ഓലൻ ചെറിയ കുട്ടികൾക്കുപോലും കൊടുക്കാവുന്ന ഒരു വിഭവം ആണ്. അതിൽ അധികം എരിവൊന്നും ഉണ്ടാകില്ല. പച്ചക്കറികൾ ഉണ്ടാവുകയും ചെയ്യും. ഓലൻ ഒരുപാട് തരത്തിൽ ഉള്ളത് ഉണ്ട്. ഞാൻ ഈ ഓലനുണ്ടാക്കിയിരിക്കുന്നത് ഒരു കഷണം പച്ചപ്പപ്പായ, ഒരു കഷണം മത്തൻ, ഒരു വഴുതനങ്ങ എന്നിവകൊണ്ടാണ്. വയലറ്റ് വഴുതിന ഇല്ലെങ്കിൽ പച്ചവഴുതിന ഇടുക. മൂന്ന് പച്ചമുളകും. പപ്പായ തീരെ പഴുത്തില്ലെങ്കിൽ അത്രയും നല്ലത്. ഇവിടെ കുറച്ച് പഴുക്കാൻ തുടങ്ങിയിരുന്നു.
മത്തനും, പപ്പായയും തോലുകളഞ്ഞ് ഓലനു മുറിക്കുന്നതുപോലെ മുറിച്ച് കഴുകിയെടുക്കുക. പച്ചമുളക്, കഴുകി ചീന്തിയിടുക. വഴുതനങ്ങ വട്ടത്തിൽ മുറിച്ച് കഴുകി ഇടുക. ഒക്കെക്കൂടെ ഉപ്പും ഇട്ട് വേവിക്കുക.
വെള്ളം അധികം ഒഴിക്കരുത്. വെന്താൽ ഒന്നുകിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഞാൻ അതാണ് ചെയ്യാറ്. അല്ലെങ്കിൽ കുറച്ച് തേങ്ങാപ്പാൽ ഒഴിക്കുക. ഓലൻ തയ്യാറായി. എരിവും പുളിയുമുള്ള കറികളുടെ കൂടെ ഒരു പാവം കറി.
2 comments:
എന്തൊരു ഭംഗിയാ കാണാന്‍.
അനിലൻ :) ഉണ്ടാക്കിനോക്കൂ. സ്വാദും അറിയാം.
Post a Comment