Sunday, December 21, 2008

റൊട്ടി

റൊട്ടി എന്നു ഞങ്ങൾ വിളിക്കുന്ന വിഭവം എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ കഴിയുന്ന ഒന്നാണ്. റൊട്ടി എന്നാണ് ഞങ്ങൾ ബ്രഡിനും പറയുന്നത്. ഈ റൊട്ടിയ്ക്ക് പല സ്ഥലത്തും പല പേരുണ്ടാവും. എനിക്കറിയില്ല. എണ്ണപ്പലഹാരങ്ങൾ ഒഴിവാക്കാൻ മിക്കവാറും ശ്രമിക്കാറുണ്ടെങ്കിലും എണ്ണയിൽ മുക്കിപ്പൊരിക്കാതെ എന്തു വിഭവം എന്നാണ് ചിലപ്പോൾ കരുതുക. അമ്മായിയാണ് ഇതിന്റെ പാചകവിധി പറഞ്ഞുതന്നത്. അവിടെനിന്നാണ് അധികം കഴിച്ചിട്ടുള്ളതും. ഒരിക്കൽ ഫോൺ ചെയ്തപ്പോൾ റൊട്ടി ഉണ്ടാക്കാറില്ലേന്ന് ചോദിച്ചിരുന്നു. അപ്പോഴൊന്നും ഇത് തയ്യാറാക്കാനുള്ള മനസ്സിലായിരുന്നു. അടുത്തൊരിക്കൽ വീണ്ടും വിളിച്ച് ഇതിന്റെ സംശയങ്ങളൊക്കെ തീർത്തു. എല്ലാവരും സൗകര്യം പോലെ ശ്രമിക്കുക. ഇഷ്ടമാവുമായിരിക്കും. ഇതിനാവശ്യമായ വസ്തുക്കൾ എല്ലാവരുടേം വീട്ടിൽ ഉണ്ടാവുകയും ചെയ്യും.

അരിപ്പൊടിയും ഉഴുന്നും നാലിനൊന്ന് എന്ന കണക്കിലാണ്. അരിപ്പൊടി നാലു കപ്പാണെങ്കിൽ ഉഴുന്ന് ഒരു കപ്പെടുക്കണം.
കുരുമുളകുപൊടി - എരുവിനാവശ്യമായത്.
ജീരകം
ഉപ്പ്
വെളിച്ചെണ്ണ
കായം.

ഇവിടെ ഞാൻ അളവെടുത്തത് :-

ആറു ടേബിൾസ്പൂൺ നിറച്ചും അരിപ്പൊടി.
ഒന്നര ടേബിൾസ്പൂൺ നിറച്ചും ഉഴുന്നരച്ചത്.
ജീരകം അധികം പൊടിയാവാതെ പൊടിച്ചത് - അര ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂണിലല്പം അധികം ഇട്ടു. എരുവുണ്ട്. വേണ്ടെങ്കിൽ കുറയ്ക്കുക. ഇനി കൂട്ടണമെങ്കിൽ അതും ആവാം.
ഉപ്പ് ആവശ്യത്തിന്.
കായം പൊടി - കുറച്ച്


ഉഴുന്ന് വെള്ളത്തിൽ കുതിർത്തി മൂന്നുനാലു മണിക്കൂർ കഴിഞ്ഞ് അരച്ചെടുക്കണം. രണ്ട് മണിക്കൂറായാലും കുഴപ്പമൊന്നുമില്ല. കുതിരണം. അത്രയേ ഉള്ളൂ. വളരെക്കുറവേ വെള്ളം വേണ്ടൂ. എന്നിട്ട് ഉപ്പും കുരുമുളക്, ജീരകം, കായം എന്നീ പൊടികളൊക്കെ ഇട്ട് അരിപ്പൊടിയുമായി കൂട്ടിക്കുഴച്ച് എടുക്കുക.



വെള്ളം ഉഴുന്നിൽ ഉള്ളതു പോരെങ്കിൽ വേറെ കൂട്ടിയാൽ മതി. ചപ്പാത്തിമാവിനേക്കാളും അല്പം കൂടെ അയഞ്ഞിട്ട് മതി. കുഴച്ച്, കുറച്ച് കൈയിൽ എടുത്ത് കൈകൊണ്ടു തന്നെ പരത്തി നടുവിലൊരു തുളയും വച്ച് ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കുക. പരത്തിയിട്ട് ഒരു പ്ലാസ്റ്റിക് കടലാസ്സിൽ നിരത്തിവയ്ക്കാം. അധികം വെള്ളമില്ലെങ്കിലേ ശരിയാവൂ. അല്ലെങ്കിൽ എടുക്കാൻ കിട്ടിയെന്നുവരില്ല. ഉള്ളം കൈയിൽ എണ്ണയോ വെള്ളമോ തൊട്ട് പരത്തുക.




ഒരുപാട് ചൂടാക്കി, വെളിച്ചെണ്ണ വച്ചിട്ട്, അതിലേക്ക് പ്ടേ എന്നു പറഞ്ഞ് ഇടരുത്. എണ്ണപ്പലഹാരം ഉണ്ടാക്കുമ്പോൾ നല്ല ശ്രദ്ധ വേണം. പതുക്കെ സൂക്ഷിച്ച് ചെയ്യണം, എല്ലാവരും. നന്നായി മൊരിച്ചെടുക്കണം. വളരെ നേർമ്മയായിട്ട് പരത്തിയാൽ കൂടുതൽ നന്നാവും. ഉള്ളിൽ വേവു കുറയുമെന്ന് പേടിക്കുകയും വേണ്ട. ചൂടോടെയാണ് തിന്നാൻ നല്ലത്. തണുക്കുമ്പോൾ കട്ടിയാവും.

ഉഴുന്നുപൊടി കിട്ടാറുണ്ട്. അതാണെങ്കിൽ ഒന്നുകൂടെ എളുപ്പമായി. അളവ് നോക്കി കുഴച്ചെടുത്താൽ മതി.




ചായയുടെ കൂടെ നല്ലൊരു പലഹാരമല്ലേ ഇത്?

ചിത്രം മുഴുവൻ ചേട്ടനെടുത്തത്. എനിക്കു തീരെ സമയമില്ലായിരുന്നു. (ഉണ്ടാക്കുന്നതിനും തിന്നുന്നതിനുമിടയിൽ കൈ ഒഴിവു വേണ്ടേ ;))

15 comments:

കാസിം തങ്ങള്‍ said...

റൊട്ടി തിന്നാന്‍ കൊതിയായിട്ട് വയ്യ. ഈ ചേച്ചീടെ ഒരു കാര്യം.

സമീന മുനീര്‍ (അബൂദാബി) said...
This comment has been removed by the author.
സു | Su said...

കാസിം തങ്ങൾ :) എന്തിനാ മടിക്കുന്നത്? ഉണ്ടാക്കിക്കഴിച്ചുനോക്കൂ, സമയം കിട്ടുമ്പോൾ.

പകല്‍കിനാവന്‍ | daYdreaMer said...

ഫൈനല്‍ product ന്റെ പടം കാണിച്ചില്ല... അതുകൊണ്ട് ഒരു ചെറിയ പേടി ഇല്ലാതില്ല...

മുസാഫിര്‍ said...

ഇതു ഉഴുന്നു വടയല്ലെ ?
“ഒരുപാട് ചൂടാക്കി, വെളിച്ചെണ്ണ വച്ചിട്ട്, അതിലേക്ക് പ്ടേ എന്നു പറഞ്ഞ് ഇടരുത്... “ എഴുത്ത് കണ്ടിട്ട് അങ്ങൈനെ സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു ?

സു | Su said...

പകൽകിനാവൻ :) തമാശ!

മുസാഫിർ :) ഉഴുന്നുവട അരികൊണ്ടാണോ ഉണ്ടാക്കുന്നത്? എനിക്കങ്ങനെ ഒന്നും സംഭവിക്കാറില്ല. അമ്മയുടെ ഉപദേശം അതേപടി എല്ലാവരോടും പറഞ്ഞെന്നേയുള്ളൂ.

ശ്രീനന്ദ said...

chechi,
Xmas ayittu cake undakkunnille. vegam cake undakkiyittu paranju thaa.

സു | Su said...

ശ്രീനന്ദ, ക്രിസ്മസ്സ് ആയിട്ടു കേക്ക് ഉണ്ടാക്കാറില്ല. ക്രിസ്മസ്സ് ആഘോഷിക്കുന്ന സുഹൃത്തുക്കൾ ഉണ്ടാക്കും. ഞങ്ങളെ ക്ഷണിക്കും. ഞങ്ങൾ പോകും. കേക്ക് തിന്നും.

Anonymous said...

സൂ ചേച്ചീ, കണ്ടിട്ടു് ഉഴുന്നുവട പോലെയുണ്ടു്. ഉഴുന്നുവടയും എങ്ങനെയാ ഉണ്ടാക്കുന്നേന്നു ഒന്നു പറഞ്ഞു തര്വോ? സിജിയെക്കൊണ്ടു് ഉണ്ടാക്കിപ്പിച്ചു തിന്നാനാ.

സു | Su said...

കെവിൻ :) സൗകര്യം പോലെ ഉണ്ടാക്കിയിടാം കേട്ടോ.

ശ്രീ said...

പടം കണ്ടാല്‍ ഉഴുന്നു വട പോലെ തന്നെ. പക്ഷേ, ഇപ്പറഞ്ഞ റൊട്ടി തിന്നിട്ടുണ്ടോ എന്നറിയില്ല

Inji Pennu said...

ങ്ങേ? ഇത് എന്തു സംഭവാ? ഞാനിതുവരെ കേട്ടിട്ടില്ലാ കണ്ടിട്ടില്ല. ഇത് കുറച്ച് കാലമിരിക്കുമോ സൂവേച്ചി?

സു | Su said...

ശ്രീ :) അവിടെ എന്താ പേരു പറയുന്നതെന്ന് എനിക്കറിയില്ലല്ലോ. കഴിച്ചിട്ടുണ്ടാവും.

ഇഞ്ചീ :) ഇതിന് റൊട്ടി എന്നാണ് പറയുന്നത്. ചൂടോടെയാണ് നല്ലത്. ഉണ്ടാക്കുമ്പോൾത്തന്നെ. പിന്നീട് തണുക്കുമ്പോൾ സ്വാദിനൊന്നും മാറ്റമില്ലെങ്കിലും കട്ടിയാവും. തിന്നാൻ പാടുപെടും.

Bindhu Unny said...

“ചൂടോടെയാണ് തിന്നാൻ നല്ലത്. “ - അതുകൊണ്ടാണല്ലേ സൂ സ്പൂണ്‍കണക്കിന് അളന്നെടുത്തത്. ഞാനാദ്യം വിചാരിച്ചു എന്താ ഇത്ര കുറച്ച് ഉണ്ടാക്കുന്നതെന്ന് ...
ഇതിനെങ്ങനാണാവോ ‘റൊട്ടി’ എന്ന് പേര് വന്നത്! :-)

സു | Su said...

ബിന്ദൂ :) പേരങ്ങിനെ വന്നത് എങ്ങനെയെന്നറിയില്ല. വല്യ വല്യ പാത്രത്തിൽ അളന്ന് ഉണ്ടാക്കിത്തിന്നിട്ടുവേണം എന്റെ തടികൂടാൻ. ;)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]