Wednesday, October 06, 2010

അരി ഉപ്പുമാവ്

അരി ഉപ്പുമാവ് കഴിക്കാറുണ്ടോ? ഉപ്പുമാവ് ഇഷ്ടമുള്ളവർക്ക് ഈ അരി ഉപ്പുമാവ് ഉണ്ടാക്കിക്കഴിക്കാം. പണ്ട് ഇടയ്ക്കൊക്കെ കഴിക്കാറുണ്ടായിരുന്നു. ഇപ്പോ അരിഭക്ഷണം പലരും കുറച്ചപ്പോൾ അരി ഉപ്പുമാവുണ്ടാക്കുന്നതും കുറഞ്ഞു.

അരി ഉപ്പുമാവ് എങ്ങനെയാണുണ്ടാക്കുന്നതെന്ന് പറയാം. അരി പലതരത്തിൽ ആയതുകൊണ്ടും വേവിന്റെ കാര്യങ്ങൾ പലർക്കും പലതരത്തിൽ ആയതുകൊണ്ടും അളവ് പറയുന്നില്ല.

ആവശ്യമുള്ളത്:-



അരി - നുറുക്കരിയാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ ഉണക്കലരി. ഇതൊന്നുമില്ലെങ്കിൽ ചെറിയ അരി ഏതെങ്കിലും ഉപയോഗിക്കാം.
പച്ചമുളക്.
ഉപ്പ്.
കറിവേപ്പില.
ഇഞ്ചി.
ചുവന്നമുളക്/വറ്റൽമുളക്.
കടുക്.
ഉഴുന്നുപരിപ്പ്.
തേങ്ങ ചിരവിയത്.
വെളിച്ചെണ്ണ.

ഇത്രയും വസ്തുക്കൾ എടുത്തുവെച്ചാൽ ഉപ്പുമാവുണ്ടാക്കാൻ തുടങ്ങാം. പച്ചമുളകും ഇഞ്ചിയും അരിയുക. അരി വൃത്തിയാക്കിയതിനുശേഷം കഴുകി വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞു വയ്ക്കുക.

ഒരു പാത്രത്തിലോ ചീനച്ചട്ടിയിലോ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. ആദ്യം ഉഴുന്നുപരിപ്പ് ഇടുക. അതു ചുവക്കുമ്പോഴേക്കും ചുവന്ന മുളക് പൊട്ടിച്ച് ഇടുക. കടുക് ഇടുക. കടുക് പൊട്ടിയാൽ കറിവേപ്പിലയിടുക. ഇഞ്ചിയും പച്ചമുളകും ഇടുക. ഒന്നു വഴറ്റിയിട്ട്, കഴുകി, വെള്ളം കളഞ്ഞുവെച്ചിരിക്കുന്ന അരി അതിലിട്ട് ഒന്നു വറുക്കുക. അല്പനേരം ഇളക്കിയാൽ മതിയാവും. അതിലേക്ക് അരി വേവാനുള്ള പാകത്തിൽ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം തിളച്ചാൽ തീ കുറച്ചുവെച്ച് വേവിക്കുക. വെന്ത് വെള്ളം വറ്റി വാങ്ങിവെച്ചാൽ തേങ്ങയിട്ടിളക്കുക.




ഇടയ്ക്ക് വെന്തോന്ന് നോക്കുമ്പോൾ, വെള്ളം അധികമായെന്നുതോന്നിയാൽ തീ കൂട്ടിവെച്ചാൽ വെള്ളം വറ്റും. പക്ഷേ, അടിയിൽ കരിയാതെ നോക്കണം.




പഴവും കൂട്ടി കഴിയ്ക്കാം. അല്ലെങ്കിൽ ചമ്മന്തിപ്പൊടിയോ ഒക്കെ കൂട്ടാം. ശർക്കരയും കൂട്ടിക്കഴിക്കാം. പച്ചമുളക്, ഇഞ്ചി, ചുവന്ന മുളക് എന്നിവയുടെയൊക്കെ എരിവ് അരിയ്ക്ക് പിടിക്കും. അതുകൊണ്ട് എരിവ് ഇഷ്ടമില്ലാത്തവർ/ കുറച്ചുവേണ്ടവർ മുളകുകൾ കുറച്ച് ഇട്ടാൽ മതി.

7 comments:

ജെസ്സ് said...

ithu kollaalo su chechi

സു | Su said...

ജെസ്സ് :)

ശ്രീ said...

പണ്ട് അമ്മയും അമ്മൂമ്മമാരുമൊക്കെ രാവിലെ ഉണ്ടാക്കുന്ന പുട്ട് ബാക്കി വന്നാല്‍ അതുപയോഗിച്ച് വൈകുന്നേരം സ്കൂള്‍ വിട്ടു വരുമ്പോള്‍ കഴിയ്ക്കാനായി ഒരു തരം ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്. അതാണ് ഓര്‍മ്മ വന്നത് :)

സു | Su said...

ശ്രീ :) ഞങ്ങളും ബാക്കിവന്ന പുട്ടുകൊണ്ട് ഇഡ്ഡലികൊണ്ട് ഒക്കെ ഉപ്പുമാവുണ്ടാക്കാറുണ്ട്.

കോമാളി said...

കൊള്ളാം, സു ചേച്ചി പക്ഷേ പച്ചമുളകും, ഉണക്ക മുളകും ഇടണോ?
കണ്ഫൂശന്‍ ആയല്ലോ!!!

സു | Su said...

കോമാളി :) എവിടെ ആയിരുന്നു? വറവിടുമ്പോൾ ചുവന്നമുളക് ഇടാറുണ്ടല്ലോ. പിന്നെ ഉപ്പുമാവിലേക്ക് പച്ചമുളകും.

Sukanya said...

ഉപ്പുമാവ് ഫേമസ് ആയപ്പോള്‍ ആദ്യം വരണമെന്ന് തോന്നിയത് കറിവേപ്പിലയില്‍ ആണ്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]