Sunday, April 29, 2012

പുതിനച്ചോറ്

പുതിനയിലച്ചോറ്. ഇത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. പുതിനയില വേണം. പിന്നെക്കുറച്ചു സാധനങ്ങളും. അതൊക്കെ മിക്കവാറും വീട്ടിലുണ്ടാവും.


പുതിനയില - അര കപ്പ്. ചെറുതായി മുറിച്ചുവയ്ക്കുക.
മല്ലിയില - അര കപ്പ്. ചെറുതായി മുറിച്ചുവയ്ക്കുക.
അരി - പച്ചരിയാണു നല്ലത്. ബസ്മതിയുമാവാം. പിന്നെ അതൊന്നുമില്ലെങ്കിൽ പുഴുങ്ങലരി - അര കപ്പ്.
ജീരകം - കാൽ ടീസ്പൂൺ.
പുലാവ് മസാലപ്പൊടി - ഒരു ടീസ്പൂൺ.
വലിയ ഉള്ളി - ഒന്ന്. ചെറുതായി മുറിയ്ക്കുക.
നിലക്കടല - ഒരു ടേബിൾസ്പൂൺ.
ഉണക്ക മുന്തിരി - ഒരു ടേബിൾസ്പൂൺ.
നെയ്യ്, ഉപ്പ് എന്നിവ ആവശ്യത്തിന്. അല്പം മഞ്ഞൾപ്പൊടിയും.

അരി, പാകത്തിനു ഉപ്പുമിട്ടു വേവിച്ചുവയ്ക്കുക. നെയ്യ് ചൂടാക്കി, ആദ്യം ജീരകം ഇടുക. നിലക്കടലയും, മുന്തിരിയും ഇടുക. മൊരിഞ്ഞാൽ ഉള്ളി ഇടുക.
ഉള്ളി വേവുന്നതുവരെ/മൊരിയുന്നതുവരെ വഴറ്റിക്കൊണ്ടിരിക്കുക. മല്ലിയിലയും പുതിനയിലയും ചേർക്കുക. വഴറ്റുക. അല്പം മഞ്ഞൾപ്പൊടിയിടുക. പുലാവ് മസാലയും ഇടുക. നന്നായി യോജിപ്പിക്കുക. അല്പം ഉപ്പിടാം. അല്പനേരം ഇളക്കിക്കൊണ്ടിരിക്കുക. അതിലേക്ക്, വേവിച്ച് ചോറ് ഇട്ടിളക്കുക. നന്നായി ചേർന്നശേഷം വാങ്ങിവയ്ക്കുക.

ഒക്കെ തീ കുറച്ചുവെച്ചിട്ട് വഴറ്റുക.
എല്ലാം വഴറ്റിയശേഷം നെയ്യ് കുറച്ചും കൂടെ വേണമെങ്കിൽ ചേർക്കാം. ചോറ് ചേർക്കുന്നതിനുമുമ്പ്.
നിലക്കടലയ്ക്കു പകരം അണ്ടിപ്പരിപ്പും ചേർക്കാം.

സാലഡ്/സലാഡ് കൂട്ടിക്കഴിക്കാം.

3 comments:

evuraan said...

പുതിന - മിന്റ് ലീവ്സ് അല്ലേ
സംഭവം?
ഈ ചെടി നാട്ടിലുണ്ടെന്നത് പുതിയ അറിവാണു്.

സു | Su said...

ഏവൂ :) മിന്റ് ഇല (Garden Mint - Mentha viridis) തന്നെ. എല്ലായിടത്തും കിട്ടും. മിക്ക ഭാഷകളിലും പുതിന, പുദിന എന്നൊക്കെത്തന്നെയാണ്. ഫ്രൈഡ് റൈസിൽ ഇടും. പിന്നെ ജ്യൂസ് ഉണ്ടാക്കാം. ഞാൻ ചമ്മന്തിയുണ്ടാക്കിയിട്ടിട്ടുണ്ട്. പല വിഭവങ്ങളും ഉണ്ടാക്കാം. ഔഷധഗുണമുള്ളൊരു ഇല കൂടിയാണ് ഇത്.

ശ്രീ said...

കാണാനൊക്കെ ഒരു ലുക്കുണ്ട്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]