Saturday, March 12, 2016

ആറു മുതല്‍ പതിനാറു വരെ




നന്ദി...
ദൈവമേ...
കറിവേപ്പിലയുടെ കൂട്ടുകാരേ...

Sunday, September 27, 2015

ഫസ്റ്റ് ഫുഡ് എന്ന പുസ്തകം


ഫസ്റ്റ് ഫുഡ് എന്ന ഈ പുസ്തകത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന, വിവിധതരം ഭക്ഷ്യവസ്തുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. പാചകക്കുറിപ്പുകളും ഉണ്ട്. ഓരോ കുറിപ്പുകളും പല വ്യക്തികൾ തയ്യാറാക്കിയിട്ടുള്ളതാണ്. പ്രാതൽ വിഭവങ്ങളും അച്ചാറുകളും കറികളും മധുരവിഭവങ്ങളും പാനീയങ്ങളും ഒക്കെയുണ്ട്. സാധാരണയായി നമ്മൾ കണ്ടും കേട്ടും പരിചയമുള്ളതിൽ നിന്നും വ്യത്യസ്തമായ പല വസ്തുക്കളെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും  മനസ്സിലാക്കാനും കാണാനും പറ്റിയൊരു പുസ്തകമാണ് ഇത്. ശ്രീ. സെബാസ്റ്റ്യൻ പോളും, ശ്രീ. വി. കെ മാധവൻ കുട്ടിയും എഴുതിയ കുറിപ്പുകളിൽ നമ്മുടെ സ്വന്തം കഞ്ഞി, പുഴുക്ക്, എരിശ്ശേരി, കപ്പ എന്നിങ്ങനെ നമുക്കു പരിചയമുള്ള കാര്യങ്ങളുമുണ്ട്. പുസ്തക - പാചക പ്രേമികൾക്ക് വാങ്ങി സൂക്ഷിക്കാവുന്നതാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് Centre for Science and Environment ആണ്.

പുസ്തകത്തിനു കടപ്പാട്:- Centre for Science and Environment
വില :- 950രൂപ

Wednesday, February 18, 2015

മാങ്ങായിഞ്ചിച്ചമ്മന്തി


 മാങ്ങായിഞ്ചി കൊണ്ടൊരു ചമ്മന്തി. അതാണിത്. (വൈറ്റ് ജിഞ്ജർ, മാംഗോ ജിഞ്ജർ, വൈൽഡ് ടർമറിക്, ആം ഹൽദി, അംബാ ഹൽദി, Zedoary എന്നൊക്കെയും അറിയപ്പെടുന്നത്  ഇതായിരിക്കണം.)



ചിത്രത്തിലുള്ളതുപോലെയുള്ളത്രേം മാങ്ങായിഞ്ചി തോലുകളഞ്ഞു. കഴുകി. രണ്ട് നെല്ലിക്കയും കഴുകി. രണ്ടും മുറിച്ചു. നെല്ലിക്കേന്റെ കുരു കളയണം. (കളയാണ്ട് എടുത്തുവെച്ചാൽ സമയം കിട്ടുമ്പോ എറിഞ്ഞുകളിക്കാം. :))) അത്ര സുന്ദരമായ ആകൃതിയിലൊന്നും മുറിക്കണ്ട. മിക്സിയ്ക്കും പണിവേണ്ടേ? ഞാൻ അങ്ങനെയൊക്കെ ചെയ്തു എന്നേയുള്ളൂ.


 രണ്ട് പച്ചമുളക്, രണ്ട് തണ്ട് കറിവേപ്പിലയിൽ നിന്നുള്ള ഇലകൾ, ആവശ്യത്തിനുപ്പ്, കൊറച്ച് തേങ്ങ എന്നിവയും മാങ്ങായിഞ്ചിയും, നെല്ലിക്കയും കൂടെ ഒരുമിച്ച് അരയ്ക്കുക. വെള്ളമൊന്നും വേണ്ട.


ചമ്മന്തി കണ്ടില്ലേ? എന്തിന്റെയെങ്കിലും കൂടെക്കൂട്ടിക്കഴിക്കുക. ഒന്നൂല്ലെങ്കിൽ വെറുതെ തിന്നുക. ഇവിടെ പാലപ്പം ആയിരുന്നു. അതിന്റെകൂടെ കൂട്ടി. മാങ്ങാ ഇഞ്ചി ഒരു കൊല്ലം വരെ വയ്ക്കാംന്ന് കടക്കാരൻ (ഗുജറാത്തി) പറഞ്ഞു. ബാക്കി പറയേണ്ടല്ലോ?

Wednesday, February 04, 2015

സിംഗാഡപ്പൊടി കാച്ചിക്കുറുക്കിയത്

സിംഗാഡ/സിംഗാര (water chestnut) എന്ന ഈ കിഴങ്ങ് ഗുജറാത്ത് ഭാഗത്തൊക്കെ കിട്ടുന്ന ഒരു കിഴങ്ങാണ്. 

ചേമ്പ്, ഉരുളക്കിഴങ്ങ് എന്നിവയൊക്കെപ്പോലെ തോന്നി.


 ഇത് ഒരുമിച്ച് പുഴുങ്ങി, കുറച്ച് തോലുകളഞ്ഞ്, വഴിവക്കിലൊക്കെ വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടു.



ചോദിച്ചപ്പോൾ, വില്പനക്കാരിയായ ഒരു സ്ത്രീ പറഞ്ഞു, ഇതിന്റെ പൊടികൊണ്ടും പലവിഭവങ്ങൾ ഉണ്ടാക്കാം എന്ന്. കുറച്ചൊക്കെ ഇതിനെക്കുറിച്ച് അറിയാമായിരുന്നു. കടയിൽക്കയറി, (ഇതുതന്നെയാണെന്ന് വിചാരിച്ച) പൊടിയും വാങ്ങി പോന്നു. 


 ആദ്യം തന്നെ പരീക്ഷണത്തിനൊന്നും പോകാതെ, കൂവപ്പൊടി കൊണ്ട് ചെയ്യുന്നതുപോലെ ചെയ്തു.  ശർക്കര, വെള്ളവുമൊഴിച്ച് തിളപ്പിച്ച്, അലിയിച്ച്, അതിൽ, ഈ പൊടി (കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ചാൽ നല്ലത്), ചിരവിയ തേങ്ങ, ചെറുതാക്കി നുറുക്കിയ പഴം എന്നിവയിട്ട് വേവുന്നതുവരെ കുറുക്കി, വാങ്ങിവെച്ച്  മുകളിൽ കുറച്ച് ചുക്കുപൊടിയും വിതറി. ഏലക്കപ്പൊടിയും ഇടണം. ഇവിടെ ഇട്ടില്ല.

ഇനിയങ്ങോട്ട്, വാങ്ങിക്കൊണ്ടുവന്ന സിംഗാഡപ്പൊടി തീരുന്നതുവരെ പരീക്ഷണം നടത്തും. പിന്നെ! ഇവിടെ ഇടാണ്ട്! നിങ്ങളില്ലാതെ എനിക്കെന്താഘോഷം! ;)

Monday, November 10, 2014

ചൌ ചൌ മോരൂട്ടാൻ

 ചൌ ചൌ കിട്ടി. എളുപ്പമുള്ള എന്തെങ്കിലും ഉണ്ടാക്കാമെന്നു വിചാരിച്ചു. അതാണ് ചൌ ചൌ മോരു കറി അഥവാ മോരു കൂട്ടാൻ. എല്ലാ പച്ചക്കറികളേയും ചെയ്യുന്നതുപോലെ ആദ്യം ഇതിനേയും കുളിപ്പിക്കാൻ വെള്ളത്തിലിട്ടുവെച്ചു.

 
 അതുകഴിഞ്ഞ് ഇതിന്റെ തോലുകളഞ്ഞ് എനിക്ക് തോന്നിയപോലെയൊക്കെ മുറിച്ചു. ഏകദേശം ഒരു കപ്പ്.  അതുകഴിഞ്ഞ് ഒന്നൂടെ വെള്ളത്തിൽ ഇട്ടു കഴുകിയെടുത്ത്, കാൽ ടീസ്പൂണിലും കുറവ് മഞ്ഞളും, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, കുറച്ച് ഉപ്പും ഇട്ട്, കുറച്ചുമാത്രം വെള്ളവും ഒഴിച്ച് വേവിച്ചെടുത്തു. വെന്തുകഴിഞ്ഞാൽ വെള്ളമില്ലെങ്കിൽ നല്ലത്. മൂന്നു നാലു ടേബിൾസ്പൂൺ തേങ്ങ, അര ടീസ്പൂൺ ജീരകം, രണ്ട് പച്ചമുളക് എന്നിവയിട്ട് മിനുസമായി അരച്ചെടുത്തു. കുരുമുളക് ഇട്ടില്ലെങ്കിൽ പച്ചമുളകിന്റെ എണ്ണം കൂട്ടുക. പച്ചമുളക് വേണ്ടെങ്കിൽ, മുളകുപൊടി ഇടുകയോ ചുവന്ന മുളക് അരയ്ക്കുകയോ ചെയ്യുക. വെന്ത കഷണം കുറച്ച് മോരും ഒഴിച്ച് തിളയ്ക്കാൻ വെച്ചു. തിളച്ച്
കുറച്ചുകഴിഞ്ഞപ്പോൾ തേങ്ങയരച്ചത്  കൂട്ടി തിളപ്പിച്ചു.

 
വാങ്ങിവെച്ചു വറവിട്ടു. ചോറിന്റെ കൂടെ  കൂട്ടി.

Tuesday, November 04, 2014

ബാർലി ദോശ


ബാർലി കൊണ്ട് ദോശ. ബാർലിപ്പൊടിയിട്ടും ബാർലി അപ്പാടെയിട്ടും ഉള്ള കുറുക്ക്/കഞ്ഞി ഒക്കെ നല്ലതാണ്. അപ്പോപ്പിന്നെ ബാർലി ദോശയും നന്നായിരിക്കുമല്ലോ എന്നു വിചാരിച്ചാണ് ബാർലി ദോശയുണ്ടാക്കാൻ തീരുമാനിച്ചത്. വളരെ എളുപ്പത്തിൽ ജോലി കഴിയും. ദോശയ്ക്ക് നല്ല സ്വാദും ഉണ്ട്.
ഒരു പാത്രത്തിൽ ബാർലി ഒരു ഗ്ലാസ്സ്, പുഴുങ്ങലരി ഒരു ഗ്ലാസ്സ്, ഉഴുന്ന് അര ഗ്ലാസ്സ്  എടുക്കുക. അര റ്റീസ്പൂൺ ഉലുവയും അതിൽ ഇടുക. ഉലുവയുടെ കയ്പ് പ്രശ്നമല്ലാത്തവർ കുറച്ചും കൂടെ എടുക്കുക. കാരണം ഉലുവ ആരോഗ്യത്തിനു നല്ലതാണ്. എല്ലാം കഴുകിക്കഴിഞ്ഞ്  വെള്ളത്തിൽ കുതിർക്കുക. അല്ലെങ്കിൽ ഏഴ് മണിക്കൂറെങ്കിലും കുതിർത്തശേഷം കഴുകിയെടുത്ത് മിനുസമായി അരച്ച് ഉപ്പും ചേർത്ത് വെയ്ക്കുക. ഒന്നു പുളി വന്നിട്ട് ദോശയുണ്ടാക്കുന്നതാണ് നല്ലത്. ഇവിടെ ഗ്രൈൻഡറിലാണ് അരച്ചത്.
ദോശയുണ്ടാക്കി എന്തെങ്കിലുമൊക്കെ കൂട്ടിക്കഴിക്കുക.
ബാർലി തീർന്നോ എന്നല്ലേ? ഇല്ല തീർന്നില്ല... ഇനീം ഉണ്ടല്ലോ ഉണ്ടാക്കാൻ വിഭവങ്ങൾ.
 ബാർലി ദോശ വേണ്ടാത്തോർക്ക് ഇതാ...ഗുജറാത്തിയാ...തീരുമ്പോ തീരുമ്പോ വന്നോണ്ടിരിക്കും. ;)

Friday, March 28, 2014

ക്ക ങ്ങ അവിയൽ

വിഷുവൊക്കെയല്ലേ വരുന്നത്. അതുകൊണ്ട് ഒരു അവിയൽ ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഇതിന്റെ പേരാണ് ക്ക ങ്ങ അവിയൽ. മിണ്ടാട്ടം ഇല്ലാഞ്ഞപ്പോ വിക്കിയതല്ല. ന്നാ...ഇതിലേക്കുള്ള വസ്തുക്കളുടെ ലിസ്റ്റ് പിടിച്ചോളീൻ.

കോവക്ക
കയ്പ്പക്ക
ചുരക്ക
മുരിങ്ങക്ക
മാങ്ങ
പീച്ചിങ്ങ
കുമ്പളങ്ങ

ഇതൊക്കെ അവിയലിനു മുറിക്കും പോലെ കുറച്ചു നീളത്തിൽ മുറിച്ച് കഴുകിയെടുത്ത്, അല്പം മഞ്ഞളും ഉപ്പുമിട്ട് വേവിച്ച്, കുറച്ച് തേങ്ങ, അല്പം ജീരകം, എരുവിനു പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ചതച്ച്  കഷണങ്ങളിലേക്കിട്ട് തിളപ്പിച്ച്, നല്ല കട്ടത്തൈര് കുറച്ച് അതിൽ ഒഴിച്ച് പതപ്പിച്ച്, കറിവേപ്പില തണ്ടോടുകൂടി ഇട്ട് അതിന്റെ മുകളിൽക്കൂടെ നല്ലോണം വെളിച്ചെണ്ണ ഒഴിച്ച് വാങ്ങുക.

 

 മാങ്ങയുള്ളതോണ്ട് തൈരിനു വല്യ പുളിയൊന്നും വേണ്ട. പുളിയുള്ള മാങ്ങയാണെങ്കിൽ.

Wednesday, March 26, 2014

ബജ്‌റ ഇഡ്ഡലി

ബ‌ജ്‌റ കൊണ്ട് ഇഡ്ഡലി. ഉണ്ടാക്കിയാലോ? അതും വല്യ പ്രയാസമൊന്നുമില്ലാത്ത കാര്യമാണ്.

ബജ്‌റയും പുഴുങ്ങലരിയും ഉഴുന്നും ഒരേ അളവിൽ എടുത്ത് വെള്ളത്തിൽ നാലു മണിക്കൂർ കുതിർക്കുക. ഉഴുന്ന് വേറെ കുതിർത്താലും എല്ലാം കൂടെ ഒരുമിച്ച് കുതിർത്താലും പ്രശ്നമില്ല. ഇവിടെ ഇഡ്ഡലി റൈസ് ആണ് കുതിർത്തത്. ഉഴുന്നിന്റെ അളവ് അല്പം കൂടെ വേണമെങ്കിൽ കൂട്ടാം.

നാലുമണിക്കൂർ കഴിഞ്ഞാൽ കഴുകിയെടുത്ത് അരയ്ക്കുക. അധികം വെള്ളമൊഴിയ്ക്കരുത്. തൊട്ടുനോക്കിയാൽ റവ ഉള്ളതുപോലെ അരഞ്ഞാൽ മതി. ഉപ്പും ഇട്ട് ഇളക്കിവയ്ക്കുക. പുളിയ്ക്കണം എന്നുള്ളവർക്ക് കുറേ മണിക്കൂറുകൾ വയ്ക്കുക. അധികം പുളി ആയാലും തീരെ പുളി ഇല്ലാഞ്ഞാലും വല്യ രസമുണ്ടാവില്ല. ഇഡ്ഡലി ഉണ്ടാക്കിയെടുക്കുക.


ഇതാണ് ബാജ്‌റ ഇഡ്ഡലി. മൈക്രോവേവിലാണുണ്ടാക്കിയത്. ഇഞ്ചിച്ചമ്മന്തിയാണ് കൂടെ കൂട്ടാൻ.

Monday, March 24, 2014

ബാജ്‌റ പുട്ട്

ബാജ്‌റ/ബജ്‌റ കൊണ്ടൊരു പുട്ട്. അതാണ് ഇത്. ഒരു വിഷമവുമില്ല ഉണ്ടാക്കാൻ.


 

ഇതാണ് ബജ്‌റ.
ബാജ്‌റ കുറച്ചെടുത്ത് വെള്ളത്തിൽ കുതിർക്കുക. നാലു മണിക്കൂർ കഴിഞ്ഞാൽ കഴുകി, വെള്ളം കളഞ്ഞ് ഉണങ്ങാൻ വയ്ക്കുക. തുണിയിൽ ഇട്ടാൽ മതി. അല്ലെങ്കിൽ പാത്രം അടച്ച് കമഴ്ത്തി ചാരിവെച്ചാലും മതി. ചോറ് വാർത്തുകഴിഞ്ഞ് വെക്കുന്നപോലെ. ഉണങ്ങിയാൽ പുട്ടിന്റെ പാകത്തിൽ പൊടിക്കുക. അരിച്ചെടുക്കണമെങ്കിൽ ആവാം. ഇവിടെ അരിച്ചില്ല.

 

 പൊടിച്ചുകഴിഞ്ഞാൽ വറുക്കുക. തണുക്കാനിടുക.



ഉപ്പും വെള്ളവും ചേർത്ത് കുഴയ്ക്കുക. പുട്ടുകുറ്റിയിലിട്ട് വേവിച്ചെടുക്കുക. കറിയോ പഴമോ കൂട്ടി കഴിയ്ക്കുക.

Wednesday, February 19, 2014

കുൽഫി


കുൽഫിയുണ്ടാക്കാൻ തീരുമാനിച്ചാൽ‌പ്പിന്നെ വേറൊന്നും നോക്കരുത്. കുൽഫി മിക്സ് മേടിക്കുക. കുൽഫിയുണ്ടാക്കുക. ഞാൻ നെസ്ലേയുടെ മിൽക്ക്മെയിഡിന്റെ പിസ്ത രുചിയുള്ള മിക്സ് വാങ്ങി. ഇതിൽ ഏലയ്ക്ക, ബദാം ഒക്കെയുണ്ട്.




കുൽഫിപ്പാത്രം പണ്ടേ വാങ്ങിയിരുന്നു. മിക്സ് വാങ്ങാതെ സ്വന്തമായിട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇനിയുണ്ടാക്കുമ്പോൾ കൂട്ട് പറഞ്ഞുതരാം. വേണെങ്കി മതി. ഹും...





 മിക്സ് അതിന്റെ പായ്ക്കറ്റിൽ പറഞ്ഞിട്ടുള്ള പോലെ പാലൊക്കെ ചേർത്ത് കലക്കിവെച്ചു.






പാത്രത്തിലാക്കി. ഫ്രീസറിൽ വെച്ചു.  എടുത്തിട്ട് പുറത്തെടുക്കാൻ കുറച്ച് പാടുപെട്ടു. പുറത്തുവെച്ചാൽ അലിഞ്ഞുപോവുമോന്നു പേടിച്ച് കത്തികൊണ്ടൊക്കെ ഒരുപ്രയോഗം നടത്തി വേഗം എടുത്തു.



കുൽഫി തയ്യാർ. തിന്നാം.

കടപ്പാട് :- മിൽക്ക്മെയിഡ്, നെസ്ലേ.

Monday, April 01, 2013

മുള്ളങ്കിച്ചപ്പാത്തി



 മുള്ളങ്കി കൊണ്ടൊരു ചപ്പാത്തി. എളുപ്പം ഉണ്ടാക്കാം. മുള്ളങ്കിയോട് ഇഷ്ടമുണ്ടെങ്കിൽ ഉണ്ടാക്കാം.




 മുള്ളങ്കി കഴുകി കത്തികൊണ്ട് മുകളിലൊക്കെ ഒന്ന് ഉരച്ചുകളയുക. ചീവിയെടുക്കുക.




ഒന്നേകാൽ ഗ്ലാസ് ഗോതമ്പുപൊടിയ്ക്ക് അരഗ്ലാസ് മുള്ളങ്കി ചീവിയത് ഇടാം. അതിന്റെ കൂടെ രണ്ടു പച്ചമുളകും ഒരു കഷണം ഇഞ്ചിയും ചതച്ചത്, ഉപ്പ്, മല്ലിയില മുറിച്ചിട്ടത്, എന്നിവ ചേർത്ത് വെള്ളവും ചേർത്ത് കുഴയ്ക്കുക. മുള്ളങ്കിയില നല്ലതുണ്ടെങ്കിൽ അതും അരിഞ്ഞ് ഇടാം. ജീരകവും ഇടാം. നിർബ്ബന്ധമില്ല. കുഴച്ചിട്ട് അല്പനേരം വയ്ക്കുക.



പരത്തി (കുറച്ചു കട്ടിയിൽ പരത്താം) ദോശക്കല്ലിൽ ഇട്ട് ഉണ്ടാക്കിയെടുക്കാം. ഉണ്ടാക്കുമ്പോൾ വെണ്ണയോ നെയ്യോ എണ്ണയോ പുരട്ടാം. അച്ചാറോ ചമ്മന്തിയോ കൂടെ കൂട്ടിക്കഴിക്കാം.



ഇത് മുള്ളങ്കിയുടെ കായ ആണ്.



ഉപ്പേരിയുണ്ടാക്കി. ബീൻസും കൊത്തവരയും ഒക്കെ പോലെയേ ഉള്ളൂ.

Thursday, March 21, 2013

പീച്ചിങ്ങ കറി



പീച്ചിങ്ങ (ridge gourd)  കൊണ്ടൊരു കൂട്ടാൻ. അഥവാ കറി. എളുപ്പം കഴിയും ഉണ്ടാക്കാൻ.
പീച്ചിങ്ങ നന്നായി കഴുകുക. 


നാലെണ്ണം ( ചിത്രത്തിൽ കാണുന്ന വലുപ്പത്തിൽ ഉള്ളത്) തോലുകളഞ്ഞ് മുറിക്കുക. അല്പം തോലുണ്ടായാലും പ്രശ്നമില്ല. മുറിച്ചു വെള്ളത്തിലിടുക.

അല്പം എണ്ണ (സൺഫ്ലവർ എണ്ണയാണ് നല്ലത്) ചൂടാക്കുക. ഒരു ടേബിൾസ്പൂൺ മതി. രണ്ട് പച്ചമുളക് നടുവിൽ മുറിച്ച് ആ എണ്ണയിൽ വഴറ്റുക. വഴറ്റിക്കഴിഞ്ഞാൽ ഒരു ടീസ്പൂൺ ജീരകം ഇടുക.  ഇളക്കുക. കരിയാതെ വാങ്ങിവെക്കുക.

പച്ചമുളകും ജീരകവും തണുത്താൽ, രണ്ടു ടേബിൾസ്പൂൺ തേങ്ങയും, കുറച്ച്  വെളുത്തുള്ളിയല്ലികളും, കുറച്ച് കറിവേപ്പില, മല്ലിയില  എന്നിവയും ചേർത്ത് അരയ്ക്കുക. മിനുസം ആവേണ്ട. ചതഞ്ഞാൽ മതി. കല്ലിൽ ചതച്ചാലും മതി. (വെളുത്തുള്ളി ഇടാതെയും ഉണ്ടാക്കാം.)

രണ്ട് ഉള്ളി/സവാള (ചെറുത് മതി)  ചെറുതായി അരിഞ്ഞു വയ്ക്കുക. പീച്ചിങ്ങക്കഷണം കഴുകി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വയ്ക്കുക.

പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക. ഉള്ളി വഴറ്റുക. തീ കുറയ്ക്കുക. തേങ്ങാക്കൂട്ട് ഇട്ട് ഇളക്കുക. ആവശ്യത്തിനു മഞ്ഞൾപ്പൊടി ഇടുക. അല്പം പുളി ഇടുക. പുളി വെള്ളത്തിലിട്ടുവെച്ചിട്ട് പിഴിഞ്ഞ് ആ വെള്ളം ഒഴിച്ചാലും മതി. പീച്ചിങ്ങ ഇട്ടിളക്കുക. ഉപ്പ് ഇടുക. ഒരു കഷണം ശർക്കരയും ഇടാം. നിർബ്ബന്ധമില്ല. അധികം എരിവ് വേണമെങ്കിൽ അല്പം മുളകുപൊടിയിടാം. അല്ലെങ്കിൽ പച്ചമുളക് അരച്ചതുണ്ടല്ലോ. നന്നായി ഇളക്കിയോജിപ്പിച്ച് ആവശ്യത്തിനു വെള്ളം ചേർക്കുക.


 വെള്ളം ഉള്ള കറി വേണമെങ്കിൽ അതിനാവശ്യമുള്ള വെള്ളം ഒഴിക്കുക. അല്ലെങ്കിൽ വേവാൻ ആവശ്യമായ വെള്ളം മാത്രം ഒഴിക്കുക. തീ കുറച്ച് അടച്ചു വേവിക്കുക. ചോറിന്റെ കൂടേം ചപ്പാത്തീന്റെ കൂടേം കഴിക്കാം.


മൊരിഞ്ഞ ചപ്പാത്തീന്റെ കൂടേം കഴിക്കാം.

Friday, March 01, 2013

നവര അരി പുട്ട്

 

നവര അരി കണ്ടിട്ടുണ്ടോ? ഇത് ആയുർവേദത്തിലൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ട് പുട്ട് ഉണ്ടാക്കാമെന്നു വെച്ചു. പുട്ടുണ്ടാക്കാൻ ഒരു പ്രയാസവുമില്ല. അരിയൊന്ന് വൃത്തിയാക്കിയെടുക്കുക. അഞ്ചാറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഞാൻ കുറച്ച് അരിയേ കുതിർത്ത് വെച്ചുള്ളൂ. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വെള്ളം കളഞ്ഞ് എടുത്തു. പാത്രം അടച്ച് കമഴ്ത്തി ചെരിച്ചുവെച്ചു. അല്ലെങ്കിൽ തുണിയിൽ നിരത്തിയിട്ടാലും മതി. വെള്ളം മുഴുവൻ പോയാൽ പുട്ടിന്റെ പാകത്തിൽ പൊടിക്കുക. പൊടി അധികം മിനുസമല്ലാതെ.  



പൊടിച്ചു കഴിഞ്ഞ് വറുത്തു.



 ഉപ്പും അല്പം വെള്ളവും ചേർത്ത് കുഴച്ചു. തേങ്ങയുമിട്ട്,  ചിരട്ടപ്പുട്ടുകുറ്റിയിൽ ഇട്ട് വേവിച്ചെടുത്തു.


കൂടെ കൂട്ടാൻ കടലക്കറിയുണ്ടാക്കി.

Tuesday, February 26, 2013

ഉലുവയില ഉപ്പേരി

ഉലുവയില കഴിക്കുന്നത് നല്ലതാണ് എന്നെല്ലാവർക്കും അറിയാമെന്നു കരുതുന്നു. വീട്ടിൽ പൂച്ചെട്ടിയിൽ വളർത്താൻ പറ്റിയൊരു ചെടിയാണ് ഉലുവ. ഈ ഇലകൾക്ക് അല്പം കയ്പ്പുണ്ട്. എന്നാലും ഉപ്പേരിയുണ്ടാക്കാൻ തീരുമാനിച്ചു. ഒരുപാടു വിഭവങ്ങൾ ഉലുവയില കൊണ്ടുണ്ടാക്കാം.
ഇവിടെ ചിലതൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട്.

 


ഉലുവയിലയുപ്പേരിയുണ്ടാക്കാൻ വളരെക്കുറച്ച് വസ്തുക്കളേ ആവശ്യമുള്ളൂ. ഉണ്ടാക്കുന്ന വിധം പറയാം.

 

 ഉലുവയില വൃത്തിയാക്കിയെടുക്കുക. ചെറുതായി അരിയുക. വേര് കളയുക. തണ്ട് ഇട്ടാൽ കുഴപ്പമില്ല. മുറിച്ചെടുത്തു കഴിഞ്ഞും ഒന്നു കഴുകുന്നതു കൊണ്ടു കുഴപ്പമില്ല. മുറിച്ച ഇല രണ്ടു കപ്പ് വേണം. വെന്തു കഴിഞ്ഞാൽ വളരെക്കുറച്ചേ ഉണ്ടാവൂ.

 

കടലപ്പരിപ്പ് വേവിച്ചെടുക്കുക. വെന്തത് ഒരു മുക്കാൽ കപ്പ് വേണം. അധികം വെന്ത് അലിയരുത്. എന്നാൽ നന്നായി വേവുകയും വേണം. കുക്കറിൽ വേവിച്ചാൽ മതി. ചീനച്ചട്ടി, അല്ലെങ്കിൽ ഒരു പാത്രം അടുപ്പത്തുവെച്ച് അതിൽ വെളിച്ചെണ്ണയൊഴിക്കുക. ഉഴുന്നുപരിപ്പ് രണ്ട് ടീസ്പൂൺ ഇടുക. അല്പം അധികമുണ്ടെങ്കിലും സാരമില്ല. അതു ചുവന്നാൽ ഒരു ചുവന്ന മുളക് പൊട്ടിച്ചിടുക. അല്പം കടുകും ഇടുക. കടുക് പൊട്ടിയാൽ അതിലേക്ക്, ഉലുവയിലയിടുക. അല്പം മഞ്ഞൾ ഇടുക. കടലപ്പരിപ്പിനും കൂടെ ആവശ്യമായ ഉപ്പും ഇട്ട് ഇളക്കി, തീ കുറച്ച് അടച്ചുവെയ്ക്കുക. വേഗം വേവും. വെന്താൽ കടലപ്പരിപ്പും ഇട്ടിളക്കി അല്പനേരം കൂടെ ചെറിയ തീയിൽ അടച്ചുവേവിക്കുക. വാങ്ങിവെച്ച് തേങ്ങ ചിരവിയിടുക.

 

എരിവു വേണ്ടവർക്ക് തേങ്ങയ്ക്കൊപ്പം അല്പം പച്ചമുളക് ചതച്ചിടുകയോ, അല്ലെങ്കിൽ ആദ്യം തന്നെ മുളകുപൊടിയിടുകയോ ചെയ്യാം. ഞങ്ങൾ സാധാരണയായി ഉപ്പേരിയ്ക്ക് വറവിലിടുന്ന ചുവന്ന മുളകല്ലാതെ എരിവ് ചേർക്കാറില്ല.

Wednesday, January 16, 2013

റവ കാരേലപ്പം

ദിവസോം രാവിലെ, എന്താ പലഹാരം എന്നു ചിന്തിച്ച് തലപുകയ്ക്കേണ്ട കാര്യമില്ല. ദോശേം ഇഡ്ഡലീം പുട്ടും ഉപ്പുമാവും ചപ്പാത്തീം കൊഴുക്കട്ടേം ഉണ്ടാക്കുന്നതിന്റെ ഇടയ്ക്കൊരു ദിവസം ഈ എരിവുള്ള റവ കാരേലപ്പവും ഒന്നു പരീക്ഷിക്കാം.

ഉഴുന്ന് - അര ഗ്ലാസ്.

സൂജി റവ - ഒന്നര ഗ്ലാസ്. രണ്ടായാലും കുഴപ്പമില്ല. മൃദുത്വം കുറയും.

 ഉലുവ - രണ്ട് ടീസ്പൂൺ. (ഉലുവ കയ്ക്കും. ആ സ്വാദ് ഇഷ്ടമില്ലാത്തവർക്ക് കുറയ്ക്കാം.)

വല്യുള്ളി/സവാള - ഒന്ന്.

പച്ചമുളക് - രണ്ട്.

ഇഞ്ചി - ഒരു കഷണം.

മല്ലിയില, കറിവേപ്പില കുറച്ച്.

ഉപ്പ്, എണ്ണ ആവശ്യത്തിന്.

 ഉഴുന്ന് , ഉലുവ വെള്ളത്തിൽ മൂന്നു മണിക്കൂർ കുതിർത്തിടുക.

അതേ സമയം തന്നെ റവ ആവശ്യത്തിനു (എല്ലാത്തിനും കൂടെയുള്ള) ഉപ്പും ചേർത്ത് അല്പം വെള്ളവും ഒഴിച്ചു വയ്ക്കുക. റവയിൽ വെള്ളമാവണം, അത്രേ വേണ്ടൂ. കുറേ വെള്ളം ചേർത്ത് അതിനെ മുക്കിയിടരുത്.

ഉഴുന്നും ഉലുവേം അരയ്ക്കുക. അരയ്ക്കുമ്പോൾ ഒരുപാടു വെള്ളം ചേർക്കണ്ട. മിനുസമായി അരയ്ക്കുക. റവ മൃദു ആയിട്ടുണ്ടാവും. അതിലേക്ക് അരച്ചത് ചേർത്ത് ഇളക്കി വയ്ക്കുക. ഞാൻ ഒരു വൈകുന്നേരം അരച്ച് പിറ്റേന്നു രാവിലെ വരെ വെച്ചു.

കാരേലപ്പം ഉണ്ടാക്കാൻ സമയം ആയാൽ, അരച്ചുവെച്ചതിലേക്ക്, ഉള്ളി, പച്ചമുളക്, മല്ലിയില കറിവേപ്പില, ഇഞ്ചി എന്നിവയൊക്കെ മുറിച്ചിടണം. വല്യുള്ളി ഇല്ലെങ്കിൽ ചെറിയ ഉള്ളി ആയാലും മതി. തേങ്ങാക്കൊത്തും ഇടാം. കായത്തിനോട് പ്രേമമുണ്ടെങ്കിൽ അതും ഇടാം. എന്നിട്ട് നന്നായി ഇളക്കുക. ഉപ്പൊന്നു നോക്കുക. വേണമെങ്കിൽ ചേർക്കാം. അധികമുണ്ടെങ്കിൽ, വിധി എന്നു കരുതി സമാധാനിക്കുക.

കാര അടുപ്പത്തു വയ്ക്കുക. നോൺ സ്റ്റിക്ക് കാര ഉണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പമായിരിക്കും. അല്ലാത്ത സാദാ കാരയാണെങ്കിൽ അതിൽ എണ്ണയോ വെളിച്ചെണ്ണയോ ഓരോ ടീസ്പൂൺ ഒഴിക്കുക. എല്ലായിടത്തും പുരട്ടുക.




മാവൊഴിക്കുക. തീ കുറേ കൂട്ടിവയ്ക്കണ്ട. തീരെ കുറയ്ക്കുകയും ചെയ്യരുത്. മാവൊഴിച്ച് അടച്ചുവയ്ക്കുക.



കുറച്ചുകഴിഞ്ഞ് അടപ്പ് എടുത്തു നോക്കുക. അപ്പോ മുകളിലും വേവ് ആയെങ്കിൽ മറിച്ചിടുക. മറിച്ച് ഇടുമ്പോഴും എണ്ണ പുരട്ടുക. സാദാ കാരയിൽ ആണെങ്കിൽ, കത്തികൊണ്ടോ, പരന്ന സ്പൂൺ കൊണ്ടോ അപ്പത്തിന്റെ സൈഡിൽ കൂടെ ഒന്നു കറക്കിയെടുത്താൽ മറിച്ചിടാൻ വേഗം കിട്ടും.




രണ്ടുഭാഗവും വെന്താൽ എടുത്തു വയ്ക്കുക.



ചമ്മന്തി കൂട്ടിക്കഴിച്ചാൽ പ്രശ്നമൊന്നുമില്ല.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]