Thursday, May 24, 2012

അടമധുരം

അടപ്പായസം - പ്രഥമനും പാലടയും - ഇഷ്ടമല്ലേ? അടകൊണ്ടുണ്ടാക്കാമെന്ന് ഞാൻ മനസ്സിലാക്കിയെടുത്ത മറ്റൊരു വിഭവമാണ് ഇത്. ഇതിന് അടമധുരം എന്ന പേരിട്ടു. പായസം ഉണ്ടാക്കുന്നതുപോലെയുള്ള ജോലിയേ ഉള്ളൂ. അധികം വസ്തുക്കളൊന്നും വേണ്ട താനും.


അട - അര കപ്പ് - കഴുകിയശേഷം നല്ല ചൂടുവെള്ളത്തിൽ ഇട്ടു അടച്ചുവയ്ക്കണം. തിളച്ച വെള്ളത്തിൽ. പതിനഞ്ച് - ഇരുപതു മിനുട്ട്. അല്ലെങ്കിൽ അടയുടെ പായ്ക്കറ്റിനു പുറത്തു കാണുന്നതുപോലെ തയ്യാറാക്കി വയ്ക്കുക. വലിയ അടയാണെങ്കിൽ അളവ് അല്പം കുറച്ചെടുക്കുക.

പഞ്ചസാര - അര കപ്പ് + രണ്ട് ടേബിൾസ്പൂൺ. (മധുരം നിങ്ങളുടെ അളവിൽ ഇടുക).

അണ്ടിപ്പരിപ്പ്, മുന്തിരി, എന്നിവ കുറച്ച്. ബദാമും പിസ്തയും ഒക്കെയുണ്ടെങ്കിൽ അതും ആവാം.

കസ്റ്റാർഡ് പൊടി (custard powder) - ഇരുപതു ഗ്രാം. (ഒന്നൊന്നര ടേബിൾസ്പൂൺ). വാനില രുചിയുള്ളത്. (Vanilla Flavour)

പാൽ - അര ലിറ്റർ + കസ്റ്റാർഡ് പൊടി കലക്കാൻ കുറച്ച്.

പാൽ തിളപ്പിക്കുക. പാടയുണ്ടെങ്കിൽ എടുത്തുകളയേണ്ട ആവശ്യമില്ല. അതിലേക്ക് ചൂടുവെള്ളത്തിലിട്ട അട ഊറ്റിയെടുത്ത് ഇടുക. തീ കുറച്ചുവെച്ച് നന്നായി വേവിക്കുക. നല്ലോണം വേവണം. ഇളക്കിക്കൊടുക്കയും വേണം. പാൽ കുറച്ചുകൂടെ വേണമെങ്കിൽ എടുക്കാം. പക്ഷേ, അട വെന്താൽ പാൽ കുറുകണം. അത്രയ്ക്കുള്ള പാലേ എടുക്കേണ്ടൂ. അട നന്നായി വെന്താൽ പഞ്ചസാര ഇട്ടിളക്കുക. അതും നന്നായി യോജിപ്പിക്കുക. കസ്റ്റാർഡ് പൊടി അല്പം പാലിൽ കലക്കി അടക്കൂട്ടിലേക്ക് ഒഴിക്കുക. ഇളക്കി കുറുക്കുക. കസ്റ്റാർഡ് പൊടിക്കുള്ള പഞ്ചസാര കൂടെ ആദ്യം ഇടണം. കുറുകിയാൽ വാങ്ങിവെയ്ക്കുക.


തണുത്താൽ അണ്ടിപ്പരിപ്പ്, മുന്തിരി തുടങ്ങിയവയൊക്കെ ഇട്ട് ഇളക്കിവയ്ക്കുക. ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. തണുത്താൽ കഴിക്കുക.

എന്ത്? പായസം അങ്ങനെതന്നെ കുടിച്ചാൽ പോരേ, എന്തിനാ കസ്റ്റാർഡ് പൊടിയൊക്കെ ഇട്ടു തിളപ്പിച്ചു തണുപ്പിക്കുന്നത് എന്നോ?

 “എന്താ...അതെന്താ..അല്ലിക്ക് ആഭരണമെടുക്കാൻ ഞാൻ കൂടെ പോയാല്?”

10 comments:

Anaswara said...
This comment has been removed by the author.
Anaswara said...

"വിടമാട്ടേന്‍...??? നീ എന്നെ ഇങ്കെരുന്തു എങ്കെയും പോക വിടമാട്ടേന്‍...???" കലക്കി... പരീക്ഷിക്കുന്നതായിരിക്കും... തീര്‍ച്ചയായും...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കണ്ടിട്ടു വായില്‍ വെള്ളം നിറഞ്ഞു

Paachakalokham said...

enikku ettavum ishtamayathu avasanathe dialogue aanu :)

വല്യമ്മായി said...

അട പുഡിംഗ് :)

ശ്രീ said...

ആഹാ, കൊള്ളാല്ലോ.

അട വീട്ടിലിരിപ്പുണ്ട്. ഒന്നു നോക്കാം
:)

ktahmed mattanur said...

വായിച്ചു തീര്‍ന്നപ്പോള്‍ പായസത്തിന്റെ രുചി വായില്‍,ഉമിനീരിനും പായസത്തിന്റെ രുചിയോ എന്ന് ചോദിക്കുമായിരിക്കും,പാചകമില്ലാത പ്രവാസജീവിതത്തിനിടയില്‍ ഈ കറിവേപ്പിലയെങ്കിലും ഒരു സമാധാനം,നാട്ടില്‍ ഇതൊക്കെ ഒന്ന് പരീക്ഷിച്ച് പെണ്ണുമ്പിള്ളയെ ഒന്നമ്പരപ്പിക്കണം എന്നുണ്ട്.സമയം കിട്ടുമ്പൊള്‍ വായിക്കാറുണ്ട്,നാട്ടില്‍ ചെന്ന് സമയമുണ്ടാക്കി അടുക്കളയില്‍ വേണ്ട സാധനങ്ങള്‍ ഒപ്പിച്ചെടുത്ത് പരീക്ഷണം,ചതിക്കല്ലെ എന്റെ കറിവേപ്പിലേ,,,,അളിയന്മാരായ മര്‍കട മുഷ്ടിക്കാരെയും ഞെഗളിപ്പുള്ള പെങ്ങന്മാരേയും കുറ്റം പറയാന്‍ കാത്തു നില്‍കുന്ന പെണ്ണുമ്പിളളയെയും ഒന്നു ഞെരടി പ്പിയിയാന്‍ കറിവേപ്പില കരുത്തുനല്‍കുന്നുണ്ട്,ചതിക്കല്ലെ.

സു | Su said...

അനശ്വര :) അതുതന്നെ. വിടമാട്ടേൻ...

പണിക്കർ ജീ :) ഉണ്ടാക്കിക്കഴിക്കൂ. (എന്നല്ലേ പറയാൻ പറ്റൂ ഇപ്പോ).

പാചകലോകം :)

വല്യമ്മായി :) അങ്ങനെ ആയ്ക്കോട്ടെ എന്നാൽ. അല്ലേ?

ശ്രീ :) ഉണ്ടാക്കിനോക്കൂ.

അഹമ്മദ് :) ധൈര്യായിട്ട് പാചകപരീക്ഷണം നടത്തിക്കോളീ. കറിവേപ്പില ആരെയെങ്കിലും ചതിച്ച ചരിത്രമുണ്ടോ?

കോമാളി said...

അല്ല ഇത് നമ്മുടെ വാര്യംപള്ളിയിലെ സു ചേച്ചി അല്ലിയോ എന്താ ചേച്ചി സ്കൂട്ടറില് ??
സംഭവം കൊള്ളാം... ഞാന്‍ പുലാവ് നോക്കി വന്നതാ ഇനി ഇപ്പൊ ഇത് നോക്കാം... :-)

സു | Su said...

കോമാളി :) ഡോ.സണ്ണിയെ വിളിക്കണോ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]