Sunday, January 10, 2010

ഉണക്കലരി ചെറുപരിപ്പ് പായസം

എളുപ്പത്തിൽ ഒരു പായസം. അതാണിത്. അധികം വസ്തുക്കളൊന്നും ആവശ്യമില്ല.

ആവശ്യമുള്ളത്:-



അരി - ഉണക്കലരി /ഉണങ്ങലരിയോ പച്ചരിയോ - അര ഗ്ലാസ്സ് (കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഗ്ലാസ്സിൽ).




ചെറുപരിപ്പ് (ചെറുപയർ പരിപ്പ്) - അതും അര ഗ്ലാസ്സ്. വറുത്തതോ വറുക്കാത്തതോ.

ശർക്കര - നല്ല മധുരമുള്ള കറുത്ത ശർക്കരയാണെങ്കിൽ ആറ് ആണി. അധികം മധുരം ഇല്ലാത്തതാണെങ്കിൽ ആറ് ആണി മധുരശർക്കരയ്ക്കുണ്ടാവുന്ന മധുരം കണക്കാക്കി ഇടുക.

തേങ്ങ - വലിയ തേങ്ങയുടെ ഒരു മുറിത്തേങ്ങയിൽ നിന്ന് അരമുറി ചിരവിയത്. കുറച്ച് കൂടിയാലും ഒരു കുഴപ്പവുമില്ല.

ഏലയ്ക്കപ്പൊടി- അര ടീസ്പൂൺ. (നിർബ്ബന്ധമില്ല). ഇട്ടാൽ സ്വാദ് കൂടും.



വെള്ളം കുറച്ച് തിളയ്ക്കാൻ വയ്ക്കുക. ഒരു ലിറ്ററിലും കുറച്ചധികം. അരി കഴുകിയെടുക്കുക. തിളച്ചാൽ അരിയിടുക. ഇളക്കുക. തിളച്ചാൽ തീ കുറച്ച് വയ്ക്കുക.



പകുതിവേവ് ആകുമ്പോൾ ചെറുപരിപ്പ് കഴുകിയിടുക.




ചെറുപരിപ്പും അരിയും വെന്താൽ ശർക്കര ഇടുക.




ശർക്കരയും വെന്ത് യോജിക്കാൻ ഒരു പത്ത് മിനുട്ടോളം വയ്ക്കുക.



വെന്ത് വെള്ളം വറ്റിയാൽ തേങ്ങയിട്ടിളക്കുക. ഏലയ്ക്കപ്പൊടിയുണ്ടെങ്കിൽ ഇടുക.

പഴവും മുറിച്ചിടാം വേണമെങ്കിൽ. അരിയും ചെറുപരിപ്പും വേവുമ്പോഴേക്ക് വെള്ളം ഒട്ടുമില്ലാതെ ആയിട്ടുണ്ടെങ്കിൽ, ശർക്കരയിടുമ്പോൾ കുറച്ച് തിളപ്പിച്ച വെള്ളം ഒഴിക്കാം. മിക്കവാറും ആവശ്യം വരില്ല. തീ കുറച്ചേ എല്ലാം വേവിക്കാവൂ. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.



ഒടുവിൽ ഇങ്ങനെയാവും. തണുത്താൽ ഒട്ടും വെള്ളമില്ലാതെയാവും.

7 comments:

ദിയ കണ്ണന്‍ said...

yummmmmmmmmmmm..............:)

സു | Su said...

ദിയ :) മുഴുവൻ എടുത്തോളൂ. വേറെ ആർക്കും വേണ്ടല്ലോ.

നന്ദി.

നന്ദന said...

നല്ല രുചി
നവവത്സരാശംസകൾ

ശ്രീകുട്ടി said...

പണ്ട് ,ഞാന്‍ കുട്ടി ആയിരുന്നപോള്‍ ,ഞങ്ങളുടെ വീട്ടില്‍ ആരുടെ ജന്മനാല്‍ വന്നാലും അമ്മ ഉണക്കലരിയും ചെറുപയറും കൊണ്ട് പായസം ഉണ്ടാക്കുമായിരുന്നു,അന്ന് കഴിച്ച പായസത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി സമ്മാനിച്ചതില്‍ വളരെ നന്ദി .

എന്തായാലും ഉടനെ തന്നെ പായസം ഉണ്ടാക്കുന്നുണ്ട്

സിനു said...

കണ്ടിട്ട് കൊതിയാകുന്നു.
ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ.......

സു | Su said...

നന്ദന :) പുതുവത്സരാശംസകൾ.

ശ്രീകുട്ടി :) ഉണ്ടാക്കൂ.

സിനുമുസ്തു :) പരീക്ഷിക്കൂ.

നന്ദി.

ശ്രീ said...

അമ്മ പണ്ട് ഉണ്ടാക്കി തരാറുണ്ട്. സ്കൂളില്‍ നിന്ന് വരുമ്പോഴെല്ലാം ഇത് ആസ്വദിച്ച് കഴിച്ചിരുന്ന കാലം ഓര്‍മ്മിപ്പിച്ചു. :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]