റീനിൽ കിട്ടുമെങ്കിൽ ഇടയ്ക്കൊക്കെ കഴിക്കുന്നുണ്ടാവും അല്ലേ? ഉണ്ടാക്കാൻ വിഷമമൊന്നുമില്ല കേട്ടോ.

സിനുമുസ്തു :)

Sherly Aji said...
This comment has been removed by the author.
Sherly Aji said...

Dear Chechi
കുറച്ച് ദിവസങ്ങൾക്ക് മുൻപ്പ് എനിക്കു ഒരു അറ്റാച്ച്മെന്റ് കിട്ടി, പാചകവിധി കൾ ആണ്, അതിൽ ഒന്നും ആരാണ് ,ഇ സുന്ദരൻ കുറിപ്പുകളുടെ ഉപഞ്ജാതാവ് എന്ന് എനിക്ക് മനസിലായില്ലാ....( cut & paste )മാത്രം.
ഒടുവിൽ എതോ ഒരു പോസ്റ്റിലൂടെ ഇങ്ങനെ ഊളിയിട്ടപ്പോൾ ആണ്...ഇത് ഒരു Bloger ആണ് എന്ന് മനസ്സിലായത്.

അപ്പൊ വാശികയറി, Google ൽ കയറി, ദാണ്ടെ കിടക്കുന്നു,അങ്ങനെ നിണ്ട് നിവർന്ന്.

“ എന്തൊരു Blog ആണ് ഇത് ചേച്ചി.....
പറയാതെ വയ്യാ.....
“വൈവിധ്യങ്ങളുടെ ഒരു കടൽ”
എനിക്ക് പെരുത്ത് ഇഷ്ടം ആയി.....
ഇനി ഞാൻ ശ്രദ്ധിച്ചോളാം

saju john said...

പ്രിയപ്പെട്ട ടീച്ചറെ,

ഞാന്‍ സ്ഥിരം വായിക്കാറും, വായിച്ച് കൊതിവിടാറുമുള്ള ഒരു ബ്ലോഗ് ആണിത്. (സാധാരണ ആളുകള്‍ പറയാറുണ്ട്, ആണിന്റെ ഹൃദയം നേടാന്‍ അവന്റെ വയറ്റിലൂടെ പോയാല്‍ മതിയെന്ന്. ടീച്ചറിന്റെ കണവന്‍ ഭാഗ്യവാന്‍).

ഞാന്‍ മിക്കവാറും വന്ന് നോക്കും ഇതില്‍ സാലഡിന്റെ പാചകക്കുറിപ്പുകള്‍ ഉണ്ടോയെന്ന്. ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ നാടന്‍ പച്ചക്കറികളും, പയര്‍ വര്‍ഗ്ഗങ്ങാളും കൊണ്ട് ഉണ്ടാക്കാവുന്ന സാലഡിന്റെ ഒരു പാചകക്കുറിപ്പുകള്‍ ഇതില്‍ പ്രസിദ്ധികരിക്കാന്‍ വിനീതമായി ആവിശ്യപ്പെടുന്നു.

ഞാന്‍ ചില ബ്ലോഗുകാരെ വിളിച്ച് ഇത്തിരി ഭക്ഷണം കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. “കറിവേപ്പില” യിലെ പാചകവിധികള്‍ ആയിരിക്കും ഞങ്ങളുടെ കൂടിച്ചേരലിന്റെ ഭക്ഷണത്തിനായി ഉദ്ദേശിക്കുന്നത്.

എന്തായാലും ഈ സുന്ദരന്‍, രുചിയുള്ള ബ്ലോഗിന് ആയിരം പൊളപ്പന്‍ ആശംസകള്‍.

സ്നേഹത്തോടെ.......നട്ട്സ്.

Bindu said...

ചേച്ചിടെ നല്ല recipes ആണുട്ടോ. ചേച്ചി എഴുതുന്ന വിധം അതിലും രസകരം. ഇതെന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ.

Fowza.. said...

Dear Chechi..
വളരെ നന്നായി ഇഷ്ടപ്പെട്ടു ചേച്ചിയുടെ ബ്ലോഗ്ഗും പിന്നെ പാചകക്കുരിപ്പുകളും...ചേച്ചിയെ പറ്റി അറിയാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നു...ഒരു advice കൂടി പറയട്ടെ..ചേച്ചിക്ക് ഈ ബ്ലോഗ്ഗ് ഒരു വരുമാന മാര്‍ഗം കൂടി ആക്കികൂടെ ..Google Adsence & google adwords തുടങ്ങിയ സൌകര്യങ്ങള്‍ ആഡ് ചെയ്‌താല്‍ വരുമാനം കൂടി പ്രതീക്ഷിക്കാം തീര്‍ച്ചയായും...ഒരു സഹോദരന്റെ ഉപദേശം ആയി കണ്ടാല്‍ മതി ..

സു | Su said...

ഷെർളി :)

നട്ടപ്പിരാന്തൻ :)

ബിന്ദു :)

ഫൗസ.. :)

എല്ലാവർക്കും, ബ്ലോഗ് വായിക്കുന്നതിലും പാചകക്കുറിപ്പുനോക്കി ഉണ്ടാക്കാൻ ശ്രമിക്കുന്നതിനും നന്ദി.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]