Monday, April 02, 2012
ചുരയ്ക്ക മാങ്ങാക്കൂട്ടാൻ
Bottle gourd ആണിത്. ചുരയ്ക്ക എന്നും ചുരങ്ങ എന്നുമാണ് ഇതിനെ മലയാളത്തിൽ വിളിക്കുന്നത്. കുമ്പളങ്ങ പോലെയൊക്കെയുള്ള ഒന്നാണിത്. ദൂധി അല്ലെങ്കിൽ ലൌകി എന്നു ഹിന്ദിയിലും സോറേക്കായി (സൊറെക്കായി) എന്നു കന്നടയിലും, തുംബീ, അലാബൂ എന്നു സംസ്കൃതത്തിലും ഇത് അറിയപ്പെടുന്നു. (വിക്കിപ്പീഡിയയോടു കുറച്ചു കടപ്പാട്).
ചുരങ്ങ ഉണങ്ങിയാൽ വെള്ളത്തിൽ താഴാത്തതിനാലാണ് അലാബു: എന്ന അർത്ഥം വന്നതെന്ന് അമരകോശത്തിൽ പറയുന്നു. (മലയാളത്തിലുള്ള അമരകോശമാണിവിടെയുള്ളത്.)
ചുരയ്ക്കയും ഇട്ടൊരു മാങ്ങാക്കൂട്ടാൻ അതാണിവിടെ ഉണ്ടാക്കിയത്. ഒരു സാദാ കൂട്ടാൻ.
ചുരയ്ക്ക തോലും കുരുവും കളഞ്ഞ് കഷണങ്ങളാക്കിയത് - ഒരു കപ്പ്. (ചിത്രത്തിൽ ഉള്ള ചുരയ്ക്കയുടെ പകുതി എടുത്താൽ മതി)
മാങ്ങ ചെറുത് - രണ്ട്. തോലുകളഞ്ഞ് നുറുക്കിയത് അഥവാ മുറിച്ചത്.
തേങ്ങ - അഞ്ചോ ആറോ ടേബിൾസ്പൂൺ.
ജീരകം - ഒരു ടീസ്പൂൺ. അര ടീസ്പൂൺ ആയാലും മതി.
ചുവന്ന മുളക്/വറ്റൽ മുളക് - നാല്. (എരിവു പാകം നോക്കി കൂട്ടുക).
മഞ്ഞൾപ്പൊടി, ഉപ്പ്.
വറവിടാനുള്ളത് - കടുക്, കറിവേപ്പില, ചുവന്ന മുളക്, വെളിച്ചെണ്ണ.
തേങ്ങയും ജീരകവും മുളകും മിനുസമായി അരയ്ക്കുക. ചുരയ്ക്കയും മാങ്ങയും ഉപ്പും മഞ്ഞളുമിട്ട് വേവിക്കുക. അധികം വെള്ളം വേണ്ട. രണ്ടും വേഗം വേവും എന്നതും ഓർമ്മിക്കുക. വെന്താൽ അതിൽ തേങ്ങയരച്ചത് കൂട്ടുക/ചേർക്കുക. തിളപ്പിക്കുക. ആവശ്യമനുസരിച്ചു വെള്ളവും ചേർക്കുക. തിളച്ചാൽ വാങ്ങിവെച്ച് വറവിടുക.
വറ്റൽ മുളകിനു പകരം മുളകുപൊടിയിട്ടാലും മതി. വേവിക്കുമ്പോൾ പാകത്തിന് ഇടുക. മാങ്ങ തോലോടെയാണ് ഇട്ടത്. കുഴപ്പമൊന്നും തോന്നിയില്ല.
Subscribe to:
Post Comments (Atom)
7 comments:
ഈ സാധനം എന്താന്ന് അറിയാത്തതോണ്ടു മേടിക്കാറില്ല. ഇനി കടയില്‍ കണ്ടാല്‍ മേടിച്ചു ഈ കറി വക്കണം. നന്ദി ഉണ്ട് പാചകകുറിപ്പിന്.
പാചകലോകം :) ഇനി വാങ്ങിയിട്ട് എന്തെങ്കിലും ഉണ്ടാക്കൂ.
ചുരയ്ക്ക എനിയ്ക്ക് അത്ര താല്പര്യമില്ലാത്ത ഐറ്റമാണ്.
വിഷു ആശംസകള്‍ , ചേച്ചീ...
ശ്രീ :) ഇഷ്ടമില്ലെങ്കിലും ഇടയ്ക്കൊക്കെ കറിവെക്കാം കേട്ടോ. വിഷു ആഘോഷിച്ചിട്ടുണ്ടാവും അല്ലേ? ആശംസകൾ കിട്ടിയതിൽ സന്തോഷം. അങ്ങോട്ടും എല്ലാ ആശംസകളും. പോസ്റ്റ് (നൂറല്ലേ) വായിച്ചിരുന്നു.
ഈ കറി വച്ചുട്ടോ. സംഭവം നല്ല രുചി ഉണ്ട്. ഇനിം ഉണ്ടാക്കാന്‍ അനുവാദം ഉണ്ട്. നന്ദി ഉണ്ട് സു ചേച്ചിയോട്.
പാചകലോകം :)
vayichittu othiri naalaayi ippozhanu karivekkan saadhichathu. oru puthiya curry koodi ente kichenil introduce cheythathinu "thanks"
Post a Comment