Saturday, December 18, 2010

കോളി മസാല

കോളിഫ്ലവർ കൊണ്ടൊരു സാദാ മസാലക്കറിയാണിത്. ആർക്കും പരീക്ഷിക്കാം. വളരെക്കുറച്ച് വസ്തുക്കൾ, മിക്കവാറും എല്ലാവരുടേം വീട്ടിലുണ്ടാവുന്നതുതന്നെ, മാത്രമേ ഈ കറിയുണ്ടാക്കാൻ വേണ്ടൂ.

ആവശ്യമുള്ളത് :-




കോളിഫ്ലവർ - ചിത്രത്തിലുള്ളതുപോലെ ഒന്ന്.
വലിയ ഉള്ളി/ സവാള - രണ്ടെണ്ണം.
തക്കാളി - രണ്ടെണ്ണം - ചെറുത്.
വെളുത്തുള്ളി- ഇഞ്ചി അരച്ചത് - അര ടീസ്പൂൺ. റെഡിമെയ്ഡ് പേസ്റ്റ് ആയാലും മതി.
പച്ചമുളക് - രണ്ടെണ്ണം.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - അരടീസ്പൂൺ.
മുളകുപൊടി - കാൽ ടീസ്പൂൺ.
വെജിറ്റബിൾ മസാല - ഒരു ടീസ്പൂൺ.
മല്ലിയില - കുറച്ച്.
പാചകയെണ്ണ.
ഉപ്പ്.




കോളിഫ്ലവർ ഇതളുകൾ വേർതിരിച്ചെടുക്കുക. കുറച്ച് ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട്, അതിൽ കോളിഫ്ലവർ ഇതളുകൾ മുക്കിയിടുക. “പുയു” ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കാനാണിത്.




ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി മുറിച്ചുവയ്ക്കുക. ഒരു പാത്രത്തിൽ പാചകയെണ്ണ ചൂടാക്കി, അതിൽ ജീരകം ഇടുക. അതു മൊരിഞ്ഞാൽ, ഉള്ളിയും, പച്ചമുളകും ഇട്ട് നന്നായി വഴറ്റി വേവിക്കുക. ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ചേർക്കുക. അതിൽ തക്കാളി ഇടുക. അതും വഴറ്റി വെന്താൽ, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി എന്നിവ ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് വെച്ചുവേണം എല്ലാം ചെയ്യാൻ. അതിലേക്ക്, നന്നായി കഴുകിയെടുത്ത കോളിഫ്ലവർ ഇതളുകൾ ഇട്ട് ഇളക്കുക. ഉപ്പിടുക. അത്യാവശ്യം വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. അധികം വെള്ളമൊഴിച്ചാൽ കോളിഫ്ലവർ അധികം വെന്തുപോകും. വെള്ളം ആദ്യം ചേർത്ത്, അതൊന്ന് തിളച്ചശേഷം കോളിഫ്ലവർ ഇട്ടാലും മതി.





വെന്ത് വാങ്ങിവെച്ചാൽ അതിൽ മല്ലിയില അരിഞ്ഞത് ഇടണം.

വെജിറ്റബിൾ മസാല ഇല്ലെങ്കിൽ ഗരം മസാല ഇട്ടാലും മതി. എരിവിന്റെ പാകത്തിനേ ചേർക്കാവൂ. ഇവിടെ ഉണ്ടാക്കിയതിനു അധികം എരിവില്ല. വെജിറ്റബിൾ മസാലയേക്കാൾ എരിവ് ചിലപ്പോൾ ഗരം മസാലയ്ക്ക് ഉണ്ടാവും. എരിവ് നിങ്ങളുടെ പാകത്തിനു ചേർക്കുന്നതാവും നല്ലത്. മസാലക്കറിയുണ്ടാക്കുമ്പോൾ, വെളിച്ചെണ്ണയേക്കാൾ നല്ലത് വേറെ ഏതെങ്കിലും പാചകയെണ്ണയായിരിക്കും.



ചപ്പാത്തിയുടെ അല്ലെങ്കിൽ പൂരിയുടെ കൂടെ, അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കുക. ചോറിന്റെ കൂടെയാവുമ്പോൾ കുറച്ച് വെള്ളം ഉണ്ടായാലും കുഴപ്പമില്ല.

Tuesday, December 07, 2010

മധുരക്കിഴങ്ങ് പുഴുക്ക്

മധുരക്കിഴങ്ങ് ഇഷ്ടമാ‍ണോ? എന്നാൽ‌പ്പിന്നെ മധുരക്കിഴങ്ങുകൊണ്ടൊരു പുഴുക്ക് ആയിക്കോട്ടെ. സാധാരണ പുഴുക്കുകളിൽ കുറച്ചു വെള്ളമുണ്ടാകും. ഇതിൽ വെള്ളം ചേർത്തിട്ടില്ല. ചേർക്കാത്തതാണ് നല്ലത്. ദോശയ്ക്കൊപ്പം കഴിക്കാൻ നല്ലൊരു വിഭവമാണിത്.

ഇതിനു വേണ്ടത്, മധുരക്കിഴങ്ങ്, തേങ്ങ ചിരവിയത്, ഉപ്പ്, മഞ്ഞൾപ്പൊടി, പച്ചമുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, കടുക്, ചുവന്ന മുളക്, വെളിച്ചെണ്ണ, ചെറിയ ഉള്ളി എന്നിവയാണ്.




അഞ്ചോ ആറോ മധുരക്കിഴങ്ങ് കഴുകി വേവിക്കുക. വെന്ത് അലിഞ്ഞുപോകരുത്. തണുത്താൽ തോലുകളയുക. കഷണങ്ങളാക്കുക.

നാലു ടേബിൾസ്പൂൺ തേങ്ങ മൂന്നു പച്ചമുളകും ചേർത്ത് ഒന്ന് ചതച്ചെടുക്കുക. വെള്ളം ചേർക്കരുത്.

കുറച്ച് ചെറിയ ഉള്ളി, തോലുകളഞ്ഞ് ചെറുതായി അരിയുക.

പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക. ഉഴുന്നുപരിപ്പ് ഇടുക. ചുവക്കുമ്പോഴേക്കും കടുകും, രണ്ട് ചുവന്ന മുളക് പൊട്ടിച്ചതും ഇടുക. കടുക് പൊട്ടിത്തെറിച്ചാൽ, കറിവേപ്പില ഇടുക. കുഞ്ഞുള്ളി അരിഞ്ഞത് ഇടണം. അതു ചുവന്നാൽ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിഇടുക. അതിലേക്ക് വേവിച്ച മധുരക്കിഴങ്ങും, ആവശ്യത്തിനുപ്പും ഇടുക. ഇളക്കിയോജിപ്പിച്ച്, അതിലേക്ക് ചതച്ച തേങ്ങ ചേർക്കുക. നന്നായി യോജിപ്പിക്കുക. അഞ്ചുമിനുട്ട് അടച്ചുവെച്ച് വാങ്ങിവയ്ക്കുക.



എരിവ് വേണ്ടെങ്കിൽ പച്ചമുളക് ചേർക്കണ്ട. തേങ്ങ ചതയ്ക്കുമ്പോൾ കുറച്ച് ജീരകം ചേർക്കാം. ഇഷ്ടമാണെങ്കിൽ.




ദോശയ്ക്കൊപ്പം കഴിക്കാം.

Wednesday, December 01, 2010

കപ്പപ്പുട്ട്

കപ്പയെന്നു കേൾക്കുമ്പോൾത്തന്നെ സന്തോഷം തോന്നുന്നവരുണ്ട്. കപ്പ കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങളേറെ. വെറുതെ വേവിച്ച് തിന്നാനും കഴിയും. കപ്പ, പൂള, കിഴങ്ങ്, ഇങ്ങനെ കുറേ പേരുകളുമുണ്ട് കപ്പയ്ക്ക്. കപ്പ കൊണ്ട് പുട്ടുണ്ടാക്കിയാലോ? കപ്പപ്പൊടി, കടയിൽ കിട്ടും. പണ്ടൊക്കെ കപ്പ ഉണക്കിപ്പൊടിച്ചൊക്കെയാണ് പുട്ടുണ്ടാക്കിയിരുന്നതത്രേ. ഇപ്പോ, പൊടി വാങ്ങുന്നവർക്ക് എളുപ്പം കഴിയും.

ഈ പുട്ടുണ്ടാക്കാൻ, കപ്പപ്പൊടി, അരിപ്പൊടി, ഉപ്പ്, വെള്ളം, ചിരവിയ തേങ്ങ, പുട്ടുകുറ്റി എന്നിവ മതി.




കപ്പപ്പൊടിയും പുട്ടിനുണ്ടാക്കിയ, വെള്ളത്തിലിട്ട്, ഉണക്കി, പൊടിച്ച് വറുത്ത അരിപ്പൊടിയും സമാസമം എടുക്കുക.
അതിനാവശ്യമായ ഉപ്പ്, കുറച്ചു വെള്ളത്തിൽ അലിയിച്ച്, ആ വെള്ളം കൂട്ടി പൊടികൾ ഒരുമിച്ച് കുഴയ്ക്കുക. കട്ടയൊന്നും ഇല്ലാതെ കുഴയ്ക്കുക. കുഴച്ചശേഷം ഒന്ന് മിക്സിപ്പാത്രത്തിലിട്ട് മിക്സിയിൽ ഒന്നു തിരിച്ചാൽ കട്ടയൊക്കെ ഉണ്ടെങ്കിൽ പോകും.



കുറച്ച് തേങ്ങയും അതിലിട്ട് കുഴയ്ക്കുക. തേങ്ങ ആദ്യം ഇട്ടതുകൊണ്ട് ഞാൻ മിക്സിയിൽ തിരിച്ചില്ല.




പുട്ടുകുറ്റിയെടുത്ത്, അതിൽ ചില്ലിട്ട്, തേങ്ങയിട്ട്, പൊടിയിട്ട്, പിന്നേം തേങ്ങയിട്ട്, അടച്ച് ആവിയിൽ വേവിക്കുക.




വെന്ത് വാങ്ങിയിട്ട് അല്പം വെച്ചിട്ട്, പുട്ട് പാത്രത്തിലേക്കിടുക. എന്നാൽ കഷണങ്ങളായിപ്പോവില്ല.




കപ്പപ്പുട്ട് എളുപ്പത്തിൽ തയ്യാറായില്ലേ?



പുട്ടിനു കടലക്കറി എന്നാണു പറയുകയെങ്കിലും, വേറെ കറിയുണ്ടാക്കിയും കഴിക്കാം. പഴവും പഞ്ചസാരയും കൂട്ടിയും കഴിക്കാം.

Thursday, November 25, 2010

കാപ്സിക്കം പരിപ്പുകറി

പരിപ്പുകറി ഉണ്ടാക്കാറില്ലേ? അതുപോലെയുള്ള, എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു കറിയാണ് കാപ്സിക്കം പരിപ്പുകറി. കാപ്സിക്കം ഉണ്ടെങ്കിൽ, അതിന്റെ കൂടെ അല്പം ചില വസ്തുക്കളും കൂട്ടിച്ചേർത്ത് ഈ കറിയുണ്ടാക്കാം.

ആവശ്യമുള്ള വസ്തുക്കൾ:-




തുവരപ്പരിപ്പ് - നൂറ് ഗ്രാം.




കാപ്സിക്കം - ചിത്രത്തിലെപ്പോലെ രണ്ടെണ്ണം.
തക്കാളി - രണ്ട് ചെറുത് അല്ലെങ്കിൽ ഒന്ന് വലുത്, നല്ല പോലെ പഴുത്തത്.
വലിയ ഉള്ളി/ സവാള - രണ്ടെണ്ണം.
വെളുത്തുള്ളി - ചെറുത് നാലഞ്ച് അല്ലി.
പച്ചമുളക് - രണ്ടെണ്ണം.
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ.
മുളകുപൊടി - കാൽ ടീസ്പൂൺ.
ഗരം മസാലപ്പൊടി - അര ടീസ്പൂൺ.
ഉപ്പ്, പാചകയെണ്ണ.
കടുക്, ജീരകം - കുറച്ച്.
കറിവേപ്പില, മല്ലിയില.

തുവരപ്പരിപ്പ് കഴുകിയെടുക്കുക. കാപ്സിക്കം, തക്കാളി, ഉള്ളി, പച്ചമുളക് എന്നിവ ചെറിയ കഷണങ്ങളാക്കുക. വെളുത്തുള്ളി ഒന്ന് ചതച്ചെടുക്കുക. പരിപ്പിൽ, കാപ്സിക്കവും തക്കാളിയും പച്ചമുളകും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇട്ട് വേവിക്കുക. കുക്കറിൽ വയ്ക്കുകയാണെങ്കിൽ, പാത്രത്തിൽ, പരിപ്പ് അടിയിൽ ഇട്ട് അതിനുമാത്രം വെള്ളം ഒഴിച്ചാൽ മതി. ബാക്കിയൊക്കെ മുങ്ങിക്കിടക്കാൻ വെള്ളം ഒഴിച്ചാൽ അധികം വേവ് ആയിപ്പോകും. വെന്താൽ അതിൽ ഉപ്പിട്ട് ഇളക്കിവയ്ക്കുക.

ഏതെങ്കിലും ഒരു പാചകയെണ്ണ ഒരു പാത്രത്തിൽ അടുപ്പിൽ വച്ച് അതു ചൂടായാൽ കടുക് ഇടുക. കടുകുപൊട്ടിയാൽ, ജീരകം ഇട്ട് കറിവേപ്പിലയും ഇട്ട് അതിൽ, മുറിച്ചുവെച്ചിരിക്കുന്ന ഉള്ളി ഇട്ട് നന്നായി വഴറ്റി വേവിക്കുക. അതിൽ വെളുത്തുള്ളി ചതച്ചതും ഇടുക. ഉള്ളി വെന്താൽ ഗരം മസാലപ്പൊടി ഇടുക. അതും ഒന്നിളക്കി യോജിപ്പിച്ച് അതിൽ പരിപ്പും മറ്റുള്ളവയും വേവിച്ചത് ഇടുക. ഇളക്കിയോജിപ്പിക്കുക. കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. വാങ്ങിയാൽ മല്ലിയില ഇടുക.




ചപ്പാത്തിയോടൊപ്പം കഴിക്കാനാണെങ്കിൽ പരിപ്പ് വേവിക്കുമ്പോൾ ഒഴിക്കുന്നതല്ലാതെ വേറെ വെള്ളം ഒഴിക്കേണ്ട. ചോറിനാണെങ്കിൽ, ഗരം മസാലപ്പൊടി ചേർത്തതിനുശേഷം കുറച്ച്( ആവശ്യം പോലെ) വെള്ളം ഒഴിച്ച് അതു തിളച്ചിട്ട് പരിപ്പും മറ്റുള്ളവയും ഇടാം.

എരിവുണ്ടാകും. നല്ല എരിവ് വേണ്ടെങ്കിൽ പച്ചമുളക് കുറയ്ക്കാം. പരിപ്പും ഇത്ര വേണ്ടെങ്കിൽ കുറയ്ക്കാം. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലും നല്ലത് സൺ‌ഫ്ലവർ എണ്ണ ഉപയോഗിക്കുന്നതായിരിക്കും. തക്കാളി, പരിപ്പിൽ ഇടുന്നില്ലെങ്കിൽ, ഉള്ളി വഴറ്റിക്കഴിഞ്ഞ് അതിലിട്ടാലും മതി.

Sunday, November 14, 2010

ശർക്കര കേസരി

കേസരി കഴിച്ചിട്ടില്ലേ? മിക്കവാറും സദ്യകൾക്ക് രാവിലത്തെ ഒരു വിഭവമാണ് കേസരി. ചായപ്പലഹാരത്തിന്റെ കൂടെ മധുരത്തിനു കേസരിയും. ഈ കേസരിസാധാരണ ഉണ്ടാക്കുന്ന ചുവപ്പ്, മഞ്ഞ കേസരിയിൽ നിന്നും അല്പം വ്യത്യാസമുണ്ട്. അതിലൊക്കെ മധുരത്തിനു പഞ്ചസാരയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ, ഇതിൽ ശർക്കരയാണ് ഇട്ടിരിക്കുന്നത്.


ഇവിടെ ഉണ്ടാക്കിയത് എങ്ങനെയെന്ന് പറയാം.




റവ - സൂജിറവ/ബോംബെ റവ - 200 ഗ്രാം എടുത്തു.

ശർക്കര - വല്യ ആണി - 8 എണ്ണം.



അണ്ടിപ്പരിപ്പും ഉണങ്ങിയ മുന്തിരിയും - കുറച്ച്. അണ്ടിപ്പരിപ്പ് കഷണങ്ങളാക്കുക.
പാൽ - അര ഗ്ലാസ്സ്.
വെള്ളം - റവയും ശർക്കരയും വേവാൻ പാകത്തിനു ഒഴിക്കുക.
സേമിയ - മൂന്നു ടീസ്പൂൺ.
ഏലക്കായ് പൊടിച്ചത് കുറച്ച്.
നെയ്യ് - കുറച്ച്. (അഞ്ചാറ് ടീസ്പൂൺ).

ആദ്യം തന്നെ റവയും സേമിയയും മൂന്ന് ടീസ്പൂൺ നെയ്യൊഴിച്ച് വറുക്കുക. തീ വളരെക്കുറച്ചുവെച്ച് ഇളക്കിയിളക്കി വേണം വറുക്കാൻ. അതിനുശേഷം അതിലേക്ക് പാലൊഴിക്കുക. കാച്ചിവെച്ച പാലാണ് ഇവിടെ ഒഴിച്ചത്. അപ്പോ തന്നെ വെള്ളവും ഒഴിക്കുക. ശർക്കര ഇടുക. ഇളക്കിക്കൊണ്ടിരിക്കുന്നതാണ് നല്ലത്. തീ കൂട്ടി വയ്ക്കുകയും വേണ്ട. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യൊഴിച്ച് വറുത്തെടുത്ത് ഇതിലേക്കിടുക. വേവുന്നതിനുമുമ്പ് ഇട്ടാലും കുഴപ്പമൊന്നുമില്ല. വെന്ത് വെള്ളം നല്ലോണം വറ്റിയാൽ അതിൽ രണ്ട് ടീസ്പൂൺ നെയ്യൊഴിച്ച് ഇളക്കാം. ഏലയ്ക്കപ്പൊടി ഇടുക. ഒന്നുകൂടെ നന്നായി ഇളക്കിച്ചേർത്ത് വാങ്ങിവയ്ക്കുക.




ആദ്യം തന്നെ കുറച്ചുനെയ്യ് ഒഴിച്ച് പാത്രം വെച്ചാൽ അടിയിൽ കരിഞ്ഞുപിടിക്കാതെ ഇരിക്കും.

ഇതിൽ നെയ്യ് കുറച്ചേ ചേർത്തിട്ടുള്ളൂ. മധുരവും. മധുരവും നെയ്യും കുറച്ചും കൂടെ കഴിച്ചാൽ പ്രശ്നമില്ലാത്തവർക്ക് കുറച്ചും കൂടെ ചേർക്കാം. വെള്ളം അധികമായാൽ അധികം വേവ് ആവും. കേസരിയ്ക്ക് അത്ര വേവ് വേണ്ട. നെയ്യും പാലും മാത്രം ചേർത്ത് വെള്ളം തീരെ ചേർക്കാതെയും ഉണ്ടാക്കാം.

പുതിയ ക്യാമറ മേടിച്ചു. :) ഫോട്ടോയെടുക്കുന്നത് ഞാനായതുകൊണ്ട് അതിൽ വല്യ വ്യത്യാസമൊന്നും പ്രതീക്ഷിക്കരുത്. ;)

Friday, October 22, 2010

നേന്ത്രപ്പഴം പച്ചടികൾ

നേന്ത്രപ്പഴം/ ഏത്തപ്പഴം കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാറില്ലേ? ഞങ്ങൾ സാമ്പാർ, കാളൻ ഒക്കെ വയ്ക്കാറുണ്ട്. പച്ചടിയും ഇഷ്ടമാണെങ്കിൽ പരീക്ഷിക്കാം.
ഇവിടെ രണ്ടുതരത്തിൽ പച്ചടി വയ്ക്കുന്നത് പറയാം.

ആദ്യം തൈർ/മോർ ചേർത്ത് വയ്ക്കുന്ന പച്ചടി. അല്പം പുളിയുള്ള പച്ചടിയുണ്ടാക്കാം.



നേന്ത്രപ്പഴം ഒന്ന് തോലുകളഞ്ഞ് ചെറുതായി അരിയുക. നല്ലപോലെ പഴുത്തതാണ് കൂടുതൽ നല്ലത്. ചിത്രത്തിൽ ഉള്ളത് അത്രയ്ക്ക് പഴുത്തിട്ടില്ല.
പച്ചമുളക് രണ്ടെണ്ണം നടുവിൽ മുറിച്ച് നീളത്തിൽ അരിയുക.
മുളകുപൊടി - കാൽ ടീസ്പൂൺ. എരിവ് വേണ്ടാത്തവർക്ക് ഇടേണ്ടെന്നും വയ്ക്കാം.
തേങ്ങ - മൂന്ന്/നാലു ടേബിൾസ്പൂൺ.
കടുക് - കാൽ ടീസ്പൂൺ.
തേങ്ങയും കടുകും വെള്ളമില്ലാതെ മിനുസമായിട്ട് അരയ്ക്കുക. വെള്ളത്തിനു പകരം അല്പം മോരുവെള്ളം ചേർത്താൽ മതി.
തൈർ - കുറച്ച്. ഏകദേശം അര ഗ്ലാസ്സ്.
വറവിടാൻ കടുക്, കറിവേപ്പില, മുളക്.
വെളിച്ചെണ്ണ
ഉപ്പ്.



പഴം ഉപ്പും മുളകുപൊടിയും പച്ചമുളകും ഇട്ട് അല്പം വെള്ളം ചേർത്ത് നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാൽ അതിൽ വെള്ളം ഇല്ലാത്തതാണ് നല്ലത്. വേവിയ്ക്കുമ്പോൾ അതിനനുസരിച്ചു മാത്രം വെള്ളം ഒഴിയ്ക്കുക. വെന്താൽ തണുക്കാൻ വയ്ക്കുക. തണുത്താൽ അതിൽ തൈർ ഒഴിക്കുക, തേങ്ങ ചേർക്കുക.



നന്നായി യോജിപ്പിച്ച ശേഷം വറവിടുക.

ഇനി നേന്ത്രപ്പഴം മധുരപ്പച്ചടി.

മുകളിൽ പറഞ്ഞതിൽ തൈർ ഒഴിച്ച് ബാക്കിയെല്ലാം വേണം.
ഒരു ആണി ശർക്കരയും വേണം.
മധുരപ്പച്ചടിയ്ക്ക് തേങ്ങ അരയ്ക്കുമ്പോൾ മോരുവെള്ളം ചേർക്കാനും പാടില്ല.

പഴം, മുളകുപൊടി, ഉപ്പ്, പച്ചമുളക് എന്നിവയൊക്കെ ഇട്ട് വേവിച്ച് ഉടയ്ക്കുക. അതിൽ ശർക്കരയിടുക. ശർക്കര കുറച്ചുനേരം വേവണം. വെന്ത് വെള്ളം വറ്റിയാൽ വാങ്ങിവെച്ച് തേങ്ങ ചേർക്കുക. വറവിടുക.



രണ്ടു പച്ചടികളും വെന്താൽ വാങ്ങുന്നതിനുമുമ്പ് കറിവേപ്പില ഒരുതണ്ട് അതിൽ ഇടണം. ഇവിടെ ഇട്ടിട്ടില്ല. അതുകൊണ്ട് നിങ്ങൾ ഉപേക്ഷ വിചാരിയ്ക്കരുത്.

Wednesday, October 06, 2010

അരി ഉപ്പുമാവ്

അരി ഉപ്പുമാവ് കഴിക്കാറുണ്ടോ? ഉപ്പുമാവ് ഇഷ്ടമുള്ളവർക്ക് ഈ അരി ഉപ്പുമാവ് ഉണ്ടാക്കിക്കഴിക്കാം. പണ്ട് ഇടയ്ക്കൊക്കെ കഴിക്കാറുണ്ടായിരുന്നു. ഇപ്പോ അരിഭക്ഷണം പലരും കുറച്ചപ്പോൾ അരി ഉപ്പുമാവുണ്ടാക്കുന്നതും കുറഞ്ഞു.

അരി ഉപ്പുമാവ് എങ്ങനെയാണുണ്ടാക്കുന്നതെന്ന് പറയാം. അരി പലതരത്തിൽ ആയതുകൊണ്ടും വേവിന്റെ കാര്യങ്ങൾ പലർക്കും പലതരത്തിൽ ആയതുകൊണ്ടും അളവ് പറയുന്നില്ല.

ആവശ്യമുള്ളത്:-



അരി - നുറുക്കരിയാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ ഉണക്കലരി. ഇതൊന്നുമില്ലെങ്കിൽ ചെറിയ അരി ഏതെങ്കിലും ഉപയോഗിക്കാം.
പച്ചമുളക്.
ഉപ്പ്.
കറിവേപ്പില.
ഇഞ്ചി.
ചുവന്നമുളക്/വറ്റൽമുളക്.
കടുക്.
ഉഴുന്നുപരിപ്പ്.
തേങ്ങ ചിരവിയത്.
വെളിച്ചെണ്ണ.

ഇത്രയും വസ്തുക്കൾ എടുത്തുവെച്ചാൽ ഉപ്പുമാവുണ്ടാക്കാൻ തുടങ്ങാം. പച്ചമുളകും ഇഞ്ചിയും അരിയുക. അരി വൃത്തിയാക്കിയതിനുശേഷം കഴുകി വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞു വയ്ക്കുക.

ഒരു പാത്രത്തിലോ ചീനച്ചട്ടിയിലോ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ആദ്യം ഉഴുന്നുപരിപ്പ് ഇടുക. അതു ചുവക്കുമ്പോഴേക്കും ചുവന്ന മുളക് പൊട്ടിച്ച് ഇടുക. കടുക് ഇടുക. കടുക് പൊട്ടിയാൽ കറിവേപ്പിലയിടുക. ഇഞ്ചിയും പച്ചമുളകും ഇടുക. ഒന്നു വഴറ്റിയിട്ട്, കഴുകി, വെള്ളം കളഞ്ഞുവെച്ചിരിക്കുന്ന അരി അതിലിട്ട് ഒന്നു വറുക്കുക. അല്പനേരം ഇളക്കിയാൽ മതിയാവും. അതിലേക്ക് അരി വേവാനുള്ള പാകത്തിൽ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം തിളച്ചാൽ തീ കുറച്ചുവെച്ച് വേവിക്കുക. വെന്ത് വെള്ളം വറ്റി വാങ്ങിവെച്ചാൽ തേങ്ങയിട്ടിളക്കുക.




ഇടയ്ക്ക് വെന്തോന്ന് നോക്കുമ്പോൾ, വെള്ളം അധികമായെന്നുതോന്നിയാൽ തീ കൂട്ടിവെച്ചാൽ വെള്ളം വറ്റും. പക്ഷേ, അടിയിൽ കരിയാതെ നോക്കണം.




പഴവും കൂട്ടി കഴിയ്ക്കാം. അല്ലെങ്കിൽ ചമ്മന്തിപ്പൊടിയോ ഒക്കെ കൂട്ടാം. ശർക്കരയും കൂട്ടിക്കഴിക്കാം. പച്ചമുളക്, ഇഞ്ചി, ചുവന്ന മുളക് എന്നിവയുടെയൊക്കെ എരിവ് അരിയ്ക്ക് പിടിക്കും. അതുകൊണ്ട് എരിവ് ഇഷ്ടമില്ലാത്തവർ/ കുറച്ചുവേണ്ടവർ മുളകുകൾ കുറച്ച് ഇട്ടാൽ മതി.

Tuesday, October 05, 2010

ചെറുപയർ വട

ചെറുപയർ ഇഷ്ടമാണോ? ചെറുപയർ ആരോഗ്യത്തിനു നല്ലതാണ്. എന്നും ചെറുപയർ വേവിച്ച് കഴിക്കാം. ചെറുപയർ കൊണ്ടുണ്ടാക്കുന്ന വട ദിവസവും കഴിക്കാൻ പറ്റില്ല. എന്നാലും ഇടയ്ക്കൊരുദിവസം ഉണ്ടാക്കിക്കൂടേ? എളുപ്പം കഴിയും വടയുണ്ടാക്കുന്ന ജോലി.



ചെറുപയർ ഏകദേശം 100 ഗ്രാം എടുക്കണം. വെള്ളത്തിലിട്ട് മൂന്നോ നാലോ മണിക്കൂർ കുതിർക്കാൻ വയ്ക്കണം.





വലിയ ഉള്ളി - രണ്ട് ചെറുത്/ ഒന്ന് വലുത്. തോലുകളഞ്ഞ് ചെറുതാക്കി അരിയുക.
പച്ചമുളക് - രണ്ടെണ്ണം. വട്ടത്തിൽ ചെറുതായി മുറിയ്ക്കുക.
ഇഞ്ചി - ഒരു കഷണം. തോലുകളഞ്ഞ് ചെറുതാക്കി അരിഞ്ഞുവയ്ക്കുക.
ചുവന്ന മുളക് - രണ്ടെണ്ണം.
കായം പൊടി- കുറച്ച്.
കറിവേപ്പില - ഒരു വല്യ തണ്ടിലെ ഇല. ചെറുതാക്കി മുറിയ്ക്കുക.
ഉപ്പ്.
അരിപ്പൊടി - ഒരു ടേബിൾസ്പൂൺ.
വെളിച്ചെണ്ണ - വട വറുക്കാൻ.




ചെറുപയർ കഴുകിയെടുത്ത് ചുവന്ന മുളക് ഇട്ട് അരയ്ക്കുക. തീരെ വെള്ളം ഉണ്ടാവരുത്. അധികം പേസ്റ്റുപോലെ ആവരുത്. അരച്ചുകഴിഞ്ഞാൽ അതിലേക്ക് പച്ചമുളക്, കറിവേപ്പില, ഉള്ളി, ഇഞ്ചി, കായം പൊടി, അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയൊക്കെച്ചേർത്ത് കുഴയ്ക്കുക. വെള്ളമൊന്നും ചേർക്കല്ലേ. അഞ്ചുമിനുട്ട് വയ്ക്കാം. വെളിച്ചെണ്ണ ചൂടാക്കുക. കൂട്ട് എടുത്ത് ഉരുട്ടുക. അത് കൈയിൽ വച്ച് ഒന്നു പരത്തി വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുക.



എണ്ണ ചൂടാക്കുന്നതിനുമുമ്പ് ഉരുട്ടി വയ്ക്കാം. അധികം വലുപ്പം വേണ്ട. ഒരു ചെറിയ ചെറുനാരങ്ങ വലുപ്പത്തിൽ ആയാൽ കുഴപ്പമില്ല. കൈയിൽ പരത്തുമ്പോൾ നടുവിലുള്ള ഭാഗം നന്നായി അമർത്തി പരത്തുന്നതാവും നല്ലത്. എണ്ണ കുറേ ചൂടാക്കി വയ്ക്കരുത്. അധികം ചൂടായാൽ പുറം കരിയുകയും അകത്ത് ശരിക്കും വേവാതെയും ഇരിക്കും. പയറ് അരച്ചാൽ അല്പം പശപോലെ ഇരിക്കും. അതുകൊണ്ടാണ് അരിപ്പൊടി ചേർത്തത്. ചേർത്തില്ലെങ്കിലും കുഴപ്പമില്ല. മല്ലിയില ഇഷ്ടമുണ്ടെങ്കിൽ അതും ചേർക്കാം.


(ഞങ്ങളുടെ ക്യാമറ തൽക്കാലം ഇവിടെയില്ല. അതുകൊണ്ട് ഇപ്പോ ഉള്ള പോസ്റ്റുകളിലെ ചിത്രങ്ങളൊക്കെ ചേട്ടന്റെ നോക്കിയ 5800 എക്സ്പ്രസ്സ് മ്യൂസിക്കിലാണ്).

Sunday, October 03, 2010

പുലാവ്

ഇതൊരു സാദാപുലാവ് ആണ്. വീട്ടിൽ മിക്കവാറും ഉണ്ടാവുന്ന വസ്തുക്കളേ ഇതുണ്ടാക്കാൻ ആവശ്യമുള്ളൂ. അല്ലെങ്കിൽ എളുപ്പം കിട്ടുന്ന വസ്തുക്കളേ വേണ്ടൂ.

ആവശ്യമുള്ളത് :-

അരി - പച്ചരിയോ ബസ്മതിയരിയോ ആണ് നല്ലത്. പുഴുങ്ങലരി ആയാലും കുഴപ്പമൊന്നുമില്ല. 250 ഗ്രാം എടുക്കാം.
തേങ്ങ - ചിരവിയത് നാലു ടേബിൾസ്പൂൺ.
കറുവാപ്പട്ട - ഒരു ചെറിയ കഷണം.
ഗ്രാമ്പൂ - മൂന്നാലെണ്ണം.
ഏലയ്ക്ക - രണ്ടെണ്ണം.
കറിവേപ്പില - ഒരു വല്യ തണ്ടിലെ ഇല.
വെളുത്തുള്ളി - ചെറിയ നാലല്ലി.
മല്ലിയില കുറച്ച്.
നെയ്യ് കുറച്ച്.
ജീരകം - കാൽ ടീസ്പൂൺ.
ഉപ്പ്.





കാപ്സിക്കം - ഒന്ന് (നിർബ്ബന്ധമില്ല. ഇവിടെ ഉള്ളതുകൊണ്ട് ഇട്ടു).
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം. അധികം വലുത് വേണ്ട.
കാരറ്റ് - ഒന്നു വലുത്.
ഗ്രീൻപീസ്/പച്ചപ്പട്ടാണി - അമ്പതു ഗ്രാം. (ഉണങ്ങിയ ഗ്രീൻപീസ് ആണെങ്കിൽ തലേന്ന് വെള്ളത്തിൽ കുതിരാൻ ഇടണം).
ബീൻസ് - നാലെണ്ണം/അഞ്ചെണ്ണം.
വലിയ ഉള്ളി/സവാള - രണ്ടുമൂന്നെണ്ണം.
മഞ്ഞൾപ്പൊടി ഒരു നുള്ള്.




തേങ്ങ, കറിവേപ്പില, കറുവാപ്പട്ട, വെളുത്തുള്ളി, മല്ലിയില, ഗ്രാമ്പൂ, ഏലയ്ക്ക, പച്ചമുളക്, ജീരകം എന്നിവ അരച്ചെടുക്കണം അല്പം വെള്ളം ചേർത്ത് അരയ്ക്കാം.

പച്ചക്കറികളൊക്കെ മുറിച്ചുവയ്ക്കണം. ഉള്ളി തോലുകളഞ്ഞ് നീളത്തിൽ അരിയണം.

ആദ്യം ഒരു പാത്രത്തിൽ കുറച്ച് നെയ്യൊഴിച്ച് വലിയ ഉള്ളി ചുവപ്പുനിറം വരുന്നതുവരെ വഴറ്റുക. അതിലേക്ക് തേങ്ങയരച്ചത് ഇടണം. അതൊന്നിളക്കിയോജിപ്പിച്ചാൽ പച്ചക്കറികൾ മുറിച്ചുവച്ചത് ഇടണം. അതും ഒന്ന് വഴറ്റുക. അതുകഴിഞ്ഞാൽ കഴുകിയെടുത്ത അരി ഇടുക. മഞ്ഞൾപ്പൊടിയിടുക. അരിയ്ക്കും പച്ചക്കറികൾക്കും ആവശ്യമായിട്ടുള്ളത്ര ഉപ്പിടുക. എല്ലാം വേവാൻ മാത്രമുള്ള വെള്ളം കണക്കാക്കി ഒഴിക്കുക. കുറച്ചും കൂടെ നെയ്യ് ചേർക്കുന്നതിൽ കുഴപ്പമില്ല. വേവിക്കുക. തീ കുറച്ച് വയ്ക്കണം വഴറ്റുമ്പോഴൊക്കെ.



സാലഡും അച്ചാറും കൂട്ടി കഴിക്കാം.

അരയ്ക്കുന്നതിൽ പച്ചമുളക് ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പച്ചമുളക് അരിഞ്ഞ് പച്ചക്കറികളുടെ കൂടെ ഇട്ടാലും മതി. തേങ്ങയരയ്ക്കുമ്പോൾ അല്പം കുരുമുളക് ചേർത്താലും നന്നായിരിക്കും.

കുക്കറിൽ നേരിട്ട് പാകം ചെയ്യാം. ഉള്ളി അതിൽത്തന്നെ വഴറ്റിയാൽ മതി.

Saturday, October 02, 2010

റവ ഊത്തപ്പം

റവദോശയുണ്ടാക്കാറില്ലേ? റവ കൊണ്ട് ഉപ്പുമാവായിരിക്കും എല്ലാവരും അധികം ഉണ്ടാക്കുന്നത് അല്ലേ? അങ്ങനെയാണെങ്കിൽ ഈ റവ ഊത്തപ്പം പരീക്ഷിക്കാം. അരിമാവുകൊണ്ട് ഊത്തപ്പം ഉണ്ടാക്കുന്നതുപോലെത്തന്നെയാണ് ഇതും. എളുപ്പം കഴിയും മാവ് തയ്യാറാക്കാൻ.

ഇതിന്:-

റവ വേണം. സൂജിറവ/ ബോംബേ റവ എന്നൊക്കെ പേരുള്ള വെളുത്ത റവ - ഇവിടെ ഒന്നര കപ്പ് എടുത്തു.
പിന്നെ പച്ചമുളക് രണ്ടെണ്ണം വട്ടത്തിൽ ചെറുതായി മുറിച്ചത്.
ഇഞ്ചി ഒരു ചെറിയ കഷണം തോലുകളഞ്ഞ് ചെറുതാക്കി കഷണങ്ങളാക്കിയത്.
കറിവേപ്പിലയും മല്ലിയിലയും കുറച്ച് എടുത്ത് മുറിച്ച് ചെറുതാക്കിയെടുക്കുക.
തക്കാളി ചെറുത് രണ്ടെണ്ണം കുഞ്ഞുകഷണങ്ങളാക്കിയെടുക്കുക.
വലിയ ഉള്ളി ഒന്ന് വലുത് ചെറിയ കഷണങ്ങളാക്കി എടുക്കുക. തോലു കളയാൻ മറക്കരുത്.
തൈര്- അര ഗ്ലാസ്സ്.
തേങ്ങ ചിരവിയത് കുറച്ച്.
ഉപ്പ്.
വെളിച്ചെണ്ണ - ഊത്തപ്പം ഉണ്ടാക്കുമ്പോൾ അതിനു മുകളിൽ ഒഴിക്കാൻ.

ആദ്യം ചെയ്യേണ്ടത് റവ അതിനു മാത്രം ആവശ്യമായ ഉപ്പിട്ട്, കുറച്ചു വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിരാൻ വയ്ക്കണം. അതു നനയാൻ കഷ്ടിച്ച് ഉള്ള വെള്ളമേ ഒഴിക്കേണ്ടൂ.

ഒരു മണിക്കൂർ കഴിഞ്ഞാൽ തൈർ ആദ്യം ചേർക്കുക. ഇളക്കിയോജിപ്പിച്ചിട്ട്, ബാക്കിയൊക്കെ ചേർക്കുക. ആ ചേർത്ത വസ്തുക്കൾക്കൊക്കെ ആവശ്യമായ ഉപ്പും കൂടെ ചേർക്കുക. അധികമാവരുത്. വെളിച്ചെണ്ണ ആ കൂട്ടിൽ ചേർക്കാനുള്ളതല്ല.




അഞ്ചുപത്തുമിനുട്ട് ഒക്കെ ഒന്നു ഒത്തുയോജിക്കാൻ വയ്ക്കണം.




അതിനുശേഷം ദോശക്കല്ല് ചൂടാക്കി മാവൊഴിക്കണം. അധികം ചൂടായാൽ മാവൊക്കെ ഏതെങ്കിലും വഴിക്ക് പോകും. അതുകൊണ്ട് കല്ല് ഒന്നു ചൂടാവുമ്പോൾ മാവൊഴിച്ച് പരത്തുക. നോൺ സ്റ്റിക്ക് അല്ലെങ്കിൽ ഒഴിക്കുന്നതിനുമുമ്പ് വെളിച്ചെണ്ണ ദോശക്കല്ലിൽ പുരട്ടുക. നോൺ സ്റ്റിക്ക് ആണെങ്കിൽ ഒഴിച്ച മാവിനു മുകളിൽ വെളിച്ചെണ്ണ പുരട്ടുക.




അടിഭാഗം വെന്ത്, മുകളിലും വെന്ത് വന്നാൽ മറിച്ചിടുക. മാവൊഴിച്ചതിനുശേഷം ഒരു പ്ലേറ്റെടുത്ത് അടച്ചുവെച്ചാലും നല്ലത്. രണ്ടുഭാഗവും വെന്താൽ കല്ലിൽനിന്നെടുക്കുക.




ചമ്മന്തിയും കൂട്ടി കഴിക്കുക.

Saturday, July 31, 2010

മത്തങ്ങ കൂട്ടുകറി



സുന്ദരിമത്തൻ എന്നാണ് ഞങ്ങൾ ഈ മത്തനു പറയുന്നത്. കുഞ്ഞുമത്തൻ. മത്തങ്ങ കൊണ്ട് ഒരുപാട് വിഭവങ്ങളുണ്ടാക്കാം. അല്പം മധുരമുള്ളൊരു വസ്തുവാണ് മത്തങ്ങ. മത്തങ്ങ കൊണ്ട് ഒരു കൂട്ടുകറിയുണ്ടാക്കിയേക്കാമെന്ന് വെച്ചു. വെള്ളക്കടല/ചനയും ഇട്ട്. ഓണമൊക്കെ വരുന്നതല്ലേ? എല്ലാവർക്കും മത്തങ്ങ വെള്ളക്കടല കൂട്ടുകറിയുണ്ടാക്കാമല്ലോ.

ജോലി തുടങ്ങാം?



മത്തങ്ങ - മുഴുവൻ മത്തങ്ങയുടെ ചിത്രത്തിൽ ഉള്ളതിന്റെ പകുതിയെടുത്ത് തോലും കുരുവുമൊക്കെ കളഞ്ഞ് മുറിച്ച് കഴുകിയെടുക്കുക. സാധാരണയായി ചേനയും കായയും ഒക്കെ നല്ല കുഞ്ഞുകുഞ്ഞു ചതുരക്കഷണങ്ങളാ‍ക്കുകയാണ് പതിവ്. മത്തങ്ങ വേഗം വെന്തുടയുന്ന ഒന്നായതുകൊണ്ട് അല്പം വലുതായാലും കുഴപ്പമില്ല.

വെള്ളക്കടല/ചന - 100 ഗ്രാം. തലേന്ന് അല്ലെങ്കിൽ അഞ്ചെട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവയ്ക്കണം.

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.

മുളകുപൊടി - അര ടീസ്പൂൺ. (കുറയ്ക്കാം).

തേങ്ങ ചിരവിയത് - 5 ടേബിൾസ്പൂൺ. (4 ആയാലും കുഴപ്പമില്ല). അരയ്ക്കാനുള്ളതാണ്.

ജീരകം - അര ടീസ്പൂൺ.

തേങ്ങയും ജീരകവും അധികം വെള്ളം ചേർക്കാതെ അരയ്ക്കുക.

തേങ്ങ ചിരവിയത് - 3 ടേബിൾസ്പൂൺ. (2 ആയാലും കുഴപ്പമില്ല). വറവിടാനുള്ളതാണ്.

പിന്നെ ഉപ്പ്, കടുക്, കറിവേപ്പില, വെളിച്ചെണ്ണ ഒക്കെ കുറച്ച്.



ആദ്യം തന്നെ ചന കഴുകി വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കുക. നല്ലപോലെ വേവണം. തിന്നുമ്പോൾ കട്ടിയിൽ ഉണ്ടാവരുത്. വേവാൻ കഷ്ടിച്ച് വേണ്ടിവരുന്ന വെള്ളമേ ഒഴിക്കാവൂ.



മത്തങ്ങ, ഒരു പാത്രത്തിലെടുത്ത്, മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് കുറച്ച് വെള്ളവുമൊഴിച്ച് അടുപ്പത്തുവയ്ക്കുക. മത്തങ്ങയുടെ അല്പം മുകൾഭാഗം വരെ മതി വെള്ളം. തിളച്ചാൽ തീ കുറച്ച് അടച്ചുവേവിക്കുക.



പകുതിവേവായാൽ വെന്ത ചന അതിലേക്കിടുക. ചനയ്ക്കും ഉപ്പും മുളകുമൊക്കെ പിടിക്കണമല്ലോ. ചന ഒന്നുടച്ചിട്ട് ഇടുകയും ചെയ്യാം.

വെന്താൽ, എല്ലാം കൂടെ യോജിച്ചാൽ അതിൽ തേങ്ങ ചേർക്കുക. തീ കുറച്ചിട്ടായിരിക്കണം ഒക്കെ ചെയ്യുന്നത്. വെള്ളം ചേർക്കണമെന്നില്ല. പാത്രത്തിൽ ഒട്ടും ഇല്ലെങ്കിൽ അല്പം ചേർക്കാം. കരിഞ്ഞുപോകാതിരിക്കാൻ വേണ്ടി മാത്രം.

തേങ്ങ തിളയ്ക്കും. അതുകഴിഞ്ഞാൽ വാങ്ങിവയ്ക്കുക. വറുക്കാൻ വെച്ച തേങ്ങ അല്പം വെളിച്ചെണ്ണ ചേർത്ത് ചുവപ്പുനിറത്തിൽ വറുത്ത് ഇടുക. കറിവേപ്പിലയും അതിനോടൊപ്പം വറത്തിടാം. തേങ്ങ മൊരിഞ്ഞാൽ അതിൽത്തന്നെ കടുകും ഇടുന്നതുകൊണ്ടു കുഴപ്പമില്ല. പക്ഷെ, അത് വേറെ തന്നെ വറവിട്ടാൽ മതി.




വെള്ളം തീരെയില്ലെന്ന് ഈ ചിത്രം കണ്ടാൽ മനസ്സിലാവുന്നില്ലേ? അല്പം ഉണ്ടെങ്കിലും കുഴപ്പമൊന്നുമില്ല.

നല്ല സ്വാദുണ്ട്. എല്ലാവരും ഉണ്ടാക്കിക്കഴിക്കുക.

Friday, July 30, 2010

ബീറ്റ്‌റൂട്ട് ദോശ

ബീറ്റ്‌റൂട്ട് ഇഷ്ടമാണോ? ദോശ ഇഷ്ടമാണോ? എങ്കിൽ ബീറ്റ്‌റൂട്ട് ദോശയുണ്ടാക്കാൻ ഒരുങ്ങിക്കോളൂ. എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് പറയാം.

ആദ്യം ദോശമാവ് തയ്യാറാക്കണം. നിങ്ങൾ സാധാരണയായി ദോശയ്ക്ക് തയ്യാറാക്കുന്നപോലെ തയ്യാറാക്കിയാൽ മതി. അല്ലെങ്കിൽ താഴെപ്പറയുന്നതുപോലെ തയ്യാറാക്കുക.

പച്ചരി - ഒരു ഗ്ലാസ്സ്.
പുഴുങ്ങലരി - അര ഗ്ലാസ്സ്.
ഉലുവ - അര ടീസ്പൂൺ.
ഉഴുന്ന് - കാൽ ഗ്ലാസ്സ്.

എല്ലാം ഒരുമിച്ച് വെള്ളത്തിൽ ഇട്ടുവയ്ക്കുക. നാലഞ്ച് മണിക്കൂർ കഴിഞ്ഞാൽ, കഴുകി, മിനുസമായി അരച്ചെടുക്കുക. അധികം വെള്ളത്തോടെ അരയ്ക്കരുത്. ഉപ്പു ചേർത്തു വയ്ക്കുക. എട്ട് പത്ത് മണിക്കൂർ വച്ചാൽ മാവ് പുളിക്കും.

ഇനി ബീറ്റ്‌റൂട്ട് കൂട്ട്.



ബീറ്റ്‌റൂട്ട് - ഒന്ന് ഇടത്തരം (ചിത്രത്തിൽ ഉള്ളതുപോലെയുള്ളത്).



ബീറ്റ്‌റൂട്ട് തോലുകളഞ്ഞ് കഷണങ്ങളാക്കി വേവിക്കുക. ഇവിടെ കുക്കറിലാണ് വേവിച്ചത്. അതുകൊണ്ട് വല്യ കഷണങ്ങളാണ് ആക്കിയത്.



വെന്തിട്ട് ഒന്നു തണുത്താൽ അരയ്ക്കുക. വേവിക്കുമ്പോൾ ഒഴിച്ച വെള്ളം വേണ്ട. വെള്ളം ചേർക്കാതെ അരയ്ക്കുക. മിനുസവും ആവണം.




അരച്ചെടുത്തത് എത്ര അളവുണ്ട് എന്നു നോക്കുക. അതിന്റെ ഇരട്ടി ദോശമാവിൽ ബീറ്റ്‌റൂട്ട് അരച്ചത് ചേർക്കുക. കുറച്ച് കുരുമുളകുപൊടി ഇടുക. കായം പൊടിയും ഇടുക. അല്പം ഉപ്പ് ഇടുക. ബീറ്റ്‌റൂട്ടിനു മാത്രം വേണ്ടി. എല്ലാം കൂടെ യോജിപ്പിക്കുക.



ദോശക്കല്ല്/തട്ട് വെച്ച് ചൂടായാൽ മാവൊഴിക്കുക. ഒന്നു വെന്താൽ ദോശയ്ക്കു മുകളിൽ നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക.



നല്ലപോലെ വെന്താൽ മറിച്ചിടുക. ആ ഭാഗവും വെന്താൽ എടുത്തുവയ്ക്കുക.



വെറും തേങ്ങാച്ചമ്മന്തി മതി കൂട്ടിക്കഴിക്കാൻ എന്ന് എന്റെ അഭിപ്രായം. മാവ് അധികം ചേർത്താലും കുഴപ്പമില്ല. ഈ അളവിൽ അരിമാവ് ബാക്കിയുണ്ടാവും. ഈ ബീറ്റ്‌റൂട്ട് കൂട്ടിൽ അഞ്ച് വല്യ ദോശയുണ്ടാക്കാം.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]