Monday, September 15, 2008

കുമ്പളങ്ങ മോരുകറി



ഇതിനെ കുമ്പളങ്ങക്കാളൻ, കുമ്പളങ്ങപ്പുളിശ്ശേരി എന്നൊക്കെ വേണമെങ്കിൽ പറയാം. ചേനയും കായയും പഴവും പിന്നെ പുതിയ പച്ചമുളകുകാളനും കഴിഞ്ഞാൽ ഈയൊരു മോരുകറിയുണ്ടാക്കാം. കുമ്പളങ്ങ എല്ലാ സമയത്തും മിക്കവാറും കിട്ടും. പക്ഷെ അധികം പേർക്ക് വേണ്ടെങ്കിൽ ഒരു കഷണം വാങ്ങുന്നതു തന്നെ നല്ലത്. അല്ലെങ്കിൽ വേഗം കേടാവും. കുമ്പളങ്ങ ഒരു കഷണം, തോലും കുരുവുമൊക്കെക്കളഞ്ഞ് ചിത്രത്തിലെപ്പോലെ മുറിക്കുക. ഇനിയും ചെറുതാക്കാൻ കഴിയുമെങ്കിൽ നല്ലത്. ചെറുതായിരിക്കുന്നതാണ് നല്ലത്. കുറച്ച് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വേവിക്കുക. വെള്ളം അത്യാവശ്യത്തിനുമാത്രം ഒഴിച്ച് വേവിക്കുക. മൂന്ന് അല്ലെങ്കിൽ നാലു ടേബിൾസ്പൂൺ ചിരവിയ തേങ്ങയും കാൽ ടീസ്പൂൺ ജീരകവും കൂട്ടി വെള്ളം ചേർത്ത് മിനുസമായി അരച്ചെടുക്കുക. വെന്ത കഷണത്തിലേക്ക് നന്നായി കലക്കിയെടുത്ത പുളിച്ച മോര് കാൽ ലിറ്റർ ചേർക്കുക. അതു തിളച്ചാൽ, അതിലേക്ക് തേങ്ങയും ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് തിളച്ചാൽ വാങ്ങിവയ്ക്കുക. അതിലേക്ക് ഒരു തണ്ട് കറിവേപ്പില ഇടുക. തേങ്ങ തിളയ്ക്കുമ്പോൾ ഇടാം. വാങ്ങിവച്ച് കടുകും കറിവേപ്പിലയും ചുവന്നമുളകും വറുത്തിടുക. മോര് ശരിക്കും പുളിച്ചില്ലെങ്കിൽ, തേങ്ങ ചേർത്ത് തിളച്ചതിനുശേഷം മോരൊഴിച്ച് ഒന്ന് പത വന്നാൽ വാങ്ങുക. മോരിനു പുളിയില്ലെങ്കിൽ കാളനു വല്യ സ്വാദുണ്ടാവില്ല. പാൽ ഉറയൊഴിച്ച് പിറ്റേന്ന് നന്നായി കലക്കിയെടുത്ത് ഫ്രിഡ്ജിൽ വയ്ക്കാതെ രണ്ട് ദിവസം കൂടെ ആയാൽ നല്ലപോലെ പുളിക്കും.

4 comments:

ഞാന്‍ ആചാര്യന്‍ said...

ആ ഇതെനിക്കു ഭയങ്കര ഇഷ്ടോള്ള കറിയാ... ഞാ അവ്യേലു വെച്ച് നോക്കീരുന്നു മിനിയാന്ന്

Joker said...

സംഭവം അടിപോളി, പക്ഷെ നല്ല മോരിന് ഇവിടെ ദുബായില്‍ പഞ്ഞം തന്നെ.നാട്ടില്‍ പോകുമ്പോള്‍ കഴിക്കാം.

smitha adharsh said...

ഇതെനിക്കിഷ്ടമുള്ള കറി ആണല്ലോ..

സു | Su said...

ആചാര്യൻ :) അതെയോ?

ജോക്കർ :) ദുബായിൽ കിട്ടില്ലെങ്കിൽ നാട്ടിൽ വന്നിട്ടു കഴിക്കാം.

അനൂപ് :)

സ്മിത :) ഇടയ്ക്കൊക്കെ ഉണ്ടാക്കാറുണ്ടാവും അല്ലേ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]