Monday, May 05, 2008

സംഭാരം

കാരണവര്‍ക്ക് പനിച്ചാലും മോരുകൂട്ടാം എന്നു കേട്ടിട്ടില്ലേ? കാരണവര്‍ക്ക് എന്തും ചെയ്യാം എന്നര്‍ത്ഥം. പക്ഷെ മറ്റുള്ളവര്‍ പനിക്കുമ്പോള്‍ മോരുകൂട്ടരുത് എന്നൊരു കാര്യം കൂടെ അതിലുണ്ട്. മോര് കറികള്‍ ഉണ്ടാക്കാന്‍ മാത്രമല്ല, വെറുതേ കുടിക്കാനും നല്ലത്. ചൂടുകാലത്ത്, മോരും വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് അറിയില്ലേ?
വീട്ടില്‍, അത്യാവശ്യസന്ദര്‍ഭങ്ങളിലല്ലാതെ ഒരിക്കലും മോര് പുറത്തുനിന്ന് വാങ്ങിയിരുന്നില്ല. എത്രയോ കാലമായി അങ്ങനെത്തന്നെ. തൈരുണ്ടാക്കുക. കലക്കിയെടുക്കുക. ഇതാണ് പരിപാടി.


നല്ല കട്ടത്തൈരുണ്ടാക്കാന്‍ ഒരു സൂത്രമുണ്ട്. പാലിന് ഇളംചൂടുള്ളപ്പോള്‍ അതിലേക്ക് മോരൊഴിച്ച് ഉറയൊഴിക്കുക. ഒരു ലിറ്റര്‍ പാലിന്, രണ്ട് ടീസ്പൂണ്‍ പുളിച്ച മോരൊഴിച്ച് വെച്ചാല്‍, പിറ്റേന്നാവുമ്പോഴേക്കും മുറിച്ചെടുക്കാന്‍ കഴിയുന്ന തരത്തില്‍ തൈരു കിട്ടും. മോരൊഴിച്ച് ഒന്ന് ഇളക്കിവയ്ക്കാന്‍ മറക്കരുത്. തണുപ്പുകാലത്ത് കൂടുതല്‍ മോര് ഒഴിക്കേണ്ടിവരും.
തൈരെടുത്ത് നന്നായി കലക്കുക. കടകോലുകൊണ്ടോ, മിക്സിയില്‍ ഒഴിച്ചോ. എന്നിട്ട് അതില്‍ കുറച്ചെടുത്ത്, നല്ല തണുത്ത വെള്ളം ഒഴിക്കുക. ഐസുകട്ട ഇട്ടാലും മതി. മോരും വെള്ളമായാല്‍, ഉപ്പിട്ട് ഇളക്കുക. കുറച്ച് കറിവേപ്പില, ഒരു കഷണം ഇഞ്ചി, കുറച്ച് നാരകത്തിന്റെ ഇല, പച്ചമുളക് എന്നിവ, അരച്ചോ, ചതച്ചോ മോരിലേക്കിട്ട് യോജിപ്പിക്കുക. സംഭാരം റെഡി. കുറേ മോരുണ്ടെങ്കില്‍, ഇതൊക്കെ ഒരു കിഴികെട്ടി അതിലേക്ക് ഇട്ടാലും മതി. എന്നാല്‍ ഇതൊക്കെ, മോരും വെള്ളം കുടിക്കുമ്പോള്‍ വായില്‍പ്പെടാതെ ഇരിക്കും. സ്വാദുമുണ്ടാകും. ഒന്നോ രണ്ടോ ഗ്ലാസ്സ് ആണെങ്കില്‍ കിഴി കെട്ടാനൊന്നും നില്‍ക്കരുത്.
ഇഞ്ചിയുടേയും പച്ചമുളകിന്റേയും എരിവും, പുളിച്ച മോരിന്റെ സ്വാദും, തണുപ്പും, കറിവേപ്പിലയുടേയും, നാരകത്തിന്റേയും രുചിയും ഒക്കെക്കൂടെ ഈ സംഭാരം അടിപൊളിയാവും.
ഞാന്‍ മോരില്‍ തണുത്ത വെള്ളത്തിനുപകരം തിളപ്പിച്ചാറ്റിയ വെള്ളമൊഴിക്കും. എന്നിട്ട് അത് ഫ്രിഡ്ജില്‍ വയ്ക്കും. എന്നിട്ട് തണുത്തിട്ട് കുടിക്കും. അല്ലെങ്കില്‍ തിളപ്പിച്ച് തണുത്ത വെള്ളം ഫ്രിഡ്ജില്‍ വയ്ക്കും. അത് മോരിലൊഴിക്കും. പച്ചവെള്ളം ഒഴിക്കാത്തത് അമ്മ ചെയ്യുന്നത് കണ്ട് ശീലിച്ചതാണ്.

3 comments:

അപര്‍ണ്ണ said...

മോരിന്‌ അത്ര പുളിയില്ലെങ്കില്‍ എന്താ ചെയ്യാ? ഒരു ലിറ്ററിന്‌ 2 സ്പൂണ്‍ മതിയോ? ഒരു overnight വെച്ചാലാണോ നല്ലത്‌? മിക്സിയില്‍ അടിക്കുമ്പോ ആകെ പത ആയിട്ടല്ലേ വരിക?
തൈരും മോരുമൊക്കെ ഉണ്ടാക്കണം എന്നുണ്ട്‌, കടയിലെ മടുത്തു തുടങ്ങി.

സു | Su said...

അപര്‍ണ്ണ :) പുളിയില്ലെങ്കില്‍ ഇളം ചൂടുപാലിലേക്ക് കുറേ മോര് ഒഴിക്കുക. രാത്രി മുഴുവന്‍ വയ്ക്കുക. മിക്സിയില്‍ അടിച്ചാല്‍ വെണ്ണയുണ്ടെങ്കില്‍ കിട്ടും. കടകോലുകൊണ്ടും കിട്ടും. വേണമെങ്കില്‍ നന്നായി കലക്കി അതെടുക്കുക. അല്ലെങ്കില്‍ വെറുതെ മുഴുവന്‍ മോരാക്കുക.

ശ്രീ said...

ശ്ശൊ! തണുത്ത ഒരു സംഭാരം കുടിയ്ക്കാന്‍ തോന്നുന്നു...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]