Monday, May 19, 2008

കൊണ്ടാട്ടമുളക്

മുളക് കൊണ്ടാട്ടം, തൈരുമുളക്, കൊണ്ടാട്ടമുളക് ഇങ്ങനെയൊക്കെപ്പേരുള്ള ഒന്നിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? കണ്ടിട്ടില്ലേ? തിന്നിട്ടില്ലേ? കടയില്‍ നിന്ന് വാങ്ങി, അതു മുഴുവന്‍ ഉപ്പാണെന്ന് പറഞ്ഞിട്ടില്ലേ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വാദുള്ള കൊണ്ടാട്ടമുളക് കഴിക്കാന്‍ പറ്റിയ അവസരം ഇപ്പോഴുണ്ട്. വേനല്‍ക്കാലത്ത് ചൂട് ചൂട് എന്ന് പറയാതെ, മുളക് ഉണക്കുക.
പച്ചമുളക് വാങ്ങുക. കഴുകുക. അതിന്റെ തണ്ട് കളയേണ്ട കാര്യമൊന്നുമില്ല.

കഴുകിയിട്ട്, ഒരു കത്തിയോ, പപ്പടം കുത്തിയോ എടുത്ത് നടുവില്‍ തുളയ്ക്കുക. ഇങ്ങനെ തുളയ്ക്കുകയൊന്നും വേണ്ട. കത്തികൊണ്ട് ഒന്ന് വരഞ്ഞാലും മതി.
ആവശ്യത്തിനു ഉപ്പിട്ടിളക്കുക. ഒരു ദിവസം നല്ല വെയിലില്‍ വയ്ക്കുക. നല്ല വെയില്‍ ഇല്ലെങ്കില്‍ ഇപ്പരിപാടിയ്ക്ക് നില്‍ക്കരുത്. മുളക് കേടായിപ്പോവും. വെയിലത്തുവെച്ച് എടുത്തിട്ട്, നല്ല മോരിലോ, തൈരിലോ ഇടുക. കുറച്ച് ഉപ്പ് വേണമെങ്കില്‍ തൈരിലും ഇടാം. കുറേ ആവരുത്.
പിറ്റേ ദിവസം തൈരില്‍/ മോരില്‍ നിന്നെടുത്ത് വീണ്ടും വെയിലത്തിടുക. ആ തൈരു കളയരുത്. പ്ലാസ്റ്റിക് ഷീറ്റില്‍ ഇട്ടാല്‍ മതി. എന്തെങ്കിലും ഒരു പ്ലാസ്റ്റിക് കവര്‍ മതി. എന്നിട്ട് അന്നും വെയിലത്തുനിന്നെടുത്ത് അതേ മോരില്‍/തൈരില്‍ ഇടുക. പിറ്റേ ദിവസം വീണ്ടും വെയിലത്തുവയ്ക്കുക. പിന്നെ തൈരില്‍ ഇടേണ്ട. നന്നായി ഉണങ്ങുന്നതുവരെ ദിവസവും വെയിലത്തുവയ്ക്കുക. ഉണക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ഉണങ്ങുന്നതിനിടയില്‍ വെയിലത്തുവയ്ക്കാന്‍ മറന്നുപോയാല്‍ മുളക് കേടാകും. പറഞ്ഞില്ലെന്ന് വേണ്ട.
ഉണങ്ങിയാല്‍ നന്നായി അടച്ചുസൂക്ഷിക്കുക. ആവശ്യം പോലെ വറുത്തു കൂട്ടുക.

Tuesday, May 13, 2008

കുമ്പളങ്ങ മൊളേഷ്യം


മൊളേഷ്യത്തിനു കുമ്പളങ്ങ/ഇളവന്‍ തോലും കുരുവുമൊക്കെക്കളഞ്ഞ് കഴുകി, ഉപ്പും, മഞ്ഞള്‍പ്പൊടിയും, കുരുമുളകുപൊടിയും ഇട്ട് വേവിക്കണം. ആവശ്യത്തിനുമാത്രമേ വെള്ളം വേണ്ടൂ. കുമ്പളങ്ങയ്ക്ക് അധികം വെള്ളമൊഴിച്ചാല്‍ വെള്ളം കുറേ അധികമാവും. വെന്തിട്ട് തേങ്ങ ചിരവിയിടണം. തേങ്ങയില്ലെങ്കിലും കുഴപ്പമില്ല. വെളിച്ചെണ്ണയൊഴിക്കണം. ഇത്രേ ഉള്ളൂ ജോലി. ഒക്കെ പാകത്തിനു ഇടുക. കുരുമുളക് അധികമായാല്‍ എരിയും. അതു ഞാന്‍ പറയണോ അല്ലേ? ;)

Sunday, May 11, 2008

ചക്കയട

അമ്മ, ഹൈസ്കൂളില്‍ കണക്ക് അദ്ധ്യാപിക ആയിരുന്നു. മക്കളൊക്കെ വലുതായി ഓരോവഴിക്കുപോയപ്പോള്‍ വളന്ററി റിട്ടയര്‍മെന്റ് എടുക്കുകയാണുണ്ടായത്. അതിരാവിലെ എണീറ്റ്, ചായപ്പലഹാരങ്ങളും, ഉച്ചയ്ക്കത്തേയ്ക്കുള്ള ചോറും കൂട്ടാനും ഉപ്പേരിയും ഒക്കെ തയ്യാറാക്കിയിട്ടാണ് സ്കൂളിലേക്ക് പോയിരുന്നത്. ഉച്ചഭക്ഷണം കൊണ്ടുപോവുകയും ചെയ്തിരുന്നു. ഒരു പാക്കറ്റ് ബ്രഡും തുറന്നുവെച്ച് കടിച്ചുതിന്നോന്ന് പറയാറില്ല അമ്മ. പനിക്കുമ്പോള്‍ തിന്നാനാണ് ബ്രഡ് എന്നാണ് അന്നും ഇന്നും സങ്കല്‍പ്പം. ;) എന്നും ജോലികഴിഞ്ഞുവന്ന്, അരച്ചും പൊടിച്ചും നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കിത്തന്നിരുന്നു. അങ്ങനെ, ഉദ്യോഗസ്ഥയായിരുന്ന അമ്മയെ സഹായിച്ചാണ് മക്കള്‍ നല്ല പാചകക്കാരായിത്തീര്‍ന്നത്. എല്ലാം ജോലിയും ചെയ്യാന്‍ പഠിക്കുന്നതില്‍ തെറ്റൊന്നുമില്ല, നിങ്ങള്‍ക്ക് പിന്നീട് ആവശ്യമില്ലെങ്കില്‍ എടുക്കേണ്ടെന്ന് വെച്ചാല്‍പ്പോരേന്നും പറഞ്ഞ് അമ്മ വീട്ടുജോലിയൊക്കെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ, കല്യാണം കഴിഞ്ഞപ്പോള്‍, ഒരു പാചകപുസ്തകവും പിടിച്ച് പാചകം ചെയ്യേണ്ട ഗതികേട് വന്നില്ല. പണ്ട് പാത്രം കഴുകാന്‍ മടിവരുമ്പോള്‍, ഇവിടെ കുറേ പാത്രം ഉണ്ട്, പിന്നീട് എന്റെ വീട്ടില്‍ ഒരു പ്ലേറ്റും, ഒരു പാത്രവും, ഒരു സ്പൂണും ഒരു ഗ്ലാസ്സും മാത്രേ ഉണ്ടാവൂ, അരിമാവുപോലും ഗ്ലാസ്സില്‍ വയ്ക്കുമെന്നൊക്കെപ്പറയുമായിരുന്നു ഞാന്‍. ;) അമ്മയ്ക്ക് പുറത്തെ ഭക്ഷണം അന്നും ഇന്നും ഇഷ്ടമല്ല. വല്ല ചിപ്സോ, മിക്സ്ചറോ കഴിച്ചാലായി. പിന്നെ പഴങ്ങളും. വീട്ടുഭക്ഷണം മാത്രമേ കഴിക്കൂ. ഞങ്ങളൊക്കെ പുറത്തുനിന്ന് ഇടയ്ക്ക് കഴിക്കുമ്പോള്‍, എന്തിനാ വെറുതെ, വീട്ടില്‍ വൃത്തിയില്‍ ഉണ്ടാക്കിക്കഴിച്ചൂടേന്ന് ചോദിക്കും. ഇന്ന് മാതൃദിനം ആണത്രേ. അമ്മയെ ഓര്‍മ്മിക്കാനും സ്നേഹിക്കാനും ഒന്നും ഒരു ദിനത്തിന്റെ ആവശ്യമില്ല. എന്നും മിണ്ടാറുണ്ട്. എന്നാലും ഇന്നത്തെ പാചകം അമ്മയ്ക്ക് വേണ്ടിയാവട്ടേന്ന് കരുതി. മക്കള്‍ തിന്നാലും മതിയല്ലോ അമ്മയ്ക്ക്.
അമ്മയുണ്ടാക്കുന്നതിന്റെ അയല്‍‌വക്കത്തൊന്നും വരില്ലെങ്കിലും ഞാനും അടയുണ്ടാക്കാന്‍ തീരുമാനിച്ചു. ചക്ക വരട്ടിത്തന്നത് അമ്മയാണ്. ഇക്കൊല്ലത്തേതല്ല, കഴിഞ്ഞ കൊല്ലത്തേതാണ് ചക്കപ്പേസ്റ്റ്. അമ്മയെ രാവിലെത്തന്നെ വിളിച്ച്, അടയുണ്ടാക്കുന്നുണ്ടെന്ന് അറിയിപ്പ് നടത്തുകയും ചെയ്തു.
ആദ്യം ശര്‍ക്കര പാവുകാച്ചി, അതിലേക്ക് ആവശ്യമുള്ള ചക്കപ്പേസ്റ്റും ഇട്ട് ഇളക്കണം. മധുരം നന്നായിട്ട് ഇഷ്ടമാണെങ്കില്‍, അടയുടെ എണ്ണത്തില്‍ ശര്‍ക്കര എടുക്കാം. പത്ത് അടയ്ക്ക്, ചക്കപ്പേസ്റ്റ് മൂന്ന് ടേബിള്‍സ്പൂണ്‍ മതിയാവും. അത് നന്നായി ഇളക്കിയിട്ട് വാങ്ങിവെച്ച്, ഏലക്കായ പൊടിച്ചതും, തേങ്ങ ചെറുതായി മുറിച്ചതും ഇടണം. മിനുസമായിട്ട് പൊടിച്ച അരിപ്പൊടിയും ഇടണം. പത്ത് ടേബിള്‍സ്പൂണ്‍ ഇട്ടുനോക്കുക. എന്നിട്ട് വെള്ളം പോലെയുണ്ടെങ്കില്‍ കുറച്ചും കൂടെ ഇടുക.

ഇല മുറിച്ച് കഴുകി വാട്ടിയെടുത്ത്, അതിലേക്ക് , അടയുടെ കൂട്ട് ഒഴിക്കുക.

സ്പൂണുകൊണ്ട് പരത്താം. ഇനി കൈകൊണ്ടാണെങ്കില്‍ അങ്ങനെ.

എല്ലാ ഇലക്കഷണത്തിലും ഇട്ട് പരത്തിക്കഴിഞ്ഞ്, ഒരു പാത്രമെടുത്ത്, അതിലേക്ക് മടക്കിമടയ്ക്കിവെയ്ക്കുക.
ഇവിടെ കുക്കറിന്റെ തട്ടില്‍ത്തന്നെ വെച്ചു.

നന്നായി വേവിച്ച് എടുക്കുക.

ഒന്ന് തണുത്തതിനുശേഷം ഇല നിവര്‍ത്തിനോക്കുക.

എന്നിട്ട് തിന്നുക.


ഇലയട ഇവിടെയുണ്ട്

Friday, May 09, 2008

ചക്കക്കുരു ഉപ്പേരി

ചക്കകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന വിഭവങ്ങള്‍ ഏറെയുണ്ട്. അതിന്റെ തോലുപോലും ഉപയോഗിക്കുന്നുണ്ട്. ചക്കക്കുരു കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളില്‍പ്പെട്ടതാണ് ചക്കക്കുരു മെഴുക്കുപുരട്ടി, ചക്കക്കുരു ഉപ്പേരി എന്നിവ. പല രീതിയിലും ഉണ്ടാക്കാം. പൊടിച്ചിട്ടും, കഷണമായിട്ടും, വറവിട്ടും, തേങ്ങ മാത്രം കൂട്ടിയും, വെളിച്ചെണ്ണയൊഴിച്ചും ഒക്കെ.

ആരോ പറഞ്ഞ കഥയില്‍, പഴങ്ങളൊക്കെ തിന്നുന്നതിനിടയ്ക്ക് ഒരു സായിപ്പ്, ചക്കച്ചുള പൊളിച്ചുകളഞ്ഞ് കുരു മാത്രം തിന്നുവെന്നുണ്ട്. ചുളയെന്നാല്‍ തോലാണെന്നാണ് സായിപ്പ് ധരിച്ചുവെച്ചിട്ടുള്ളതെന്ന്. ചക്കക്കുരുവിന്റെ തോലുകളയാന്‍ പലര്‍ക്കും മടിയുണ്ടാവും. ചക്കക്കുരു വിഭവം കഴിക്കാന്‍ ഇഷ്ടവും ഉണ്ടാവും. ഞാന്‍ എളുപ്പവിദ്യയില്‍ തോലുകളയുന്നതെങ്ങനെയാണെന്നുവെച്ചാല്‍, ചക്കക്കുരു കഴുകി, ഒരു പാത്രത്തിലിട്ട് കുക്കറില്‍ ഇട്ട് ഒന്നു വേവിക്കും. എന്നിട്ട് തണുത്തുകഴിയുമ്പോള്‍ തോലുകളയാന്‍
എളുപ്പമാവും. അധികം വെന്തുചീഞ്ഞുപോകരുത്. പിന്നെ ഉപ്പും മുളകും മഞ്ഞളും ഒക്കെ പിടിക്കാനുള്ളതല്ലേ. അതൊക്കെയിട്ട് നന്നായി വേവിച്ചാല്‍ മതി.
തോലൊക്കെക്കളഞ്ഞ് ചക്കക്കുരു നീളത്തില്‍ നീളത്തില്‍ മുറിയ്ക്കണം. അതാണ് ഉപ്പേരി സ്റ്റൈല്‍. എന്നിട്ട് വറവിടുന്നുണ്ടെങ്കില്‍ വറവൊക്കെയിട്ട്, ഉപ്പും മഞ്ഞള്‍പ്പൊടിയും, വേണമെങ്കില്‍ മുളകുപൊടിയും ഇട്ട്, വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. തോലുകളയാന്‍ ആദ്യം വേവിച്ചതാണെങ്കില്‍പ്പിന്നെ കുറച്ച് വെള്ളമേ ഒഴിക്കാവൂ. വെന്താല്‍ തേങ്ങ ചിരവിയിടുക. ഇനി മെഴുക്കുപുരട്ടിയാണെങ്കില്‍ വെറുതെ വേവിച്ച് വെളിച്ചെണ്ണയൊഴിച്ച് എടുത്താലും മതി.

ഞാനിതില്‍ വറവിട്ടില്ല. വേവിച്ച് തേങ്ങ ചിരവിയിട്ടു. കുറച്ച് വെളിച്ചെണ്ണയും ഒഴിച്ചു.

Wednesday, May 07, 2008

മാങ്ങാമധുരം


മധുരമുള്ള മാങ്ങകൊണ്ടൊരു ഇരട്ടിമധുരം. അതാണീ മാങ്ങാമധുരം. പഴുത്ത്, മധുരിക്കുന്ന, എന്നാല്‍ അല്പം പുളിയ്ക്കുന്ന മാങ്ങ ഇഷ്ടമില്ലാത്തവര്‍ ഉണ്ടോ? ഇനിയും കൂടുതല്‍ മധുരം ആവട്ടെ എന്നുവിചാരിക്കുന്നുണ്ടാവും അല്ലേ? ഇപ്പോഴാണെങ്കില്‍ ഇഷ്ടം പോലെ മാങ്ങകള്‍. വീട്ടിലില്ലെങ്കിലെന്താ വാങ്ങാന്‍ കിട്ടുമല്ലോ. പുളിയുള്ള മാങ്ങയാണെങ്കിലും ഇതിനുപറ്റും.
മാങ്ങ കുറേ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, മാങ്ങയല്ലേ, പാവമല്ലേ കുറച്ചും കൂടെ മധുരം കൊടുത്തേക്കാംന്ന്. അങ്ങനെയാണ് ഇതുണ്ടാക്കുന്നത്.
മാങ്ങയെടുത്ത് കഴുകി, തോലുകളയണം.
അത് കൈകൊണ്ട് പിഴിഞ്ഞോ കഷണങ്ങളാക്കി മിക്സിയില്‍ അടിച്ചോ, അതിന്റെ സത്ത്/ചാറെടുക്കണം. കുറച്ച് വെള്ളം ചേര്‍ക്കുകയൊക്കെ ചെയ്യാം. തണുത്ത വെള്ളം ചേര്‍ക്കൂ.
അതുകഴിഞ്ഞ് അളവ് ഏകദേശം കണക്കാക്കി അതിലേക്ക് ശര്‍ക്കര/വെല്ലം പൊടിച്ച് ഇടുക. കുറച്ച് ഏലയ്ക്ക പൊടിച്ചതും ഇടുക. തോലുകളഞ്ഞ് പൊടിച്ചിട്ടാല്‍ മതി. നന്നായി ഇളക്കി യോജിപ്പിക്കുക.
തയ്യാറായി.
ഇനി സ്വാദ് നോക്കുക. തീര്‍ക്കുക.
എത്ര മാങ്ങയുണ്ടോ അത്രയും ഗ്ലാസ്സ് ഇത് ഉണ്ടാക്കാം. അല്ലെങ്കില്‍ അധികം വെള്ളം പോലെ ഇഷ്ടമല്ലെങ്കില്‍ വെള്ളമൊഴിക്കരുത്. ഒരുപ്രാവശ്യം നോക്കിയാല്‍ എല്ലാ കണക്കും മനസ്സിലാവും.
എന്റെ കസിന്റെ വീട്ടില്‍ പോയപ്പോള്‍ അവള്‍ തന്നതാണ് ചില്ലുപാത്രം. നല്ല ഭംഗിയില്ലേ? നിങ്ങളുടെയൊക്കെ വീട്ടില്‍ വരുമ്പോള്‍ ഇതുപോലെ എന്തെങ്കിലും തരട്ടെ എന്നു കരുതി പറഞ്ഞു എന്നേയുള്ളൂ. ;)

Monday, May 05, 2008

സംഭാരം

കാരണവര്‍ക്ക് പനിച്ചാലും മോരുകൂട്ടാം എന്നു കേട്ടിട്ടില്ലേ? കാരണവര്‍ക്ക് എന്തും ചെയ്യാം എന്നര്‍ത്ഥം. പക്ഷെ മറ്റുള്ളവര്‍ പനിക്കുമ്പോള്‍ മോരുകൂട്ടരുത് എന്നൊരു കാര്യം കൂടെ അതിലുണ്ട്. മോര് കറികള്‍ ഉണ്ടാക്കാന്‍ മാത്രമല്ല, വെറുതേ കുടിക്കാനും നല്ലത്. ചൂടുകാലത്ത്, മോരും വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് അറിയില്ലേ?
വീട്ടില്‍, അത്യാവശ്യസന്ദര്‍ഭങ്ങളിലല്ലാതെ ഒരിക്കലും മോര് പുറത്തുനിന്ന് വാങ്ങിയിരുന്നില്ല. എത്രയോ കാലമായി അങ്ങനെത്തന്നെ. തൈരുണ്ടാക്കുക. കലക്കിയെടുക്കുക. ഇതാണ് പരിപാടി.


നല്ല കട്ടത്തൈരുണ്ടാക്കാന്‍ ഒരു സൂത്രമുണ്ട്. പാലിന് ഇളംചൂടുള്ളപ്പോള്‍ അതിലേക്ക് മോരൊഴിച്ച് ഉറയൊഴിക്കുക. ഒരു ലിറ്റര്‍ പാലിന്, രണ്ട് ടീസ്പൂണ്‍ പുളിച്ച മോരൊഴിച്ച് വെച്ചാല്‍, പിറ്റേന്നാവുമ്പോഴേക്കും മുറിച്ചെടുക്കാന്‍ കഴിയുന്ന തരത്തില്‍ തൈരു കിട്ടും. മോരൊഴിച്ച് ഒന്ന് ഇളക്കിവയ്ക്കാന്‍ മറക്കരുത്. തണുപ്പുകാലത്ത് കൂടുതല്‍ മോര് ഒഴിക്കേണ്ടിവരും.
തൈരെടുത്ത് നന്നായി കലക്കുക. കടകോലുകൊണ്ടോ, മിക്സിയില്‍ ഒഴിച്ചോ. എന്നിട്ട് അതില്‍ കുറച്ചെടുത്ത്, നല്ല തണുത്ത വെള്ളം ഒഴിക്കുക. ഐസുകട്ട ഇട്ടാലും മതി. മോരും വെള്ളമായാല്‍, ഉപ്പിട്ട് ഇളക്കുക. കുറച്ച് കറിവേപ്പില, ഒരു കഷണം ഇഞ്ചി, കുറച്ച് നാരകത്തിന്റെ ഇല, പച്ചമുളക് എന്നിവ, അരച്ചോ, ചതച്ചോ മോരിലേക്കിട്ട് യോജിപ്പിക്കുക. സംഭാരം റെഡി. കുറേ മോരുണ്ടെങ്കില്‍, ഇതൊക്കെ ഒരു കിഴികെട്ടി അതിലേക്ക് ഇട്ടാലും മതി. എന്നാല്‍ ഇതൊക്കെ, മോരും വെള്ളം കുടിക്കുമ്പോള്‍ വായില്‍പ്പെടാതെ ഇരിക്കും. സ്വാദുമുണ്ടാകും. ഒന്നോ രണ്ടോ ഗ്ലാസ്സ് ആണെങ്കില്‍ കിഴി കെട്ടാനൊന്നും നില്‍ക്കരുത്.
ഇഞ്ചിയുടേയും പച്ചമുളകിന്റേയും എരിവും, പുളിച്ച മോരിന്റെ സ്വാദും, തണുപ്പും, കറിവേപ്പിലയുടേയും, നാരകത്തിന്റേയും രുചിയും ഒക്കെക്കൂടെ ഈ സംഭാരം അടിപൊളിയാവും.
ഞാന്‍ മോരില്‍ തണുത്ത വെള്ളത്തിനുപകരം തിളപ്പിച്ചാറ്റിയ വെള്ളമൊഴിക്കും. എന്നിട്ട് അത് ഫ്രിഡ്ജില്‍ വയ്ക്കും. എന്നിട്ട് തണുത്തിട്ട് കുടിക്കും. അല്ലെങ്കില്‍ തിളപ്പിച്ച് തണുത്ത വെള്ളം ഫ്രിഡ്ജില്‍ വയ്ക്കും. അത് മോരിലൊഴിക്കും. പച്ചവെള്ളം ഒഴിക്കാത്തത് അമ്മ ചെയ്യുന്നത് കണ്ട് ശീലിച്ചതാണ്.

Friday, May 02, 2008

ചക്കച്ചുള വറുക്കേണ്ടേ?

ചക്ക വറുത്തിട്ട്, കറുമുറെ തിന്നാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടോ? വിഷുവൊക്കെ കഴിഞ്ഞ് അച്ഛനേയും അമ്മയേയും സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെയിരിക്കുന്നു ഒരു പകുതിച്ചക്ക.

അതെങ്കില്‍ അത്. അമ്മ പറഞ്ഞു, അത്രയ്ക്ക് മൂത്തിട്ടൊന്നുമില്ല, എന്നാലും വേണമെങ്കില്‍ വറുക്കാം. വേണ്ടതുകൊണ്ടാണല്ലോ വേരിലും കായ്ക്കുന്നത്.
അങ്ങനെ എല്ലാരും കൂടെ വെട്ടിക്കീറി.
ചുളയെടുത്ത് വേറെയിട്ടു.
ചുളയുടെ മുകളിലും താഴെയും കുറച്ച് കളഞ്ഞ്, കുരുകളഞ്ഞ് മുറിച്ചു. നീളവും വീതിയുമൊക്കെ കൃത്യം കൃത്യം ആവണം. അല്ലെങ്കില്‍ വറവ് ഒരുപോലെ ആകില്ല. എന്നാലും ടേപ്പ് വെച്ച് അളക്കുകയൊന്നും വേണ്ട.
അരിഞ്ഞു പകുതിയായപ്പോ അമ്മ അടുപ്പത്ത് ഉരുളി വെച്ചു. വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കാന്‍ വെച്ചു.
വലിയ ചീനച്ചട്ടി ഉണ്ടെങ്കിലും അതിലും കുറച്ചുകൂടെ ഇട്ടുവറുക്കാന്‍ ഉരുളിയല്ലേ സൌകര്യം.
ഉപ്പും പുരട്ടി, ചൂടായ വെളിച്ചെണ്ണയിലേക്കിട്ടു.

കുറേ മൊരിഞ്ഞപ്പോള്‍ തിരിച്ചും മറിച്ചുമിട്ടു.

പാകമായപ്പോള്‍ എടുത്തും വച്ചു.

ഇനി തിന്നാന്‍ ആരുണ്ടെന്ന് ചോദിക്കേണ്ടല്ലോ. വേറെ അരിഞ്ഞുവെച്ചിരിക്കുന്ന, ചുളയുടെ മുകളിലുള്ള മൂക്ക് എന്നു പറയുന്ന ഭാഗവും വറുക്കും.
അങ്ങനെ അമ്മയുടെ അടുക്കളയില്‍ നിന്ന് കറിവേപ്പിലയിലേക്ക് ചക്ക വറുത്തിട്ടു.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]