Monday, December 31, 2007

തൈരുചോറ്/Curd Rice

തയ്യാറാക്കാന്‍ എളുപ്പം. തിന്നാന്‍ അതിലും എളുപ്പം. ഇതാണ് തൈരുചോറിന്റെ അല്ലെങ്കില്‍ തൈരുസാദത്തിന്റെ ഗുണം. പാചകം അധികം അറിയാത്തവര്‍ക്കും ഇതുണ്ടാക്കിയെടുക്കാന്‍ ഒരു വിഷമവുമില്ല.
കുറച്ച് പച്ചരിച്ചോറുണ്ടാക്കുക. അത് തണുത്തിട്ട്, അതിലേക്ക്, കുറച്ച് പച്ചമുളകും, ഇഞ്ചിയും, കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിടുക. ഉപ്പും ആവശ്യത്തിനു ചേര്‍ക്കുക. കുറച്ച് തൈര്‍ അതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാകം നോക്കി യോജിപ്പിക്കുക. അധികം വെള്ളം പോലെ വേണമെന്നില്ല. തീരെ തൈര്‍ ഇല്ലാതെയും പറ്റില്ല. അതുകഴിഞ്ഞ്, അതിലേക്ക്, അല്പം, ഉഴുന്നുപരിപ്പും, കടുകും,
ചുവന്ന മുളകും വറുത്തിടുക. പിന്നേം ഇളക്കി യോജിപ്പിക്കുക. തൈരുചോറു റെഡി.

എന്തെങ്കിലും അച്ചാറും പപ്പടവും കൂട്ടിക്കഴിക്കുക.

തൈരിനു നല്ല പുളിയുണ്ടെങ്കില്‍ അല്പം തണുത്ത പാല്‍ ചേര്‍ക്കാം. ഒരു കപ്പ് തൈരിനു അരക്കപ്പ് പാല്‍. യാത്രക്കൊക്കെ പോകുമ്പോള്‍, പാലും തൈരും സമാസമം ചേര്‍ത്ത് എടുക്കുന്നതാണ് നല്ലത്.
വെളുത്തുള്ളിയും മല്ലിയിലയും വേണമെങ്കില്‍ അരിഞ്ഞിടാം.

Thursday, December 27, 2007

കായ വറുക്കൂ, കറുമുറെ തിന്നൂ!

കായവറുത്തത്, അഥവാ കായ ചിപ്സ് കടയില്‍ നിന്നു വാങ്ങുന്നതിനു പല കാരണങ്ങളും ഉണ്ടെന്ന് എനിക്കറിയാം. ഒന്ന്, അത് ചില്ലുകൂട്ടില്‍ കാണുമ്പോഴുണ്ടാവുന്ന കൊതി, അതിന്റെ വിവിധ അളവില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന കവറുകള്‍, വീട്ടില്‍ ഇതൊന്നും ഉണ്ടാക്കിയെടുത്ത് കളയാന്‍ സമയമില്ലായ്മ, പിന്നെ, കടക്കാരന്‍ പാവം, ഇതൊക്കെ ഉണ്ടാക്കിയിട്ട് വാങ്ങിയില്ലെങ്കില്‍പ്പിന്നെ നമ്മളൊക്കെ എന്തിനു ജീവിക്കുന്നു എന്ന വിചാരം. ഏറ്റവും ഒടുവില്‍, വറുത്ത കായയോടുള്ള ഇഷ്ടം, അത് തിന്നാനിഷ്ടം.

ഒടുവിലത്തെ കാരണമാണെങ്കില്‍, എന്തുകൊണ്ട് ചിപ്സ് വീട്ടില്‍ ഉണ്ടാക്കിക്കൂടാ? സമയമൊക്കെയുണ്ട്. ഒരു കിലോ ചിപ്സ്, എടുത്തുവെച്ച്, തിന്നുതീര്‍ക്കാനുള്ള സമയം മതിയല്ലോ. അതുകഴിഞ്ഞ് പത്തുമിനുട്ട് കൊണ്ട് തിന്നുകയും ചെയ്യാം. അങ്ങനെ ശ്രമിക്കുന്നവര്‍ക്കാണ് ഈ പോസ്റ്റ്.

നേന്ത്രക്കായ തോലുകളയുക. ഒരു കായ എടുത്ത്, അതിന്റെ തലയും വാലും അല്പം മുറിച്ചുകളയുക. കായയുടെ പുറത്ത്, നീളത്തില്‍ ഇടവിട്ട്, ചുറ്റും, നാല് വര കത്തികൊണ്ട് വരയ്ക്കുക. തോല്‍ പിടിച്ച് വലിച്ചാല്‍ വൃത്തിയായി പോരും. എന്നിട്ട് വെള്ളത്തിലിടുക. തോലല്ല, കായ. ;)

അതുകഴിഞ്ഞ്, നാലാക്കിയോ, വട്ടത്തിലോ, നിങ്ങള്‍ക്ക് എങ്ങനെ വേണം അങ്ങനെ, ചെറുതായി, അധികം വണ്ണമില്ലാതെ മുറിക്കുക. അതും മുറിച്ച് വെള്ളത്തിലേക്കാണിടേണ്ടത്. നന്നായി കഴുകുക. മൂന്നാലു പ്രാവശ്യം. കായക്കറ പോകാന്‍. എന്നിട്ട്, ഒരു പാത്രത്തിലിട്ട്, പൊടിയുപ്പ് വിതറി, നന്നായി യോജിപ്പിക്കുക.
ഉപ്പ് കുറേയൊന്നും ഇടരുത്. അഥവാ അല്പം കുറഞ്ഞുപോയാലും രണ്ടാമത്തെ പ്രാവശ്യം
വറുക്കാന്‍ ഇടുമ്പോള്‍ ചേര്‍ക്കാം. സ്വാദുനോക്കിയതിനുശേഷം. മഞ്ഞള്‍ ചേര്‍ക്കണം എന്നൊക്കെ ആരെങ്കിലും പറയും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ചേര്‍ക്കാം. ഞാനൊരിക്കലും ചേര്‍ക്കാറില്ല.
വെളിച്ചെണ്ണ ചൂടാക്കാന്‍ വയ്ക്കുക. ചൂടായാല്‍, ഉപ്പുപുരട്ടിവെച്ചിരിക്കുന്നതെടുത്ത് കുറേശ്ശെക്കുറേശ്ശെയായി വെളിച്ചെണ്ണയിലേക്ക് ഇടുക. വേറെ വേറെ ആയിട്ട് ഇടാന്‍ ശ്രദ്ധിക്കുക. ഒരുമിച്ചുകൂടിനിന്നാല്‍ വേവില്ല. അല്പനേരം കഴിഞ്ഞാല്‍ ഒന്ന് തിരിച്ചും മറിച്ചുമൊക്കെ ഇടുക. ഒരുമിച്ചുനില്‍ക്കുന്നതിനെ വേര്‍തിരിക്കുക.
മൊരിഞ്ഞപോലെയായാല്‍ കോരിയെടുത്ത് പ്ലേറ്റില്‍ ഒരു പേപ്പര്‍ വച്ച് അതിലേക്കിടുക. ഒന്ന് തണുത്താല്‍ ഉപ്പ് നോക്കുക. പിന്നേയും വറുക്കാന്‍ ഇടുന്നതിനുമുമ്പ് ഉപ്പ് ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കുക. തണുക്കാതെ അടച്ചുവെക്കരുത്.
വറുത്ത കായ റെഡി. ഇത് തീരുന്നതുവരെ തിന്നുക. വീണ്ടും ഉണ്ടാക്കുക, തിന്നുക. കായ വറുക്കുന്നത് കലയാണ്. എന്നുവെച്ചാല്‍, നോക്കീം കണ്ടും വറുത്തില്ലെങ്കില്‍, എണ്ണ തെറിച്ച് കൈയില്‍ കലയാവും എന്നര്‍ത്ഥം.

ഞാന്‍ വറുത്തപ്പോള്‍, ചിലത് കരിഞ്ഞുപോയിട്ടുണ്ട്. എന്നുവെച്ച് നിങ്ങള്‍ അങ്ങനെ ചെയ്യരുത്. നല്ല വൃത്തിയില്‍ ചെയ്യുക. കാരണം, എന്നെ നിങ്ങള്‍ കുറ്റം പറയില്ലെന്ന് എനിക്കറിയാം. പക്ഷെ, ഞാന്‍ പറയും. ;)
ചൂട് ചായ/കാപ്പി എടുക്കുക. വറുത്തകായയും തിന്ന്, കുടിച്ച് ഇരിക്കുക.

ഇതാണ് വറുത്തകായ വിത് സ്പെഷല്‍ ഇഫക്റ്റ്സ്!

Monday, December 17, 2007

ഓലന്‍

ഓലോലനൊന്നുമതിയെന്തിനു നൂറുകൂട്ടാന്‍, എന്നോ, നൂറുകൂട്ടം എന്നോ ആരോ പറഞ്ഞിട്ടുണ്ട്. ഓലന്‍ എന്നു പറയുന്നത് നല്ലൊരു വിഭവമാണെന്ന് കണക്കാക്കുക. അല്പം, കുമ്പളങ്ങ, അല്‍പ്പം വെള്ളരിക്ക, അല്‍പ്പം മത്തങ്ങ, അല്‍പ്പം മമ്പയര്‍. ഉപ്പ്, പച്ചമുളക്, വെളിച്ചെണ്ണ. ഓലനു വേണ്ടത് ആയി.

കുറച്ച് മമ്പയര്‍ തലേന്ന് വെള്ളത്തിലിട്ട് വെച്ചത്, ആദ്യം കുക്കറില്‍ വേവിച്ചെടുക്കുക.
വെള്ളരിക്കയും, മത്തനും, കുമ്പളങ്ങയും ഓരോ കഷണമെടുത്ത് മുറിച്ചെടുക്കുക. തോലു കളഞ്ഞ്, കുരു കളഞ്ഞ്.

മമ്പയര്‍ വളരെക്കുറച്ച് മതി. കഷണങ്ങള്‍ കഴുകിയെടുത്ത്, രണ്ടോ മൂന്നോ പച്ചമുളകും ഇട്ട്, ഉപ്പിട്ട് വേവിച്ച്, മമ്പയറും ചേര്‍ത്ത് ഒന്നുകൂടെ വേവിച്ച് യോജിപ്പിക്കുക. വേവാന്‍, അതും വളരെക്കുറച്ച് മാത്രം വെള്ളമൊഴിക്കുക. (കുക്കറില്‍ വെച്ചാല്‍ വെന്ത് ചീഞ്ഞുപോകും.) വെന്താല്‍, അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് വാങ്ങുക.


അല്‍പ്പം വെള്ളമൊക്കെയുണ്ടാവും. ഫോട്ടോയില്‍ ഇല്ല.
വെന്തുടഞ്ഞതാണിഷ്ടമെങ്കില്‍ അങ്ങനേയും ഉണ്ടാക്കാം.
വഴുതനങ്ങയോ, നേന്ത്രക്കായയോ വട്ടത്തില്‍ മുറിച്ചും ഓലനില്‍ ഇടാം. വെള്ളരിക്ക ഇട്ടില്ലെങ്കിലും കുഴപ്പമില്ല. പച്ചപ്പപ്പായയും ഇടാം. പച്ചപ്പയറും പൊട്ടിച്ചിടാം.
പിന്നെ, തേങ്ങാപ്പാലൊഴിച്ചും ഉണ്ടാക്കാം. പക്ഷെ ഒരു കാര്യം നിങ്ങളോര്‍ക്കണം. തേങ്ങയ്ക്കൊക്കെ ഇപ്പോ എന്താ വില!

Wednesday, December 12, 2007

ഇലപ്പത്തിരി

പത്തിരി ഇഷ്ടമില്ലാത്തവരും, ഇഷ്ടമുള്ളവരും തിന്നാത്തവരും, ഒക്കെയുണ്ടാവും. ഞങ്ങളുടെ വീട്ടില്‍ പത്തിരി ഒരു സ്ഥിരം വിഭവമൊന്നുമല്ല. എന്നാലും, ഇന്ന് പത്തിരി ആയിക്കളയാം എന്നുവിചാരിച്ചാല്‍ കുഴപ്പവുമില്ല. അധികം വസ്തുക്കളൊന്നും വേണ്ട. അരിപ്പൊടി വേണം. തേങ്ങ വേണം, ഉപ്പ് വേണം. ഇതിനു ഇലയും വേണം. അരച്ച് പുളിയ്ക്കാനൊന്നും കാത്തിരിക്കേണ്ട ജോലിയില്ല. പുളി ഇഷ്ടമില്ലാത്തവര്‍ക്കും, പറ്റാത്തവര്‍ക്കും, പുട്ടുപോലെയുള്ള ഒരു വിഭവമാണിത്. ചട്ണിയോ, കറിയോ വെച്ച് കഴിക്കുകയും ചെയ്യാം. നന്നായി, മിനുസമായി പൊടിച്ച്, വറുത്ത, അരി രണ്ട് ഗ്ലാസ്സ്/രണ്ട് കപ്പ് എടുത്ത് അല്‍പ്പം ഉപ്പും ഇട്ട്, വല്യ തേങ്ങയുടെ, അര മുറി തേങ്ങയും ഇട്ട്, നല്ല ചൂടുവെള്ളത്തില്‍ കുഴയ്ക്കുക. വെള്ളമായി ഒഴുകിനടക്കരുത്. ഉരുട്ടിവയ്ക്കാന്‍ പറ്റണം.

ഇല കഷണം കഷണമായി മുറിച്ച് കഴുകിത്തുടച്ച് അതില്‍ വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട്, കുഴച്ചുവെച്ചിരിക്കുന്നതില്‍ നിന്ന് ഓരോ ഉരുളയെടുത്ത് പരത്തുക. ഉരുളയുടെ വലുപ്പം, ഇലയില്‍ നേര്‍മ്മയായി പരത്താന്‍ പറ്റുന്ന വട്ടത്തിന് അനുസരിച്ച് മതി. പരത്തുമ്പോള്‍, കൈയില്‍ അല്‍പ്പം വെള്ളമോ, വെളിച്ചെണ്ണയോ തൊട്ടുകൊണ്ടിരുന്നാല്‍, വേഗം പരത്താം.

ദോശക്കല്ലോ ചപ്പാത്തിക്കല്ലോ ചൂടാക്കി വെളിച്ചെണ്ണ പുരട്ടി, ഇലയോടുകൂടെ അതിലേക്കിടുക.
ചൂടായാല്‍ ഇല എടുത്തുകളയുക. (കളയരുത്, അതില്‍ ഇനിയും പരത്താം.) വെന്താല്‍, ഇല എടുക്കുമ്പോള്‍ വേഗം കിട്ടും. വെന്തില്ലെങ്കില്‍ പറ്റിപ്പിടിക്കും. ഇല എടുത്തുകഴിഞ്ഞ് ഒരു പ്ലേറ്റ് കൊണ്ട് അടച്ചുവെയ്ക്കുക.
തീ കുറച്ച് താഴ്ത്തിവെക്കുക. അതുകഴിഞ്ഞ് പ്ലേറ്റ് നീക്കി മറിച്ചിട്ട്, പ്ലേറ്റ് കൊണ്ട് അടച്ച് ഒന്നുകൂടെ വേവിക്കുക. ഇലപ്പത്തിരി റെഡി.
തേങ്ങാപ്പാലും ചേര്‍ക്കാവുന്നതാണ്. നോണ്‍-സ്റ്റിക്ക് ആവുമ്പോള്‍, വെളിച്ചെണ്ണ ഒഴിക്കേണ്ട ആവശ്യവുമില്ലല്ലോ.

എന്നിട്ട് നന്നായെങ്കില്‍, തിന്നുകഴിഞ്ഞ് പാട്ട് പാടുക.
പത്തു പത്തിരി ചുട്ടമ്മ,
പത്തായത്തില്‍ വെച്ചമ്മ.
എന്നപാട്ടോ,
അപ്പം ചുടുചുടു പാത്തുമ്മാ,
ഇപ്പം വരും പുയ്യാപ്ല,
കൂടെ വരുന്നൊരു കൂട്ടര്‍ക്കെല്ലാം,
പത്തിരിയൊത്തിരി ചുട്ടോളൂ.
(ഇതൊന്നും ഞാനെഴുതിയതല്ല;) പണ്ടേയുള്ളതാണ്. മുഴുവന്‍ ഓര്‍മ്മയില്ല.)
ഇനി നന്നായില്ലെങ്കില്‍ പാടുപെടുക. ;)

Monday, December 10, 2007

മസാല്‍ ദോശ്...ശ്ശ് ...ശ്ശ് ....മസാലദോശ/Masaladosa

ദോശയുണ്ടാക്കുന്നതെങ്ങനെയെന്ന് ഇവിടെ പറഞ്ഞിട്ടുണ്ട്. അതിനരച്ചമാവുതന്നെ ഇതിനും. പിന്നെ വേണ്ടത് മസാലയാണ്. കറി.

അതുണ്ടാക്കാന്‍, ഉരുളക്കിഴങ്ങ് 3-4 എണ്ണം പുഴുങ്ങി തൊലികളയുക. മുറിയ്ക്കുക.
ഗ്രീന്‍ പീസ് ഒരു കപ്പ് തലേന്ന് വെള്ളത്തിലിട്ട് വെച്ചത് വേവിച്ചെടുക്കുക.
ഉരുളക്കിഴങ്ങും പീസും കുക്കറില്‍ വേറെ വേറെ വേവിച്ചാല്‍ മതി. വേറെ വേറെ നിക്കണമെങ്കില്‍ അധികം വേവിക്കേണ്ട. അല്ലെങ്കില്‍, നിങ്ങള്‍ക്ക് നന്നായി വെന്തതാണിഷ്ടമെങ്കില്‍ നന്നായി വേവിക്കുക.
സവാള രണ്ടെണ്ണം തോലു കളഞ്ഞ് നടുവെ മുറിച്ച്, നീളത്തില്‍ നേര്‍മ്മയായി ചീന്തുക.
പച്ചമുളക് ഒന്നോ രണ്ടോ എടുത്ത് ചെറുതായി വട്ടത്തില്‍ അരിയുകയോ നീളത്തില്‍ ചീന്തുകയോ ചെയ്യുക.
പാത്രം, ഫ്രൈയിംഗ് പാന്‍, ചീനച്ചട്ടി, ഏതെങ്കിലുമൊന്ന് ചൂടാക്കി, വെളിച്ചെണ്ണ അല്ലെങ്കില്‍, പാചകയെണ്ണ ഒഴിച്ച്, ഉഴുന്നും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. സവാള വേവുന്നതുവരെ. മഞ്ഞളും, ബാക്കി
കഷണങ്ങള്‍ക്കു കൂടെ ആവശ്യമായ ഉപ്പും ചേര്‍ക്കുക. പിന്നേം അല്പം വഴറ്റുക.
ഗ്രീന്‍പീസും, ഉരുളക്കിഴങ്ങ് വേവിച്ച് മുറിച്ചതും, ചേര്‍ക്കുക. ഏതെങ്കിലും വെജിറ്റബിള്‍ മസാലപൌഡര്‍ ചേര്‍ക്കുക. മുളകുപൊടി മാത്രമേ ഉള്ളൂവെങ്കില്‍ അതു ചേര്‍ക്കുക. അല്പം മതി. ഞാന്‍ മുളകും, മല്ലിയും, ഉലുവയും, കായവും ഒന്നിച്ച് പൊടിച്ചതാണ് ചേര്‍ക്കാറ്. വാങ്ങിവെക്കുക. മസാല റെഡി.

ഇനി ദോശക്കല്ല്, ദോശച്ചട്ടി, അടുപ്പത്ത് വെച്ച് മാവൊഴിച്ച് പരത്തുക.


വേവുന്നതുവരെ കാക്കുക.








എണ്ണ പുരട്ടി മറിച്ചിടുക.


അതിനുശേഷം വീണ്ടും തിരിച്ചിട്ട്, അല്‍പ്പം മസാലക്കറി എടുത്ത്, നടുവിലോ
ഒരു സൈഡിലോ വച്ച് നിരത്തുക.


ദോശ മടക്കുക.

മസാലദോശ റെഡി.



ചട്ണിയോ സാമ്പാറോ കൂട്ടി കഴിക്കുക.

ദോശ, മാവൊഴിച്ച് പരത്തി വെന്തുകഴിഞ്ഞാല്‍പ്പിന്നെ, തീ ഏറ്റവും കുറവില്‍ ആയിരിക്കേണം. മറിച്ചിടുമ്പോള്‍ പോലും.
ഗ്രീന്‍പീസ് ഇടുന്നില്ലെങ്കിലും കുഴപ്പമില്ല. വെറും ഉരുളക്കിഴങ്ങ്, സവാള മതി. പിന്നെ
കാരറ്റോ, നിങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള മറ്റുവസ്തുക്കളോ ഇട്ടാലും പ്രശ്നവുമില്ല.


ഇങ്ങനേയും മടക്കി, മസാല വയ്ക്കാം.

എന്റെ വീട്ടിലോ, അമ്മയുടെ വീട്ടിലോ ഒക്കെ ആയിരുന്നെങ്കില്‍........ഹോട്ടലില്‍ കിട്ടുന്നതുപോലെ വല്യൊരു ദോശയുണ്ടാക്കാമായിരുന്നൂ........

ഇവിടെയുള്ള പഴയ നോണ്‍-സ്റ്റിക്കില്‍ ഇത്രേ വലുപ്പം വരൂ.

Saturday, December 08, 2007

ചേനയുപ്പേരി

ചേനയുപ്പേരി അഥവാ ചേനത്തോരന് നല്ല സ്വാദാണെന്ന് കഴിച്ചവരൊക്കെ സമ്മതിക്കുമോന്ന് എനിക്കറിയില്ല. എന്നാലും കഴിക്കാത്തവര്‍ കഴിക്കുക. ചേന, കായ വറുത്തത് പോലെയും വറുത്തെടുക്കാം.
ചേന തോല്/തൊലി ചെത്തിക്കളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക. കഷണങ്ങളൊക്കെ ഒരുപോലെ കുഞ്ഞുകുഞ്ഞായാലേ വെച്ചെടുത്താല്‍ ഒരു ഭംഗിയുണ്ടാവൂ. ഭംഗിക്കുവേണ്ടിയാണോ കറിയ്ക്ക് മുറിയ്ക്കുന്നത് എന്ന് ചോദിക്കരുത്. അങ്ങനെയല്ലെങ്കില്‍പ്പിന്നെ എല്ലാത്തിനും ഒരുപോലെയാണോ മുറിക്കുന്നത്? ഞാന്‍ കൈകൊണ്ട്, കത്തികൊണ്ട് മാത്രം മുറിക്കുന്നതുകൊണ്ട്, കഷണങ്ങള്‍ കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ പോകും. പക്ഷെ പലകയില്‍ വെച്ച് മുറിക്കുന്നവര്‍ വൃത്തിയായി, കൃത്യമായി മുറിക്കുക. ;)
ചേന മുറിച്ചെടുത്ത് കഴുകുക. ചൊറിഞ്ഞാലും പേടിക്കാനൊന്നുമില്ല.
ഒരു പാത്രം, അഥവാ ചീനച്ചട്ടിയെടുത്ത് തീയുടെ മുകളില്‍ വയ്ക്കുക.
അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വറവിടാന്‍ മാത്രം.
ഉഴുന്ന്, ഒരു ടീസ്പൂണോ, അല്പം അധികമോ അതിലേക്ക് ഇടുക.
ഉഴുന്ന് അല്പം ചൂടായാല്‍ കടുക് ഇടുക. ചുവന്നമുളകും പൊട്ടിച്ചിടാം വേണമെങ്കില്‍.
കറിവേപ്പില ഇടാന്‍ മറക്കരുത്. ;)
അതൊക്കെ ഇട്ട് പൊട്ടിത്തെറിച്ച് ഒരുവിധമായാല്‍ ചേനക്കഷണങ്ങള്‍ ഇടുക.
മഞ്ഞള്‍ & ഉപ്പ് ഇടുക. മഞ്ഞളിട്ട് നല്ലപോലെ വെന്താല്‍പ്പിന്നെ ചേന ചൊറിയാനുള്ള സാദ്ധ്യത കുറവാണ്. മുളകുപൊടി ഇടുക. ഞാന്‍ ഇടാറില്ല.
വേവിക്കാന്‍ മാത്രം വെള്ളമൊഴിക്കുക. അല്ലെങ്കില്‍ പുഴുക്കാവും.
ചേനക്കഷണങ്ങള്‍, മഞ്ഞള്‍, ഉപ്പ് ഒക്കെയിട്ട് കുക്കറിലിട്ട് വേവിച്ചാലും മതി. അതിലാവുമ്പോള്‍ വെള്ളം വളരെക്കുറച്ച് മതി. പിന്നെ വറവിട്ടാല്‍ മതി.

വെന്തുകഴിഞ്ഞ്, വെള്ളം വറ്റിക്കഴിഞ്ഞാല്‍ തേങ്ങ ചിരവിയിടുക. വാങ്ങിവെച്ചിട്ടായാലും മതി.
വെന്തുകഴിയലും, വെള്ളം വറ്റലും ഒരേ സമയത്തായാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. ചിത്രത്തില്‍ കാണുന്നപോലെ ഉപ്പേരി കിട്ടും.
ഇതാണ് ചേനയുപ്പേരി അഥവാ ചേനത്തോരന്‍.

ചേനയെക്കുറിച്ച് വിക്കിയില്‍ വായിക്കുക.

Monday, December 03, 2007

നേന്ത്രപ്പഴം കാളന്‍

വേണ്ടത്:-
നേന്ത്രപ്പഴം,
കുരുമുളകുപൊടി,
ഉപ്പ്, മഞ്ഞള്‍,
പച്ചമുളക്,
തേങ്ങ,
പുളിയുള്ള തൈര്‍ - കാല്‍ ലിറ്റര്‍,
കടുകും, മുളകും, കറിവേപ്പിലയും, വറവിടാന്‍.
ഒരു നേന്ത്രപ്പഴം, ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കുക. അതില്‍, അര ടീസ്പൂണ്‍ കുരുമുളകുപൊടിയും, ഉപ്പും, മഞ്ഞളും ഇട്ട് വേവിക്കുക. വേവാനുള്ള വെള്ളമേ വേണ്ടൂ. വെന്തുകഴിഞ്ഞാല്‍ വെള്ളമില്ലെങ്കില്‍ അത്രയും നല്ലത്. അധികം പഴുത്തത് അല്ലെങ്കില്‍ സ്പൂണ്‍ കൊണ്ട്, ഒന്ന് ഉടയ്ക്കുക. കാല്‍മുറിയില്‍ അല്‍പ്പം അധികം തേങ്ങ ചിരവി, രണ്ട് പച്ചമുളകും, കുറച്ച് ജീരകവും (അര ടീസ്പൂണ്‍) ചേര്‍ത്ത് നന്നായി അരയ്ക്കുക. വെള്ളത്തിനു പകരം, മോരും വെള്ളം ചേര്‍ത്ത് അരച്ചാല്‍ നല്ലത്. അരച്ചത്, വെന്ത കഷണങ്ങളില്‍ ചേര്‍ക്കുക. നന്നായി തിളച്ച് യോജിച്ച ശേഷം, തൈര്‍ ചേര്‍ത്ത് വാങ്ങിവെച്ച് വറവിടുക. തൈരിനു പകരം മോരായാലും കുഴപ്പമില്ല. പക്ഷെ വെള്ളമൊഴിച്ചത് ആവരുത്. എരിവ്, നിങ്ങളുടെ അളവിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]