Sunday, December 07, 2008

ശർക്കരപ്പയർ

ശർക്കരപ്പയർ ചില അമ്പലങ്ങളിൽ പ്രസാദം പോലെ ഉണ്ടാക്കാറുണ്ട്. എളുപ്പം കഴിയുന്ന ഒരു ജോലിയാണ്. പക്ഷെ സ്വാദിനു കുറവില്ല. പയറും അതിന്റെകൂടെ അല്പം മധുരവും ആവാം എന്നുള്ളവർക്ക് ഇഷ്ടമാവും തീർച്ച.

പയർ ചിത്രത്തിലുള്ളത്രേം എടുത്താൽ, അര ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ഗ്ലാസ്സിൽ നിറച്ചും ഉണ്ടാവും. വലിയ ആണി ആണെങ്കിൽ നാലോ അഞ്ചോ, ചെറിയ ആണി ആണെങ്കിൽ ആറേഴ് ആണി ശർക്കര എടുക്കുക. ഈ അളവിൽ നല്ല മധുരം ഉണ്ടാവും. അത്ര വേണ്ടെങ്കിൽ കുറയ്ക്കാം. ചിരവിയ തേങ്ങ ഈ അളവ് പയറിന് അഞ്ച് ടേബിൾസ്പൂൺ വേണം. തേങ്ങ കുറഞ്ഞാലും കൂടിയാലും വല്യ കുഴപ്പമില്ല.



ആദ്യം പയർ, കല്ലൊക്കെയുണ്ടെങ്കിൽ എടുത്തുകളഞ്ഞ് കഴുകി വേവിക്കുക. പയർ കുറച്ചുനേരം വെള്ളത്തിലിട്ടാൽ വേഗം വേവും. ആവശ്യത്തിനുമാത്രം വെള്ളമൊഴിച്ച് വേവിക്കുക. കുക്കറിൽ വേവിക്കുന്നതാണ് നല്ലത്. വെന്താൽ പിന്നേം അടുപ്പത്ത് വച്ച് അതിലേക്ക് ശർക്കര ഇട്ടിളക്കുക. തീ കുറച്ചുവെച്ചില്ലെങ്കിൽ അടി കരിയും, അതുകണ്ട് നിങ്ങൾ കരയും. ;) ശർക്കര യോജിച്ചാൽ തേങ്ങയും ഇട്ടിളക്കുക. അതിൽ വെള്ളമുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ തീ കെടുത്തുന്നതിനുമുമ്പ് അടച്ചുവച്ച് തീ കെടുത്തുക. കുറച്ചുനേരം കഴിഞ്ഞ് തുറക്കുക. വെന്തു കഴിഞ്ഞാൽ പയറിൽ വെള്ളമില്ലാതിരിക്കുന്നതാണ് നല്ലത്. തിന്നുന്ന ശർക്കരപ്പയറാണു നല്ലത്. വെള്ളമായാൽ കുടിക്കേണ്ടിവരും. അത് അത്ര സുഖമുള്ള കാര്യമല്ല.




എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും, അധികം വസ്തുക്കളൊന്നും ആവശ്യമില്ല എന്നതാണ് ശർക്കരപ്പയറിന്റെ പ്രത്യേകത.

8 comments:

smitha adharsh said...

ഇതു നമ്മുടെ സുഖിയന്‍ മിക്സ് പോലെത്തന്നെ അല്ലെ ചേച്ചീ..ഇതു ഉഅരപ്പായും ഉണ്ടാക്കും.ചെറുപയര്‍,ശര്‍ക്കര,തേങ്ങ..എല്ലാം ഉണ്ടല്ലോ..ഇതുണ്ടാക്കി,എന്റെ ഭര്‍ത്താവിനെക്കൊണ്ട് കഴിപ്പിച്ചിട്ടു തന്നെ കാര്യം..താങ്ക്യു..പുതിയൊരു ഐറ്റം പറഞ്ഞു തന്നതിന്.

മൂര്‍ത്തി said...

ശര്‍ക്കരപ്പയറില്‍ തേന്മഴ ചൊരിയും
‘സു‘ക്രവര്‍ത്തികുമാരാ...

നന്ദി..പണ്ട് ഞാന്‍ കഴിച്ചിട്ടുണ്ട്. ഗ്രാമത്തിലെ അമ്പലത്തില്‍ നിന്ന്. പിന്നെ ബൊമ്മക്കൊലുവിനു ചില വീടുകളില്‍ നിന്നുമൊക്കെ.

മേരിക്കുട്ടി(Marykutty) said...

പണ്ടു വൈകിട്ട് സ്കൂള്‍ വിട്ടു വരുമ്പോ അമ്മച്ചി ഉണ്ടാക്കി വയ്ക്കാറുണ്ടായിരുന്നു പയര്‍ പായസം ..

ഗൃഹാതുരത ഉണര്‍്ത്തുന്നു ഈ പയര്‍ പായസം :) നന്ദി സു ചേച്ചി.

ശ്രീ said...

പണ്ട് വലിയ ഇഷ്ടമുള്ള ഒന്നായിരുന്നു ഇത്. കുട്ടിക്കാലത്ത് അമ്മ ഇടയ്ക്കിടെ ഉണ്ടാക്കി തരുമായിരുന്നു. വലുതായപ്പോള്‍ വന്നു വന്ന് തീരെ കഴിയ്ക്കാറില്ല. :(

നാട്ടില്‍ പോകുമ്പോള്‍ അമ്മയോട് പറഞ്ഞ് ഒന്നൂടെ പണ്ടത്തെ പോലെ കഴിയ്ക്കണം. :)

സു | Su said...

സ്മിത :)

മൂർത്തി :)

മേരിക്കുട്ടീ :)

ശ്രീ :)

ബഷീർ said...

എനിക്കിഷ്ടപ്പെട്ട ഒരു പലഹാരം :)
(ഏതാണു ഇഷ്ടമില്ലാത്ത പലഹാരം എന്ന് ചോദിയ്കരുത്‌.ഞാന്‍ പറയില്ല )

Bindhu Unny said...

സുഖിയന്റെ ഉള്ളിലെ കൂട്ടല്ലേ. ഞാനുണ്ടാക്കാറുണ്ട്. അല്പം ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും കൂടി ചേര്‍ക്കും. :-)

സു | Su said...

ബഷീറേ :) ബഷീറിന് എല്ലാ ഭക്ഷണവും ഇഷ്ടമാണെന്ന് എനിക്കറിയാം. അതുകൊണ്ട് ചോദിക്കുന്നില്ല.

ബിന്ദൂ :)സുഖിയന് കൂട്ടുണ്ടാക്കുമ്പോൾ ഒട്ടും വെള്ളം ഇല്ലാത്തതാണ് നല്ലത്. ഇതിൽ ഞങ്ങൾ ജീരകവും ഏലയ്ക്കാപ്പൊടിയും ചേർക്കാറില്ല. ചേർത്താൽ സ്വാദ് ഒന്നുകൂടെ കൂടും. അല്ലേ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]