റവദോശയുണ്ടാക്കാറില്ലേ? റവ കൊണ്ട് ഉപ്പുമാവായിരിക്കും എല്ലാവരും അധികം ഉണ്ടാക്കുന്നത് അല്ലേ? അങ്ങനെയാണെങ്കിൽ ഈ റവ ഊത്തപ്പം പരീക്ഷിക്കാം. അരിമാവുകൊണ്ട് ഊത്തപ്പം ഉണ്ടാക്കുന്നതുപോലെത്തന്നെയാണ് ഇതും. എളുപ്പം കഴിയും മാവ് തയ്യാറാക്കാൻ.
ഇതിന്:-
റവ വേണം. സൂജിറവ/ ബോംബേ റവ എന്നൊക്കെ പേരുള്ള വെളുത്ത റവ - ഇവിടെ ഒന്നര കപ്പ് എടുത്തു.
പിന്നെ പച്ചമുളക് രണ്ടെണ്ണം വട്ടത്തിൽ ചെറുതായി മുറിച്ചത്.
ഇഞ്ചി ഒരു ചെറിയ കഷണം തോലുകളഞ്ഞ് ചെറുതാക്കി കഷണങ്ങളാക്കിയത്.
കറിവേപ്പിലയും മല്ലിയിലയും കുറച്ച് എടുത്ത് മുറിച്ച് ചെറുതാക്കിയെടുക്കുക.
തക്കാളി ചെറുത് രണ്ടെണ്ണം കുഞ്ഞുകഷണങ്ങളാക്കിയെടുക്കുക.
വലിയ ഉള്ളി ഒന്ന് വലുത് ചെറിയ കഷണങ്ങളാക്കി എടുക്കുക. തോലു കളയാൻ മറക്കരുത്.
തൈര്- അര ഗ്ലാസ്സ്.
തേങ്ങ ചിരവിയത് കുറച്ച്.
ഉപ്പ്.
വെളിച്ചെണ്ണ - ഊത്തപ്പം ഉണ്ടാക്കുമ്പോൾ അതിനു മുകളിൽ ഒഴിക്കാൻ.
ആദ്യം ചെയ്യേണ്ടത് റവ അതിനു മാത്രം ആവശ്യമായ ഉപ്പിട്ട്, കുറച്ചു വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിരാൻ വയ്ക്കണം. അതു നനയാൻ കഷ്ടിച്ച് ഉള്ള വെള്ളമേ ഒഴിക്കേണ്ടൂ.
ഒരു മണിക്കൂർ കഴിഞ്ഞാൽ തൈർ ആദ്യം ചേർക്കുക. ഇളക്കിയോജിപ്പിച്ചിട്ട്, ബാക്കിയൊക്കെ ചേർക്കുക. ആ ചേർത്ത വസ്തുക്കൾക്കൊക്കെ ആവശ്യമായ ഉപ്പും കൂടെ ചേർക്കുക. അധികമാവരുത്. വെളിച്ചെണ്ണ ആ കൂട്ടിൽ ചേർക്കാനുള്ളതല്ല.
അഞ്ചുപത്തുമിനുട്ട് ഒക്കെ ഒന്നു ഒത്തുയോജിക്കാൻ വയ്ക്കണം.
അതിനുശേഷം ദോശക്കല്ല് ചൂടാക്കി മാവൊഴിക്കണം. അധികം ചൂടായാൽ മാവൊക്കെ ഏതെങ്കിലും വഴിക്ക് പോകും. അതുകൊണ്ട് കല്ല് ഒന്നു ചൂടാവുമ്പോൾ മാവൊഴിച്ച് പരത്തുക. നോൺ സ്റ്റിക്ക് അല്ലെങ്കിൽ ഒഴിക്കുന്നതിനുമുമ്പ് വെളിച്ചെണ്ണ ദോശക്കല്ലിൽ പുരട്ടുക. നോൺ സ്റ്റിക്ക് ആണെങ്കിൽ ഒഴിച്ച മാവിനു മുകളിൽ വെളിച്ചെണ്ണ പുരട്ടുക.
അടിഭാഗം വെന്ത്, മുകളിലും വെന്ത് വന്നാൽ മറിച്ചിടുക. മാവൊഴിച്ചതിനുശേഷം ഒരു പ്ലേറ്റെടുത്ത് അടച്ചുവെച്ചാലും നല്ലത്. രണ്ടുഭാഗവും വെന്താൽ കല്ലിൽനിന്നെടുക്കുക.
ചമ്മന്തിയും കൂട്ടി കഴിക്കുക.
Subscribe to:
Post Comments (Atom)
4 comments:
ഇത് കൊള്ളാലോ സൂ ചേച്ചീ ..
എവിടാരുന്നു കഴിഞ്ഞ രണ്ടു മാസം ??
ജെസ്സ് :) നന്ദി. ഇവിടെത്തന്നെയുണ്ട്. രണ്ടുമാസം ഈ ബ്ലോഗിൽ പോസ്റ്റ് ഇടാൻ കഴിഞ്ഞില്ല. അത്രതന്നെ.
ആഹാ. ഒന്നു പരീക്ഷിയ്ക്കണം
ശ്രീ :) എളുപ്പമായിരിക്കും.
Post a Comment