പരിപ്പുവട, ഉഴുന്നുവട തുടങ്ങി പല പലഹാരങ്ങളും ഇടയ്ക്കൊക്കെ തിന്നാറുണ്ട്. അതുകൊണ്ട് ഒരു പച്ചക്കറി വട ആയാലോന്ന് വിചാരിച്ചു. പനീർ വാങ്ങിയതുണ്ടായിരുന്നു. അതും ചേർക്കാമെന്ന് വെച്ചു. അങ്ങനെയൊരു വിഭവം തയ്യാറായി. പനീർ പച്ചക്കറി വട. സ്വാദുണ്ടെന്ന് ഞാൻ പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ.
പനീർ വേണം - ചിത്രത്തിലെപ്പോലെ പത്തു പന്ത്രണ്ട് കഷണങ്ങൾ.
കാപ്സിക്കം - ഒന്ന് വലുത്.
കാബേജ് - ഒരു ചെറിയ കഷണം. (അരിഞ്ഞാൽ ചിത്രത്തിലുള്ളത്രേം. അല്ലെങ്കിൽ മൂന്ന് വലിയ ഉള്ളി വലുപ്പത്തിലും ആവാം).
വലിയ ഉള്ളി/സവാള - രണ്ട് വലുത്.
പച്ചമുളക് - ആറ്.
ഇഞ്ചി - രണ്ടു പച്ചമുളകിന്റെ വലുപ്പത്തിൽ ഒരു കഷണം.
കറിവേപ്പില - മൂന്ന് തണ്ട്
(വെളുത്ത ചെറിയ) സൂചി റവ - മൂന്ന് ടേബിൾസ്പൂൺ.
കടലപ്പൊടി/കടലമാവ് - ആറ് ടേബിൾസ്പൂൺ.
ഉപ്പ്.
മഞ്ഞൾപ്പൊടി - ഒരു നുള്ള്.
കായം - കുറച്ച് പൊടി.
മുളകുപൊടി - കാൽ ടീസ്പൂൺ.
വെളിച്ചെണ്ണ
കാപ്സിക്കവും കാബേജും ഉള്ളിയും പൊടിയായി അരിയണം. എത്ര ചെറുതാവുന്നോ അത്രയും നല്ലത്. പച്ചമുളക് വട്ടത്തിൽ ചെറുതായി മുറിക്കുക. ഇഞ്ചിയും തോലു കളഞ്ഞ് ചെറുതാക്കി മുറിക്കുക. കറിവേപ്പിലയും മുറിച്ചിടണം. പനീർ കൈകൊണ്ട് പൊടിക്കുക.
വെളിച്ചെണ്ണ ഒഴിവാക്കി, ബാക്കി ഒക്കെക്കൂടെ ഒരുമിച്ച് ചേർക്കുക. ഒന്ന് യോജിപ്പിച്ചശേഷം അല്പം വെള്ളം ചേർത്ത് കുഴയ്ക്കുക. വടയ്ക്കൊക്കെ അരച്ചെടുത്താൽ കിട്ടുന്ന പാകം പോലെ വെള്ളം ചേർത്ത് കുഴയ്ക്കുക. ഉരുട്ടി കൈയിൽ എടുത്ത് പരത്താൻ കിട്ടണം. അതുകൊണ്ട് വെള്ളം നോക്കി ചേർക്കുക. അധികം വെള്ളമായെന്ന് തോന്നിയാൽ, കുറച്ചും കൂടെ കടലമാവ് ചേർക്കാം. ഉപ്പും അതിനനുസരിച്ച് വീണ്ടും ചേർക്കണം.
കുഴച്ച് അഞ്ചുമിനുട്ട് വെച്ച് വെളിച്ചെണ്ണ ചൂടാക്കി വറുത്തെടുക്കുക. ഉരുട്ടിയെടുത്ത് കൈയിൽ പരത്തിയിട്ട് വെളിച്ചെണ്ണയിലേക്ക് ഇടുക. കനം കുറച്ച് പരത്തിയാലേ ഉള്ള് നന്നായി വേവൂ. അതുകൊണ്ട് കഴിയുന്നതും കനം കുറച്ച് പരത്തി എണ്ണയിലേക്കിടുക.
മല്ലിയില, ബേക്കിംഗ് പൗഡർ, വെളുത്തുള്ളി എന്നിവയൊക്കെ ചേർക്കാം വേണമെങ്കിൽ. കടലപ്പൊടിയ്ക്ക് പകരം, കടലപ്പരിപ്പ് ഒന്നു രണ്ടുമണിക്കൂർ വെള്ളത്തിലിട്ടുവെച്ച് അരച്ചും ചേർത്തുനോക്കാവുന്നതാണ്. എരിവു വേണ്ടത് അനുസരിച്ച് മുളകുപൊടി വേണ്ടെന്ന് വയ്ക്കുകയോ, കൂടുതൽ ഇടുകയോ, പച്ചമുളക് കൂടുതലോ കുറവോ ഇടുകയോ ഒക്കെ ചെയ്യാവുന്നതാണ്. ഉപ്പ് അധികമാവാതിരിക്കാൻ ശ്രദ്ധിക്കുക.
Monday, January 04, 2010
Subscribe to:
Post Comments (Atom)
3 comments:
ഹായ്... പുതിയ പലഹാരം ഇന്നുതന്നെ പരീഷിക്കുന്നുണ്ട് !!!!!!!!!!
പുതുവത്സരാസംസകള്‍
പുതുവര്‍ഷത്തില്‍ പുതിയ ഒരു വിഭവം... അല്ലേ?
നന്ദി, സൂവേച്ചീ...
പുതുവത്സരാശംസകള്‍!
ഗീത :)
ശ്രീ :)
നന്ദി. പുതുവർഷത്തിൽ എല്ലാ ആശംസകളും.
Post a Comment