Wednesday, September 03, 2008

ഗണേശചതുർത്ഥി

ഇന്ന് വിനായകചതുർത്ഥി അഥവാ ഗണേശചതുർത്ഥി. അത്തംചതുർത്ഥി എന്നാണ് വീട്ടിൽ പറയുന്നത്. ഇന്ന് പല നാട്ടുകാരും ഗണപതിപ്രതിമകൾ വീട്ടിൽകൊണ്ടുവന്ന് പൂജിച്ച് അഞ്ചോ ഏഴോ പതിനൊന്നോ ദിവസം പൂജിച്ച്, അതിനെ എവിടെയെങ്കിലും കൊണ്ടുപോയി ഒഴുക്കിക്കളയും. മുംബൈയിലൊക്കെ വലിയ ആഘോഷമാണ്. ഓരോ റോഡിലും ഉണ്ടാവും പൂജ വെച്ചിട്ട്. പിന്നെ പാട്ടും മേളവും ഒക്കെ.

ചതുർഥിയോടനുബന്ധിച്ച് ഒരു കഥ കേട്ടിട്ടുണ്ട്, പണ്ട്. വീട്ടിൽ വിളിച്ചുചോദിക്കേണ്ടിവന്നു മുഴുവൻ ഓർമ്മിക്കാൻ. ഒരു ചതുർത്ഥി ദിവസം, ഗണപതി, ഭക്തരുടെ പൂജയൊക്കെക്കഴിഞ്ഞ്, വയറുനിറച്ച് ശാപ്പാടും അടിച്ച്, കുറേ പഴവും, തേങ്ങയും ശർക്കരയുമൊക്കെ കൈയിലെടുത്തങ്ങനെ നടന്നുവരികയായിരുന്നു. ഇരുട്ടിയിട്ടുണ്ട്. നടന്നുനടന്ന് താഴെയൊരു വേരിൽത്തട്ടി ഗണപതി 'ധീം തരികിട തോം’ എന്ന് വീണു. ഹോ...ആരും കണ്ടില്ലല്ലോ വിജനമാണല്ലോ വഴിയെന്നൊക്കെ വിചാരിച്ച് തപ്പിത്തടഞ്ഞ് എഴുന്നേൽക്കുമ്പോൾ ചിരി കേട്ടു.“ബുഹഹഹ, ബുഹഹഹ, ബുഹഹഹാ”. നോക്കുമ്പോൾ ആരാ? മാനത്തുനിന്ന് ചന്ദ്രൻ. വീണാൽച്ചിരിക്കണമെന്നേ മൂപ്പർക്കറിയൂ. പക്ഷെ ഗണപതിക്ക് ദേഷ്യം വരുമെന്നാരു കണ്ടു.
ഗണപതിക്ക് നല്ല ദേഷ്യം വന്നു. എന്നിട്ട് ശപിച്ചു. “ചതുർത്ഥി ദിവസം നിന്നെക്കാണുന്നവർക്കൊക്കെ മാനഹാനി ഭവിക്കട്ടെ’ എന്ന്. അങ്ങനെ പാവം ചന്ദ്രനെ ചതുർത്ഥിദിവസം ആരും കാണാനേ പോയില്ല. എല്ലാവരും വീട്ടിനുള്ളിലടച്ചിരുന്നു ഗണപതിയെ പൂജിച്ചു.
ഗണപതിയ്ക്ക് മോദകം അല്ലേ ഇഷ്ടം. മധുരക്കൊഴുക്കട്ട. ഉണ്ടാക്കിയേക്കാം അല്ലേ?
പച്ചരി, നാലഞ്ച് മണിക്കൂർ വെള്ളത്തിലിട്ട് വെച്ച് മിനുസമായി പൊടിക്കുക. കാൽലിറ്റർ കൊള്ളുന്ന ഒരു പാത്രത്തിൽ അരിപ്പൊടി നിറച്ചും അളന്നെടുക്കുക



ആവശ്യത്തിനു ചൂടുവെള്ളവും രണ്ട് നുള്ള് ഉപ്പും ചേർത്ത് ഉരുളയാക്കാൻ പാകത്തിൽ കുഴയ്ക്കുക. ചിത്രത്തിൽ ഇല്ലേ അതുപോലെ. മൂന്നാണി ശർക്കരയും നാലു ടേബിൾസ്പൂൺ ചിരവിയ തേങ്ങയും, കുറച്ച് ഏലയ്ക്കപ്പൊടിയും കൂടെ പാക്ക് ആക്കിയെടുക്കുക. (ശർക്കര അല്പം വെള്ളമൊഴിച്ച് അടുപ്പത്തുവയ്ക്കുക. അലിഞ്ഞ് കുറുകിവരുമ്പോൾ തേങ്ങയും ഏലക്കാപ്പൊടിയും ഇട്ട് കുറുക്കിക്കുറുക്കിയെടുക്കുക.
കരിയരുത്).



അരി കുഴച്ചത് ഉരുളയാക്കി, കൈയിൽ പരത്തി, അതിൽ ശർക്കരപ്പാവ് നിറയ്ക്കണം.

പിന്നെ അടച്ച് ഉരുട്ടിവയ്ക്കണം. ഒരു പാത്രത്തിൽ. കുക്കറിലോ വേറെ പാത്രത്തിലോ വേവിച്ചെടുക്കുക. വെള്ളം കയറരുത്.



കുറച്ചുംകൂടെ നിറച്ചാൽ കൂടുതൽ മധുരമുണ്ടാവും. അരിപ്പൊടി കുറയുമല്ലോ. പക്ഷെ അപ്പോൾ വേവുമ്പോൾ ചിലപ്പോൾ വെള്ളം പോലെയാവും. ശർക്കരവെള്ളം വന്നിട്ട്.

മോദകത്തിന് വേറെ ഒരു രീതി കണ്ടിട്ടുണ്ട്. ഗോതമ്പുപൊടി കുഴച്ച് ഒക്കെ നിറച്ച് വറുത്തെടുക്കുന്നത്. മൈദയിലും ഉണ്ടാക്കാം. അരിപ്പൊടിക്ക് പകരം.

10 comments:

Mr. X said...

ഇന്നു കൂടെ പണി എടുക്കുന്ന ഒരു ഫ്രെണ്ടൊരുത്തി കൊണ്ടു വന്ന കൊഴുക്കട്ട കഴിച്ചേ ഉള്ളൂ... ഏതായാലും കഥ കൂടി കേട്ടപ്പോള്‍ ഉഷാറായി...

smitha adharsh said...

മോദകം കഴിച്ചത് പോലെ ആയി..
Thanx..

ശ്രീ said...

ആഹാ...

ഗണേശ ചതുര്‍ത്ഥി സ്പെഷല്‍ കലക്കി
:)

സു | Su said...

മിസ്റ്റർ എക്സ് :)

സ്മിത :)

ശ്രീ :)

Bindhu Unny said...

ഇനി കുറച്ചുദിവസത്തേയ്ക്ക് ദിവസോം മോദകം തിന്നും ഞാന്‍. ഞാന്‍ ഉണ്ടാക്കിയതല്ലാട്ടോ, ആരെങ്കിലും തരുന്നത്. :-) അതൊക്കെ കഴിയുമ്പോള്‍ സൂ ഉണ്ടാക്കിയപോലെ ഞാനും ഉണ്ടാക്കും. പക്ഷെ ആ ഷെയ്പൊന്നും പ്രതീക്ഷിക്കുന്നില്ല.

സു | Su said...

ബിന്ദു :) ബ്ലോഗ് നോക്കാനും എനിക്കായി രണ്ട് വാക്ക് വിട്ടിട്ടുപോകാനും തോന്നുന്നതിൽ സന്തോഷം. ദിവസവും കഴിക്കുന്നതൊക്കെക്കൊള്ളാം. പിന്നെ “ഷുഗർ” ആണെന്ന് പറയേണ്ടിവരും.

Sapna Anu B.George said...

ഉഗ്രന്‍ കേട്ടോ....ഓണാശംസകള്‍, ഓണസ്പെഷ്യല്‍ ഒന്നും ഇല്ലെ

ജയരാജന്‍ said...

ഇതെന്താ സൂചേച്ചി അരിമാവ്‌ കുഴച്ചു വച്ചതിന്‌ മേലെ കറിവേപ്പില എന്നെഴുതി വച്ചിരിക്കുന്നത്‌? ഞങ്ങളെ പറ്റിക്കാൻ നോക്കുന്നോ? അരിമാവ്‌ ഏതാ, കറിവേപ്പില ഏതാ എന്നൊക്കെ ഞങ്ങൾക്കറിയാം -- ഹി ഹി ഹി :)
ഓ. ടോ: ഈ Sapna Anu B.George എവിടെ നോക്കിയിരിക്കുവാ? സൈഡിൽ ഒമ്പത്‌ സ്പെഷ്യൽ ഐറ്റംസ്‌ ഉണ്ടാക്കി വച്ചിരിക്കുന്നതൊന്നും കണ്ടില്ലേ? :)

ജെസ്സ് said...

su chechi...
modakam kollam ketto.

സു | Su said...

സപ്ന :) ഓണം സ്പെഷൽ ഒന്നും കണ്ടില്ല അല്ലേ?

ജയരാജൻ :)

ജെസ് :) സ്വാഗതം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]