Tuesday, December 07, 2010

മധുരക്കിഴങ്ങ് പുഴുക്ക്

മധുരക്കിഴങ്ങ് ഇഷ്ടമാ‍ണോ? എന്നാൽ‌പ്പിന്നെ മധുരക്കിഴങ്ങുകൊണ്ടൊരു പുഴുക്ക് ആയിക്കോട്ടെ. സാധാരണ പുഴുക്കുകളിൽ കുറച്ചു വെള്ളമുണ്ടാകും. ഇതിൽ വെള്ളം ചേർത്തിട്ടില്ല. ചേർക്കാത്തതാണ് നല്ലത്. ദോശയ്ക്കൊപ്പം കഴിക്കാൻ നല്ലൊരു വിഭവമാണിത്.

ഇതിനു വേണ്ടത്, മധുരക്കിഴങ്ങ്, തേങ്ങ ചിരവിയത്, ഉപ്പ്, മഞ്ഞൾപ്പൊടി, പച്ചമുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, കടുക്, ചുവന്ന മുളക്, വെളിച്ചെണ്ണ, ചെറിയ ഉള്ളി എന്നിവയാണ്.




അഞ്ചോ ആറോ മധുരക്കിഴങ്ങ് കഴുകി വേവിക്കുക. വെന്ത് അലിഞ്ഞുപോകരുത്. തണുത്താൽ തോലുകളയുക. കഷണങ്ങളാക്കുക.

നാലു ടേബിൾസ്പൂൺ തേങ്ങ മൂന്നു പച്ചമുളകും ചേർത്ത് ഒന്ന് ചതച്ചെടുക്കുക. വെള്ളം ചേർക്കരുത്.

കുറച്ച് ചെറിയ ഉള്ളി, തോലുകളഞ്ഞ് ചെറുതായി അരിയുക.

പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക. ഉഴുന്നുപരിപ്പ് ഇടുക. ചുവക്കുമ്പോഴേക്കും കടുകും, രണ്ട് ചുവന്ന മുളക് പൊട്ടിച്ചതും ഇടുക. കടുക് പൊട്ടിത്തെറിച്ചാൽ, കറിവേപ്പില ഇടുക. കുഞ്ഞുള്ളി അരിഞ്ഞത് ഇടണം. അതു ചുവന്നാൽ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിഇടുക. അതിലേക്ക് വേവിച്ച മധുരക്കിഴങ്ങും, ആവശ്യത്തിനുപ്പും ഇടുക. ഇളക്കിയോജിപ്പിച്ച്, അതിലേക്ക് ചതച്ച തേങ്ങ ചേർക്കുക. നന്നായി യോജിപ്പിക്കുക. അഞ്ചുമിനുട്ട് അടച്ചുവെച്ച് വാങ്ങിവയ്ക്കുക.



എരിവ് വേണ്ടെങ്കിൽ പച്ചമുളക് ചേർക്കണ്ട. തേങ്ങ ചതയ്ക്കുമ്പോൾ കുറച്ച് ജീരകം ചേർക്കാം. ഇഷ്ടമാണെങ്കിൽ.




ദോശയ്ക്കൊപ്പം കഴിക്കാം.

7 comments:

Unknown said...

ഹാവൂ സന്തോഷം!! ഇവിടെ കിട്ടാവുന്ന സാധനങ്ങള്‍ വെച്ച് ഉണ്ടാക്കാന്‍ പറ്റിയ സംഭവം!! ഈ വീക്ക്‌ എന്‍ഡില്‍ ഉണ്ടാക്കുന്നുണ്ട്. ആശംസകള്‍!

സു | Su said...

ഞാൻ :) ഉണ്ടാക്കിനോക്കൂ.

ശ്രീ said...

ചെറിയ മധുരം ഉണ്ടാകുന്നത് കുഴപ്പമില്ലല്ലേ?

ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയോട് പറഞ്ഞ് ഇതൊന്ന് പരീക്ഷിയ്ക്കണം. കഴിഞ്ഞ തവണ മധുരക്കിഴങ്ങ് പുഴുങ്ങിയാലോ എന്ന് പറഞ്ഞതേയുള്ളൂ... :)

സു | Su said...

ശ്രീ :) മധുരം വേണമെങ്കിൽ മുളകൊന്നും ചേർക്കാതിരുന്നാൽ മതി.

ശ്രീ said...

സൂവേച്ചീ...

സംഭവം ഇവിടെ നാട്ടില്‍ വന്ന് അമ്മയോട് പറഞ്ഞ് ഉണ്ടാക്കിച്ചു... സക്സസ്!
:)

Thushara said...

enikku ivide america yil monte bday kku 50 perkku sadya undakkonoru aaasha ... Evide poyalum indian food ennu paranju kittunnathinokke ore tase.. appolokke nammude enthu nalla food a ennu njan orkkum... Friends okke ayyo valya paniyavum ennu pedippikkunnu.. Sanfrancisco yil ninnu ente friend nodu paper vazhayila vangi ayachu tharan paranjittundu..
Ulla sadhanangalokke eduthu vechu njan randum kalpichu Su chechi yude blog nte balathil malayali,non-malayali non-indian group l ulla 50 perkku next week sadya undakkan povunnu.. Onnu prarthichekkane... !!!

സു | Su said...

തുഷാര :) പാചകക്കുറിപ്പുകൾ നോക്കുന്നതിനും പരീക്ഷിക്കുന്നതിനും നന്ദി.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]