Monday, February 22, 2010

കുരുമുളകുരസം

അമ്മമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നൊരു രസമാണ് ഇത്. ഉണ്ടാക്കാനും എളുപ്പം. തോന്നിയപോലെയൊന്നും ഉണ്ടാക്കുന്നത് അമ്മമ്മയ്ക്കിഷ്ടമില്ലായിരുന്നു. കൽച്ചട്ടിയിൽ ഉണ്ടാക്കണം. അരയ്ക്കാനുള്ളത് അരച്ചുചേർക്കണം എന്നൊക്കെയുണ്ടായിരുന്നു. എന്നാലേ അതിന്റെ ഗുണവും സ്വാദും ഉണ്ടാവൂ. ഞാൻ അതുപോലെയൊക്കെ ഉണ്ടാക്കി.

കുരുമുളക് രസം ഉണ്ടാക്കാൻ എളുപ്പം കഴിയും.



കുരുമുളക് പൊടി - ഒരു ടീസ്പൂൺ
ജീരകം - കാൽ ടീസ്പൂൺ അരച്ചത്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
പുളി - വലിയ നെല്ലിക്കാവലുപ്പത്തിൽ വെള്ളത്തിൽ ഇട്ട് കുറച്ചുകഴിഞ്ഞ് പിഴിഞ്ഞ് വെള്ളം എടുക്കുക. ചൂടുള്ള വെള്ളത്തിൽ ഇട്ടാൽ വേഗം പിഴിഞ്ഞെടുക്കാം. അര ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടാൽ കുഴപ്പമില്ല.
ശർക്കര - ഒരു ആണി.
ഉപ്പ്
വറവിടാൻ, കടുക്, മുളക്, കറിവേപ്പില.




പുളിവെള്ളവും, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, എന്നിവ അടുപ്പത്ത് തിളയ്ക്കാൻ വയ്ക്കുക. കുറച്ച് വെള്ളവും ചേർക്കാം. രസമല്ലേ. വേവ് പകുതിയായാൽശർക്കര ഇടാം. ശർക്കരയും വെന്ത് യോജിച്ചാൽ ജീരകം അരച്ചത് ചേർക്കുക. അതും യോജിച്ച് തിളച്ചാൽ വറവിടുക.




കുരുമുളക് പൊടി കൂടുതൽ ചേർക്കണമെങ്കിൽ ആവാം. ഓരോരുത്തരുടെ ഇഷ്ടം പോലെ. ജീരകപ്പൊടിയും ചേർക്കാം. അരയ്ക്കുന്നതിനുപകരം.

എന്തുപാകം ചെയ്യാൻ ആണെങ്കിലും, സ്റ്റൗവിൽ കൽച്ചട്ടി വയ്ക്കുമ്പോൾ നല്ലപോലെ ശ്രദ്ധിയ്ക്കണം. തീ കുറച്ചേ എപ്പോഴും വയ്ക്കാവൂ. പിന്നെ നന്നായി തിളയ്ക്കുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുകയും ചെയ്യാം. അല്ലെങ്കിൽ ചിലപ്പോൾ തിളച്ചു താഴെപ്പോകും. കൽച്ചട്ടിയുടെ ചൂടുകൊണ്ട് തീയിൽ നിന്നു മാറ്റിയാലും തിളയ്ക്കും.

7 comments:

Sranj said...

Thank you chechi... will try this..
i have had this here in Pondicherry.. and tried to make it.. but at the end.. the pepper tasted bitter. now that i got the recipe.. will make it..

സു | Su said...

Sranj :) ഉണ്ടാക്കി നോക്കൂ.

ശ്രീ said...

സാധാരണ രസവും ഇതും തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടോ?

സു | Su said...

ശ്രീ :) കുറച്ച് വ്യത്യാസം ഉണ്ട്. പരിപ്പ്, ജീരകം മുതലായവ ചേർക്കുന്നതിലെ വ്യത്യാസം.

ശ്രീ said...

ഓ... അതു ശരി. ഇവിടെ ഞങ്ങള്‍ ബാച്ചലേഴ്സ് ഉണ്ടാക്കുമ്പോള്‍ അങ്ങനെ നിയമങ്ങളൊന്നുമില്ല ചേച്ചീ... ഉള്ളത് കൊണ്ട് അങ്ങ് ഉണ്ടാക്കും :)

Anju Ramesh said...

ചേച്ചീ..ഞാന്‍ ഉണ്ടാക്കി നോക്കി ഈ രസം. നന്നായിരിക്കുന്നു. പണ്ടു എവിടെയോ നിന്നു കഴിച്ച രുചി. പിന്നേയ്...ഈ ശർക്കര - ഒരു ആണി എന്നു പറഞ്ഞാല്‍ എത്രയാ? ഒരു നുള്ള് ആണോ?

സു | Su said...

അഞ്ജു രമേഷ്, ഒരു ആണി ശർക്കര ചിത്രത്തിലുണ്ട്. ഇനി അതു കാണുന്നില്ലെങ്കിൽ ഒരു ആണി ശർക്കര എന്നു പറഞ്ഞ് ഞാനെടുത്തത് ഏകദേശം 20- 25 ഗ്രാം വരും. എന്തായാലും അതറിയാതെ ഉണ്ടാക്കിയിട്ട് നന്നായല്ലോ. ഭാഗ്യം!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]