Monday, October 20, 2008

ഇലുമ്പിപ്പുളി

എല്ലാവരും പറയുന്നത് ഇലുമ്പിപ്പുളിയെന്നാണോ? എന്റെ അമ്മാമന്റെ വീട്ടിനടുത്ത് ഒരു ഡോക്ടറുടെ നഴ്സിംഗ് ഹോമിൽ നിറയെ ഇലുമ്പിപ്പുളിയുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാനും കസിനുകളും അവിടെ പോകുമ്പോൾ രോഗിയെ കാണുന്നതിലും ഉഷാർ ഇലുമ്പിപ്പുളി പെറുക്കിക്കൊണ്ടുവന്ന് തിന്നുന്നതിലായിരുന്നു. കൊണ്ടുവന്ന് തിന്നും. പിന്നെ വീണ്ടും പോകും.



ഇപ്പോ അമ്മാമന്റെ വീട്ടിലുണ്ട് മരം. പക്ഷെ, അതിൽനിന്ന് പറിച്ചുതിന്നാൻ ആർക്കും വല്യ ഉഷാറില്ല. ഒന്നും ഉണ്ടാക്കാറുമില്ല.
എന്നാല്‍പ്പിന്നെ ചമ്മന്തിയുണ്ടാക്കിയേക്കാം, അച്ചാറുണ്ടാക്കിയേക്കാം എന്നൊക്കെ ഞാൻ കരുതി.


ചമ്മന്തിയ്ക്ക് ഇലുമ്പിപ്പുളിയുടെ കൂടെ കുറച്ച് തേങ്ങ, ഉപ്പ്, ചുവന്ന മുളക് എന്നിവ വേണം. കറിവേപ്പിലയും ഇടാം. ഇലുമ്പിപ്പുളിയുടെ അധികപുളി ഒഴിവാക്കാൻ ഞാൻ അതിൽ കുറച്ച് കുഞ്ഞുള്ളിയും ഇട്ടു.



ഇലുമ്പിപ്പുളി മിക്സിയിൽ ഇടുന്നതിനുമുമ്പ് ഒന്നു ചെറുതാക്കാം. തീരെ വെള്ളമില്ലാതെ
അരയ്ക്കണം. പുളിയിൽത്തന്നെ വെള്ളമുണ്ട്. ചമ്മന്തി റെഡി.



പുളിയുള്ളതുകൊണ്ട് ചോറിനും കഞ്ഞിക്കുമൊപ്പമാണ് നല്ലത്.



ഇനി അച്ചാറുണ്ടാക്കാനോ?

ഇലുമ്പിപ്പുളി
നല്ലെണ്ണ
കായം (പൊടി)
ഉലുവപ്പൊടി
മുളകുപൊടി
ഉപ്പ്
ഇത്രയും വേണം.



ഇലുമ്പിപ്പുളി ചിത്രത്തിലെപ്പോലെ മുറിക്കുക. നല്ലെണ്ണ കുറച്ചെടുത്ത് ചൂടാക്കാൻ വയ്ക്കുക. ഇലുമ്പിപ്പുളിയ്ക്കനുസരിച്ച് അതു വഴറ്റിയെടുക്കാൻ വേണ്ട അളവിൽ എണ്ണയെടുക്കണം. ചൂടായാൽ ഇലുമ്പിപ്പുളി അതിലേക്കിട്ട് ഇളക്കുക. തീ വളരെക്കുറച്ചു വയ്ക്കുക. പുളി എളുപ്പത്തിൽ മൃദുവാകും. നിറവും മാറും. അങ്ങനെ മൃദു ആയാൽ അതിലേക്ക് ഉലുവപ്പൊടി വളരെക്കുറച്ച് ഇടുക. കായം പൊടി ഇടുക. ഇളക്കി യോജിപ്പിച്ചതിനുശേഷം ഉപ്പും ആവശ്യത്തിനു മുളകുപൊടിയും ഇടുക. മൂന്നാലു മിനുട്ട് ഇളക്കിക്കൊണ്ട് യോജിപ്പിച്ചാൽ വാങ്ങിവയ്ക്കാം.



നല്ലെണ്ണ ഇഷ്ടമല്ലെങ്കിൽ നിങ്ങളുപയോഗിക്കുന്ന പാചകയെണ്ണ ഉപയോഗിച്ചാലും മതി.

22 comments:

വല്യമ്മായി said...

തൃശ്ശൂരിത് ഇരുമ്പന്‍ പുളി പാലക്കടും മലപ്പുറത്തും ഓര്‍ക്കാപ്പുളി :)

siva // ശിവ said...

എന്റെ വീടിലും ഒരു മരം ഉണ്ട്....ചെറിയൊരു മരം...നിറയെ കായ ഉണ്ട്...അതെല്ലാം ഇതുവരെ വെറുതെ കൊഴിഞ്ഞു പോകുമായിരുന്നു....പുളിഞ്ചിക്ക എന്നാ ഇവിടെ പാറശ്ശാലക്കാരൊക്കെ പറയുന്നത്...എന്തായാലും നന്ദിയുണ്ട്....ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കാന്‍ കഴിയുമെന്ന് അറിയുന്നതില്‍....ഇനി അമ്മയോട് ഒന്ന് പറഞ്ഞു നോക്കട്ടെ....ഇതൊന്നെ ഉണ്ടാക്കി തരാന്‍....

മേരിക്കുട്ടി(Marykutty) said...

ബിലുമ്പി പുളി എന്നും പറയാറുണ്ട്.
ഇതിന്റെ പൂവും കഴിക്കാം :)
പിന്നെ, ഇതു ഉണക്കി അച്ചാറിടാറുണ്ട്...നല്ല രുചിയാണ്.

മേരിക്കുട്ടി(Marykutty) said...

പിന്നെ ജോണ്പോള്‍ ഒരിടത്ത്, ഇതിനെ പഞ്ചസാര ലായനിയില്‍ ഇട്ടു വച്ചിട്ട് കുറെ നാള്‍ കഴിഞ്ഞു എടുത്തു എന്നൊക്കെ എഴുതി കണ്ടു..

വല്യമ്മായി said...

കുട്ടിക്കാലത്ത് ഉണ്ണിപ്പെര വെച്ച് കളിക്കുമ്പോള്‍ ഇതിന്റെ പൂവ് ചവച്ചാണ് മുറുക്കുന്നത് അനുകരിക്കാറ് :)

കാസിം തങ്ങള്‍ said...

എല്ലാം വല്യമമായി പറഞ്ഞത് പോലെത്തന്നെ.

ശ്രീ said...

ചമ്മന്തി കണ്ടിട്ട് കൊതിയാകുന്നു, സൂവേച്ചീ...

വീട്ടില്‍ ചമ്മന്തിയും അച്ചാറും കൂടാതെ ചിലപ്പോള്‍ പരിപ്പു ചേര്‍ത്ത് കറിയും ഉണ്ടാക്കാറുണ്ട്.
:)

[ഇരുമ്പന്‍പുളി എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്നത്]

മുസ്തഫ|musthapha said...

അതെ, ഇതതന്നെ... ഇരുമ്പാമ്പുളി (ഇരുമ്പ്+ആ+പുളി)

ആ ചമ്മന്തി... കൊതിപ്പിച്ചു കളഞ്ഞു... :)

ജിജ സുബ്രഹ്മണ്യൻ said...

ഞങ്ങള്‍ ഇലുമ്പി പുളി അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ പുളി രണ്ടായി കീറി വെയിലത്തു വെച്ച് ഒന്നു ഉണക്കി എടുക്കും.എന്നിട്ടാണു അച്ചാര്‍ ഇടാറ്..
നല്ല അച്ചാര്‍ !!

Anonymous said...

ഇന്നു് സിജി നല്ലൊരു പാചകസൈറ്റു് കാട്ടിക്കൊടുക്കൂ എന്നു് ചോദിച്ചപ്പോഴാണു് സുവിനെ ഓർമ്മവന്നതു്. ഇനി സിജി ഇവിടെ എന്നും ഉണ്ടാവും.

സു | Su said...

വല്യമ്മായി :) പേരു പറഞ്ഞുതന്നതിൽ നന്ദി. പണ്ട് എന്തൊരു ഇഷ്ടമായിരുന്നു തിന്നാൻ.

ശിവ :) പുളിഞ്ചിക്ക എടുത്ത് വിഭവങ്ങൾ ഉണ്ടാക്കൂ.

മേരിക്കുട്ടീ :) ബിലുമ്പിപ്പുളി എന്നു കേട്ടിട്ടുണ്ട്. ഉണക്കുന്നത് ഇപ്പോ നടക്കാത്തതുകൊണ്ട് എളുപ്പജോലി ചെയ്തു. വേറെ തരത്തിലും ഉണ്ടാക്കാം.

കാസിം തങ്ങൾ :)

ശ്രീ :) പരിപ്പുകറി വെച്ചുനോക്കാം കേട്ടോ. ഇപ്പോ അധികം ഇല്ല മരത്തിൽ.

അഗ്രജൻ :) ഇരുമ്പാമ്പുളി ആണല്ലേ അവിടെ.

കാന്താരിക്കുട്ടീ :) അച്ചാർ പലതരത്തിൽ ഇല്ലേ? വേനൽക്കാലത്ത് പുളി കുറേ ഉണ്ടാവാറുണ്ട്. അപ്പോ ഉണക്കിയെടുത്ത് ഉണ്ടാക്കാം.

കെവിൻ :) അതുനന്നായി.

smitha adharsh said...

zlpcsctnഹൊ! ഇതു കണ്ടിട്ട് തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.
ശ്രീ പറഞ്ഞപോലെ,ഞങ്ങളുടെ നാട്ടിലും,ഇതു ഇരുമ്പന്‍ പുളി ആണ്.എന്റെ വീട്ടിലും ഉണ്ട് ഈ മരം..ഇപ്പോള്‍...ഇതു കണ്ടപ്പോള്‍..മറ്റേതു വന്നു.. ഏത്? അത് തന്നെ...നമ്മുടെ നോസ്ടാല്ജിയ

smitha adharsh said...

ദേ..ഈ വേര്‍ഡ് വെരിഫിക്കേഷന് ടൈപ്പ് ചെയ്ത "കുന്തം" എന്റെ കമന്റ് ന്റെ കൂടെ വന്നു..കണ്ടോ?ഈ സാധനം എടുത്തു കളഞ്ഞു കൂടെ?

Kumar Neelakandan © (Kumar NM) said...

പച്ചടി, പുളിങ്കറി, അച്ചാര്‍, മീന്‍‌കറിയില്‍ ഇടയ്ക്ക് കടിക്കുന്ന സുഖമുള്ള പീസ്, എന്നിവയായിട്ടൊക്കെ ഇതിനെ ഇതിനു മുന്‍പും കണ്ടിട്ടുണ്ട്.
നാട്ടിലെ വീട്ടില്‍ വടക്കേപ്രത്ത് പന്തലിച്ചു നില്‍ക്കുന്ന ഇവന്‍ അപ്പുറത്തെ വീട്ടിലെ കുട്ടികളുടെ നാവില്‍ ഊറുന്ന വെള്ളമായും കണ്ടിട്ടുണ്ട്.
ചമ്മന്തിയായ് ഇവനെ ആദ്യം കാണുന്നു. :)

ഇവനെ നീളത്തില്‍ അരിഞ്ഞ് ഉപ്പും ചുവന്ന മുളകും ഇട്ടുണക്കി സൂക്ഷിച്ചുവച്ച് സൌകര്യാര്‍ത്ഥം അച്ചാറും മുളകിട്ട് കടുകുപൊട്ടിച്ച കറിയും ഒക്കെയായി കൂട്ടിയിട്ടുണ്ട്.

ഒരു വെര്‍സറ്റൈല്‍ കക്ഷിയാണ് ഇവന്‍, ഞങ്ങള്‍ പുളിഞ്ചിക്ക എന്നുവിളിക്കും.


കറിവേപ്പിലയിലെ അടുക്കളയില്‍ വീണ്ടും തീയും പുകയും ഉയര്‍ന്നതില്‍ സന്തോഷം. ഇതില്‍ വന്നതില്‍ ചിലതൊക്കെ ഒരു ഏകലവ്യന്റെ കൊതിയില്‍ ഉണ്ടാക്കി തിന്നിട്ടുണ്ട്.
:)

Jayasree Lakshmy Kumar said...

ഞങ്ങൾക്കും ഇത് ഇരുമ്പൻ പുളിയാ. ചമ്മന്തിക്കും അച്ചാറിനും മാത്രമല്ല, ചില കറികളിലും ഉപയോഗിക്കാറുണ്ട്.

ഇത് ബ്ലഡ്പ്രെഷർ കുറക്കാൻ ഉത്തമമാണെന്ന് കേട്ടിരിക്കുന്നു.[അച്ചാറാക്കിയാൽ പറ്റില്ല] അതിനായി ചിലർ ഇതു കൊണ്ട് വൈനും ഉണ്ടാക്കാറുണ്ടത്രെ

മരച്ചോട്ടിൽ വീണു പോകുന്ന പുളികൊണ്ട് ഓട്ടുപാത്രങ്ങൾ തേച്ചുമിനുക്കാറുമുണ്ട്

Lathika subhash said...

ചമ്മന്തീം അച്ചാറും ഉഗ്രന്‍!

Cartoonist said...

ആകാശത്ത് അജ്ഞാതകളായി വര്‍ത്തിച്ചു കാണാറുള്ള ഈ ‘ഇരുമ്പന്‍’ പുളിയ്ക്കകളുടെ വിരാട് രൂപം കാണിച്ചുതന്നതിന്, സൂ, നിങ്ങള്‍ക്കെന്റെ കേവലം രണ്ടേ രണ്ട് ആകാശ ചുംബനങ്ങള്‍ :)

സു | Su said...

സ്മിത :) വീട്ടിലുണ്ടല്ലേ? ഇനി അങ്ങോട്ട് വന്ന്, തിന്നുരസിക്കാം അല്ലേ?

കുമാർ :) കറിവേപ്പിലയിലെ വിഭവങ്ങൾ പരീക്ഷിക്കുന്നതിൽ നന്ദി.

ലക്ഷ്മി :) ഓട്ടുപാത്രങ്ങൾ മിനുക്കാം അല്ലേ? നോക്കണം. നന്ദി.

ലതി :)

കാർട്ടൂണിസ്റ്റ് :) കറിവേപ്പില സന്ദർശിക്കാൻ വന്നതിൽ നന്ദി.

Mrs. K said...

അപ്പൊ ഞങ്ങടെ നാട്ടില്‍ മാത്രമേ ഇതിനെ ചെമ്മീപ്പുളി എന്നു പറയൂ? ഞാന്‍ വിചാരിച്ചത് ചെമ്മീനിലിട്ട് വെക്കുന്നതു കൊണ്ടാണ്‍ ആ പേര്‍ കിട്ടിയതെന്നാ..അച്ചാറിടാറുണ്ട്..ഉപ്പിലിടാറുണ്ട്. എന്റെ വീട്ടില്‍ ഇതിന്റെ മരവും ഉണ്ട്. പണ്ട് ആ മരത്തിന്റെ കൊമ്പില്‍ തൂങ്ങി കൊമ്പൊടിഞ്ഞ് വീണിട്ടുമുണ്ട്. ഒരു ആരോഗ്യമില്ലാത്ത മരം! ആരോടും പറയണ്ട. :)

സു | Su said...

ആർ. പി. :) വീണു അല്ലേ? ഞാനാരോടും പറയില്ല. ചെമ്മീപ്പുളി എന്നാണോ പറയുന്നത്?

ശ്രീകുട്ടി said...

ഈ അച്ചാര്‍ നു എങ്ങനെയാ ഇത്രയുമ് കളര്‍ വന്നത് ?

GOPAL said...

ഓ ! ഈ ആട്ടുകല്ലും അമ്മിക്കൊഴയും മൊഹന്‍ജദാരോ ഹാരപ്പ കാലത്തെയാണോ ചേച്ചി ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]