നേന്ത്രപ്പഴം/ ഏത്തപ്പഴം കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാറില്ലേ? ഞങ്ങൾ സാമ്പാർ, കാളൻ ഒക്കെ വയ്ക്കാറുണ്ട്. പച്ചടിയും ഇഷ്ടമാണെങ്കിൽ പരീക്ഷിക്കാം.
ഇവിടെ രണ്ടുതരത്തിൽ പച്ചടി വയ്ക്കുന്നത് പറയാം.
ആദ്യം തൈർ/മോർ ചേർത്ത് വയ്ക്കുന്ന പച്ചടി. അല്പം പുളിയുള്ള പച്ചടിയുണ്ടാക്കാം.
നേന്ത്രപ്പഴം ഒന്ന് തോലുകളഞ്ഞ് ചെറുതായി അരിയുക. നല്ലപോലെ പഴുത്തതാണ് കൂടുതൽ നല്ലത്. ചിത്രത്തിൽ ഉള്ളത് അത്രയ്ക്ക് പഴുത്തിട്ടില്ല.
പച്ചമുളക് രണ്ടെണ്ണം നടുവിൽ മുറിച്ച് നീളത്തിൽ അരിയുക.
മുളകുപൊടി - കാൽ ടീസ്പൂൺ. എരിവ് വേണ്ടാത്തവർക്ക് ഇടേണ്ടെന്നും വയ്ക്കാം.
തേങ്ങ - മൂന്ന്/നാലു ടേബിൾസ്പൂൺ.
കടുക് - കാൽ ടീസ്പൂൺ.
തേങ്ങയും കടുകും വെള്ളമില്ലാതെ മിനുസമായിട്ട് അരയ്ക്കുക. വെള്ളത്തിനു പകരം അല്പം മോരുവെള്ളം ചേർത്താൽ മതി.
തൈർ - കുറച്ച്. ഏകദേശം അര ഗ്ലാസ്സ്.
വറവിടാൻ കടുക്, കറിവേപ്പില, മുളക്.
വെളിച്ചെണ്ണ
ഉപ്പ്.
പഴം ഉപ്പും മുളകുപൊടിയും പച്ചമുളകും ഇട്ട് അല്പം വെള്ളം ചേർത്ത് നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാൽ അതിൽ വെള്ളം ഇല്ലാത്തതാണ് നല്ലത്. വേവിയ്ക്കുമ്പോൾ അതിനനുസരിച്ചു മാത്രം വെള്ളം ഒഴിയ്ക്കുക. വെന്താൽ തണുക്കാൻ വയ്ക്കുക. തണുത്താൽ അതിൽ തൈർ ഒഴിക്കുക, തേങ്ങ ചേർക്കുക.
നന്നായി യോജിപ്പിച്ച ശേഷം വറവിടുക.
ഇനി നേന്ത്രപ്പഴം മധുരപ്പച്ചടി.
മുകളിൽ പറഞ്ഞതിൽ തൈർ ഒഴിച്ച് ബാക്കിയെല്ലാം വേണം.
ഒരു ആണി ശർക്കരയും വേണം.
മധുരപ്പച്ചടിയ്ക്ക് തേങ്ങ അരയ്ക്കുമ്പോൾ മോരുവെള്ളം ചേർക്കാനും പാടില്ല.
പഴം, മുളകുപൊടി, ഉപ്പ്, പച്ചമുളക് എന്നിവയൊക്കെ ഇട്ട് വേവിച്ച് ഉടയ്ക്കുക. അതിൽ ശർക്കരയിടുക. ശർക്കര കുറച്ചുനേരം വേവണം. വെന്ത് വെള്ളം വറ്റിയാൽ വാങ്ങിവെച്ച് തേങ്ങ ചേർക്കുക. വറവിടുക.
രണ്ടു പച്ചടികളും വെന്താൽ വാങ്ങുന്നതിനുമുമ്പ് കറിവേപ്പില ഒരുതണ്ട് അതിൽ ഇടണം. ഇവിടെ ഇട്ടിട്ടില്ല. അതുകൊണ്ട് നിങ്ങൾ ഉപേക്ഷ വിചാരിയ്ക്കരുത്.
Subscribe to:
Post Comments (Atom)
3 comments:
ഇത് ഞാനുണ്ടാക്കാറുള്ള ഒന്നാണ്. എനിക്കിത് ഇഷ്ടമാണ്. ഞാനുണ്ടാക്കുന്നത് അല്പം വ്യത്യാസമുണ്ട്. ഓരോ സ്ഥലത്തും ഓരോ രീതി അല്ലേ.
എന്റെ ഒരു ബ്ളോഗില് ഞാനും വച്ചുവിളമ്പുന്നുണ്ട്, കേട്ടോ, സ്വാഗതം !!!
പാറുക്കുട്ടി :) ബ്ലോഗ് നോക്കാറുണ്ടല്ലോ.
കൊള്ളാം
Post a Comment