Tuesday, March 20, 2012
ശതകുപ്പ അഥവാ ചതകുപ്പ
ശതകുപ്പ അഥവാ ചതകുപ്പ എന്നാണ് ഈ ഇല/ ചെടി അറിയപ്പെടുന്നത്. Dill (Anethum graveolens) എന്നു ഇംഗ്ലീഷിൽ. (കട. വിക്കി.) ഔഷധഗുണമുള്ള ഒന്നാണിത്. ഷെപ്പി ഭാജി എന്നു കൊങ്കിണിയിലും, സൊവ്വാ സബ്ജി എന്നു ഹിന്ദിയിലും സബ്സിഗെ സൊപ്പ് എന്നു കന്നടയിലും ഇതിനെ പറയുന്നു.
കാരവീ മധുരാ ദീപ്യത്വക്പത്രീ കൃഷ്ണജീരകേ - ഇവയെല്ലാം ചതകുപ്പയുടെ പേരാണെന്ന് അമരകോശം.
ശത്വാഹാ ശതപുഷ്പാ മിസിഗ്ഘോഷാ ച പോതികാ/ അഹിച്ഛത്രാപ വാക്പുഷ്പീ മാധവീ കാരവീ ശിഫാ/ സംഘാതപത്രികാച്ഛത്രാ വജ്രപുഷ്പാ സുഗന്ധാ സൂക്ഷ്മപത്രികാ/ ഗന്ധാരികാതിച്ഛത്രാ ച ചതുർവ്വിംശതിനാമികാ എന്നു പര്യായങ്ങൾ എന്ന് അമരകോശത്തിൽ പറയുന്നു.
വിദേശത്തും ഇന്ത്യയിലും ഇത് ഔഷധങ്ങളിൽ അല്ലാതെ ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നുണ്ട്. ഇതിനു ഒരു കണ്ണിമാങ്ങയുടേയും, മാവിന്റെ ഇലയുടേയും ഒക്കെ മണമാണ് എനിക്കു തോന്നിയത്. വെറും തോന്നലാണോ എന്തോ!
ഇതുകൊണ്ടു വിവിധതരം കൂട്ടാനുകൾ/കറികൾ ഉണ്ടാക്കാം.
ഇല തണ്ടുകളഞ്ഞ് നുള്ളിയെടുക്കണം. എന്തെങ്കിലുമൊക്കെ അതിൽ വസിക്കുന്നുണ്ടോന്നു നോക്കുന്നത് നല്ലതാണ്. നല്ലതുപോലെ നോക്കിയിട്ട് കഴുകിയെടുത്തു തണ്ടുകളഞ്ഞ് എടുത്താലും മതി.
ശതകുപ്പ സാമ്പാർ
തുവരപ്പരിപ്പ് കുറച്ചു വേവിച്ചു. ശതകുപ്പയിലയും, ഉപ്പും, മഞ്ഞൾപ്പൊടിയും, പുളി പിഴിഞ്ഞെടുത്ത വെള്ളവും കൂടെ വേവിച്ചു. അല്പം വെള്ളം ചേർക്കാം. വെന്തപ്പോൾ തുവരപ്പരിപ്പ് അതിലേക്കിട്ടു. അല്പം തേങ്ങയും സാമ്പാറുപൊടിയും കൂടെ അരച്ച് ഇതിൽ ചേർത്തു. കായം, സാമ്പാർ പൊടിയിൽ ഇല്ലെങ്കിൽ ഇതിലേക്ക് അല്പം ചേർക്കണം. നന്നായി തിളച്ചപ്പോൾ വാങ്ങിവെച്ച് വറവിട്ടു.
ശതകുപ്പച്ചപ്പാത്തി
ഗോതമ്പുപൊടി, ഉപ്പ്, ജീരകം, മുളകുപൊടി, കായം, അല്പം എണ്ണ, ശതകുപ്പയില പൊടിയായി അരിഞ്ഞത് എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ചു. അല്പനേരം വെച്ചു. ഉരുട്ടിപ്പരത്തി ചപ്പാത്തിയുണ്ടാക്കി. മല്ലിയിലയും, പച്ചമുളകും, വെളുത്തുള്ളിയും ഒക്കെ വേണമെങ്കിൽ ചേർക്കാവുന്നതാണ്.
ശതകുപ്പ കൊണ്ടുള്ള വിഭവങ്ങൾ ഇനിയും വരും.
Subscribe to:
Post Comments (Atom)
8 comments:
ആയുര്‍വേദത്തില്‍ കിഴി ഇടാന്‍ ഉള്ള മരുന്നുകളില്‍ ഒന്നാണ് ഇവന്/ഇവള്
എല്ലാ കറി വച്ചു കൂട്ടിയാല്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യും ശിവനേ :)
ഇഷ്ടമായി.!
ദില്ല് (dill) -നു ശതകുപ്പ / ചതകുപ്പ എന്ന് മലയാളം പേരുണ്ടെന്ന അറിവ് എനിക്ക് പുതിയതാണ്.
പണിക്കർ ജീ :) കിഴിയും വെക്കാം കറിയും വെക്കാം അല്ലേ?
ഏവൂ :) ഇഷ്ടമായെങ്കിൽ, പോസ്റ്റ് നന്നായീന്നു ഞാൻ വിചാരിച്ചേക്കാം അല്ലേ? ഞാൻ ദില്ലും പിടിച്ച് ഗൂഗ്ലിയപ്പോ പേരു കിട്ടി.
ശതകുപ്പയോ ഇതെന്തോന്ന് സാദനമാ??? നാട്ടുമരുന്നു വില്ക്കുന്നിടത് പോകേണ്ടി വരുമോ?
:-P
ഇതിന്റെ പേര് പരിചയമില്ലായിരുന്നു. ഈ സാധനമാണെന്ന് തോന്നുന്നു Shopping Mall ല്‍ ഇരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.
കോമാളി :) ചിലയിടത്തൊക്കെ കിട്ടും. സൂപ്പർമാർക്കറ്റുകളിൽ ചിലപ്പോൾ കിട്ടും.
ശ്രീ :) ഇനി കാണുമ്പോൾ വാങ്ങിനോക്കൂ.
Adipoli!! WhatAnIndianRecipe
ഞാനിവിടെ വഴിതെറ്റി വന്നതാ ....എന്നാലും വയറു നിറഞ്ഞു ..............
Post a Comment