മിക്കവാറും എല്ലാ ചടങ്ങുകൾക്കും ഞങ്ങളുടെ വീട്ടിൽ ഉഴുന്നുവടയുണ്ടാക്കും. ഇഡ്ഢലിയുടെ കൂടെയാണ് ഉഴുന്നുവട പതിവ്. വലിയ പാത്രം വെച്ച് എണ്ണ ചൂടാക്കി അതിലേക്ക് മാവിട്ട് കുറേയെണ്ണം ഒരുമിച്ചിട്ട് വറുത്തുകോരിയെടുക്കുന്നതുകാണാൻ ഒരു രസം തന്നെ. അഥവാ ഇഡ്ഡലി മാത്രമേ ഉള്ളൂ എന്നു പറഞ്ഞാൽ ഞങ്ങൾ പറയും പാവം ഇഡ്ഡലി വിഷമിച്ച് പാട്ടുപാടും എന്ന്. “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ” എന്ന പാട്ട്.
ഉഴുന്നുവടയുണ്ടാക്കാൻ എളുപ്പമാണ്. അല്പം ചേരുവകളേ വേണ്ടൂ. വേഗം കിട്ടുകയും ചെയ്യും.
ഉഴുന്ന്
പച്ചമുളക്
കറിവേപ്പില
ഇഞ്ചി
കുരുമുളക്
വെളിച്ചെണ്ണ
ഉപ്പ്
ബേക്കിംഗ് പൗഡർ (നിർബ്ബന്ധമില്ല).
ഒരു കപ്പ് ഉഴുന്ന് രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിലിടുക.
സമയം ആയാൽ ഒട്ടും വെള്ളമില്ലാതെ അരയ്ക്കുക.
അരയ്ക്കുമ്പോൾ അതിൽ ഉപ്പും പത്ത് - പന്ത്രണ്ട് മണി കുരുമുളകും ഇടുക.
ഉഴുന്ന് ഒന്ന് അരഞ്ഞിട്ടേ കുരുമുളക് ഇടാവൂ. കുരുമുളക് മുഴുവൻ അരഞ്ഞുപോകരുത്. തരിതരിയായി കിടക്കണം. തിന്നുമ്പോൾ കടിക്കണം.
അഞ്ച് പച്ചമുളക് ചെറുതായി വട്ടത്തിൽ മുറിച്ചെടുക്കുക.
കുറച്ച് കറിവേപ്പിലയും ചെറുതായി അരിഞ്ഞെടുക്കുക.
ഒരു കഷണം ഇഞ്ചിയും ചെറുതായി മുറിച്ചെടുക്കണം.
ഒക്കെ ഉഴുന്നുകൂട്ടിലേക്ക് ഇടുക. അല്പം കായം (പൊടി) ചേർക്കുക. വളരെ സ്വല്പം ബേക്കിംഗ് പൗഡറും ചേർക്കുക. വീട്ടിൽ ചേർക്കാറില്ല.
ഉള്ളിയും തേങ്ങ ചെറുതായി അരിഞ്ഞതും ചേർക്കുന്നതു കണ്ടിട്ടുണ്ട്. ഞാൻ ചേർത്തിട്ടില്ല.
ഒക്കെ യോജിപ്പിച്ച്, കൈയിൽ അല്പം വെള്ളം പുരട്ടി കൂട്ട് എടുത്തുവെച്ച് തുളയുണ്ടാക്കി ചൂടുള്ള വെളിച്ചെണ്ണയിലേക്ക് ഇടുക. ശ്രദ്ധിച്ചില്ലെങ്കിൽ ഉഴുന്നുകൂട്ടിനുപകരം വിരലും കൈയും ഒക്കെ വെളിച്ചെണ്ണയിൽ മുങ്ങും. ഞാൻ പറഞ്ഞില്ലെന്ന് പിന്നെപ്പറയരുത്.
നന്നായി മൊരിച്ച് വറുത്തെടുക്കുക. വെറുതേ തിന്നുക. ചമ്മന്തിയും സാമ്പാറും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതു കൂട്ടിത്തിന്നുക.
പരിപ്പുവടയും
സാബൂദനവടയും
കടലപ്പരിപ്പ് വടയും ഇവിടെയുണ്ട്.
ഉഴുന്നുവട, ഹോട്ടലിൽ കിട്ടുന്നതുപോലെ ആകൃതിയിൽ കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല. ചിലപ്പോളതിൽ, തലേന്നത്തെ ചോറോ അല്ലെങ്കിൽ അരിപ്പൊടിയോ, റവയോ ഒക്കെ കൂട്ടിയിട്ടുണ്ടാകും. നമ്മളുണ്ടാക്കുമ്പോൾ ഉഴുന്ന് മാത്രം ഉപയോഗിച്ചാൽ മതി. ഉണ്ടാക്കിയുണ്ടാക്കി ശരിയാവും.
പണ്ടൊരു ചടങ്ങിന് വീട്ടിലുണ്ടാക്കിയത്.
Sunday, February 22, 2009
Subscribe to:
Post Comments (Atom)
12 comments:
സൂജീ തകര്‍ത്ത് പാചകം തന്നെ അല്ലെ?!,
പിന്നേ, എന്തെങ്കിലും കറി വയ്ക്കാന്‍ ആലോചിച്ച്
കറിവേപ്പില ബ്ലോഗ് മുഴുവന്‍ തപ്പേണ്ടി വരുന്നു കണ്ടുപിടിക്കാന്‍. ഒടുവില്‍ ഈ ലിങ്ക് (http://kariveppila.blogspot.com/2008_08_01_archive.html) കിട്ടുമ്പോള്‍ ആശ്വാസമാകും. പക്ഷെ ആ പേജ് കണ്ടുപിടിച്ച് വരുമ്പോഴേയ്ക്കും ഒരു നേരമാകുന്നു. ഈ ലേബലുകള്‍ ഫ്രണ്ട് പേജില്‍ ഇട്ടാല്‍ ഉപകാരമായേനെ
ഒരെളിയ അഭിപ്രായമാണേ..:)
പല പ്രാവശ്യം ശ്രമിച്ചിട്ടും തുള മാത്രം ശരിയാവുന്നില്ല.. അതെന്താവും... ?
വെള്ളമൊഴിക്കാതെ മിക്സി യില്‍ അരയുകെയുമില്ല ... !!
thank u,thank u thank u sooooooooo much.ഇതെനിക്ക് കഴിക്കാന്‍ ഏറ്റവും ഇഷ്ടമുള്ളതും ഞാന്‍ ഉണ്ടാക്ക്യാ ഒരുകാലത്തും നേരാവാത്തതുമാണ്.തമിഴ്നാട്ടിലൊക്കെ പോയാല്‍ പല റെസ്റ്റോറണ്ടുകാരും രാവിലെ വടമാത്രമായി തരൂല്ല,ഇഡ്ഡലിസെറ്റിന്റൊപ്പമേ തരു എന്നതുകൊണ്ട് എന്റെ സഹയാത്രികര്‍ക്കൊക്കെ പലപ്പോഴും അനാവശ്യമായി കുറേ ഇഡ്ഡലി കഴിക്കേണ്ടിവന്നിട്ടുണ്ട്.;) .ഇവിടെ അബുദാബിയിലേം,ദുബായിലേം പലയിടത്തുനിന്നും കഴിച്ചുനോക്കിയപ്പോള്‍ അതിനോടുള്ള ഇഷ്ടമേ പോയ്പ്പോകുമോന്നു ഭയന്ന് ഇവിടെ നിന്നുള്ള കഴിക്കല്‍ നിര്‍ത്തി.ഏതായാലും ഉണ്ടാക്കി നോക്കട്ടെ.:-)
ഞാനൊരു വട്ടം ഉഴുന്നുവടയുണ്ടാക്കീട്ട് അതൊരു പുതിയ പലഹാരം തന്നെയായി മാറി.....ഇനി ഇതൊന്നു പരീക്ഷിക്കട്ടെ... നന്ദി...:)
ആത്മച്ചേച്ചീ :) അങ്ങനെ തകർത്ത് പാചകം ഒന്നുമില്ല. കെവിൻ, ഡിസംബറിൽ ഞാൻ റൊട്ടിപ്പോസ്റ്റിട്ടപ്പോൾ പറഞ്ഞതാണ് ഉഴുന്നുവടയുണ്ടാക്കാൻ പറഞ്ഞുകൊടുക്കാൻ. പിന്നെ കുറച്ച് തിരക്കായി, യാത്രയായി. അങ്ങനെയിങ്ങനെ സമയം പോയി. ഇപ്പോ സമാധാനമായിട്ട് ഉഴുന്നുവടയുണ്ടാക്കി. (എന്നാലും അത്ര ശരിയായിട്ടില്ല). ലേബലിടാം. ലേബലിടാൻ കുറച്ച് ജോലിയുണ്ട്. മൂഡില്ല. അതുകൊണ്ട് പിന്നേയ്ക്ക് പിന്നേയ്ക്ക് നീട്ടുന്നു. (ജീ വേണോ ചേച്ചി വേണോ?)
പകൽകിനാവൻ :) മിക്സിയിൽ അരയും. കുറച്ച് നേരം പിടിക്കും. ചമ്മന്തി അരയ്ക്കുന്ന ചെറിയ പാത്രത്തിൽ കുറച്ച് കുറച്ചായിട്ട് അരച്ചാൽ മതി.
ആഗ്നേയ :) പാചകക്കുറിപ്പുകൾ നോക്കുന്നതിൽ സന്തോഷം. ഉഴുന്നുവടയുണ്ടാക്കൂ. ശരിയാവും.
വേറിട്ട ശബ്ദം :) ശ്രമിച്ചുനോക്കൂ. ശരിയാവും.
ഉഴുന്നു വട ഇഷ്ടമല്ലാത്ത ആളുകള്‍ ഉണ്ടാകില്ല അല്ലേ? അവസാനത്തെ ആ പടം കൂടി കണ്ടപ്പോള്‍...
തഞ്ചാവൂര്‍ പഠിച്ചിരുന്ന കാലത്തെ ഞങ്ങളുടെ സ്ഥിരം ഭക്ഷണമായിരുന്നു വടയും ചട്‌നിയും. നമ്മുടെ നാട്ടില്‍ എവിടെ നോക്കിയാലും തട്ടുകടകളില്‍ ദോശയും ചമ്മന്തിയും എന്ന പോലെ അവിടെ എല്ലായീടത്തും കിട്ടാറുള്ളത് ഈ വടയാണ്. ഓര്‍ക്കുമ്പോഴേ കൊതിയാകുന്നു...
സൂജീ,
ജീ എന്നു വിളിക്കുന്നതിലും ഭേദം ചേച്ചി എന്നു വിളിക്കുന്നാതാണ്. വെറുതെ പേരു വിളിച്ചാലും
കുഴപ്പമില്ല. സൂവിനു ഇഷ്ടമുള്ളപോലെ വിളിക്കാം.
സൂ എവിടെയാണ് യാത്രപോയത്?
സൂ വെറും ഒരു വീട്ടമ്മയല്ലെന്നു ഈയ്യിടെയായി തോന്നിത്തുടങ്ങുന്നു
നന്ദി ഈ പാചക കുറിപ്പിന്.....
ശ്രീ :)തമിഴ്നാട്ടിൽ ഉണ്ടാക്കുന്ന വടയ്ക്ക് നല്ല സ്വാദാണെന്ന് കേട്ടു.
ശിവ :)
ആത്മേച്ചീ :) ഞാൻ വീട്ടമ്മയാണ്. യാത്ര എന്നു പറഞ്ഞാൽ ഒരു മുപ്പത് കിലോമീറ്റർ പോയാലും എനിക്കു യാത്ര തന്നെ.
ഞാന്‍ കണ്ണൂര് വരാം...ഇതേ പോലെ കുറെ വടയുണ്ടാക്കി തരുമോ?? ചമ്മന്തിയും..
മേരിക്കുട്ടീ :) ഇതിലും നന്നായി ഉണ്ടാക്കിത്തരാം. ചമ്മന്തി മാത്രമല്ല, സാമ്പാറും, തൈരും തരാം.
i made uzhunu vada and succeed..thank you
Post a Comment