Friday, May 21, 2010

പ്ലം ഷേക്ക്

പ്ലം ഇഷ്ടമാണോ? എന്നാല്‍, പ്ലം ഷേക്ക് ഇന്നുതന്നെ ഉണ്ടാക്കി കുടിയ്ക്കുക. എളുപ്പം ഉണ്ടാക്കാം. ഇഷ്ടമല്ലെങ്കിലും ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ല.

ആവശ്യമുള്ളത്:-

പ്ലം - കുറച്ച് - പത്തെണ്ണം ചെറുത്. (ഇവിടെ വലുതാണ് കിട്ടിയത്).
പാൽ - അരലിറ്റർ - ഫ്രീസറിൽ വെച്ച് കട്ടിയാക്കിയത്.
ഏലയ്ക്ക - മൂന്നെണ്ണം തോലുകളഞ്ഞ് പൊടിച്ചത്.
പഞ്ചസാര - നാലു ടീസ്പൂൺ.



പ്ലം കുരു കളഞ്ഞ് മിക്സിയിൽ അടിയ്ക്കുക. അതിൽ പാലൊഴിച്ച്, പഞ്ചസാരയും ഏലയ്ക്കപ്പൊടിയും ഇട്ട് നന്നായി അടിയ്ക്കുക. നല്ലപോലെ യോജിച്ചാൽ അരിച്ചെടുക്കുക. തണുപ്പോടെ കുടിയ്ക്കുക. കുറച്ചു വെള്ളം പോലെ ആവണമെങ്കിൽ തണുത്ത വെള്ളം ഒഴിയ്ക്കുക.



പഞ്ചസാര കൂടുതലോ കുറവോ ഉപയോഗിക്കാം.
അല്പം പുളി ഇതിനുണ്ടാവും. അതുകൊണ്ട്, പഞ്ചസാര, അളവു നോക്കി, മധുരം വരുന്നതുവരെ ഇടുന്നതാണ് നല്ലത്.
ഏതെങ്കിലും ഐസ്ക്രീം ഇതിലിട്ടും കഴിയ്ക്കാം. നന്നായിരിക്കും.

Thursday, May 13, 2010

റവ ദോശ

ഇവിടെ സാധാരണയായി റവദോശ ഉണ്ടാക്കാറുള്ളത്, ഉഴുന്നും ഉലുവയും അരച്ച് റവ അതിലിട്ടാണ്. സാദാദോശയുണ്ടാക്കുന്നതുപോലെത്തന്നെ. പക്ഷെ ഇപ്പോ ഉണ്ടാക്കിയിരിക്കുന്ന റവദോശ വളരെ എളുപ്പമാണ്. ആർക്കും ശ്രമിക്കാവുന്നതേയുള്ളൂ.

റവ - 200 ഗ്രാം.
തേങ്ങ - അരമുറി ചിരവിയത്. (തേങ്ങ കൂടിയാൽ സ്വാദും കൂടും).
ഉപ്പ്.


ബോംബെറവ/ സൂചി റവ എന്നൊക്കെ അറിയപ്പെടുന്ന വെളുത്ത റവ എടുത്ത് വെള്ളമൊഴിയ്ക്കുക. ഉപ്പും ഇട്ട് ഇളക്കുക. വെള്ളം എന്നു പറയുന്നത് റവ മുഴുവനും വെള്ളത്തിൽ മുങ്ങണം. റവയുടെ മുകൾഭാഗത്തും അല്പം മാത്രം വെള്ളം വരുന്ന രീതിയിൽ വെള്ളമൊഴിയ്ക്കുക. അതിൽ അധികം വേണ്ട.



രണ്ടുമണിക്കൂറെങ്കിലും വെള്ളത്തിൽക്കിടക്കണം (കുറച്ച് അധികമായാലും കുഴപ്പമില്ല. കുറയാത്തതാവും നല്ലത്). അതുകഴിഞ്ഞ് അതിൽ തേങ്ങയിട്ടിളക്കുക. വെള്ളം അതിൽ ഉണ്ടാവുമായിരിക്കും. അല്ലെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കുക.

ദോശക്കല്ല് ചൂടാക്കാൻ വയ്ക്കുക. ഒന്നു ചൂടുപിടിച്ചാൽ, അല്ലെങ്കിൽ അധികം ചൂടാവുന്നതിനുമുമ്പു തന്നെ ദോശമാവ് ഒഴിയ്ക്കുക. പരത്തുക. മുകളിൽ വെളിച്ചെണ്ണ പുരട്ടുക. ഒരു പ്ലേറ്റുകൊണ്ട് മുഴുവൻ മൂടുന്ന വിധത്തിൽ അടച്ചുവയ്ക്കുക. കുറച്ചു കഴിഞ്ഞാൽ തീ കുറച്ച ശേഷം അടപ്പ് മാറ്റിവെച്ച് ദോശ മറിച്ചിടുക. ആ ഭാഗവും വെന്താൽ എടുത്തുവയ്ക്കുക.




നല്ല ചൂടുള്ള ദോശക്കല്ലിലേക്ക് മാവൊഴിച്ചാൽ പരത്താൻ കിട്ടിയെന്ന് വരില്ല.

നോൺ സ്റ്റിക്ക് ദോശക്കല്ല് അല്ലെങ്കിൽ ആദ്യം മാവൊഴിക്കുന്നതിനുമുമ്പും കുറച്ച് വെളിച്ചെണ്ണ/ പാചകയെണ്ണ പുരട്ടണം.

മറിച്ചിടുമ്പോൾ തീ കുറയ്ക്കാം. അല്ലെങ്കിൽ അടുത്ത ദോശയ്ക്ക് ഒഴിയ്ക്കുമ്പോൾ അത് പരത്താൻ കിട്ടില്ല.




ഇതൊക്കെ ശ്രദ്ധിച്ചാൽ, നല്ല സ്വാദുള്ള, ഇതുപോലെയുള്ള റവദോശ നിങ്ങൾക്ക് കിട്ടും.

നിങ്ങൾക്കിഷ്ടമാണെങ്കിൽ ഇതേ മാവുകൂട്ടിലേക്ക് കടുകും, ചുവന്ന മുളകും, കറിവേപ്പിലയും വറത്തിട്ട് ദോശ ഉണ്ടാക്കിനോക്കൂ. നന്നായിരിക്കും. പുളിയുള്ളത് ഇഷ്ടമാണെങ്കിൽ തൈരും ഒഴിച്ച് ഉണ്ടാക്കാം. ഈ ദോശയ്ക്ക് അധികം പുളിയില്ലാത്തതുകൊണ്ട്, ഞാനൊരു പുളിച്ചമ്മന്തിയാണ് ഉണ്ടാക്കിയത്.

Tuesday, May 11, 2010

ഗ്രീൻപീസ് ചപ്പാ‍ത്തി

ഗ്രീൻപീസ് കറിവെച്ച് ചപ്പാത്തിയ്ക്കൊപ്പം കഴിക്കാറില്ലേ? എന്നാല്‍പ്പിന്നെ ചപ്പാത്തിയിൽത്തന്നെ ഗ്രീൻപീസ് ആയാലോ. നല്ല കാര്യമല്ലേ? അതുകൊണ്ടാണ് ഗ്രീൻപീസ് ചപ്പാത്തിയുണ്ടാക്കാൻ തീരുമാനിച്ചത്. എളുപ്പം എന്നൊന്നും പറഞ്ഞൂടാ. എന്നാലും വല്യ ഗുലുമാലില്ല.

ഗോതമ്പുപൊടി - ഒന്നരക്കപ്പ്.
ഗ്രീൻപീസ് - അമ്പത് ഗ്രാം. രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കുറച്ച്.
മുളകുപൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്.
മല്ലിയില - കുറച്ച് പൊടിയായി അരിഞ്ഞെടുക്കണം. ഇല്ലെങ്കിലും കുഴപ്പമില്ല.
ഉപ്പ്.
നെയ്യ്
അല്പം പാചകയെണ്ണ, വെളിച്ചെണ്ണയോ സൂര്യകാന്തിയെണ്ണയോ ഒക്കെ ആവാം. നിങ്ങൾ പാചകത്തിനുപയോഗിക്കുന്നത്.



ഗോതമ്പുപൊടി വെള്ളവും ഉപ്പും കൂട്ടി ചപ്പാത്തിയുണ്ടാക്കാൻ കുഴച്ചുവയ്ക്കുക. അധികം വെള്ളമായാൽ ശരിയാവില്ല. ചിത്രത്തിൽ ഉള്ളതുപോലെ ആവണം.
ഗ്രീൻപീസ്, മഞ്ഞൾപ്പൊടി ഇട്ട് വേവിക്കുക. വേവിക്കുമ്പോൾ അത്യാവശ്യം വെള്ളമേ ഒഴിക്കാവൂ. വെന്താൽ ഒട്ടും വെള്ളമില്ലാതെയാണ് വേണ്ടത്.
ഒരു പാത്രത്തിൽ പാചകയെണ്ണ കുറച്ചൊഴിച്ച് ചൂടാക്കി, ജീരകം ഇട്ട് പൊട്ടിച്ച്, ഗ്രീൻപീസ് ഇട്ട്, മുളകുപൊടിയും ഉപ്പും ഇട്ടിളക്കി, മല്ലിയിലയും ഇട്ടിളക്കുക. വെള്ളം അധികം ഉണ്ടെങ്കിൽ വറ്റിക്കോട്ടെ.

ഒരുരുള ചപ്പാത്തിമാവ് എടുക്കുക. കുറച്ച് വല്യ ഉരുള. അതൊന്ന് കൈകൊണ്ട് കൈയിൽത്തന്നെ പരത്തി, ഗ്രീൻപീസ് കുറച്ചെടുത്ത് അതിൽ വെച്ച് ഉരുട്ടുക. പിന്നെ ഉരുള, ചപ്പാത്തിപ്പലകയിൽ വെച്ച് കുറച്ച് ഗോതമ്പുപൊടിയിട്ട് പരത്തിയെടുക്കുക. ശരിക്ക് പരത്താൻ പറ്റുന്നില്ലെങ്കിൽ, ചപ്പാത്തിപ്പലകയ്ക്കു മുകളിൽ കുറച്ച് എണ്ണ പുരട്ടി അതിനു മുകളിൽ വച്ച് പരത്തിയാലും മതി.



പരത്തിക്കഴിഞ്ഞാൽ ദോശക്കല്ല്/ചപ്പാത്തിക്കല്ല് ചൂടാക്കി, നെയ് പുരട്ടി ഉണ്ടാക്കിയെടുക്കുക. അധികം വട്ടത്തിൽ പരത്താൻ ചിലപ്പോൾ കിട്ടിയെന്ന് വരില്ല. കുറച്ചു വട്ടമായാലും മതി. ഉണ്ടാക്കിയെടുക്കുമ്പോൾ നന്നായി വേവാൻ ശ്രദ്ധിക്കുക.



അച്ചാറോ ചമ്മന്തിയോ ഒക്കെ മതി കൂടെക്കഴിയ്ക്കാൻ. കുറുമയോ സ്റ്റൂവോ വയ്ക്കുകയും ചെയ്യാം.

Friday, May 07, 2010

വെണ്ടയ്ക്ക മോരുകറി

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയൊരു കറിയാണ്. എളുപ്പത്തിൽ കിട്ടുന്ന വസ്തുക്കളാണ് ഇതിൽ ഉള്ളത്. വെണ്ടയ്ക്ക ഇഷ്ടമുള്ളവർക്ക് പെട്ടെന്നുണ്ടാക്കാം. അല്ലാത്തവർക്കും ഉണ്ടാക്കിനോക്കാം.

വേണ്ടത് :-




വെണ്ടയ്ക്ക - ഏഴെട്ടെണ്ണം.
തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
കുരുമുളകുപൊടി - കാൽ ടീസ്പൂൺ.
പച്ചമുളക് - മൂന്ന്.
പുളിയുള്ള മോര് - കാൽ ലിറ്റർ.
ഉപ്പ്, മഞ്ഞൾപ്പൊടി ആവശ്യത്തിന്.
വറവിടാൻ, കടുക്, കറിവേപ്പില, ചുവന്ന മുളക്.



തേങ്ങയും ജീരകവും മിനുസമായി അരയ്ക്കുക. വെണ്ടയ്ക്ക കഴുകി മുറിക്കുക.
വെണ്ടയ്ക്ക, കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. വെണ്ടയ്ക്ക വേഗം വേവും. കുക്കറിലൊന്നും വയ്ക്കരുത്. വെന്താൽ തേങ്ങ ചേർത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിക്കുക. മോരു ചേർക്കുക. തിളപ്പിച്ചാൽ നന്ന്. പുളിയുള്ള മോര് അല്ലെങ്കിൽ ശരിയാവില്ല. ഞാൻ മേമ്പൊടിയ്ക്ക് കുറച്ച് തൈര് ഒഴിച്ചു. അത് കട്ടയും വെള്ളവും പോലെ ആയി.




തിളച്ചാൽ കറിവേപ്പിലയിടുക. വാങ്ങി വറവിടുക. എളുപ്പമല്ലേ?

എരിവ് കൂടുതൽ വേണ്ടവർക്ക് കുറച്ച് കൂടുതൽ പച്ചമുളക് ഇടാം. വേണ്ടാത്തവർക്ക് കുറയ്ക്കാം.



ചോറെടുത്ത് കറിയൊഴിക്കുക, കഴിക്കുക.

Tuesday, April 27, 2010

കാരറ്റ് എരിശ്ശേരി

കാരറ്റ് എരിശ്ശേരി എളുപ്പത്തിലുണ്ടാക്കാം. ഒരു സാദാ കൂട്ടാനാണിത്. സാമ്പാർ, കാളൻ, പുളിയിഞ്ചി, പച്ചടി എന്നീ പുളിയുള്ളതൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിൽ അതിനൊപ്പം പുളിയില്ലാത്തൊരു കൂട്ടാൻ വേണമെന്ന് തോന്നിയാൽ ഉണ്ടാക്കാം.


ആവശ്യമുള്ളത്:-
കാരറ്റ് - മൂന്നെണ്ണം കഴുകി മുറിച്ചത്. തോല് അധികം ചെത്തിക്കളയരുത്. തോലിന്റെ അടുത്താണ് പോഷകം മുഴുവൻ.
തേങ്ങ - മൂന്ന് അല്ലെങ്കിൽ നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
പരിപ്പ് - ചെറുപരിപ്പോ തുവരപ്പരിപ്പോ ആവാം. രണ്ട് ടേബിൾസ്പൂൺ. അധികം എടുത്താലും കുഴപ്പമൊന്നുമില്ല. അധികം വെള്ളം പോലെയാവില്ല അപ്പോൾ. കട്ടിയിൽ നിൽക്കും.
മുളകുപൊടി - കാൽ ടീസ്പൂണിലും കുറച്ച്. എരിവു വേണമെങ്കിൽ അളവ് കൂട്ടുക.
മഞ്ഞൾപ്പൊടിയും ഉപ്പും പാകത്തിനു ഇടുക.
വറവിടാൻ കറിവേപ്പില, കടുക്.

പരിപ്പ് കഴുകിയെടുക്കുക. അതിന്റെ കൂടെ കാരറ്റും, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഇട്ട് വേവിക്കുക. തേങ്ങയും ജീരകവും കൂടെ അരയ്ക്കുക. കഷണങ്ങൾ വെന്താൽ ഉപ്പ് ചേർത്ത് ഇളക്കുക. തേങ്ങയും ചേർത്ത് ഇളക്കി ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിയ്ക്കുക. വറവിടുക.



ചെറിയ കുട്ടികൾക്കും കൂടെ പറ്റിയ കറിയാണിത്. മുളകുപൊടിയിടാതെയുണ്ടാക്കിയാൽ മതി.

Monday, April 26, 2010

ചെറുകിഴങ്ങ് പുഴുക്ക്

ചെറുകിഴങ്ങിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. അത് മണ്ണിന്നടിയിൽ ഉണ്ടാവുന്നു. ഡിസംബർ ജനുവരി മാസങ്ങളിലാണ് സാധാരണയായി കിട്ടുന്നത്. എല്ലാക്കാലത്തും ഉണ്ടാവുമോന്ന് അറിയില്ല.



കപ്പ പോലെ വെറുതേ പുഴുങ്ങിത്തിന്നാം. പുഴുക്കുവയ്ക്കാം.

പുഴുക്കുവയ്ക്കുമ്പോൾ കൂടെ മമ്പയറോ, കടലയോ, ചെറുപയറോ ഇടാം.

ഇവിടെ ചെറുകിഴങ്ങ് - ചെറുപയർ പുഴുക്കാണുണ്ടാക്കിയത്.

ചെറുകിഴങ്ങ് - എട്ട് പത്തെണ്ണം .
ചെറുപയർ - കാൽ കപ്പ്. (കുറച്ചുനേരം വെള്ളത്തിലിട്ടാൽ വേഗം വേവും).
തേങ്ങ - മൂന്ന് ടേബിൾസ്പൂൺ. (കുറച്ച് കൂടിയാലും കുഴപ്പമില്ല).
മുളകുപൊടി - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂണിലും കുറച്ച് കുറവ്.
ഉപ്പ്.



ചെറുകിഴങ്ങ് കഴുകിയെടുത്ത്, പുഴുങ്ങി തോലുകളയുക. അതായിരിക്കും എളുപ്പം.

ചെറുപയർ കഴുകിയെടുത്ത്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയിട്ട് വേവിക്കുക. വെന്താൽ അതിലേക്ക് ഉപ്പും ചെറുകിഴങ്ങും ഇടുക.



കുറച്ചുനേരം തിളച്ച് യോജിച്ചശേഷം തേങ്ങ ഇടുക. മുകളിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം. വറവിടണമെങ്കിൽ ആവാം. പുഴുക്കിന് വെള്ളം അധികം ഉണ്ടാവരുത്.





തേങ്ങ വെറുതെയിടാം. ഒന്ന് ചതച്ചെടുത്തും ഇടാം. മുളകുപൊടിയ്ക്ക് പകരം, പച്ചമുളകും തേങ്ങയും കൂടെ ചതച്ച് ഇടാം. ചുവന്ന മുളകും തേങ്ങയും ചതച്ചും ഇടാം. കൂടുതൽ സ്വാദുണ്ടാവും. എരിവ് പറ്റാത്തവർ മുളകൊന്നും ഇടാതെ പുഴുക്കുണ്ടാക്കിയാലും മതി.

Tuesday, April 20, 2010

മാങ്ങ ചക്കക്കുരു കൂട്ടാൻ

മാങ്ങാചക്കക്കുരു കൂട്ടാൻ. നാടൻ കറിയാണിത്. മാങ്ങയും ചക്കയും ഇഷ്ടം പോലെ ഉണ്ടാവുന്ന കാലത്ത് വയ്ക്കാൻ പറ്റിയത്. എളുപ്പത്തിലുണ്ടാക്കുകയും ചെയ്യാം. ഇതിനാവശ്യമായ വസ്തുക്കളൊക്കെ എല്ലാ വീട്ടിലും ഉണ്ടാവുകയും ചെയ്യും.




മാങ്ങ - അധികം പുളിയില്ലാത്തത് രണ്ടെണ്ണം. പുളിയുണ്ടെങ്കിലും കുഴപ്പമൊന്നുമില്ല. കൂട്ടാനു പുളിയുണ്ടാവും, അത്രതന്നെ.
ചക്കക്കുരു - ഒരു പത്തുപതിനഞ്ചെണ്ണം.
തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മുളകുപൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വറവിടാനുള്ളത്.
കറിവേപ്പില.




മാങ്ങ തോലുകളഞ്ഞ് മുറിച്ചുവയ്ക്കുക.
തേങ്ങയും ജീരകവും ചേർത്ത് അരയ്ക്കുക.



ചക്കക്കുരു, ആദ്യം വേവിച്ച് തോലുകളഞ്ഞെടുക്കാം. അല്ലെങ്കിൽ തോലുകളഞ്ഞ് വേവിയ്ക്കാനിടാം. നിങ്ങൾക്ക് എളുപ്പം എങ്ങനെയാണോ അങ്ങനെ. കുക്കറിൽ കുറച്ചുനേരം വേവിച്ചാൽ അത് വേഗം തോലുകളഞ്ഞ് എടുക്കാം.

ചക്കക്കുരു ആദ്യം വേവിച്ചിട്ടുണ്ടെങ്കിൽ, അതും മാങ്ങാക്കഷണങ്ങളും ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവാൻ വയ്ക്കുക.

അല്ലെങ്കിൽ, ചക്കക്കുരു, വെള്ളവുമൊഴിച്ച് വേവിയ്ക്കാൻ ഇടുക. അതു വെന്താൽ മാങ്ങയും ബാക്കിയുള്ളതൊക്കെയും ചേർക്കുക. മാങ്ങ പെട്ടെന്ന് വേവും.

ഒക്കെ വെന്താൽ തേങ്ങയരച്ചത് ചേർക്കുക. ആവശ്യത്തിനു വെള്ളവും ചേർക്കുക. വെന്തതിൽ വെള്ളമില്ലെങ്കിൽ മാത്രം വീണ്ടും വെള്ളം ചേർത്താൽ മതി.



തിളപ്പിക്കുക. തിളച്ചാൽ ഒന്നോ രണ്ടോ തണ്ട് കറിവേപ്പില ഇടുക. വാങ്ങിവച്ച് വറവിടുക. പച്ചമുളക് രണ്ടെണ്ണം, കഷണങ്ങൾ വേവിക്കുമ്പോൾ ചീന്തിയിടുകയും ചെയ്യാം. മുളകുപൊടി ഇടാതെ, തേങ്ങയരയ്ക്കുമ്പോൾ രണ്ട് - മൂന്ന് ചുവന്ന മുളക് ചേർത്ത് അരയ്ക്കുകയും ചെയ്യാം.

Monday, April 12, 2010

ബഹുവർണസാലഡ്

സാലഡ് അഥവാ സലാഡ് ആരോഗ്യത്തിന് പറ്റിയ ഒന്നാണ്. വിവിധതരത്തിൽ സാലഡുകൾ ഉണ്ടാക്കാം. പല തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും പയർവർഗ്ഗങ്ങളും പലതരത്തിൽ യോജിപ്പിച്ച് സാലഡുണ്ടാക്കാം. ചപ്പാത്തിയ്ക്കൊപ്പവും, ബിരിയാണി, പുലാവ് എന്നിവയ്ക്കൊപ്പവും ചോറിനൊപ്പവും സാലഡ് കഴിക്കാം. വെറുതെയും കഴിക്കാം.

ഇവിടെ ഉണ്ടാക്കിയ സാലഡ് എങ്ങനെ തയ്യാറാക്കി എന്നു പറയാം. എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണെന്ന് പറയേണ്ട കാര്യമില്ല. പിന്നെ ശ്രദ്ധിയ്ക്കേണ്ട കാര്യം നല്ല, കേടാകാത്ത, ദുസ്വാദില്ലാത്ത പച്ചക്കറികളും പഴങ്ങളുമൊക്കെ സാലഡിനുവേണ്ടി എടുക്കുക. എല്ലാം ഒരു കഷണമെടുത്ത് രുചിച്ചുനോക്കുക.




തക്കാളി - രണ്ടെണ്ണം.
ചെറുനാരങ്ങ - ഒരു കഷണം.
കക്കിരിക്ക - ഒന്ന്. അധികം വലുതും അധികം ചെറുതുമല്ലാത്തത്. (ചിത്രത്തിലെപ്പോലെ). കഴുകുക, തോലുകളയുക.
ഓറഞ്ച് - ഒന്ന്.
ഇഞ്ചി - ഒരു കഷണം. അധികം വലുതുവേണ്ട. തോലുകളഞ്ഞ് കഴുകിയെടുക്കുക.
വലിയ ഉള്ളി - ഒന്ന് വലുത്. തോലുകളയുക. കഴുകുക.
ഉപ്പ്.




എല്ലാം ചെറുതാക്കി അധികം കനമില്ലാതെ നീളത്തിൽ അരിയണം. ഓറഞ്ച്, തോലുകളഞ്ഞ് കുരു കളഞ്ഞ് ചെറുതാക്കി മുറിയ്ക്കുക. കുരു സാലഡിൽ ചേരരുത്. അതു കടിച്ചുപോയാല്‍പ്പിന്നെ കയ്പ്പോടു കയ്പ് ആയിരിക്കും.

അരിഞ്ഞുകഴിഞ്ഞാൽ അതിൽ ഉപ്പിടണം. എല്ലാം കൂടെ യോജിപ്പിക്കണം. പിന്നെ അതിൽ നാരങ്ങക്കഷണം പിഴിഞ്ഞ് ഒഴിച്ച് ഒന്നുകൂടെ യോജിപ്പിക്കുക. സാലഡ് തയ്യാർ.



വേണമെങ്കിൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. കഴിക്കുന്നതിനു കുറച്ചുമുമ്പ് മാത്രം ഉണ്ടാക്കിയാൽ മതി.

കക്കിരിക്കയിലെ വെള്ളം വരും. അത് നല്ലതാണ്. ഇനി അതിഷ്ടമായില്ലെങ്കിൽ അടുത്തപ്രാവശ്യം ഉണ്ടാക്കുമ്പോൾ കക്കിരിക്ക ആദ്യം മുറിച്ച് ഉപ്പിട്ട് വെള്ളം പിഴിഞ്ഞുകളഞ്ഞതിനുശേഷം എടുക്കുക. അതത്ര നല്ല കാര്യമല്ല.

Saturday, April 10, 2010

ഡു ഡു ലഡ്ഡു

ലഡ്ഡു ഉണ്ടാക്കാൻ അത്ര എളുപ്പമല്ല. നല്ല ക്ഷമ വേണം. സമയം വേണം. അതൊക്കെയുണ്ടെങ്കിൽ തയാറായിക്കോളൂ. നമുക്ക് ലഡ്ഡുവുണ്ടാക്കാം.

ആദ്യം തന്നെ അതിനുള്ള വസ്തുവകകൾ ഒക്കെ ഒരുക്കിവയ്ക്കാം.



കടലപ്പൊടി/ബേസൻ - 200 ഗ്രാം.

പഞ്ചസാര - നാനൂറ് ഗ്രാം.




അണ്ടിപ്പരിപ്പ് - പത്തെണ്ണം.

ഉണക്കമുന്തിരി - 25 എണ്ണം

ഏലയ്ക്ക - എട്ട് ഏലയ്ക്ക തോലുകളഞ്ഞ് പൊടിച്ചത്.

ഡാൽഡ - കാൽക്കിലോ.

ഫുഡ് കളർ - മഞ്ഞ - കുറച്ച്

പാൽ - അല്പം.

കൽക്കണ്ടം - 50 ഗ്രാം അധികം പൊടിയല്ലാതെ പൊടിച്ചത്.

(അണ്ടിപ്പരിപ്പും മുന്തിരിയും കൽക്കണ്ടവുമൊന്നും ചിത്രത്തിൽ ഉള്ളത് മുഴുവൻ എടുത്തിട്ടില്ല.)




പഞ്ചസാരയിൽ വെള്ളമൊഴിച്ച്, അല്പം പാലുമൊഴിച്ച് ചൂടാക്കാൻ വയ്ക്കുക. പഞ്ചസാരപ്പാനിയ്ക്കു വേണ്ടിയാണ്.





കടലമാവ് കലക്കിവയ്ക്കുക. അധികം വെള്ളം വേണ്ട. അധികം കട്ടിയിലും വേണ്ട.

അണ്ടിപ്പരിപ്പ്, മുന്തിരി , വറുത്തുവയ്ക്കുക. ഡാൽഡയിൽത്തന്നെ മതി.

ഫുഡ്കളർ മൂന്നോ നാലോ നുള്ള്, പഞ്ചസാരപ്പാനി തയ്യാറായാൽ അതിലേക്കിട്ടിളക്കുക.

പാനി തയ്യാറാക്കുമ്പോൾ പാൽ ഒഴിക്കുന്നത് എന്തിനാണെന്നുവച്ചാൽ, പഞ്ചസാരയിലെ അഴുക്കെല്ലാം, മുകളിൽ പാടപോലെ പൊങ്ങിവരും.അതിനുവേണ്ടിയാണ്. അതു കോരിക്കളയുക.

പാനിയിൽ കുറച്ചു വെള്ളം വറ്റിയാൽ, പകുതി ഒരു പാത്രത്തിലേക്ക് കോരിയൊഴിക്കുക. വറ്റിക്കുന്ന പാനി കൂടുതൽ കുറുകിപ്പോയാൽ, അതിലേക്ക് ഈ പാനി ഒന്ന് തിളപ്പിച്ച് ചേർക്കാൻ ആണ് അത്.




പാനി തയ്യാറായോ? ആദ്യം എടുത്തുമാറ്റിവച്ച് പാനിയും കൂടെ ഒന്നുകൂടെ പാകത്തിനു വറ്റിച്ച് ഇതിലൊഴിക്കാൻ മറക്കണ്ട.

എന്നാൽ ഉടൻ തന്നെ ഒരു പാത്രം അടുപ്പത്തുവെച്ച് ഡാൽഡ ഒഴിച്ച് ചൂടാക്കുക.




ചൂടായാൽ അതിലേക്ക് കടലമാവ് തുളയുള്ള സ്പൂണിലേക്ക് കോരിയൊഴിക്കുക. ആ സ്പൂണിന് കണ്ണാപ്പ എന്നാണു പറയുക. എണ്ണപ്പലഹാരം ഉണ്ടാക്കുമ്പോൾ കോരിയെടുക്കാൻ ഉപയോഗിക്കുന്നത്.





അതിൽ നിന്ന് ഡാൽഡയിലേക്ക് മുത്തുകൾ പോലെ വീഴും. ആ മുത്തുകൾ മൂത്താൽ കോരിയെടുത്ത് പഞ്ചാരപ്പാനിയിലിടുക.





കടലമാവ് കലക്കിയത് മുഴുവൻ, മുത്തുകൾ ആക്കിയെടുക്കുക. ചിലപ്പോൾ ഒരുമിച്ചു കൂടിനിന്നേക്കും. അതൊക്കെ പെട്ടെന്ന് ഇളക്കി വേർതിരിക്കണം.

വേഗം വേണം.

പിന്നെ പാനിയും മുത്തുകളും ഇട്ടതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, കൽക്കണ്ടം, ഏലയ്ക്കപ്പൊടി എന്നിവ ചേർക്കുക. രണ്ടു കൈയിലും അമർത്തി ഭംഗിയായി ഉരുട്ടുക. ചൂടോടെ ഉരുട്ടുക. ഇല്ലെങ്കിൽ ഉരുട്ടാൻ കിട്ടില്ല. ഉരുട്ടാൻ കഴിയാത്തത് ബാക്കി തിന്നുകയും ചെയ്യാം. അതൊന്നും സാരമില്ല.

ചൂട് നിൽക്കാനാണ് ഉരുളിയിൽ ഉണ്ടാക്കുന്നത്. കുഞ്ഞുലഡ്ഡു ആണെങ്കിൽ പതിനഞ്ചോളം എണ്ണം ഉണ്ടാവും.






ഇതത്ര ശരിയായിട്ടൊന്നുമില്ല. നിങ്ങൾ ഇതിലും നന്നായി ഉണ്ടാക്കിയെടുക്കുക. ഞങ്ങളെല്ലാം ഒത്തുകൂടിയ ഒരു വിശേഷത്തിന് വന്ന പാചകക്കാരിൽ നിന്നാണ് ഇത് പഠിച്ചത്. അന്നുണ്ടാക്കിയ മൂന്നു കിലോ കടലമാവിന്റെ ലഡ്ഡു മുഴുവൻ ഞാനാ ഉരുട്ടിയത്. എന്ത്! ആരൊക്കെയോ ഓടിവരുന്നുണ്ടെന്നോ? അതൊക്കെ എന്റെ അനിയത്തിക്കുട്ടികളാ. പിന്നെ ചില ചേച്ചിമാരും. അവരൊക്കെ സഹായിച്ചെന്ന് അവകാശപ്പെടും. അതൊന്നും നിങ്ങളു കണക്കാക്കരുത്.

എന്നാലും അവരെന്തെങ്കിലും പറഞ്ഞാലോ?

ഓടിയേക്കാം......

Friday, April 09, 2010

മാങ്ങാക്കാളൻ

മാങ്ങാക്കാളൻ, മാമ്പഴക്കാളൻ, മാമ്പഴപ്പുളിശ്ശേരി, മധുരക്കാളൻ എന്നിങ്ങനെയൊക്കെയുള്ള പേരിട്ട് ഇതിനെ വിളിക്കാം. എന്തായാലും ഈ കൂട്ടാൻ അടിപൊളിയാണ്. ഉണ്ടാക്കിവെച്ചാൽ പെട്ടെന്ന് തീർന്നുപോകും. പഴുത്ത മാങ്ങ എന്നു പറഞ്ഞാൽത്തന്നെ മിക്കവർക്കും പ്രിയം. അപ്പോപ്പിന്നെ അതു വെറുതെ തിന്നുതീർക്കുന്നതിനു പകരം കൂട്ടാൻ വയ്ക്കാം. എന്നാൽ മാങ്ങയും തിന്നാം, കൂട്ടാനും കൂട്ടാം.

മാങ്ങാക്കാളൻ എളുപ്പത്തിലുണ്ടാക്കാം.





നല്ല പഴുത്ത മാങ്ങ വേണം - നാലെണ്ണം. ചിത്രത്തിൽ ഉള്ളതുപോലെ വലുതാണെങ്കിൽ നാലു മതി. അല്ലെങ്കിൽ നല്ല ചെറിയ നാടൻ മാങ്ങയാണെങ്കിൽ എട്ടെണ്ണം എടുക്കാം. നന്നായി പഴുത്തിട്ടുണ്ടെങ്കിൽ തോലു വലിച്ചുകളയാൻ പറ്റും. അല്ലെങ്കിൽ തോല് ചെത്തിക്കളയണം.

തേങ്ങ - ഒരു മുറി. അധികം വലുതും അധികം ചെറുതുമല്ലാത്ത തേങ്ങ ഒരു മുറി ചിരവിയെടുക്കുക. ഏതു കാളൻ ആയാലും തേങ്ങ നല്ലോണം വേണം.

ജീരകം - അര ടീസ്പൂൺ.

ചുവന്ന മുളക്/ വറ്റൽ മുളക് - 3 എണ്ണം.

തേങ്ങയും ജീരകവും മുളകും കൂടെ നന്നായി അരച്ചെടുക്കുക.

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മോര്/ തൈര് - ഏകദേശം കാൽ ലിറ്റർ. മാങ്ങയ്ക്ക് പുളിയുണ്ടെങ്കിൽ പുളിയുള്ളത് ചേർക്കണ്ട. പുളി ഇഷ്ടമല്ലെങ്കിലും പുളിയില്ലാത്ത മോരോ തൈരോ ചേർക്കുന്നതാവും നല്ലത്. പക്ഷേ, കാളൻ എന്നു പറയുമ്പോൾ അതിന് കുറച്ച് പുളിയുണ്ടാവുന്നതാണ് നല്ലത്.

പച്ചമുളക് - മൂന്ന്. നീളത്തിൽ മുറിയ്ക്കുക.

വറവിടാൻ കടുക്, കറിവേപ്പില, മുളക്.

ഉലുവ വറുത്തുപൊടിച്ചത് - രണ്ടു നുള്ള്.

ഉപ്പ് - വേണ്ടതുപോലെ ചേർക്കാൻ.




ആദ്യം മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ മാങ്ങയുടെ കൂടെ ഇട്ട്, കുറച്ച് വെള്ളവും ഒഴിച്ച് മാങ്ങ വേവിക്കുക.




കുക്കറിലാണ് വയ്ക്കുന്നതെങ്കിൽ മാങ്ങയിൽ വെള്ളം വേണ്ട. കൽച്ചട്ടിയിലോ പാത്രത്തിലോ വയ്ക്കുമ്പോൾ വെള്ളമില്ലാതെ പറ്റില്ല.



വെന്താൽ മോരു ചേർക്കുക.





മോരു തിളച്ചു യോജിച്ചാൽ തേങ്ങയരച്ചത് ചേർക്കുക.

തേങ്ങയും തിളച്ചാൽ ഒരു തണ്ട് കറിവേപ്പില ഇടുക.




വാങ്ങിവെച്ച് വറവിടുക.

ഉലുവപ്പൊടിയും ഇടുക.




അരയ്ക്കുമ്പോൾ പച്ചമുളക് ചേർക്കാം. അല്ലെങ്കിൽ മുളകുപൊടി ചേർക്കാം. മുളകു ചേർത്തരയ്ക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത്. മുളക് ഓരോരുത്തരുടെ ഇഷ്ടം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. വേവിക്കുമ്പോൾ പച്ചമുളക് ഇടുന്നത് മാത്രമായാലും മതി, നിങ്ങൾ എരിവ് പ്രിയർ അല്ലെങ്കിൽ.

Tuesday, April 06, 2010

വാഴക്കൂമ്പ് ഉപ്പേരി



ഏതുകാലത്തും കിട്ടുന്നതാണ് വാഴപ്പഴം. വാഴ നട്ടുവളർത്തിയാൽ ഗുണം തന്നെ. വാഴയുടെ പഴം മാത്രമല്ല ഉപയോഗപ്രദം. വാഴയില ഏറ്റവും ഉപയോഗമുള്ള ഒന്നു തന്നെ. പിന്നെയാണ് കാമ്പും കൂമ്പും ഒക്കെ വരുന്നത്. പലരും വാഴയിലയും പഴവും അല്ലെങ്കിൽ കായയും മാത്രമെടുത്ത് കൂമ്പും കാമ്പും ഉപേക്ഷിക്കും. വാഴക്കുലയുടെ അടിയിൽ ഉള്ള/ അറ്റത്തുള്ള പൂവ് അല്ലെങ്കിൽ കൂമ്പ് കൊണ്ട് ഉപ്പേരി/തോരൻ വച്ച് അതും കൂട്ടി നല്ല സ്വാദോടെ ഊണുകഴിക്കാം. ആരോഗ്യത്തിനും നല്ലതുതന്നെ.

വാഴക്കൂമ്പ് - ഒന്ന്. ചിത്രത്തിൽ ഉള്ളപോലെ.
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ
കടുക് - കുറച്ച്
ചുവന്ന മുളക് - ഒന്നോ രണ്ടോ. കഷണങ്ങളാക്കി മുറിയ്ക്കുക
ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന്.
തേങ്ങ ചിരവിയത് - രണ്ട് ടേബിൾസ്പൂൺ.




വാഴക്കൂമ്പ് ഉപ്പേരി ഉണ്ടാക്കാൻ ആദ്യം തന്നെ വാഴക്കൂമ്പ്/പൂവ് എടുക്കുക. പുറമെ നിന്ന് കുറച്ച് പാളികൾ എല്ലാം നീക്കുക. എന്നിട്ട് കഴുകിയെടുത്ത് കൊത്തിയരിയുക. കൊത്തിയരിഞ്ഞുകഴിഞ്ഞാൽ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ (ഒരു ടീസ്പൂൺ മതി) ഒഴിക്കുക. എന്നിട്ട് കുറച്ചുനേരം കൈകൊണ്ട് വട്ടത്തിൽ വട്ടത്തിൽ ഇളക്കിയാൽ അത് നാരോടെ കൂടിച്ചേർന്നു നിൽക്കുന്ന ഭാഗമൊക്കെ വേറെ വേറെ ആവും. കറയും ഉണ്ടാവില്ല. കാബേജ് മുറിച്ചെടുത്ത പോലെ ആവും. പിന്നെ അതിന്റെ ചെറിയ, കഷണങ്ങൾ/കോലുകൾ ഉണ്ടെങ്കിൽ എടുത്തുകളയാം.

ഒരു പാത്രം അടുപ്പത്തു തീയ്ക്കു മുകളിൽ വയ്ക്കുക. കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക.

വെളിച്ചെണ്ണ ചൂടായാൽ ഉഴുന്നുപരിപ്പ് ഇടുക.

ഉഴുന്നുപരിപ്പ് ചുവന്നുവരുമ്പോഴേക്കും ചുവന്ന മുളക് പൊട്ടിച്ചത് ഇടുക.

അപ്പോൾത്തന്നെ കടുക് ഇടുക.

വറവ് ആയാൽ അതിലേക്ക് വാഴക്കൂമ്പ് മുറിച്ചുവച്ചത് ഇടുക.

ഉപ്പും മഞ്ഞൾപ്പൊടിയും ഇടാം. മുളകുപൊടി നിങ്ങൾക്കുവേണമെങ്കിൽ ഇടാം. ഇവിടെ ഇടാറില്ല.

അല്പം വെള്ളമൊഴിക്കാം.

ഒക്കെയിളക്കി അടച്ചുവയ്ക്കുക. തീ കുറച്ചേ വയ്ക്കാൻ പാടുള്ളൂ.

വെന്ത് വാങ്ങിയാൽ തേങ്ങ ചിരവിയത് ഇടണം.




ചില വാഴക്കൂമ്പിന്റെ ഉള്ളിലുള്ള ഭാഗം കയ്ക്കുമെന്ന് തോന്നുന്നു. വീട്ടിലുള്ളത്, നാടൻ വാഴകളുടേത്, അങ്ങനെ കയ്പ് തോന്നിയിട്ടില്ല. അതുകൊണ്ട് ഒട്ടും കളയാതെ മുഴുവൻ കൊത്തിയരിഞ്ഞെടുക്കാറുണ്ട്.

കാമ്പ് പെരക്ക്




വാഴയുടെ ഉള്ളിലെ ഭാഗമാണ് കാമ്പ്. ട്യൂബ് പോലെയുണ്ടാവും. അത് പൊളിച്ചെടുക്കുക. പുറമെനിന്ന് കുറച്ച് പാളികൾ നീക്കണം. അങ്ങനെ ആക്കിയെടുത്താൽ കാമ്പ് പെരക്ക് ഉണ്ടാക്കാൻ തുടങ്ങാം. പെരക്ക്, പച്ചടി പോലെയാണ് ഏകദേശം. വ്യത്യാസം എന്താണെന്നു വെച്ചാൽ പച്ചടിയ്ക്ക് കഷണം വേവിക്കും, പെരക്കിനു വേവിക്കില്ല. കാമ്പ് പെരക്ക് ഉണ്ടാക്കാൻ എളുപ്പമാണ്.

വാഴക്കാമ്പ് - ഒരു കഷണം. ചിത്രത്തിൽ ഉള്ളതിന്റെ നാലിൽ ഒന്ന്.
തേങ്ങ ചിരവിയത് - മൂന്ന് ടേബിൾസ്പൂൺ.
കടുക് - കാൽ ടീസ്പൂൺ
തേങ്ങയും കടുകും അരയ്ക്കുക. വെള്ളത്തിനു പകരം മോരുവെള്ളം ഒഴിച്ച് അരയ്ക്കുക.

മുളകുപൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - രണ്ടെണ്ണം. (നിർബ്ബന്ധമില്ല).
ഉപ്പ്
തൈർ - അരഗ്ലാസ്സ്.
പുളിയുള്ളത് ഇഷ്ടമാണെങ്കിൽ അത് ഒഴിക്കുക.
മോരായാലും മതി.



കാമ്പ്, വട്ടത്തിൽ, അധികം കനമില്ലാതെ മുറിക്കുക. മുറിക്കുമ്പോൾ, ഒരു വിരലുകൊണ്ട് അതിന്റെ മുകളിൽ തൊട്ടാൽ നൂല് ചുറ്റിയെടുക്കാം. അങ്ങനെയുള്ള നൂല്/നാര് കളയണം. കഴുകിയെടുക്കാം.



പിന്നെ ചെറുതായി അരിയുക. വളരെ ചെറുതാക്കുന്നതാവും നല്ലത്.



അതിലേക്ക് മുളകുപൊടിയിടുക. ഉപ്പിടുക. പച്ചമുളക് അരിഞ്ഞത് ഇടുക. തേങ്ങയരച്ചത് ചേർക്കുക. തൈർ ഒഴിക്കുക. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ വറവിടുക.

ചിലർ, കാമ്പ് ചെറുതാക്കി മുറിച്ചതിനുശേഷം, അതിൽ ഉപ്പിട്ടുവെച്ച്, കുറച്ചുനേരം കഴിഞ്ഞ് ആ വെള്ളം പിഴിഞ്ഞുകളഞ്ഞതിനുശേഷമാണ് പെരക്ക് ഉണ്ടാക്കുക. അങ്ങനെ വേണമെങ്കിൽ അങ്ങനെ ചെയ്യുക. അതിന്റെ ആവശ്യം ഇല്ലെന്നാണ് പുതിയ കണ്ടുപിടുത്തം.

Monday, March 22, 2010

സേമിയ പ്രഥമൻ

സേമിയപ്പായസം എനിക്കിഷ്ടമുള്ളൊരു പായസം ആണ്. പണ്ടൊക്കെ മുറിച്ചുമുറിച്ചുള്ള സേമിയ അല്ല കിട്ടാറുണ്ടായിരുന്നത്. നീളത്തിലായിരുന്നു. ഇപ്പോ പല തരത്തിലും കിട്ടും. പായസം മിക്സ് വരെ. പണ്ട് സേമിയപ്പായസം ഉണ്ടാക്കുമ്പോൾ ഞങ്ങളായിരുന്നു അത് മുറിച്ചിരുന്നത്. അത് കുറച്ചെടുത്ത് മുറിച്ച് മുറിച്ച് ഇടുമായിരുന്നു. പൊട്ടിച്ചിടുമ്പോൾ അപ്പുറവും ഇപ്പുറവുമൊക്കെ തെറിച്ചുപോകും കഷണങ്ങൾ. ഇപ്പോ പൊട്ടിച്ചു വച്ചത് കിട്ടും. എളുപ്പമായി ജോലി. എന്നാലും പൊട്ടിച്ചിടാത്തതാണ് എനിക്കിഷ്ടം.

സേമിയ കൊണ്ട് സാധാരണയായി പാലൊഴിച്ച് പഞ്ചസാരയുമിട്ടല്ലേ പായസം വയ്ക്കുന്നത്? തേങ്ങാപ്പാലൊഴിച്ച്, ശർക്കരയുമിട്ട് പ്രഥമൻ തന്നെ ആയാലെന്താന്ന് തോന്നിയപ്പോൾ അങ്ങനെ ചെയ്തു.

കഷണങ്ങൾ ആയിട്ടുള്ള സേമിയ ആണ് കിട്ടിയത്. തേങ്ങാപ്പാലും വാങ്ങി. ഒക്കെ എളുപ്പം.

വേണ്ടത് എന്തൊക്കെയാണെന്ന് പറയാം. പായസം ഉണ്ടാക്കുന്നത് എളുപ്പമാണ്.





സേമിയ/വെർമിസെല്ലി - നൂറ് ഗ്രാം.
അണ്ടിപ്പരിപ്പും മുന്തിരിയും കുറച്ച്
നെയ്യ് - കുറച്ച്. സേമിയ വറുക്കാനും, അണ്ടിപ്പരിപ്പും മുന്തിരിയും വറവിടാനും ആവശ്യമുള്ളത്.




ശർക്കര - ചിത്രത്തിലെ ശർക്കര പോലെയുള്ളത് പത്ത് ആണി. കല്ലൊക്കെ ഉള്ളതാണെങ്കിൽ അത് അടുപ്പത്ത് വെച്ച് ഉരുക്കി അരിച്ചെടുത്താൽ നല്ലത്. പായസത്തിൽ കല്ലുകടി ഒഴിവാക്കാം.

തേങ്ങാപ്പാൽ - സാധാരണ പാലിന്റെ കട്ടിയിൽ 300 എം എൽ.
വെള്ളം ഒരു ലിറ്റർ. ചൂടുള്ളതാണ് നല്ലത്.




സേമിയ അല്പം നെയ്യൊഴിച്ച് വറുക്കുക. അധികം ചുവക്കേണ്ട കാര്യമൊന്നുമില്ല.




വറുത്തുകഴിഞ്ഞാൽ അതിലേക്ക് വെള്ളം ഒഴിച്ച് വേവിക്കുക.



വെന്തുകൊണ്ടിരിക്കുന്നു.





വെന്തോന്ന് നോക്കിയിട്ട് ശർക്കര ചേർക്കുക.


ശർക്കരയും കുറച്ചുനേരത്തോളം വേവണം. വെള്ളം ഉണ്ടാവും മിക്കവാറും. ഇല്ലെങ്കിൽ കുറച്ചുകൂടെ ഒഴിക്കാം. ശർക്കര ഇടുമ്പോൾ.





ശർക്കരയും വെന്തുയോജിച്ചാൽ തേങ്ങാപ്പാൽ ചേർക്കുക. ഇവിടെ തേങ്ങാപ്പാൽ കുറച്ചും കൂടെ ചേർത്തിരുന്നു. അതിന്റെ സ്വാദ് മുന്നിൽ നിൽക്കും.

ഇഷ്ടമാണെങ്കിൽ കുറച്ചും കൂടെ തേങ്ങാപ്പാൽ ചേർക്കാം.

തേങ്ങാപ്പാല് ചേർത്തശേഷവും കുറച്ചുനേരം വേവിക്കുക.




ആയാൽ വാങ്ങിവച്ച് അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ഇടുക.




നല്ലപോലെ തണുത്താലാണ് ഏറ്റവും സ്വാദ് തോന്നുന്നത്. വെള്ളം പാകം നോക്കിയിട്ട് ചേർക്കണം. സേമിയ ആയതുകൊണ്ട് തണുക്കുമ്പോൾ കട്ടിയാവും. ഏലയ്ക്കപ്പൊടിയും ഇടാം. തേങ്ങ പിഴിഞ്ഞിട്ട് പാലെടുക്കുകയാണെങ്കിൽ ആദ്യം വെള്ളം അധികമുള്ള പാലൊഴിച്ച് വേവിക്കുക. പിന്നെ കുറച്ച് കട്ടിയുള്ളത്. പിന്നെ വാങ്ങിവച്ചതിനുശേഷം ആദ്യം പിഴിഞ്ഞുവച്ച കട്ടിയുള്ള, കുറച്ചുമാത്രമുള്ള പാൽ ചേർക്കുക.

കൊട്ടത്തേങ്ങയും ചെറുതായി മുറിച്ച് വറവിടാം.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]