Friday, December 12, 2008
നെല്ലിക്കച്ചമ്മന്തി
നെല്ലിക്ക സീസൺ ആയി. വിറ്റാമിൻ സി അടങ്ങിയതാണ് നെല്ലിക്ക. ച്യവനപ്രാശം പോലുള്ള ലേഹ്യങ്ങളിലും മരുന്നുകളിലുമൊക്കെ നെല്ലിക്ക ഒരു ചേരുവയാണ്. നെല്ലിക്ക പച്ച തിന്നു വെള്ളം കുടിച്ചാൽ എന്തൊരു സ്വാദാണല്ലേ? സൗന്ദര്യത്തിനും നെല്ലിക്ക ഉപയോഗിക്കാം. തലയിൽ തേക്കാൻ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് നന്നായിരിക്കും. നെല്ലിക്ക കൊണ്ട് പല വിഭവങ്ങളും ഉണ്ട്. ഉപ്പിലിട്ടത്, അച്ചാർ, മുറബ്ബ, ചമ്മന്തി. നെല്ലിക്ക എന്തൊക്കെയോ ചേരുവകളിട്ട് ഉണക്കിയിട്ട്, അടയ്ക്ക പോലെ വിൽക്കുന്നതു കണ്ടിട്ടുണ്ട്. അതിനെക്കുറിച്ചൊക്കെ ഗവേഷണം നടത്തിയിട്ട് പറഞ്ഞുതരാം.
നെല്ലിക്കച്ചമ്മന്തി ഞാനുണ്ടാക്കിയത് ഇങ്ങനെയാണ്.
നെല്ലിക്ക കഴുകിയെടുത്തു.
വെള്ളം തിളപ്പിച്ച് അതിൽ കുറച്ചുനേരം വേവിച്ച് എടുത്തു.
നെല്ലിക്കയെടുത്ത് കുരുകളഞ്ഞ് തേങ്ങയും ഉപ്പും മുളകും കൂട്ടി അരച്ചു. അരയ്ക്കുമ്പോൾ വെള്ളമൊഴിച്ചില്ലെങ്കിൽ അത്രയും നല്ലത്.
വലിയ നെല്ലിക്ക ആയതുകൊണ്ട് മൂന്നെണ്ണം എടുത്തു.
നാലു ചുവന്ന മുളകെടുത്തു. (എരിവ് ഉണ്ട്).
അഞ്ച് ടേബിൾസ്പൂൺ ചിരവിയ തേങ്ങയെടുത്തു.
പാകത്തിനുള്ള ഉപ്പിട്ടു.
ആദ്യം തേങ്ങയും മുളകും ഉപ്പും കൂടെ ഒന്ന് മിക്സിയിൽ അടിച്ചു.
നെല്ലിക്ക കുരുകളഞ്ഞ് ചെറുതാക്കി (കൈ കൊണ്ട് അമർത്തി) മിക്സിയിലേക്കിട്ടു. അരച്ചു.
നെല്ലിക്ക വേവിച്ചിട്ട് ഞാനൊരു പാത്രത്തിലാക്കി വെച്ചിട്ടുണ്ട്. അതിൽനിന്ന് ഇടയ്ക്കെടുത്ത്, മുളകുപൊടിയൊക്കെ ഇട്ട് എടുക്കും. അല്ലെങ്കിൽ വെറുതേ തിന്നും. ഏകാദശി കഴിഞ്ഞ് ദ്വാദശി ആയപ്പോൾ, അമ്മ പറഞ്ഞു, നോമ്പ് കഴിഞ്ഞാൽ നെല്ലിക്ക കഴിക്കണം എന്ന്. എന്നോടങ്ങ് മറന്നുപോയിരുന്നു അക്കാര്യം. അപ്പോ വീണ്ടും പാത്രം തുറന്നു.
ഈ നെല്ലിക്ക കണ്ടില്ലേ? കാണാത്തവരൊക്കെ വേഗം പോയിക്കാണൂ. (പരസ്യത്തിന് കാശ് കിട്ടുമോയെന്തോ!) ;)
Subscribe to:
Post Comments (Atom)
10 comments:
ഇതിന് നല്ല സ്വാദുണ്ടാകും ഉറപ്പ്. കുത്തരി ചോറും നെല്ലിക്കാ ചമ്മന്തിയും കൂടി ഇപ്പോള്‍ കിട്ടിയിരുന്നെങ്കില്‍..............
മനുഷ്യനെ കൊതിപ്പിക്കാന്‍ ഓരോ പോസ്റ്റ്..:)
നെല്ലിക്കയുടെ ഔഷധ ഗുണങ്ങളൊക്കെ വളരെ കൂടുതലാണു്. വിറ്റാമിന്‍ സി യുടെ കലവറ തന്നെ ഇത് ഏതസുഖമുള്ളവര്‍ക്കും കഴിക്കാമെന്നുള്ള പ്രത്യ്യേകതയും അവകാശപ്പെടുന്നുണ്ട്.
ഇവിടെ ഇപ്പോള്‍ നെല്ലിക്കായുടെ സീസണാണ്. ഒരു പേരക്കായുടെ വലിപ്പമുള്ള നെല്ലിക്കാ 15 രൂപാ കിലോയ്ക്ക് സുലഭമായി കിട്ടുന്നു. കുറേ വാങ്ങി അച്ചാറിട്ടു. പിന്നെയും ഇരിക്കുന്നു. ഇനി കുറച്ച് ചമ്മന്തിയായും ഉപയോഗിച്ചു നോക്കാം.
സു എഴുതിയ പോലെ ഇതുണക്കി പൊടിച്ചു സൂക്ഷിക്കാമെന്നറിഞ്ഞ് ഞങ്ങള്‍ കുറച്ച് നുറുക്കി വെയിലത്തിട്ട് നോക്കുന്നു. തണുപ്പു കാലമായതിനാല്‍ വെയില്‍ ദുര്‍ലഭമാണു്. എങ്കിലും ഇതുണങുകയല്ല എന്ന് തോന്നുന്നു. ഇതുണക്കി പൊടിച്ചു വയ്ക്കാന്‍ എന്തെങ്കിലും രീതികളറിയാമെങ്കില്‍ അറിയിക്കുമല്ലോ.
ഞങ്ങളുടെ നെല്ലിക്കാ പരീക്ഷണങ്ങളിലെ മൂന്നു ചിത്രങ്ങള്‍ കൂടി.
ഇവിടെ
ഇവിടെയും
ഉണങ്ങുന്നത്
ഇന്നാട്ടുകാര്‍ മുരബ്ബയായിട്ടാണ് ഇതു സൂക്ഷിക്കുന്നത്.
പോസ്റ്റിന് നന്ദി.:)
മാറുന്ന മലയാളി :) അവിടെ നെല്ലിക്ക കിട്ടിയാൽ ചമ്മന്തിയരയ്ക്കണം കേട്ടോ.
വേണുവേട്ടാ :) ലിങ്ക് ഒക്കെ നോക്കാം. നെല്ലിക്ക, തലയിൽ തേക്കാൻ വെറുതേ ഉണക്കി പൊടിക്കുക തന്നെയാവും. അടയ്ക്കാക്കഷണങ്ങൾ പോലെ കിട്ടുന്നത്, എന്തൊക്കെയോ ചേർത്ത് ഉണക്കുന്നതാണെന്ന് തോന്നുന്നു. ഉപ്പ് ഉണ്ട്. പിന്നെ മസാല ആവും. അത് കടയിലേ കണ്ടിട്ടുള്ളൂ. അതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞാൽ പറയാം. അവിടെയൊക്കെ തണുപ്പല്ലേ? ഉണക്കുന്നതൊക്കെ മാർച്ച് - ഏപ്രിലിലേ പറ്റൂ. അപ്പോഴേക്കും നെല്ലിക്ക തീരും അല്ലേ?
ഇവിടെ നെല്ലിക്ക കിട്ടും.ഞാന്‍ നോക്കാം കേട്ടോ..
കണ്ടിട്ട് കൊതിയായി.
സ്മിത :) ചമ്മന്തിയരച്ച് കഴിക്കൂ.
ഇതു കണ്ടപ്പോള്‍ എന്താണാവോ വായില്‍ വെള്ളമൂറുന്നത്?
അതേയ്..ഒരു കാര്യം ചോദിക്കട്ടെ..ഈ പോസ്റ്റില്‍ പബ്ലിഷ് ചെയ്യുന്ന ഫോട്ടോസിലൊക്കെ "കറിവേപ്പില" എന്ന് മാര്‍ക്ക് വരുന്ന സൂത്രം ഒന്നു പറഞ്ഞു തരാമോ?
ആദര്‍ശ് പറഞ്ഞു അങ്ങനെ വരുന്നതിനെ "വാട്ടര്‍ മാര്‍ക്ക്" എന്നാണു പറയുക എന്ന്..പക്ഷെ,മൂപ്പര്‍ക്കും വല്യേ പിടിയില്ല അതിനെപ്പറ്റി.
സ്മിത :) ചിത്രങ്ങളൊക്കെ ചെറുതാക്കാനും മുറിച്ചുനീക്കണമെങ്കിൽ നീക്കാനും ഞാൻ ഉപയോഗിക്കുന്നത് പെയിന്റ്. നെറ്റ് (Paint. NET എന്ന പരിപാടിയാണ്(പ്രോഗ്രാം). അത് തുറന്നാൽ, അതിൽ നമുക്ക് വേണ്ട ചിത്രം തുറക്കണം. പിന്നെ അതിലെ ടൂൾസിൽ, കുറേ സാദ്ധ്യതകൾ ഉണ്ട്. പെയിന്റടിക്കാനും, എഴുതാനും ഒക്കെ. അതിലെ ടെക്സ്റ്റ് എന്നത് തെരഞ്ഞെടുത്ത്, നമുക്കിഷ്ടമുള്ള കളറും തെരഞ്ഞെടുത്ത്, മലയാളത്തിൽ എഴുതണമെങ്കിൽ പെയിന്റ്. നെറ്റിൽ, ഫോണ്ട്, അഞ്ജലി ഓൾഡ് ലിപി എടുത്ത്, പിന്നെ കീമാനിലും മലയാളം എടുത്താൽ നമ്മൾ തുറന്നുവെച്ച ചിത്രത്തിൽ ഒരു സ്ഥലം ക്ലിക്ക് ചെയ്താൽ അവിടെ നമുക്ക് ടൈപ്പ് ചെയ്യാം. ഇനി മലയാളം വേണ്ടെങ്കിൽ ഫോണ്ട് വേറെ എടുക്കേണ്ട. ടെക്സ്റ്റ് ടൂൾ സെലക്റ്റ് ചെയ്ത് ടൈപ്പ് ചെയ്താൽ ഇംഗ്ലീഷ് വന്നോളും. ഇതൊക്കെയാണ് ഞാൻ ചെയ്യുന്നത്. ഇതൊക്കെയാണ് ചേട്ടൻ പറഞ്ഞുതന്നിട്ടുള്ളതും. എളുപ്പമാണ്. പെയിന്റ്. നെറ്റ് കിട്ടുമോന്ന് നോക്കൂ.
ശ്രീ :)
Thank u so much..chechi...I wl try..ketto..
Chechi, Thank you for the Naadan Recipes - Vrinda
Post a Comment