Saturday, March 24, 2012

സോയാബീൻ മസാലക്കറി

സോയാബീൻ(soyabean) ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. സോയാബീൻസ് പൊടിച്ചുണ്ടാക്കുന്ന പൊടി കൊണ്ടു ചപ്പാത്തിയുണ്ടാക്കാം. സോയാബീൻസിൽ നിന്നുണ്ടാക്കുന്ന പാലാണ് സോയാ മിൽക്ക് (soy milk). സാദാ പാലുകൊണ്ടു പനീർ ഉണ്ടാക്കുന്നതുപോലെ, സോയ് മിൽക്കിൽ നിന്നുണ്ടാക്കുന്ന പനീർ പോലെയുള്ള വസ്തുവാണ് തോഫു (ടോഫു - Tofu). പിന്നെ സോയാബീനുകൊണ്ടുതന്നെ ഉണ്ടാക്കിക്കിട്ടുന്ന ഒരു വസ്തുവാണ് സോയ ചങ്ക്സ്. സോയാബീനിന്റെ അവശിഷ്ടം ആണെന്നു തോന്നുന്നു. അതു ബിരിയാണിയിലും പുലാവിലും ഒക്കെ ഇടും. (എനിക്കറിയാവുന്നത്(ഞാൻ മനസ്സിലാക്കിയത്) പറഞ്ഞതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തുക.)




സോയാബീൻസ് കൊണ്ടൊരു കറിയാണ് ഞാനുണ്ടാക്കിയത്. സാദാ മസാലക്കറി.

സോയാബീൻ - ഒരു കപ്പ് (കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഒരു കപ്പു നിറച്ചും ഉണ്ടാവും.)
വലിയ ഉള്ളി അഥവാ സവാള - രണ്ടെണ്ണം.
തക്കാളി - ഒന്ന്.
പച്ചമുളക് - രണ്ട്.
വെജിറ്റബിൾ മസാല - രണ്ടു ടീസ്പൂൺ. (അതില്ലെങ്കിൽ ഗരം മസാലയോ, മുളകുപൊടിയും മല്ലിപ്പൊടിയും ചേർന്നതോ, ഏതെങ്കിലും ഒന്നു ചേർത്താലും മതി.)
ജീരകം - ഒരു ടീസ്പൂൺ.
മഞ്ഞൾപ്പൊടി, ഉപ്പ്, പാചകയെണ്ണ, കടുക് എന്നിവ ആവശ്യത്തിന്.
കുറച്ചു മല്ലിയിലയും കറിവേപ്പിലയും.

സോയാബീൻ ഒരു മൂന്നു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവയ്ക്കണം എന്നാണെന്റെ അഭിപ്രായം. ഞാൻ രാത്രി കുതിർത്തുവെച്ചിട്ട് രാവിലെയാണുണ്ടാക്കിയത്.

അതു കഴിഞ്ഞ് മഞ്ഞൾപ്പൊടിയും ആവശ്യത്തിനുമാത്രം വെള്ളവുമൊഴിച്ചു വേവിക്കുക. നന്നായി വേവും. മുകളിലുള്ള തൊലി വേറെയാവും ചിലപ്പോൾ. വെന്തു വാങ്ങിവെച്ചാൽ ഉപ്പിട്ടിളക്കി വയ്ക്കുക.

പാചകയെണ്ണ (ഏതുമാവാം) ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ജീരകം ഇട്ട്, പിന്നെ കറിവേപ്പിലയും ഉള്ളിയും പച്ചമുളകും ഇട്ട് നന്നായി വഴറ്റുക. ഉള്ളി വെന്താൽ തക്കാളിയും ഇട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും ഇഷ്ടമുണ്ടെങ്കിൽ അതിന്റെ പേസ്റ്റും ചേർക്കാം.

അതിലേക്ക് മസാലപ്പൊടി ഏതാണുള്ളതെന്നുവെച്ചാൽ ഇടുക. അതും ഒന്നു വഴറ്റിയശേഷം അല്പം വെള്ളമൊഴിക്കുക. സോയാബീൻ വെന്തതിൽ വെള്ളമുണ്ടെങ്കിൽ അത് ഒഴിച്ചാൽ മതി.

പച്ചവെള്ളമാണ് ഒഴിക്കുന്നതെങ്കിൽ അതു തിളച്ചശേഷം സോയാബീൻ വേവിച്ചത് ഇട്ടിളക്കുക. അല്ലെങ്കിൽ സോയാബീനും വെള്ളവും ഒരുമിച്ചൊഴിക്കാം. നന്നായി ഇളക്കിയോജിപ്പിച്ചിട്ട് അല്പനേരം അടച്ചുവെച്ച് കുറച്ചു തീയിൽ വേവിക്കുക. ഉപ്പും മസാലയുമൊക്കെ എല്ലാത്തിനും പിടിക്കണമല്ലോ. വെള്ളം അധികം ഉണ്ടെങ്കിൽ പാകം നോക്കി വറ്റിക്കുക. ചിലർക്ക് വെള്ളം ഉള്ള കറിയാവും ഇഷ്ടം. ചിലർക്ക് ഡ്രൈ കറിയാവും ഇഷ്ടം. അതിനനുസരിച്ചു ചെയ്യുക. വാങ്ങിവെച്ചാൽ മല്ലിയില തൂവുക. ഇവിടെ ഇലയുടെ കൂടെ മല്ലിപ്പൂവും ഉണ്ടായിരുന്നു.



ചോറിന്റേയോ ചപ്പാത്തിയുടേയോ കൂടെയോ ഒക്കെ കഴിക്കാം. ചൂടുകാലത്ത് കുറേ നേരത്തേക്കൊന്നും ഈ കറി ഇരിക്കില്ല. കുറച്ചുണ്ടാക്കുക. ഇത് കുറേപ്പേർക്കുണ്ടാവും. അളവു നോക്കിയിട്ട് ഉണ്ടാക്കുക.




ഇതെനിക്കു വിളമ്പിവെച്ചതാണോന്നോ? ഹും...പെണ്ണുങ്ങളായാൽ അല്പസ്വല്പം തടിയൊക്കെ ആവാമെന്ന് വിദ്യാബാലൻ പറഞ്ഞിട്ടുണ്ട്.




ഇതാണ് സോയാബീൻ ചങ്ക്സ്/ചംഗ്സ്. (Soya Nuggets). കുറച്ചുകൂടെ വലുപ്പത്തിലും ഇതു കിട്ടും. ബിരിയാണിയിൽ ഇട്ടിരുന്നു ഞാൻ.




ഇത് സോയാബീൻ ഗ്രാന്യൂൾസ് (Granules) ആണ്. റവ പോലെയുണ്ട്. ഇതുകൊണ്ടും പല വിഭവങ്ങൾ ഉണ്ടാക്കാം. സോയാ ചങ്ക്സ് പൊടിച്ചുവെച്ചതാണെന്നു വിചാരിക്കേണ്ട. ഗ്രാന്യൂൾസ് തന്നെ വാങ്ങിയതാണ്. അതിന്റെ പായ്ക്കറ്റിനു മുകളിൽ കൊടുത്തിരിക്കുന്നത് - അടങ്ങിയിരിക്കുന്നത്- സോയ ഡിഫാറ്റഡ് (soya (defatted)) എന്നാണ്. എന്തെങ്കിലും വിഭവം ഉണ്ടാക്കിയിട്ട് വേറെ പോസ്റ്റ് ഇടാം.





ഇത് സോയാപ്പാൽ. ഇതിൽ ഫ്ലേവറുകളും, വേറെ എന്തൊക്കെയോ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. പല ഫ്ലേവറുകളിലും കിട്ടും.

തോഫു/ടോഫു കിട്ടിയില്ല. എവിടെയെങ്കിലും യാത്ര പോകുമ്പോൾ വാങ്ങിക്കൊണ്ടുവരാം.

Tuesday, March 20, 2012

ശതകുപ്പ അഥവാ ചതകുപ്പ




ശതകുപ്പ അഥവാ ചതകുപ്പ എന്നാണ് ഈ ഇല/ ചെടി അറിയപ്പെടുന്നത്. Dill (Anethum graveolens) എന്നു ഇംഗ്ലീഷിൽ. (കട. വിക്കി.) ഔഷധഗുണമുള്ള ഒന്നാണിത്. ഷെപ്പി ഭാജി എന്നു കൊങ്കിണിയിലും, സൊവ്വാ സബ്ജി എന്നു ഹിന്ദിയിലും സബ്സിഗെ സൊപ്പ് എന്നു കന്നടയിലും ഇതിനെ പറയുന്നു.




കാരവീ മധുരാ ദീപ്യത്വക്പത്രീ കൃഷ്ണജീരകേ - ഇവയെല്ലാം ചതകുപ്പയുടെ പേരാണെന്ന് അമരകോശം.

ശത്വാഹാ ശതപുഷ്പാ മിസിഗ്‌ഘോഷാ ച പോതികാ/ അഹിച്ഛത്രാപ വാക്പുഷ്പീ മാധവീ കാരവീ ശിഫാ/ സംഘാതപത്രികാച്ഛത്രാ വജ്രപുഷ്പാ സുഗന്ധാ സൂക്ഷ്മപത്രികാ/ ഗന്ധാരികാതിച്ഛത്രാ ച ചതുർവ്വിംശതിനാമികാ എന്നു പര്യായങ്ങൾ എന്ന് അമരകോശത്തിൽ പറയുന്നു.





വിദേശത്തും ഇന്ത്യയിലും ഇത് ഔഷധങ്ങളിൽ അല്ലാതെ ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നുണ്ട്. ഇതിനു ഒരു കണ്ണിമാങ്ങയുടേയും, മാവിന്റെ ഇലയുടേയും ഒക്കെ മണമാണ് എനിക്കു തോന്നിയത്. വെറും തോന്നലാണോ എന്തോ!

ഇതുകൊണ്ടു വിവിധതരം കൂട്ടാ‍നുകൾ/കറികൾ ഉണ്ടാക്കാം.




ഇല തണ്ടുകളഞ്ഞ് നുള്ളിയെടുക്കണം. എന്തെങ്കിലുമൊക്കെ അതിൽ വസിക്കുന്നുണ്ടോന്നു നോക്കുന്നത് നല്ലതാണ്. നല്ലതുപോലെ നോക്കിയിട്ട് കഴുകിയെടുത്തു തണ്ടുകളഞ്ഞ് എടുത്താലും മതി.


ശതകുപ്പ സാമ്പാർ




തുവരപ്പരിപ്പ് കുറച്ചു വേവിച്ചു. ശതകുപ്പയിലയും, ഉപ്പും, മഞ്ഞൾപ്പൊടിയും, പുളി പിഴിഞ്ഞെടുത്ത വെള്ളവും കൂടെ വേവിച്ചു. അല്പം വെള്ളം ചേർക്കാം. വെന്തപ്പോൾ തുവരപ്പരിപ്പ് അതിലേക്കിട്ടു. അല്പം തേങ്ങയും സാമ്പാറുപൊടിയും കൂടെ അരച്ച് ഇതിൽ ചേർത്തു. കായം, സാമ്പാർ പൊടിയിൽ ഇല്ലെങ്കിൽ ഇതിലേക്ക് അല്പം ചേർക്കണം. നന്നായി തിളച്ചപ്പോൾ വാങ്ങിവെച്ച് വറവിട്ടു.


ശതകുപ്പച്ചപ്പാത്തി




ഗോതമ്പുപൊടി, ഉപ്പ്, ജീരകം, മുളകുപൊടി, കായം, അല്പം എണ്ണ, ശതകുപ്പയില പൊടിയായി അരിഞ്ഞത് എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ചു. അല്പനേരം വെച്ചു. ഉരുട്ടിപ്പരത്തി ചപ്പാത്തിയുണ്ടാക്കി. മല്ലിയിലയും, പച്ചമുളകും, വെളുത്തുള്ളിയും ഒക്കെ വേണമെങ്കിൽ ചേർക്കാവുന്നതാണ്.

ശതകുപ്പ കൊണ്ടുള്ള വിഭവങ്ങൾ ഇനിയും വരും.

Friday, February 24, 2012

വള്ളിച്ചീര

ഇന്ത്യൻ സ്പിനാച്ച് (Indian spinach) എന്നറിയപ്പെടുന്ന ചീരയാണിത്. Basella rubra എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ഇത് ആരോഗ്യത്തിനു വളരെ ഗുണം ചെയ്യുന്ന ഒരു ഇലവർഗ്ഗമാണ്. വള്ളിച്ചീര എന്നാണ് ഇതിന്റെ മലയാളത്തിലെ പേര്. വീട്ടിൽ വളർത്താൻ വളരെ എളുപ്പമാണ്. ഇതിന്റെ തണ്ടിന്റെ ഒരു കഷണം മുറിച്ച് നടുകയേ വേണ്ടൂ. ഇതിന്റെ പാകം വന്ന തണ്ട് മുരിങ്ങാക്കോലുപോലെയാണ്. ഉള്ളിൽ മാംസളമായ ഭാഗവും, പുറത്ത് കുറച്ചു കട്ടിയിൽ തോലും. സ്വാദ്, സാദാ ചീരയുടെ സ്വാദ് തന്നെയാണ്. ഉപോദിക എന്നാണ് സംസ്കൃതത്തിൽ ഇതിന്റെ പേരെന്ന് ഒരു പുസ്തകത്തിൽ കണ്ടു. അമരകോശത്തിൽ, ഉപോദകീ എന്നതിനു വശളച്ചീര എന്നു കൊടുത്തിട്ടുണ്ട്. അത് ഇതാവാനാണ് സാദ്ധ്യത. (അല്ലെങ്കിൽ എന്നെ ഒന്നും പറയരുത്. ഞാനൊരു പാവമാണ്.)





ഇത് വള്ളിപോലെ വളരും. ഇതുകൊണ്ട് വളരെയധികം വിഭവങ്ങളുണ്ടാക്കാം. ചീര കൊണ്ടുണ്ടാക്കുന്നതുപോലെത്തന്നെ. പിന്നെ പാലക്ക് കൊണ്ടുണ്ടാക്കുന്നതുപോലെയും അനവധി വിഭവങ്ങൾ തയ്യാറാ‍ക്കാം.



അതിന്റെ ഇലകൾ.




തണ്ടുകൾ.






വള്ളിച്ചീര പുളിങ്കറി.

കുറച്ചു തുവരപ്പരിപ്പും ചീരത്തണ്ടും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് വേവിച്ചു. അല്പം പുളിവെള്ളവും, ചീര ഇലകളും ഉപ്പിട്ട് വേവിച്ചു. അത് പാതി വേവായപ്പോൾ ആദ്യം വേവിച്ചതും ഇതിന്റെ കൂടെ ഇട്ടു. നന്നായി വെന്തപ്പോൾ, തേങ്ങയരച്ചത് ചേർത്തു. തിളച്ചപ്പോൾ വാങ്ങിവെച്ച് വറവിട്ടു. തേങ്ങയുടെ കൂടെ ജീരകവും കൂട്ടാം.



വള്ളിച്ചീര ഇഡ്ഡലി

സാദാ ഇഡ്ഡലിമാവിൽ ചീരയില, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞിട്ടു. എന്നിട്ട് ഇഡ്ഡലിയുണ്ടാക്കി.




വള്ളിച്ചീര ബജ്ജി.

കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, എന്നിവ അല്പം വെള്ളത്തിൽ കുഴച്ച് അതിൽ ചീരയില ചെറുതായി മുറിച്ചിട്ടു. ചൂടായ വെളിച്ചെണ്ണയിൽ കുറേശ്ശെ ഒഴിച്ച് ബജ്ജിയുണ്ടാക്കിയെടുത്തു.

ചീരത്തണ്ട് ഞാനിവിടെ നട്ടിട്ടുണ്ട്. ശരിയാവുകയാണെങ്കിൽ ഇനിയും വിഭവങ്ങൾ പ്രതീക്ഷിക്കാം. എല്ലാർക്കും വീട്ടിൽ നടാൻ ഓരോ ചീരത്തണ്ടും തരാം.

(വിക്കിപീഡിയയോട് കുറച്ചു കടപ്പാട്.)

Tuesday, February 14, 2012

സ്ട്രോബെറി ചീസ് കേക്ക്

അങ്ങനെയിരിക്കുമ്പോഴാണല്ലോ പലതും സംഭവിക്കുന്നത്. അങ്ങനെയിരിക്കുമ്പോൾ ഞാൻ ഒരു കേക്കുണ്ടാക്കാൻ തീരുമാനിച്ചു. ഇതിനു കേക്ക് എന്ന പേരുണ്ടെങ്കിലും ഇതിനു ബേക്ക് ഇല്ല. വെറുതേ ഒരു കേക്ക് എന്നൊന്നും പറയാൻ പറ്റുകയുമില്ല. അതാണ് ചീസ് കേക്കുകൾ. ഇതൊക്കെ ആർക്കും ഉണ്ടാക്കാം.



ചീസ് കേക്ക് ഉണ്ടാക്കുന്ന പാത്രമാണിത്.




ഇതിന്റെ അടിഭാഗത്തെ തട്ട് മുകളിലേക്ക് എടുക്കാം.




ആദ്യം കേക്കിന്റെ അടിഭാഗം ഉണ്ടാക്കണം. അതിനു പറ്റിയ ഏതെങ്കിലും സ്പോഞ്ച് കേക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ചീസ് കേക്ക് പാത്രത്തിന്റെ അടിയിൽ വയ്ക്കുക. കേക്ക് മുഴുവൻ വേണ്ട. രണ്ടാക്കിയോ മൂന്നാക്കിയോ വട്ടത്തിൽ മുറിച്ച് അതിന്റെ ഒരു ഭാഗം ഇട്ടാൽ മതി. അതു കുറച്ച് പഞ്ചാരപ്പാനി ഉണ്ടാക്കി കുതിർക്കണം. ഇനി കേക്കില്ലാത്തവർക്കു വേണ്ടിയാണ് ബിസ്ക്കറ്റ്. ഞാൻ ഒരു പത്തൊമ്പത് ബിസ്ക്കറ്റ് പൊടിച്ച് അതിന്റെ കൂടെ അല്പം ബട്ടറും, അല്പം പാലും ഒഴിച്ച് കുഴച്ച് ഇതിലിട്ടു. കുഴയ്ക്കുന്നത് ചപ്പാത്തിമാവിന്റെ പരുവത്തിലൊന്നും വേണ്ട. ബിസ്ക്കറ്റ് ഒന്നു മയത്തിൽ അടിയിൽ ഉറച്ചിരിക്കണം. ബട്ടർ മാത്രം ഉപയോഗിച്ചാൽ പ്രശ്നമൊന്നുമില്ലെങ്കിൽ അങ്ങനെയും ആവാം.

അത്രേ വേണ്ടൂ. എന്നിട്ടു ഒരു പതിനഞ്ച് ഇരുപതു മിനുട്ട് ഫ്രിഡ്ജിൽ വയ്ക്കുക.



പിന്നെ സ്ട്രോബെറി എടുത്ത് കുഞ്ഞുകുഞ്ഞായി അരിയുക. പുളി പോകാൻ മാത്രം പഞ്ചസാര കണക്കാക്കി ഇട്ട്, അല്പം വെള്ളവും ഒഴിച്ച് അടുപ്പത്തുവെച്ച് ഇളക്കി പ്യൂരി ഉണ്ടാക്കുക. സ്ട്രോബെറി ക്രഷ് വാങ്ങാൻ കിട്ടും. സ്ട്രോബെറി പ്യൂരി വീട്ടിൽ ഉണ്ടാക്കുന്നതിനുപകരം അതുപയോഗിക്കാം.



സ്ട്രോബെറി പ്യൂരി അഥവാ പൾപ്പ് ഒരു കപ്പ് വേണം. പ്യൂരി ഉണ്ടാക്കാൻ ശരിക്കും കണ്ടൻസ്ഡ് മിൽക്കും ചേർക്കാം. ഇവിടെ ചേർത്തില്ല.

ചീസ് കേക്കിൽ അധികവും ഉപയോഗിക്കുന്നത് ക്രീം ചീസ് ആണ്. അതില്ലെങ്കിൽ പനീറോ മസ്കാപോൺ ചീസോ എടുക്കുക.

ഇവിടെയുണ്ടായിരുന്നത് മസ്കാപോൺ ചീസ് ആണ്. ഞാനതെടുത്തു. അതും ഒരു കപ്പ്. പിന്നെ അല്പം കട്ടത്തൈര്. കട്ടത്തൈരുണ്ടാക്കാൻ, തൈര് ഒരു തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കി അതിലെ വെള്ളം മുഴുവൻ കളയണം. തൈര് ഒന്നര അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ മതി.

പിന്നെ ക്രീം. ക്രീം അടിച്ചുപതപ്പിച്ചത് ഒന്നേ കാൽ കപ്പ്. ക്രീം ഫ്രിഡ്ജിൽ നിന്നെടുത്ത് കുറേ നേരം കഴിഞ്ഞ് അടിച്ചുപതപ്പിച്ചാലേ ശരിയാവൂ എന്നോർക്കുക.

ഇനി വേണ്ടത് കുറച്ച് പഞ്ചസാരപ്പൊടി ആണ്. നാലു ടേബിൾസ്പൂൺ. കുറച്ച് കൂടിയാലും ഈ കേക്കിനൊരു ചുക്കും സംഭവിക്കില്ല.(ആർക്കറിയാം!)

സ്ട്രോബെറി പ്യൂരിയും മസ്കാപോണും തൈരും ആദ്യം നന്നായി യോജിപ്പിക്കുക. പിന്നെ ക്രീമും പഞ്ചസാരയും ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. പുളി നോക്കുക. പഞ്ചസാരപ്പൊടി കുറച്ചുകൂടെ ആവാമെന്നു തോന്നുന്നെങ്കിൽ ഇടുക.



ഫ്രിഡിജിൽ വെച്ച ബിസ്ക്കറ്റുപാത്രം എടുത്ത് അതിലേക്ക് ഈ കൂട്ട് ഒഴിക്കുക. വീണ്ടും കുറേ നേരം ഫ്രിഡ്ജിൽത്തന്നെ വയ്ക്കുക.



അഞ്ചാറു മണിക്കൂർ കഴിഞ്ഞെടുത്താൽ ഇങ്ങനെ കിട്ടും.




ശരിക്കും ഇത്ര കട്ടിയിൽ അല്ല ചീസ് കേക്കുകൾ ഉണ്ടാവുക. കേക്ക് ഉറച്ചുകിട്ടാൻ, വെജിറ്റേറിയൻ അല്ലാത്തവർക്ക് ജലാറ്റിൻ ചേർക്കാം. ജലാറ്റിൻ രണ്ടു ടേബിൾസ്പൂൺ എടുത്ത് വെള്ളത്തിൽ കലക്കി അടുപ്പത്തുവെച്ച് ഒന്നു കുറുക്കി ഇതിൽ ചേർക്കാം. വെജിറ്റേറിയൻസിന് ജലാറ്റിനുപകരം ചൈനാഗ്രാസ്സ് ചേർക്കാം. ഞാൻ ചേർത്തില്ല. അതുകൊണ്ടാണ് ഫ്രീസറിൽ വെച്ചത്. നിങ്ങളാരും ഫ്രീസറിൽ വയ്ക്കരുത്.

ഐസിംഗ് ചെയ്യുക. ക്രീമും ഐസിംഗ് ഷുഗറും ചേർത്ത്. എസ്സൻസുകളും ചേർക്കാം.
ഐസിംഗ് എന്ന മഹാപാതാളത്തിനു മുന്നിൽ പകച്ചു പ്രാന്തായി നിൽക്കുന്ന ഒരു പാവമാണു ഞാൻ. ചില്ലുമേടയിലിരുന്നെന്നെ ചീമുട്ടയെറിയരുത്.





അപ്പോ എല്ലാവർക്കും പൂവാലന്റൈൻസ് ദിനാശംസകൾ!

Thursday, January 19, 2012

പച്ചക്കറി ബേക്ക്



കാരറ്റ് - ഒന്ന്. ചെറുത്.
മധുരക്കിഴങ്ങ് - ഒരു വലുതിന്റെ പകുതി.
കാബേജ് അരിഞ്ഞെടുത്തത് - മൂന്നു ടേബിൾസ്പൂൺ.
കാപ്സിക്കം - ഒന്ന്.
കോളിഫ്ലവർ - ഒരു ചെറുതിന്റെ പകുതി.
ബീൻസ് - പത്ത് എണ്ണം.
ബട്ടർ - രണ്ട് ടേബിൾസ്പൂൺ.
പാൽ - കാൽ ലിറ്റർ.
മൈദ - അഞ്ച് ടീസ്പൂൺ.
ചീസ് - പച്ചക്കറിയുടെ മുകളിൽ തൂവാൻ വേണ്ടത്ര.
കുരുമുളകുപൊടി - അര ടീസ്പൂൺ.



മധുരക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. ഞാൻ കുക്കറിലാണ് വേവിച്ചെടുത്തത്. തോലോടെ വേവിച്ചു, എന്നിട്ട് തൊലി കളഞ്ഞ് കഷണങ്ങളാക്കി. പച്ചക്കറികളൊക്കെ മുറിച്ച് പുഴുങ്ങുക. പച്ചക്കറികളൊക്കെ കഴുകിയെടുത്ത് വെള്ളം ഒഴിച്ച് വേവിച്ചു. കോളിഫ്ലവർ ആദ്യം തന്നെ ഇട്ടില്ല. അതു വേഗം വേവും. കാബേജും ആദ്യം ഇട്ടില്ലെങ്കിൽ കുഴപ്പമില്ല. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് എടുക്കുക.
ബട്ടർ ചൂടാക്കുക. പച്ചക്കറികൾ ഒരുമിച്ച് ഇടാൻ പറ്റുന്നത്ര വലുപ്പത്തിലുള്ള പാത്രത്തിൽ ബട്ടർ ചൂടാക്കിയാൽ നന്ന്.
ബട്ടർ ചൂടാക്കി വാങ്ങിവെച്ച് അതിൽ മൈദ ഇട്ട് ഇളക്കുക. പാൽ അതിലേക്ക് ഒഴിച്ച് മൈദ കട്ടയാവാത്ത വിധത്തിൽ നന്നായി ഇളക്കി യോജിപ്പിക്കുക. ചൂടാക്കിയിട്ട് തണുത്ത പാലാണ് ഒഴിച്ചത്.
അടുപ്പത്തു വെച്ച് ഒന്നു കുറുക്കുക.
വാങ്ങിവെച്ച് കുരുമുളകുപൊടിയും, പച്ചക്കറികൾക്കു മുഴുവൻ ആവശ്യമായ ഉപ്പും ഇട്ട് യോജിപ്പിക്കുക. മധുരക്കിഴങ്ങും പച്ചക്കറികളും അതിലേക്ക് ഇട്ട് യോജിപ്പിക്കുക.




മൈക്രോവേവിൽ വയ്ക്കാൻ പറ്റുന്ന പാത്രത്തിലേക്കു മാറ്റുക. പാത്രത്തിൽ ആദ്യം കുറച്ചു ബട്ടർ പുരട്ടണം.



മുകളിൽ ചീസ് തൂവുക.
കൺവെക്ഷൻ രീതിയിൽ 200 ഡിഗ്രി C-ൽ പത്തുമിനുട്ട് ബേക്ക് ചെയ്യുക. പ്രീ-ഹീറ്റ് ചെയ്യേണ്ട.




പച്ചക്കറികൾ വേറെ ഏതെങ്കിലും വേണമെങ്കിൽ ഉപയോഗിക്കാം. കുരുമുളകുപൊടി കുറയ്ക്കണമെങ്കിൽ കുറയ്ക്കാം. മധുരക്കിഴങ്ങിനു പകരം ഉരുളക്കിഴങ്ങും ഉപയോഗിക്കാം. ഞാൻ കുറച്ചേ ചീസ് ഇട്ടിട്ടുള്ളൂ. നിങ്ങൾക്കുവേണമെങ്കിൽ ഇനീം കുറേ ഇടാം.

Tuesday, January 03, 2012

കുടവൻ ഇല ചമ്മന്തി




കുടകൻ അഥവാ കുടവൻ ( Indian Pennywort) ഒരു ഔഷധസസ്യം ആണ്. മണ്ഡൂകപർണി, സരസ്വതി, ബ്രഹ്മി എന്നൊക്കെ പല ഭാഷകളിലുമായി പല പേരുകളിൽ അറിയപ്പെടുന്നു.

വീട്ടിൽ വളർത്താൻ എളുപ്പമുള്ളൊരു ചെടിയാണ് ഇത്. കുടവൻ ഇല കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. ജ്യൂസ്, ചമ്മന്തികൾ ഒക്കെ. ഞാനുണ്ടാക്കിയത് ഒരു ചമ്മന്തിയാണ്. അഥവാ അരച്ചുകലക്കി.





കുടവനില പറിച്ച് കുറച്ചുനേരം വെള്ളത്തിലിട്ടുവെച്ചു. മണ്ണും പൊടിയുമൊക്കെ പോകണമല്ലോ.




കഴുകിയെടുത്ത്, തേങ്ങ, പച്ചമുളക്, ഉപ്പ്, മല്ലിയില, തൈര് എന്നിവ ചേർത്ത് അരച്ചെടുത്തു. കലക്കുചമ്മന്തിയിൽ വറവിടാറാണു പതിവ്.

ഇഞ്ചി, കറിവേപ്പില, പുളി എന്നിവയൊക്കെ ചേർത്തും അരയ്ക്കാം. തൈരു ചേർക്കുന്നില്ലെങ്കിൽ, ശർക്കരയും ഒരു കഷണം ഇടാം.

Sunday, January 01, 2012

മധുരം നിറയും മുട്ടായി

ചോക്ലേറ്റ് ഇഷ്ടമാണോ? നാരങ്ങമുട്ടായിയോ? രണ്ടും കൂടെ ആയാലോ? എന്തായാലും പുതുവർഷമൊക്കെയല്ലേ? “മധുരം കഴിക്കണം ഇന്നൊന്നാം തീയ്യതിയായ്” എന്നാണല്ലോ പറഞ്ഞുകേട്ടിട്ടുള്ളത്? അതുകൊണ്ട് കഴിച്ചേക്കാം അല്ലേ?

ചോക്ലേറ്റ് ബാർ മൂന്നു തരത്തിൽ (പ്രധാനമായും) കിട്ടും. ഡാർക്ക്, മിൽക്ക്, വൈറ്റ്. അതുരുക്കി പല വിഭവങ്ങളും ഉണ്ടാക്കാം. ഇവിടെയിപ്പോൾ, എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന, എല്ലാർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണുള്ളത്. നാരങ്ങമുട്ടായി ചോക്ലേറ്റ്.

ചോക്ലേറ്റ് ഉണ്ടാക്കാനുള്ള ഡിസൈൻ മോൾഡുകൾ കിട്ടും. ഇവിടെ ഐസ് ട്രേ കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല. ഇരുമ്പല്ലാത്തതുകൊണ്ടായിരിക്കും, വെറുതേയിട്ടിട്ടും തുരുമ്പു പിടിക്കാത്തത്. അതുകൊണ്ട്, നാരങ്ങമുട്ടായി ചോക്ലേറ്റിനു വേറെ പാത്രമൊന്നും വേണ്ടെന്നു ഞാൻ തീരുമാനിച്ചു. വെറുതേ (ഇല്ലാത്ത) പൈസ കളയേണ്ടല്ലോ.





ചോക്ലേറ്റ് ബാർ വാങ്ങിക്കൊണ്ടുവരിക. നാരങ്ങമുട്ടായിയും വാങ്ങിക്കൊണ്ടുവരുക. ഇവിടെയുള്ളത് സെമി- സ്വീറ്റ് ചോക്ലേറ്റ് ബാർ ആണ്.



ഒരു കഷണം മുറിച്ചെടുത്ത്, ഉരുക്കുക. നോൺ - സ്റ്റിക്ക് പാത്രത്തിൽ ഉരുക്കുന്നതാണു നല്ലത്. ചോക്ക്ലേറ്റ് പാത്രത്തിൽ മുറിച്ചിട്ട് ചെറുതീയിൽ വയ്ക്കുക. ഒന്നും കൂടെച്ചേർക്കേണ്ട.




ഐസ് ട്രേ കഴുകിയുണക്കി അതിലേക്ക് (ഏകദേശം പകുതിക്കടുത്ത്) ചോക്ലേറ്റ് ഒഴിക്കുക.




നാരങ്ങമുട്ടായി വയ്ക്കുക.







എല്ലാത്തിലും വച്ചുകഴിഞ്ഞാൽ മുകളിൽ വീണ്ടും ഉരുകിയ ചോക്ലേറ്റ് ഒഴിക്കുക.

മെല്ലെ ഒന്നു കുലുക്കി ടക് ടക് ടക് എന്നു ഒച്ച വരുത്തിയാൽ ഒക്കെ ഒരു നിരപ്പിലാവും.



ഫ്രിഡ്ജിൽ വയ്ക്കുക. നന്നായി ഉറച്ചാൽ എടുക്കുക. ട്രേയിൽ നിന്ന് പ്ലേറ്റിലേക്കു തട്ടിമുട്ടിയിടുക.



ഇതാണ് നാരങ്ങമുട്ടായി ചോക്ലേറ്റ്.

ആർക്കെങ്കിലും കൊടുക്കുമ്പോൾ പറയുക. അകത്തു നാരങ്ങമുട്ടായിയുണ്ട്. സൂക്ഷിക്കുക!

എല്ലാ കൂട്ടുകാർക്കും പുതുവർഷത്തിൽ നന്മകൾ നേരുന്നു.

Saturday, December 24, 2011

ചോളം കട്‌ലറ്റ്

ചോളം(കോൺ) കഴിച്ചിട്ടുണ്ടോ? ഇഷ്ടമാണെങ്കിൽ ഈ കട്‌ലറ്റും ഇഷ്ടമാവും. ചോളം പായ്ക്കറ്റുകളിലും കിട്ടും. അപ്പാടെയുള്ളത് കിട്ടിയില്ലെങ്കിൽ അതുപയോഗിച്ചാൽ മതി. സാധാരണയായി കട്‌ലറ്റ് ഉണ്ടാക്കുന്നതുപോലെത്തന്നെയാണ്. വല്യ വിഷമം ഒന്നുമില്ല.




ചോളം - ഒന്ന്. (ചിത്രത്തിൽ ഉള്ളതുപോലെ). പായ്ക്കറ്റിലുള്ളതാണെങ്കിൽ ഏകദേശം അളവു കണക്കാക്കിയെടുക്കാം.
കാരറ്റ് - ഒന്ന്.
വലിയ ഉള്ളി - ഒന്ന്.
പച്ചമുളക് - രണ്ട്.
ഇഞ്ചി - ചെറിയ ഒരു കഷണം.
കാപ്സിക്കം - ഒന്ന്.
ഉരുളക്കിഴങ്ങ് - ഒന്ന്. വലുത്.
വെജിറ്റബിൾ മസാലപ്പൊടി - അര ടീസ്പൂൺ.
ഉപ്പ്
വെളിച്ചെണ്ണ.
കറിവേപ്പില.
റൊട്ടിപ്പൊടി - ബ്രഡിന്റെ അരികു കളഞ്ഞ് ബാക്കിയുള്ളത് പൊടിച്ചെടുക്കുക. മിക്സിയിൽ ഇട്ടാൽ മതി.





ചോളം വേവിക്കുക. ഉരുളക്കിഴങ്ങും വേവിക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചുവയ്ക്കുക. തോലോടെ പുഴുങ്ങിയിട്ട്, പിന്നെ തോലു കളഞ്ഞാൽ മതി. ചോളവും ഉരുളക്കിഴങ്ങും നന്നായി വേവണം.




കാരറ്റ്, ഉള്ളി, പച്ചമുളക്, ഇഞ്ചി, കാപ്സിക്കം എന്നിവ വളരെച്ചെറുതാക്കി അരിയുക. ഞാൻ കാരറ്റ് ചീവിയെടുത്തു. കറിവേപ്പിലയും ചെറുതാക്കി മുറിച്ചുവയ്ക്കുക.

വെളിച്ചെണ്ണയോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു പാചകയെണ്ണയോ ചൂടാക്കുക. അതിലേക്ക് പച്ചക്കറികളും (കാരറ്റ്, ഉള്ളി തുടങ്ങിയവ) കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റി വേവിക്കുക.





വെന്താൽ ഉപ്പും മസാലപ്പൊടിയും ചേർക്കുക. ചോളവും ഉരുളക്കിഴങ്ങും ചേർക്കുക. നന്നായി വഴറ്റി യോജിപ്പിച്ച് വാങ്ങിവയ്ക്കുക.









ദോശക്കല്ല് ചൂടാക്കി, വഴറ്റിയ പച്ചക്കറികൾ കുറേശ്ശെയെടുത്ത് ഉരുട്ടിപ്പരത്തി, റൊട്ടിപ്പൊടിയിൽ ഇട്ട് പൊതിഞ്ഞ്, ദോശക്കല്ലിൽ ഇട്ട് വെളിച്ചെണ്ണയൊഴിച്ച് അപ്പുറവും ഇപ്പുറവും വേവിച്ചെടുക്കുക.


റൊട്ടിപൊടിയിൽ പൊതിഞ്ഞിട്ടും, പച്ചക്കറികൾ വേർപെട്ടു പോകുന്നുണ്ടെങ്കിൽ, അല്പം കോൺഫ്ലോറോ മൈദയോ കലക്കി അതിൽ മുക്കിയ ശേഷം റൊട്ടിപ്പൊതിയിൽ പൊതിഞ്ഞ് വേവിക്കാൻ വയ്ക്കുക.

പച്ചക്കറികൾ വഴറ്റി വേവിക്കുന്നില്ലെങ്കിൽ, ഒന്നു വഴറ്റിയശേഷം, ഉപ്പും, മസാലയും, ചോളവും, ഉരുളക്കിഴങ്ങും ചേർത്ത് യോജിപ്പിച്ചശേഷം മൈദയിലോ കോൺഫ്ലോറിലോ പൊതിഞ്ഞ്, റൊട്ടിപ്പൊടിയിലോ, റവയിലോ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുകയും ചെയ്യാം.

ഈ അളവിൽ അത്യാവശ്യം എരുവൊക്കെയുണ്ട്. കൂടുതൽ വേണ്ടവർക്ക് അല്പം മുളകുപൊടിയോ, പച്ചമുളകോ ഒക്കെ ചേർക്കാവുന്നതാണ്.




സോസ് കൂട്ടിക്കഴിക്കുന്നതാവും നല്ലത്.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]