Saturday, July 31, 2010

മത്തങ്ങ കൂട്ടുകറി



സുന്ദരിമത്തൻ എന്നാണ് ഞങ്ങൾ ഈ മത്തനു പറയുന്നത്. കുഞ്ഞുമത്തൻ. മത്തങ്ങ കൊണ്ട് ഒരുപാട് വിഭവങ്ങളുണ്ടാക്കാം. അല്പം മധുരമുള്ളൊരു വസ്തുവാണ് മത്തങ്ങ. മത്തങ്ങ കൊണ്ട് ഒരു കൂട്ടുകറിയുണ്ടാക്കിയേക്കാമെന്ന് വെച്ചു. വെള്ളക്കടല/ചനയും ഇട്ട്. ഓണമൊക്കെ വരുന്നതല്ലേ? എല്ലാവർക്കും മത്തങ്ങ വെള്ളക്കടല കൂട്ടുകറിയുണ്ടാക്കാമല്ലോ.

ജോലി തുടങ്ങാം?



മത്തങ്ങ - മുഴുവൻ മത്തങ്ങയുടെ ചിത്രത്തിൽ ഉള്ളതിന്റെ പകുതിയെടുത്ത് തോലും കുരുവുമൊക്കെ കളഞ്ഞ് മുറിച്ച് കഴുകിയെടുക്കുക. സാധാരണയായി ചേനയും കായയും ഒക്കെ നല്ല കുഞ്ഞുകുഞ്ഞു ചതുരക്കഷണങ്ങളാ‍ക്കുകയാണ് പതിവ്. മത്തങ്ങ വേഗം വെന്തുടയുന്ന ഒന്നായതുകൊണ്ട് അല്പം വലുതായാലും കുഴപ്പമില്ല.

വെള്ളക്കടല/ചന - 100 ഗ്രാം. തലേന്ന് അല്ലെങ്കിൽ അഞ്ചെട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവയ്ക്കണം.

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.

മുളകുപൊടി - അര ടീസ്പൂൺ. (കുറയ്ക്കാം).

തേങ്ങ ചിരവിയത് - 5 ടേബിൾസ്പൂൺ. (4 ആയാലും കുഴപ്പമില്ല). അരയ്ക്കാനുള്ളതാണ്.

ജീരകം - അര ടീസ്പൂൺ.

തേങ്ങയും ജീരകവും അധികം വെള്ളം ചേർക്കാതെ അരയ്ക്കുക.

തേങ്ങ ചിരവിയത് - 3 ടേബിൾസ്പൂൺ. (2 ആയാലും കുഴപ്പമില്ല). വറവിടാനുള്ളതാണ്.

പിന്നെ ഉപ്പ്, കടുക്, കറിവേപ്പില, വെളിച്ചെണ്ണ ഒക്കെ കുറച്ച്.



ആദ്യം തന്നെ ചന കഴുകി വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കുക. നല്ലപോലെ വേവണം. തിന്നുമ്പോൾ കട്ടിയിൽ ഉണ്ടാവരുത്. വേവാൻ കഷ്ടിച്ച് വേണ്ടിവരുന്ന വെള്ളമേ ഒഴിക്കാവൂ.



മത്തങ്ങ, ഒരു പാത്രത്തിലെടുത്ത്, മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് കുറച്ച് വെള്ളവുമൊഴിച്ച് അടുപ്പത്തുവയ്ക്കുക. മത്തങ്ങയുടെ അല്പം മുകൾഭാഗം വരെ മതി വെള്ളം. തിളച്ചാൽ തീ കുറച്ച് അടച്ചുവേവിക്കുക.



പകുതിവേവായാൽ വെന്ത ചന അതിലേക്കിടുക. ചനയ്ക്കും ഉപ്പും മുളകുമൊക്കെ പിടിക്കണമല്ലോ. ചന ഒന്നുടച്ചിട്ട് ഇടുകയും ചെയ്യാം.

വെന്താൽ, എല്ലാം കൂടെ യോജിച്ചാൽ അതിൽ തേങ്ങ ചേർക്കുക. തീ കുറച്ചിട്ടായിരിക്കണം ഒക്കെ ചെയ്യുന്നത്. വെള്ളം ചേർക്കണമെന്നില്ല. പാത്രത്തിൽ ഒട്ടും ഇല്ലെങ്കിൽ അല്പം ചേർക്കാം. കരിഞ്ഞുപോകാതിരിക്കാൻ വേണ്ടി മാത്രം.

തേങ്ങ തിളയ്ക്കും. അതുകഴിഞ്ഞാൽ വാങ്ങിവയ്ക്കുക. വറുക്കാൻ വെച്ച തേങ്ങ അല്പം വെളിച്ചെണ്ണ ചേർത്ത് ചുവപ്പുനിറത്തിൽ വറുത്ത് ഇടുക. കറിവേപ്പിലയും അതിനോടൊപ്പം വറത്തിടാം. തേങ്ങ മൊരിഞ്ഞാൽ അതിൽത്തന്നെ കടുകും ഇടുന്നതുകൊണ്ടു കുഴപ്പമില്ല. പക്ഷെ, അത് വേറെ തന്നെ വറവിട്ടാൽ മതി.




വെള്ളം തീരെയില്ലെന്ന് ഈ ചിത്രം കണ്ടാൽ മനസ്സിലാവുന്നില്ലേ? അല്പം ഉണ്ടെങ്കിലും കുഴപ്പമൊന്നുമില്ല.

നല്ല സ്വാദുണ്ട്. എല്ലാവരും ഉണ്ടാക്കിക്കഴിക്കുക.

Friday, July 30, 2010

ബീറ്റ്‌റൂട്ട് ദോശ

ബീറ്റ്‌റൂട്ട് ഇഷ്ടമാണോ? ദോശ ഇഷ്ടമാണോ? എങ്കിൽ ബീറ്റ്‌റൂട്ട് ദോശയുണ്ടാക്കാൻ ഒരുങ്ങിക്കോളൂ. എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് പറയാം.

ആദ്യം ദോശമാവ് തയ്യാറാക്കണം. നിങ്ങൾ സാധാരണയായി ദോശയ്ക്ക് തയ്യാറാക്കുന്നപോലെ തയ്യാറാക്കിയാൽ മതി. അല്ലെങ്കിൽ താഴെപ്പറയുന്നതുപോലെ തയ്യാറാക്കുക.

പച്ചരി - ഒരു ഗ്ലാസ്സ്.
പുഴുങ്ങലരി - അര ഗ്ലാസ്സ്.
ഉലുവ - അര ടീസ്പൂൺ.
ഉഴുന്ന് - കാൽ ഗ്ലാസ്സ്.

എല്ലാം ഒരുമിച്ച് വെള്ളത്തിൽ ഇട്ടുവയ്ക്കുക. നാലഞ്ച് മണിക്കൂർ കഴിഞ്ഞാൽ, കഴുകി, മിനുസമായി അരച്ചെടുക്കുക. അധികം വെള്ളത്തോടെ അരയ്ക്കരുത്. ഉപ്പു ചേർത്തു വയ്ക്കുക. എട്ട് പത്ത് മണിക്കൂർ വച്ചാൽ മാവ് പുളിക്കും.

ഇനി ബീറ്റ്‌റൂട്ട് കൂട്ട്.



ബീറ്റ്‌റൂട്ട് - ഒന്ന് ഇടത്തരം (ചിത്രത്തിൽ ഉള്ളതുപോലെയുള്ളത്).



ബീറ്റ്‌റൂട്ട് തോലുകളഞ്ഞ് കഷണങ്ങളാക്കി വേവിക്കുക. ഇവിടെ കുക്കറിലാണ് വേവിച്ചത്. അതുകൊണ്ട് വല്യ കഷണങ്ങളാണ് ആക്കിയത്.



വെന്തിട്ട് ഒന്നു തണുത്താൽ അരയ്ക്കുക. വേവിക്കുമ്പോൾ ഒഴിച്ച വെള്ളം വേണ്ട. വെള്ളം ചേർക്കാതെ അരയ്ക്കുക. മിനുസവും ആവണം.




അരച്ചെടുത്തത് എത്ര അളവുണ്ട് എന്നു നോക്കുക. അതിന്റെ ഇരട്ടി ദോശമാവിൽ ബീറ്റ്‌റൂട്ട് അരച്ചത് ചേർക്കുക. കുറച്ച് കുരുമുളകുപൊടി ഇടുക. കായം പൊടിയും ഇടുക. അല്പം ഉപ്പ് ഇടുക. ബീറ്റ്‌റൂട്ടിനു മാത്രം വേണ്ടി. എല്ലാം കൂടെ യോജിപ്പിക്കുക.



ദോശക്കല്ല്/തട്ട് വെച്ച് ചൂടായാൽ മാവൊഴിക്കുക. ഒന്നു വെന്താൽ ദോശയ്ക്കു മുകളിൽ നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക.



നല്ലപോലെ വെന്താൽ മറിച്ചിടുക. ആ ഭാഗവും വെന്താൽ എടുത്തുവയ്ക്കുക.



വെറും തേങ്ങാച്ചമ്മന്തി മതി കൂട്ടിക്കഴിക്കാൻ എന്ന് എന്റെ അഭിപ്രായം. മാവ് അധികം ചേർത്താലും കുഴപ്പമില്ല. ഈ അളവിൽ അരിമാവ് ബാക്കിയുണ്ടാവും. ഈ ബീറ്റ്‌റൂട്ട് കൂട്ടിൽ അഞ്ച് വല്യ ദോശയുണ്ടാക്കാം.

Tuesday, July 13, 2010

പപ്പടബജ്ജി

പപ്പടബജ്ജിയുണ്ടാക്കുന്നത് മറ്റു ബജ്ജികൾ ഉണ്ടാക്കുന്നതുപോലെത്തന്നെയാണ്. കടലമാവിന്റെ കൂട്ടിൽ മുക്കിപ്പൊരിച്ച്. എന്നാൽ കുറച്ച് വ്യത്യാസം വരുത്തിയിട്ട് ഉണ്ടാക്കാമെന്ന് ഞാൻ കരുതി.

പപ്പടബജ്ജിയ്ക്ക് വേണ്ട വസ്തുക്കൾ:-




പപ്പടം - അധികം വലുതല്ലാത്തത് 5. (ചിത്രത്തിലേതുപോലെയുള്ളത്).
കടലപ്പൊടി/ കടലമാവ് - 3 ടേബിൾസ്പൂൺ.
അരിപ്പൊടി - 1 1/2 ടേബിൾസ്പൂൺ.
മഞ്ഞൾപ്പൊടി - ഒരുനുള്ള്.
കായം (പൊടി) - അല്പം.
കുരുമുളകുപൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്. (കുരുമുളക് പൊടി ഇഷ്ടമല്ലാത്തവർ മുളകുപൊടി ചേർക്കുക).
എള്ള് - കാൽ ടീസ്പൂൺ. (നിർബ്ബന്ധമില്ല. ഇട്ടാൽ സ്വാദുണ്ടാവും).
ഉപ്പ് - കുറച്ചുമാത്രം (പപ്പടത്തിന് ഉപ്പുണ്ടാവുമല്ലോ).
പഞ്ചസാര - അര ടീസ്പൂൺ. (മൊരിയുന്നതിനും, അധികം ഉപ്പുണ്ടെങ്കിൽ പാകമാക്കുന്നതിനും സഹായിക്കും. നിർബ്ബന്ധമില്ല).



എല്ലാം ഒരുമിച്ച് അല്പം വെള്ളം ചേർത്ത് കുഴയ്ക്കുക. മാവ് തയ്യാറായാൽ എവിടെയെങ്കിലും ഒഴിച്ചാൽ പരക്കുന്ന രീതിയിൽ ആവരുത്. കട്ടിയിൽ വേണം. അതുകൊണ്ട് വെള്ളം ചേർക്കുമ്പോൾ ശ്രദ്ധിക്കുക.

വെളിച്ചെണ്ണ ചൂടാക്കുക. ഒരു പപ്പടം എടുക്കുക. മാവിൽ മുക്കുക. ചുരുട്ടുകയും മടക്കുകയും ചെയ്യരുത്. മാവ് പപ്പടത്തിന്റെ രണ്ടുവശത്തും ആയാൽ വെളിച്ചെണ്ണയിലേക്ക് ഇടുക. വറുത്തെടുക്കുക. ഓരോന്നായി അങ്ങനെ മുക്കി വറുത്തെടുക്കുക. എണ്ണയിലിട്ടു ഒന്നു വെന്താൽ ചട്ടുകം കൊണ്ടോ സ്പൂൺ കൊണ്ടോ ഒന്ന് തൊട്ടാൽ നന്ന്.




വെളിച്ചെണ്ണയിലേക്ക് ഇടുമ്പോൾ ശ്രദ്ധിക്കുക. അധികം ചൂടായിട്ട് പുക വരുന്നുണ്ടെങ്കിൽ തീ കുറയ്ക്കുക. മാവിൽ മുക്കിയാൽ പെട്ടെന്ന് വെളിച്ചെണ്ണയിൽ ഇടണം.

വല്യ പപ്പടം ആണെങ്കിൽ നാലാക്കി മുറിച്ചും ബജ്ജിയുണ്ടാക്കാം. വീട്ടിൽ മിക്കവാറും ഉണ്ടാവുന്ന വസ്തുക്കളേ ഇതിന് ആവശ്യമുള്ളൂ. അതുകൊണ്ട് എല്ലാവർക്കും ബജ്ജിയുണ്ടാക്കിയെടുക്കാൻ എളുപ്പമായിരിക്കും. എരിവ് ആവശ്യം പോലെ ചേർക്കാം. വെളിച്ചെണ്ണയിലാണ് സ്വാദ്. അതില്ലെങ്കിൽ വേറെ പാചകയെണ്ണ ആയാലും മതി.

Monday, July 12, 2010

പപ്പായ പുളിങ്കറി

പപ്പായ എല്ലായിടത്തും എളുപ്പത്തിൽ കിട്ടുന്ന ഒന്നാണ്. പപ്പായ/കർമൂസ വീട്ടിൽ ഉണ്ടെങ്കിൽ പലതരം വിഭവങ്ങൾ ഓരോ ദിവസവും ഉണ്ടാക്കാം. പപ്പായ പുളിങ്കറി ഒരു സാദാ കൂട്ടാനാണ്. സാമ്പാറും കാളനുമൊക്കെ വേണ്ടെന്നുവെച്ച് ഒരുദിവസം പപ്പായപ്പുളിങ്കറിയുണ്ടാക്കാം. ഉണ്ടാക്കാൻ വല്യ വിഷമവുമില്ല.



പപ്പായ - ഒരു പപ്പായയുടെ പകുതി, തോലുകളഞ്ഞ് കഷണങ്ങളാക്കി, കഴുകിയെടുത്തത് (ചിത്രത്തിലെപ്പോലെ). അല്പമൊന്ന് പഴുത്തിട്ടുണ്ടെങ്കിലും കുഴപ്പമില്ല.
തേങ്ങ - മൂന്ന് ടേബിൾസ്പൂൺ
ജീരകം - അര ടീസ്പൂൺ.
മുളകുപൊടി - അര ടീസ്പൂൺ (കൂട്ടാം/കുറയ്ക്കാം).
മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന്.
പുളി - ചെറിയ നെല്ലിക്കാവലുപ്പത്തിൽ പുളിയെടുത്ത് അരഗ്ലാസ്സ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. കുറച്ചുകഴിയുമ്പോൾ, പുളി പിഴിഞ്ഞ് കരടൊന്നുമില്ലാതെ ആ വെള്ളം എടുക്കുക.
കടുക്, ചുവന്ന മുളക്, കറിവേപ്പില, വെളിച്ചെണ്ണ എന്നിവ വറവിടാനും എടുത്തുവയ്ക്കുക.

തേങ്ങയും ജീരകവും അരയ്ക്കുക. മുളകുപൊടി ഇടുന്നില്ലെങ്കിൽ അരയ്ക്കുമ്പോൾ അതിൽ രണ്ടോ മൂന്നോ ചുവന്ന മുളക് ചേർത്തരയ്ക്കുക.

പപ്പായ, ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് കുറച്ച് വെള്ളവുമൊഴിച്ച് വേവിക്കുക. വെന്താൽ പുളിവെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. കുറച്ചുനേരം തിളയ്ക്കണം. പുളി വേവണം. വെന്താൽ തേങ്ങയരച്ചതു കൂട്ടി തിളപ്പിച്ച് വാങ്ങിവയ്ക്കുക. വറവിടുക.



പരിപ്പ് കുറച്ച് ഇട്ടാലും കുഴപ്പമില്ല.

വേവാൻ ആവശ്യമുള്ള വെള്ളമേ ആദ്യം ചേർക്കാവൂ. വെള്ളം വേണമെങ്കിൽ തേങ്ങ ചേർക്കുമ്പോൾ ചേർത്താൽ മതി. കുറേ വെള്ളം ആദ്യം തന്നെ ഒഴിച്ചാൽ, പുളിവെള്ളവും കൂടെയൊഴിക്കുമ്പോൾ ചിലപ്പോൾ അധികമാവും.

Monday, June 14, 2010

ഉള്ളിത്തണ്ട് ചമ്മന്തി

ഉള്ളിത്തണ്ടുകൊണ്ട് ചമ്മന്തിയുണ്ടാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉണ്ടാക്കിക്കഴിക്കുക. എളുപ്പത്തിലാവും, സ്വാദും ഉണ്ട്. പലവിധത്തിലും ഉണ്ടാക്കാം. ഇപ്പോൾ ഉള്ളിത്തണ്ടും മാങ്ങയും കൂടെ ചമ്മന്തിയുണ്ടാക്കിയത് എങ്ങനെയെന്ന് പറയാം.






ഉള്ളിത്തണ്ട് എടുത്ത് കഴുകുക - ആറേഴെണ്ണം ആവാം.
വേരു മാത്രം കളയുക. ബാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.



മാങ്ങയും കഴുകി തോലുകളഞ്ഞ് മുറിച്ചെടുക്കുക. മാങ്ങയുടെ ഒരു ഭാഗം കഷണങ്ങളാക്കിയത് മതി.
ചുവന്ന മുളക്/വറ്റൽ മുളക് - ഒന്ന്.
ഉപ്പ് - ആവശ്യത്തിന്.
തേങ്ങ ചിരവിയത് - കുറച്ച് - ഏകദേശം 4 ടീസ്പൂൺ.

ആദ്യം, മാങ്ങ, തേങ്ങ, മുളക്, ഉപ്പ് അരയ്ക്കുക. അതിലേക്ക് ഉള്ളിത്തണ്ട് ഇട്ട് അരയ്ക്കുക. അധികം മിനുസമൊന്നും അരയേണ്ട കാര്യമില്ല. വെള്ളം ഒട്ടും ചേർക്കരുത്. അരഞ്ഞുകഴിഞ്ഞാൽ വെള്ളം ഉണ്ടാവും.




പച്ചമുളകും ഇഞ്ചിയും ചേർത്തും അരയ്ക്കാം. ചുവന്ന മുളകും നിങ്ങളുടെ ഇഷ്ടം‌പോലെ ചേർക്കാം. പക്ഷെ എരിവ് അധികം ചേർക്കാത്തതാണ് നല്ലത്.

Friday, May 21, 2010

പ്ലം ഷേക്ക്

പ്ലം ഇഷ്ടമാണോ? എന്നാല്‍, പ്ലം ഷേക്ക് ഇന്നുതന്നെ ഉണ്ടാക്കി കുടിയ്ക്കുക. എളുപ്പം ഉണ്ടാക്കാം. ഇഷ്ടമല്ലെങ്കിലും ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ല.

ആവശ്യമുള്ളത്:-

പ്ലം - കുറച്ച് - പത്തെണ്ണം ചെറുത്. (ഇവിടെ വലുതാണ് കിട്ടിയത്).
പാൽ - അരലിറ്റർ - ഫ്രീസറിൽ വെച്ച് കട്ടിയാക്കിയത്.
ഏലയ്ക്ക - മൂന്നെണ്ണം തോലുകളഞ്ഞ് പൊടിച്ചത്.
പഞ്ചസാര - നാലു ടീസ്പൂൺ.



പ്ലം കുരു കളഞ്ഞ് മിക്സിയിൽ അടിയ്ക്കുക. അതിൽ പാലൊഴിച്ച്, പഞ്ചസാരയും ഏലയ്ക്കപ്പൊടിയും ഇട്ട് നന്നായി അടിയ്ക്കുക. നല്ലപോലെ യോജിച്ചാൽ അരിച്ചെടുക്കുക. തണുപ്പോടെ കുടിയ്ക്കുക. കുറച്ചു വെള്ളം പോലെ ആവണമെങ്കിൽ തണുത്ത വെള്ളം ഒഴിയ്ക്കുക.



പഞ്ചസാര കൂടുതലോ കുറവോ ഉപയോഗിക്കാം.
അല്പം പുളി ഇതിനുണ്ടാവും. അതുകൊണ്ട്, പഞ്ചസാര, അളവു നോക്കി, മധുരം വരുന്നതുവരെ ഇടുന്നതാണ് നല്ലത്.
ഏതെങ്കിലും ഐസ്ക്രീം ഇതിലിട്ടും കഴിയ്ക്കാം. നന്നായിരിക്കും.

Thursday, May 13, 2010

റവ ദോശ

ഇവിടെ സാധാരണയായി റവദോശ ഉണ്ടാക്കാറുള്ളത്, ഉഴുന്നും ഉലുവയും അരച്ച് റവ അതിലിട്ടാണ്. സാദാദോശയുണ്ടാക്കുന്നതുപോലെത്തന്നെ. പക്ഷെ ഇപ്പോ ഉണ്ടാക്കിയിരിക്കുന്ന റവദോശ വളരെ എളുപ്പമാണ്. ആർക്കും ശ്രമിക്കാവുന്നതേയുള്ളൂ.

റവ - 200 ഗ്രാം.
തേങ്ങ - അരമുറി ചിരവിയത്. (തേങ്ങ കൂടിയാൽ സ്വാദും കൂടും).
ഉപ്പ്.


ബോംബെറവ/ സൂചി റവ എന്നൊക്കെ അറിയപ്പെടുന്ന വെളുത്ത റവ എടുത്ത് വെള്ളമൊഴിയ്ക്കുക. ഉപ്പും ഇട്ട് ഇളക്കുക. വെള്ളം എന്നു പറയുന്നത് റവ മുഴുവനും വെള്ളത്തിൽ മുങ്ങണം. റവയുടെ മുകൾഭാഗത്തും അല്പം മാത്രം വെള്ളം വരുന്ന രീതിയിൽ വെള്ളമൊഴിയ്ക്കുക. അതിൽ അധികം വേണ്ട.



രണ്ടുമണിക്കൂറെങ്കിലും വെള്ളത്തിൽക്കിടക്കണം (കുറച്ച് അധികമായാലും കുഴപ്പമില്ല. കുറയാത്തതാവും നല്ലത്). അതുകഴിഞ്ഞ് അതിൽ തേങ്ങയിട്ടിളക്കുക. വെള്ളം അതിൽ ഉണ്ടാവുമായിരിക്കും. അല്ലെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കുക.

ദോശക്കല്ല് ചൂടാക്കാൻ വയ്ക്കുക. ഒന്നു ചൂടുപിടിച്ചാൽ, അല്ലെങ്കിൽ അധികം ചൂടാവുന്നതിനുമുമ്പു തന്നെ ദോശമാവ് ഒഴിയ്ക്കുക. പരത്തുക. മുകളിൽ വെളിച്ചെണ്ണ പുരട്ടുക. ഒരു പ്ലേറ്റുകൊണ്ട് മുഴുവൻ മൂടുന്ന വിധത്തിൽ അടച്ചുവയ്ക്കുക. കുറച്ചു കഴിഞ്ഞാൽ തീ കുറച്ച ശേഷം അടപ്പ് മാറ്റിവെച്ച് ദോശ മറിച്ചിടുക. ആ ഭാഗവും വെന്താൽ എടുത്തുവയ്ക്കുക.




നല്ല ചൂടുള്ള ദോശക്കല്ലിലേക്ക് മാവൊഴിച്ചാൽ പരത്താൻ കിട്ടിയെന്ന് വരില്ല.

നോൺ സ്റ്റിക്ക് ദോശക്കല്ല് അല്ലെങ്കിൽ ആദ്യം മാവൊഴിക്കുന്നതിനുമുമ്പും കുറച്ച് വെളിച്ചെണ്ണ/ പാചകയെണ്ണ പുരട്ടണം.

മറിച്ചിടുമ്പോൾ തീ കുറയ്ക്കാം. അല്ലെങ്കിൽ അടുത്ത ദോശയ്ക്ക് ഒഴിയ്ക്കുമ്പോൾ അത് പരത്താൻ കിട്ടില്ല.




ഇതൊക്കെ ശ്രദ്ധിച്ചാൽ, നല്ല സ്വാദുള്ള, ഇതുപോലെയുള്ള റവദോശ നിങ്ങൾക്ക് കിട്ടും.

നിങ്ങൾക്കിഷ്ടമാണെങ്കിൽ ഇതേ മാവുകൂട്ടിലേക്ക് കടുകും, ചുവന്ന മുളകും, കറിവേപ്പിലയും വറത്തിട്ട് ദോശ ഉണ്ടാക്കിനോക്കൂ. നന്നായിരിക്കും. പുളിയുള്ളത് ഇഷ്ടമാണെങ്കിൽ തൈരും ഒഴിച്ച് ഉണ്ടാക്കാം. ഈ ദോശയ്ക്ക് അധികം പുളിയില്ലാത്തതുകൊണ്ട്, ഞാനൊരു പുളിച്ചമ്മന്തിയാണ് ഉണ്ടാക്കിയത്.

Tuesday, May 11, 2010

ഗ്രീൻപീസ് ചപ്പാ‍ത്തി

ഗ്രീൻപീസ് കറിവെച്ച് ചപ്പാത്തിയ്ക്കൊപ്പം കഴിക്കാറില്ലേ? എന്നാല്‍പ്പിന്നെ ചപ്പാത്തിയിൽത്തന്നെ ഗ്രീൻപീസ് ആയാലോ. നല്ല കാര്യമല്ലേ? അതുകൊണ്ടാണ് ഗ്രീൻപീസ് ചപ്പാത്തിയുണ്ടാക്കാൻ തീരുമാനിച്ചത്. എളുപ്പം എന്നൊന്നും പറഞ്ഞൂടാ. എന്നാലും വല്യ ഗുലുമാലില്ല.

ഗോതമ്പുപൊടി - ഒന്നരക്കപ്പ്.
ഗ്രീൻപീസ് - അമ്പത് ഗ്രാം. രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കുറച്ച്.
മുളകുപൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്.
മല്ലിയില - കുറച്ച് പൊടിയായി അരിഞ്ഞെടുക്കണം. ഇല്ലെങ്കിലും കുഴപ്പമില്ല.
ഉപ്പ്.
നെയ്യ്
അല്പം പാചകയെണ്ണ, വെളിച്ചെണ്ണയോ സൂര്യകാന്തിയെണ്ണയോ ഒക്കെ ആവാം. നിങ്ങൾ പാചകത്തിനുപയോഗിക്കുന്നത്.



ഗോതമ്പുപൊടി വെള്ളവും ഉപ്പും കൂട്ടി ചപ്പാത്തിയുണ്ടാക്കാൻ കുഴച്ചുവയ്ക്കുക. അധികം വെള്ളമായാൽ ശരിയാവില്ല. ചിത്രത്തിൽ ഉള്ളതുപോലെ ആവണം.
ഗ്രീൻപീസ്, മഞ്ഞൾപ്പൊടി ഇട്ട് വേവിക്കുക. വേവിക്കുമ്പോൾ അത്യാവശ്യം വെള്ളമേ ഒഴിക്കാവൂ. വെന്താൽ ഒട്ടും വെള്ളമില്ലാതെയാണ് വേണ്ടത്.
ഒരു പാത്രത്തിൽ പാചകയെണ്ണ കുറച്ചൊഴിച്ച് ചൂടാക്കി, ജീരകം ഇട്ട് പൊട്ടിച്ച്, ഗ്രീൻപീസ് ഇട്ട്, മുളകുപൊടിയും ഉപ്പും ഇട്ടിളക്കി, മല്ലിയിലയും ഇട്ടിളക്കുക. വെള്ളം അധികം ഉണ്ടെങ്കിൽ വറ്റിക്കോട്ടെ.

ഒരുരുള ചപ്പാത്തിമാവ് എടുക്കുക. കുറച്ച് വല്യ ഉരുള. അതൊന്ന് കൈകൊണ്ട് കൈയിൽത്തന്നെ പരത്തി, ഗ്രീൻപീസ് കുറച്ചെടുത്ത് അതിൽ വെച്ച് ഉരുട്ടുക. പിന്നെ ഉരുള, ചപ്പാത്തിപ്പലകയിൽ വെച്ച് കുറച്ച് ഗോതമ്പുപൊടിയിട്ട് പരത്തിയെടുക്കുക. ശരിക്ക് പരത്താൻ പറ്റുന്നില്ലെങ്കിൽ, ചപ്പാത്തിപ്പലകയ്ക്കു മുകളിൽ കുറച്ച് എണ്ണ പുരട്ടി അതിനു മുകളിൽ വച്ച് പരത്തിയാലും മതി.



പരത്തിക്കഴിഞ്ഞാൽ ദോശക്കല്ല്/ചപ്പാത്തിക്കല്ല് ചൂടാക്കി, നെയ് പുരട്ടി ഉണ്ടാക്കിയെടുക്കുക. അധികം വട്ടത്തിൽ പരത്താൻ ചിലപ്പോൾ കിട്ടിയെന്ന് വരില്ല. കുറച്ചു വട്ടമായാലും മതി. ഉണ്ടാക്കിയെടുക്കുമ്പോൾ നന്നായി വേവാൻ ശ്രദ്ധിക്കുക.



അച്ചാറോ ചമ്മന്തിയോ ഒക്കെ മതി കൂടെക്കഴിയ്ക്കാൻ. കുറുമയോ സ്റ്റൂവോ വയ്ക്കുകയും ചെയ്യാം.

Friday, May 07, 2010

വെണ്ടയ്ക്ക മോരുകറി

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയൊരു കറിയാണ്. എളുപ്പത്തിൽ കിട്ടുന്ന വസ്തുക്കളാണ് ഇതിൽ ഉള്ളത്. വെണ്ടയ്ക്ക ഇഷ്ടമുള്ളവർക്ക് പെട്ടെന്നുണ്ടാക്കാം. അല്ലാത്തവർക്കും ഉണ്ടാക്കിനോക്കാം.

വേണ്ടത് :-




വെണ്ടയ്ക്ക - ഏഴെട്ടെണ്ണം.
തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
കുരുമുളകുപൊടി - കാൽ ടീസ്പൂൺ.
പച്ചമുളക് - മൂന്ന്.
പുളിയുള്ള മോര് - കാൽ ലിറ്റർ.
ഉപ്പ്, മഞ്ഞൾപ്പൊടി ആവശ്യത്തിന്.
വറവിടാൻ, കടുക്, കറിവേപ്പില, ചുവന്ന മുളക്.



തേങ്ങയും ജീരകവും മിനുസമായി അരയ്ക്കുക. വെണ്ടയ്ക്ക കഴുകി മുറിക്കുക.
വെണ്ടയ്ക്ക, കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. വെണ്ടയ്ക്ക വേഗം വേവും. കുക്കറിലൊന്നും വയ്ക്കരുത്. വെന്താൽ തേങ്ങ ചേർത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിക്കുക. മോരു ചേർക്കുക. തിളപ്പിച്ചാൽ നന്ന്. പുളിയുള്ള മോര് അല്ലെങ്കിൽ ശരിയാവില്ല. ഞാൻ മേമ്പൊടിയ്ക്ക് കുറച്ച് തൈര് ഒഴിച്ചു. അത് കട്ടയും വെള്ളവും പോലെ ആയി.




തിളച്ചാൽ കറിവേപ്പിലയിടുക. വാങ്ങി വറവിടുക. എളുപ്പമല്ലേ?

എരിവ് കൂടുതൽ വേണ്ടവർക്ക് കുറച്ച് കൂടുതൽ പച്ചമുളക് ഇടാം. വേണ്ടാത്തവർക്ക് കുറയ്ക്കാം.



ചോറെടുത്ത് കറിയൊഴിക്കുക, കഴിക്കുക.

Tuesday, April 27, 2010

കാരറ്റ് എരിശ്ശേരി

കാരറ്റ് എരിശ്ശേരി എളുപ്പത്തിലുണ്ടാക്കാം. ഒരു സാദാ കൂട്ടാനാണിത്. സാമ്പാർ, കാളൻ, പുളിയിഞ്ചി, പച്ചടി എന്നീ പുളിയുള്ളതൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിൽ അതിനൊപ്പം പുളിയില്ലാത്തൊരു കൂട്ടാൻ വേണമെന്ന് തോന്നിയാൽ ഉണ്ടാക്കാം.


ആവശ്യമുള്ളത്:-
കാരറ്റ് - മൂന്നെണ്ണം കഴുകി മുറിച്ചത്. തോല് അധികം ചെത്തിക്കളയരുത്. തോലിന്റെ അടുത്താണ് പോഷകം മുഴുവൻ.
തേങ്ങ - മൂന്ന് അല്ലെങ്കിൽ നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
പരിപ്പ് - ചെറുപരിപ്പോ തുവരപ്പരിപ്പോ ആവാം. രണ്ട് ടേബിൾസ്പൂൺ. അധികം എടുത്താലും കുഴപ്പമൊന്നുമില്ല. അധികം വെള്ളം പോലെയാവില്ല അപ്പോൾ. കട്ടിയിൽ നിൽക്കും.
മുളകുപൊടി - കാൽ ടീസ്പൂണിലും കുറച്ച്. എരിവു വേണമെങ്കിൽ അളവ് കൂട്ടുക.
മഞ്ഞൾപ്പൊടിയും ഉപ്പും പാകത്തിനു ഇടുക.
വറവിടാൻ കറിവേപ്പില, കടുക്.

പരിപ്പ് കഴുകിയെടുക്കുക. അതിന്റെ കൂടെ കാരറ്റും, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഇട്ട് വേവിക്കുക. തേങ്ങയും ജീരകവും കൂടെ അരയ്ക്കുക. കഷണങ്ങൾ വെന്താൽ ഉപ്പ് ചേർത്ത് ഇളക്കുക. തേങ്ങയും ചേർത്ത് ഇളക്കി ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിയ്ക്കുക. വറവിടുക.



ചെറിയ കുട്ടികൾക്കും കൂടെ പറ്റിയ കറിയാണിത്. മുളകുപൊടിയിടാതെയുണ്ടാക്കിയാൽ മതി.

Monday, April 26, 2010

ചെറുകിഴങ്ങ് പുഴുക്ക്

ചെറുകിഴങ്ങിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. അത് മണ്ണിന്നടിയിൽ ഉണ്ടാവുന്നു. ഡിസംബർ ജനുവരി മാസങ്ങളിലാണ് സാധാരണയായി കിട്ടുന്നത്. എല്ലാക്കാലത്തും ഉണ്ടാവുമോന്ന് അറിയില്ല.



കപ്പ പോലെ വെറുതേ പുഴുങ്ങിത്തിന്നാം. പുഴുക്കുവയ്ക്കാം.

പുഴുക്കുവയ്ക്കുമ്പോൾ കൂടെ മമ്പയറോ, കടലയോ, ചെറുപയറോ ഇടാം.

ഇവിടെ ചെറുകിഴങ്ങ് - ചെറുപയർ പുഴുക്കാണുണ്ടാക്കിയത്.

ചെറുകിഴങ്ങ് - എട്ട് പത്തെണ്ണം .
ചെറുപയർ - കാൽ കപ്പ്. (കുറച്ചുനേരം വെള്ളത്തിലിട്ടാൽ വേഗം വേവും).
തേങ്ങ - മൂന്ന് ടേബിൾസ്പൂൺ. (കുറച്ച് കൂടിയാലും കുഴപ്പമില്ല).
മുളകുപൊടി - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂണിലും കുറച്ച് കുറവ്.
ഉപ്പ്.



ചെറുകിഴങ്ങ് കഴുകിയെടുത്ത്, പുഴുങ്ങി തോലുകളയുക. അതായിരിക്കും എളുപ്പം.

ചെറുപയർ കഴുകിയെടുത്ത്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയിട്ട് വേവിക്കുക. വെന്താൽ അതിലേക്ക് ഉപ്പും ചെറുകിഴങ്ങും ഇടുക.



കുറച്ചുനേരം തിളച്ച് യോജിച്ചശേഷം തേങ്ങ ഇടുക. മുകളിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം. വറവിടണമെങ്കിൽ ആവാം. പുഴുക്കിന് വെള്ളം അധികം ഉണ്ടാവരുത്.





തേങ്ങ വെറുതെയിടാം. ഒന്ന് ചതച്ചെടുത്തും ഇടാം. മുളകുപൊടിയ്ക്ക് പകരം, പച്ചമുളകും തേങ്ങയും കൂടെ ചതച്ച് ഇടാം. ചുവന്ന മുളകും തേങ്ങയും ചതച്ചും ഇടാം. കൂടുതൽ സ്വാദുണ്ടാവും. എരിവ് പറ്റാത്തവർ മുളകൊന്നും ഇടാതെ പുഴുക്കുണ്ടാക്കിയാലും മതി.

Tuesday, April 20, 2010

മാങ്ങ ചക്കക്കുരു കൂട്ടാൻ

മാങ്ങാചക്കക്കുരു കൂട്ടാൻ. നാടൻ കറിയാണിത്. മാങ്ങയും ചക്കയും ഇഷ്ടം പോലെ ഉണ്ടാവുന്ന കാലത്ത് വയ്ക്കാൻ പറ്റിയത്. എളുപ്പത്തിലുണ്ടാക്കുകയും ചെയ്യാം. ഇതിനാവശ്യമായ വസ്തുക്കളൊക്കെ എല്ലാ വീട്ടിലും ഉണ്ടാവുകയും ചെയ്യും.




മാങ്ങ - അധികം പുളിയില്ലാത്തത് രണ്ടെണ്ണം. പുളിയുണ്ടെങ്കിലും കുഴപ്പമൊന്നുമില്ല. കൂട്ടാനു പുളിയുണ്ടാവും, അത്രതന്നെ.
ചക്കക്കുരു - ഒരു പത്തുപതിനഞ്ചെണ്ണം.
തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മുളകുപൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വറവിടാനുള്ളത്.
കറിവേപ്പില.




മാങ്ങ തോലുകളഞ്ഞ് മുറിച്ചുവയ്ക്കുക.
തേങ്ങയും ജീരകവും ചേർത്ത് അരയ്ക്കുക.



ചക്കക്കുരു, ആദ്യം വേവിച്ച് തോലുകളഞ്ഞെടുക്കാം. അല്ലെങ്കിൽ തോലുകളഞ്ഞ് വേവിയ്ക്കാനിടാം. നിങ്ങൾക്ക് എളുപ്പം എങ്ങനെയാണോ അങ്ങനെ. കുക്കറിൽ കുറച്ചുനേരം വേവിച്ചാൽ അത് വേഗം തോലുകളഞ്ഞ് എടുക്കാം.

ചക്കക്കുരു ആദ്യം വേവിച്ചിട്ടുണ്ടെങ്കിൽ, അതും മാങ്ങാക്കഷണങ്ങളും ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവാൻ വയ്ക്കുക.

അല്ലെങ്കിൽ, ചക്കക്കുരു, വെള്ളവുമൊഴിച്ച് വേവിയ്ക്കാൻ ഇടുക. അതു വെന്താൽ മാങ്ങയും ബാക്കിയുള്ളതൊക്കെയും ചേർക്കുക. മാങ്ങ പെട്ടെന്ന് വേവും.

ഒക്കെ വെന്താൽ തേങ്ങയരച്ചത് ചേർക്കുക. ആവശ്യത്തിനു വെള്ളവും ചേർക്കുക. വെന്തതിൽ വെള്ളമില്ലെങ്കിൽ മാത്രം വീണ്ടും വെള്ളം ചേർത്താൽ മതി.



തിളപ്പിക്കുക. തിളച്ചാൽ ഒന്നോ രണ്ടോ തണ്ട് കറിവേപ്പില ഇടുക. വാങ്ങിവച്ച് വറവിടുക. പച്ചമുളക് രണ്ടെണ്ണം, കഷണങ്ങൾ വേവിക്കുമ്പോൾ ചീന്തിയിടുകയും ചെയ്യാം. മുളകുപൊടി ഇടാതെ, തേങ്ങയരയ്ക്കുമ്പോൾ രണ്ട് - മൂന്ന് ചുവന്ന മുളക് ചേർത്ത് അരയ്ക്കുകയും ചെയ്യാം.

Monday, April 12, 2010

ബഹുവർണസാലഡ്

സാലഡ് അഥവാ സലാഡ് ആരോഗ്യത്തിന് പറ്റിയ ഒന്നാണ്. വിവിധതരത്തിൽ സാലഡുകൾ ഉണ്ടാക്കാം. പല തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും പയർവർഗ്ഗങ്ങളും പലതരത്തിൽ യോജിപ്പിച്ച് സാലഡുണ്ടാക്കാം. ചപ്പാത്തിയ്ക്കൊപ്പവും, ബിരിയാണി, പുലാവ് എന്നിവയ്ക്കൊപ്പവും ചോറിനൊപ്പവും സാലഡ് കഴിക്കാം. വെറുതെയും കഴിക്കാം.

ഇവിടെ ഉണ്ടാക്കിയ സാലഡ് എങ്ങനെ തയ്യാറാക്കി എന്നു പറയാം. എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണെന്ന് പറയേണ്ട കാര്യമില്ല. പിന്നെ ശ്രദ്ധിയ്ക്കേണ്ട കാര്യം നല്ല, കേടാകാത്ത, ദുസ്വാദില്ലാത്ത പച്ചക്കറികളും പഴങ്ങളുമൊക്കെ സാലഡിനുവേണ്ടി എടുക്കുക. എല്ലാം ഒരു കഷണമെടുത്ത് രുചിച്ചുനോക്കുക.




തക്കാളി - രണ്ടെണ്ണം.
ചെറുനാരങ്ങ - ഒരു കഷണം.
കക്കിരിക്ക - ഒന്ന്. അധികം വലുതും അധികം ചെറുതുമല്ലാത്തത്. (ചിത്രത്തിലെപ്പോലെ). കഴുകുക, തോലുകളയുക.
ഓറഞ്ച് - ഒന്ന്.
ഇഞ്ചി - ഒരു കഷണം. അധികം വലുതുവേണ്ട. തോലുകളഞ്ഞ് കഴുകിയെടുക്കുക.
വലിയ ഉള്ളി - ഒന്ന് വലുത്. തോലുകളയുക. കഴുകുക.
ഉപ്പ്.




എല്ലാം ചെറുതാക്കി അധികം കനമില്ലാതെ നീളത്തിൽ അരിയണം. ഓറഞ്ച്, തോലുകളഞ്ഞ് കുരു കളഞ്ഞ് ചെറുതാക്കി മുറിയ്ക്കുക. കുരു സാലഡിൽ ചേരരുത്. അതു കടിച്ചുപോയാല്‍പ്പിന്നെ കയ്പ്പോടു കയ്പ് ആയിരിക്കും.

അരിഞ്ഞുകഴിഞ്ഞാൽ അതിൽ ഉപ്പിടണം. എല്ലാം കൂടെ യോജിപ്പിക്കണം. പിന്നെ അതിൽ നാരങ്ങക്കഷണം പിഴിഞ്ഞ് ഒഴിച്ച് ഒന്നുകൂടെ യോജിപ്പിക്കുക. സാലഡ് തയ്യാർ.



വേണമെങ്കിൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. കഴിക്കുന്നതിനു കുറച്ചുമുമ്പ് മാത്രം ഉണ്ടാക്കിയാൽ മതി.

കക്കിരിക്കയിലെ വെള്ളം വരും. അത് നല്ലതാണ്. ഇനി അതിഷ്ടമായില്ലെങ്കിൽ അടുത്തപ്രാവശ്യം ഉണ്ടാക്കുമ്പോൾ കക്കിരിക്ക ആദ്യം മുറിച്ച് ഉപ്പിട്ട് വെള്ളം പിഴിഞ്ഞുകളഞ്ഞതിനുശേഷം എടുക്കുക. അതത്ര നല്ല കാര്യമല്ല.

Saturday, April 10, 2010

ഡു ഡു ലഡ്ഡു

ലഡ്ഡു ഉണ്ടാക്കാൻ അത്ര എളുപ്പമല്ല. നല്ല ക്ഷമ വേണം. സമയം വേണം. അതൊക്കെയുണ്ടെങ്കിൽ തയാറായിക്കോളൂ. നമുക്ക് ലഡ്ഡുവുണ്ടാക്കാം.

ആദ്യം തന്നെ അതിനുള്ള വസ്തുവകകൾ ഒക്കെ ഒരുക്കിവയ്ക്കാം.



കടലപ്പൊടി/ബേസൻ - 200 ഗ്രാം.

പഞ്ചസാര - നാനൂറ് ഗ്രാം.




അണ്ടിപ്പരിപ്പ് - പത്തെണ്ണം.

ഉണക്കമുന്തിരി - 25 എണ്ണം

ഏലയ്ക്ക - എട്ട് ഏലയ്ക്ക തോലുകളഞ്ഞ് പൊടിച്ചത്.

ഡാൽഡ - കാൽക്കിലോ.

ഫുഡ് കളർ - മഞ്ഞ - കുറച്ച്

പാൽ - അല്പം.

കൽക്കണ്ടം - 50 ഗ്രാം അധികം പൊടിയല്ലാതെ പൊടിച്ചത്.

(അണ്ടിപ്പരിപ്പും മുന്തിരിയും കൽക്കണ്ടവുമൊന്നും ചിത്രത്തിൽ ഉള്ളത് മുഴുവൻ എടുത്തിട്ടില്ല.)




പഞ്ചസാരയിൽ വെള്ളമൊഴിച്ച്, അല്പം പാലുമൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. പഞ്ചസാരപ്പാനിയ്ക്കു വേണ്ടിയാണ്.





കടലമാവ് കലക്കിവയ്ക്കുക. അധികം വെള്ളം വേണ്ട. അധികം കട്ടിയിലും വേണ്ട.

അണ്ടിപ്പരിപ്പ്, മുന്തിരി , വറുത്തുവയ്ക്കുക. ഡാൽഡയിൽത്തന്നെ മതി.

ഫുഡ്കളർ മൂന്നോ നാലോ നുള്ള്, പഞ്ചസാരപ്പാനി തയ്യാറായാൽ അതിലേക്കിട്ടിളക്കുക.

പാനി തയ്യാറാക്കുമ്പോൾ പാൽ ഒഴിക്കുന്നത് എന്തിനാണെന്നുവച്ചാൽ, പഞ്ചസാരയിലെ അഴുക്കെല്ലാം, മുകളിൽ പാടപോലെ പൊങ്ങിവരും.അതിനുവേണ്ടിയാണ്. അതു കോരിക്കളയുക.

പാനിയിൽ കുറച്ചു വെള്ളം വറ്റിയാൽ, പകുതി ഒരു പാത്രത്തിലേക്ക് കോരിയൊഴിക്കുക. വറ്റിക്കുന്ന പാനി കൂടുതൽ കുറുകിപ്പോയാൽ, അതിലേക്ക് ഈ പാനി ഒന്ന് തിളപ്പിച്ച് ചേർക്കാൻ ആണ് അത്.




പാനി തയ്യാറായോ? ആദ്യം എടുത്തുമാറ്റിവച്ച് പാനിയും കൂടെ ഒന്നുകൂടെ പാകത്തിനു വറ്റിച്ച് ഇതിലൊഴിക്കാൻ മറക്കണ്ട.

എന്നാൽ ഉടൻ തന്നെ ഒരു പാത്രം അടുപ്പത്തുവെച്ച് ഡാൽഡ ഒഴിച്ച് ചൂടാക്കുക.




ചൂടായാൽ അതിലേക്ക് കടലമാവ് തുളയുള്ള സ്പൂണിലേക്ക് കോരിയൊഴിക്കുക. ആ സ്പൂണിന് കണ്ണാപ്പ എന്നാണു പറയുക. എണ്ണപ്പലഹാരം ഉണ്ടാക്കുമ്പോൾ കോരിയെടുക്കാൻ ഉപയോഗിക്കുന്നത്.





അതിൽ നിന്ന് ഡാൽഡയിലേക്ക് മുത്തുകൾ പോലെ വീഴും. ആ മുത്തുകൾ മൂത്താൽ കോരിയെടുത്ത് പഞ്ചാരപ്പാനിയിലിടുക.





കടലമാവ് കലക്കിയത് മുഴുവൻ, മുത്തുകൾ ആക്കിയെടുക്കുക. ചിലപ്പോൾ ഒരുമിച്ചു കൂടിനിന്നേക്കും. അതൊക്കെ പെട്ടെന്ന് ഇളക്കി വേർതിരിക്കണം.

വേഗം വേണം.

പിന്നെ പാനിയും മുത്തുകളും ഇട്ടതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, കൽക്കണ്ടം, ഏലയ്ക്കപ്പൊടി എന്നിവ ചേർക്കുക. രണ്ടു കൈയിലും അമർത്തി ഭംഗിയായി ഉരുട്ടുക. ചൂടോടെ ഉരുട്ടുക. ഇല്ലെങ്കിൽ ഉരുട്ടാൻ കിട്ടില്ല. ഉരുട്ടാൻ കഴിയാത്തത് ബാക്കി തിന്നുകയും ചെയ്യാം. അതൊന്നും സാരമില്ല.

ചൂട് നിൽക്കാനാണ് ഉരുളിയിൽ ഉണ്ടാക്കുന്നത്. കുഞ്ഞുലഡ്ഡു ആണെങ്കിൽ പതിനഞ്ചോളം എണ്ണം ഉണ്ടാവും.






ഇതത്ര ശരിയായിട്ടൊന്നുമില്ല. നിങ്ങൾ ഇതിലും നന്നായി ഉണ്ടാക്കിയെടുക്കുക. ഞങ്ങളെല്ലാം ഒത്തുകൂടിയ ഒരു വിശേഷത്തിന് വന്ന പാചകക്കാരിൽ നിന്നാണ് ഇത് പഠിച്ചത്. അന്നുണ്ടാക്കിയ മൂന്നു കിലോ കടലമാവിന്റെ ലഡ്ഡു മുഴുവൻ ഞാനാ ഉരുട്ടിയത്. എന്ത്! ആരൊക്കെയോ ഓടിവരുന്നുണ്ടെന്നോ? അതൊക്കെ എന്റെ അനിയത്തിക്കുട്ടികളാ. പിന്നെ ചില ചേച്ചിമാരും. അവരൊക്കെ സഹായിച്ചെന്ന് അവകാശപ്പെടും. അതൊന്നും നിങ്ങളു കണക്കാക്കരുത്.

എന്നാലും അവരെന്തെങ്കിലും പറഞ്ഞാലോ?

ഓടിയേക്കാം......
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]