Thursday, September 25, 2008

ഉലുവയിലച്ചപ്പാത്തി

ഇലക്കറികളൊക്കെ എനിക്കിഷ്ടമാണ്. ഉണ്ടാക്കാനും കഴിക്കാനും. ഉലുവയുടെ ഇലയ്ക്ക് കയ്പുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അതിനോട് വലുതായ താല്പര്യം തോന്നിയില്ല. ഇലക്കറികൾ കഴിക്കുന്നത് നല്ലതായതുകൊണ്ട് ഉലുവയിലകൊണ്ട് എന്തെങ്കിലും ഉണ്ടാക്കിയേക്കാം എന്നുവെച്ചു. കൂട്ടുകാരികളൊക്കെ ഉലുവച്ചീരകൊണ്ട് ചപ്പാത്തിയുണ്ടാക്കുന്നത് പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്കതിൽ താല്പര്യം ഇല്ലാഞ്ഞതുകൊണ്ട്, ഉലുവയില കയ്ക്കും എന്നൊരു വാശിയിൽ ഞാനിരുന്നു. അതിനുശേഷമാണ് കട്‌ലറ്റ് ഉണ്ടാക്കുന്നത്. അതിന്റെ വിജയത്തിന്റെ ചുവടുപിടിച്ച് എന്റേതായ രീതിയിൽ ഒരു പരീക്ഷണവും കൂടി നടത്തിക്കളയാം എന്നു കരുതി.




ഉലുവയില നന്നായി കഴുകിയെടുത്ത് ചെറുതായി മുറിക്കണം/അരിയണം. ചിത്രത്തിൽ കാണുന്നതുകൊണ്ട് ഏകദേശം മൂന്ന് ചപ്പാത്തിക്കേ ഉള്ളൂ. അതു കണക്കാക്കി, ഗോതമ്പുപൊടിയും, അരിഞ്ഞ ഇലയും, ഉപ്പും, കുഞ്ഞുകുഞ്ഞായി അരിഞ്ഞ രണ്ട് പച്ചമുളകും എടുത്ത് വെള്ളവും കൂട്ടി ചപ്പാത്തിമാവ് ഉണ്ടാക്കുക.
പരത്തിയെടുക്കുക. ചൂടായ ചപ്പാത്തിക്കല്ലിലിട്ട് ഉണ്ടാക്കിയെടുക്കുക. എളുപ്പം.
കലോറിയിൽ ശ്രദ്ധിക്കുന്ന ആളാണെങ്കിൽ ഒട്ടും എണ്ണയില്ലാതെ ചുട്ടെടുക്കാം.
കുറച്ച് ശ്രദ്ധയുള്ള ആളാണെങ്കിൽ അല്പം എണ്ണയൊഴിച്ച് ചുട്ടെടുക്കാം.
കലോറിയോ? കൂടിക്കോട്ടേന്നേ എന്ന മട്ടാണെങ്കിൽ നെയ്യൊഴിച്ച് ചുട്ടെടുക്കുക.
ഇതിൽ വേണമെങ്കിൽ കുറച്ച് ജീരകം പൊടിച്ചിടാം. മുളകുപൊടിയിടാം. പച്ചമുളകിനുപകരം. പിന്നെ കടലപ്പൊടി/ബേസൻ കൂട്ടാം കുറച്ച്.



എന്തെങ്കിലും ചമ്മന്തി മതി കൂട്ടിക്കഴിക്കാൻ. അല്ലെങ്കിൽ അച്ചാർ. കറിയൊന്നും ഇല്ലെങ്കിലും സാരമില്ല.
ഈ പോസ്റ്റിലെ ഉലുവയിലച്ചപ്പാത്തിയ്ക്ക് ഒരു പ്രത്യേകതയെന്താണെന്നുവെച്ചാൽ, ഞാൻ വീട്ടിൽ ഉണ്ടാക്കിയെടുത്ത ഉലുവയിലയാണ് ഉപയോഗിച്ചിരിക്കുന്നത്.

8 comments:

കുടുംബംകലക്കി said...

അപ്പം, വേണമെങ്കില്‍ ഉലുവ വീട്ടിലും വളരും!

(ആദ്യമായാണ് ഉലുവയില കാണുന്നത്; രസമായിട്ടുണ്ട്.)

കടുകില...

siva // ശിവ said...

ഇത്രയ്ക്ക് ക്രൂരത വേണോ....അ കയ്പ്പ് എങ്ങനെയാ സഹിക്കുന്നത്....

Sarija NS said...

ഈ പരീക്ഷണത്തിനു ഞാനില്ല. :) ആരേലും ഉണ്ടാക്കിത്തന്നിരുന്നേല്‍... ;-)

kichu / കിച്ചു said...

ശിവ

അത കൈപ്പൊന്നുമില്ല. കുറചു കടലപ്പൊടിയും, ലേശം മുളകു, മസാലപ്പൊടിയും ചേര്‍ത്ത് ഉണ്ടക്കിയാല്‍ വളരെ നല്ലതാണ്. പോഷകഗുണ സമ്പന്നവും.

സരിജ ആള്‍ കൊള്ളാലോ..

യാമിനിമേനോന്‍ said...

വളരെ ഉപകാരപ്രദമായ ബ്ലോഗ്.....

സു | Su said...

കുടുംബം കലക്കി :) നോർത്ത് ഇന്ത്യക്കാർ ഉലുവയിലകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കും.

ശിവ :) ഇതിന് കയ്പ് ഇല്ലായിരുന്നു. മുളകൊക്കെ ഇട്ടാൽ കയ്പ് ഉണ്ടെങ്കിലും അറിയില്ല.

സരിജ :) ഞാനുണ്ടാക്കിത്തരുമല്ലോ. അല്ലെങ്കിൽ ധൈര്യമായിട്ടൊന്ന് പരീക്ഷിക്കൂ.

കിച്ചു :)

യാമിനി മേനോൻ :) നന്ദി.

Sapna Anu B.George said...

സൂ എന്റെ പച്ചക്കറിത്തോട്ടത്തില്‍ ഞാന്‍ ഇന്നു തന്നെ ഉലുവഇടുന്നുണ്ട്, പൊട്ടിക്കിളിക്കാന്‍,ചീര വാങ്ങി ഇന്നു തന്നെ ഉലൂവചപ്പാത്തി ഉണ്ടാക്കും പക്ഷെ...കണ്ടിട്ട് ഉഹ്രന്‍ കേട്ടോ, കഴിച്ചിട്ട് പറയാം.

സു | Su said...

സപ്ന :) ഉണ്ടാക്കിനോക്കൂ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]