Friday, March 28, 2014

ക്ക ങ്ങ അവിയൽ

വിഷുവൊക്കെയല്ലേ വരുന്നത്. അതുകൊണ്ട് ഒരു അവിയൽ ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഇതിന്റെ പേരാണ് ക്ക ങ്ങ അവിയൽ. മിണ്ടാട്ടം ഇല്ലാഞ്ഞപ്പോ വിക്കിയതല്ല. ന്നാ...ഇതിലേക്കുള്ള വസ്തുക്കളുടെ ലിസ്റ്റ് പിടിച്ചോളീൻ.

കോവക്ക
കയ്പ്പക്ക
ചുരക്ക
മുരിങ്ങക്ക
മാങ്ങ
പീച്ചിങ്ങ
കുമ്പളങ്ങ

ഇതൊക്കെ അവിയലിനു മുറിക്കും പോലെ കുറച്ചു നീളത്തിൽ മുറിച്ച് കഴുകിയെടുത്ത്, അല്പം മഞ്ഞളും ഉപ്പുമിട്ട് വേവിച്ച്, കുറച്ച് തേങ്ങ, അല്പം ജീരകം, എരുവിനു പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ചതച്ച്  കഷണങ്ങളിലേക്കിട്ട് തിളപ്പിച്ച്, നല്ല കട്ടത്തൈര് കുറച്ച് അതിൽ ഒഴിച്ച് പതപ്പിച്ച്, കറിവേപ്പില തണ്ടോടുകൂടി ഇട്ട് അതിന്റെ മുകളിൽക്കൂടെ നല്ലോണം വെളിച്ചെണ്ണ ഒഴിച്ച് വാങ്ങുക.

 

 മാങ്ങയുള്ളതോണ്ട് തൈരിനു വല്യ പുളിയൊന്നും വേണ്ട. പുളിയുള്ള മാങ്ങയാണെങ്കിൽ.

Wednesday, March 26, 2014

ബജ്‌റ ഇഡ്ഡലി

ബ‌ജ്‌റ കൊണ്ട് ഇഡ്ഡലി. ഉണ്ടാക്കിയാലോ? അതും വല്യ പ്രയാസമൊന്നുമില്ലാത്ത കാര്യമാണ്.

ബജ്‌റയും പുഴുങ്ങലരിയും ഉഴുന്നും ഒരേ അളവിൽ എടുത്ത് വെള്ളത്തിൽ നാലു മണിക്കൂർ കുതിർക്കുക. ഉഴുന്ന് വേറെ കുതിർത്താലും എല്ലാം കൂടെ ഒരുമിച്ച് കുതിർത്താലും പ്രശ്നമില്ല. ഇവിടെ ഇഡ്ഡലി റൈസ് ആണ് കുതിർത്തത്. ഉഴുന്നിന്റെ അളവ് അല്പം കൂടെ വേണമെങ്കിൽ കൂട്ടാം.

നാലുമണിക്കൂർ കഴിഞ്ഞാൽ കഴുകിയെടുത്ത് അരയ്ക്കുക. അധികം വെള്ളമൊഴിയ്ക്കരുത്. തൊട്ടുനോക്കിയാൽ റവ ഉള്ളതുപോലെ അരഞ്ഞാൽ മതി. ഉപ്പും ഇട്ട് ഇളക്കിവയ്ക്കുക. പുളിയ്ക്കണം എന്നുള്ളവർക്ക് കുറേ മണിക്കൂറുകൾ വയ്ക്കുക. അധികം പുളി ആയാലും തീരെ പുളി ഇല്ലാഞ്ഞാലും വല്യ രസമുണ്ടാവില്ല. ഇഡ്ഡലി ഉണ്ടാക്കിയെടുക്കുക.


ഇതാണ് ബാജ്‌റ ഇഡ്ഡലി. മൈക്രോവേവിലാണുണ്ടാക്കിയത്. ഇഞ്ചിച്ചമ്മന്തിയാണ് കൂടെ കൂട്ടാൻ.

Monday, March 24, 2014

ബാജ്‌റ പുട്ട്

ബാജ്‌റ/ബജ്‌റ കൊണ്ടൊരു പുട്ട്. അതാണ് ഇത്. ഒരു വിഷമവുമില്ല ഉണ്ടാക്കാൻ.


 

ഇതാണ് ബജ്‌റ.
ബാജ്‌റ കുറച്ചെടുത്ത് വെള്ളത്തിൽ കുതിർക്കുക. നാലു മണിക്കൂർ കഴിഞ്ഞാൽ കഴുകി, വെള്ളം കളഞ്ഞ് ഉണങ്ങാൻ വയ്ക്കുക. തുണിയിൽ ഇട്ടാൽ മതി. അല്ലെങ്കിൽ പാത്രം അടച്ച് കമഴ്ത്തി ചാരിവെച്ചാലും മതി. ചോറ് വാർത്തുകഴിഞ്ഞ് വെക്കുന്നപോലെ. ഉണങ്ങിയാൽ പുട്ടിന്റെ പാകത്തിൽ പൊടിക്കുക. അരിച്ചെടുക്കണമെങ്കിൽ ആവാം. ഇവിടെ അരിച്ചില്ല.

 

 പൊടിച്ചുകഴിഞ്ഞാൽ വറുക്കുക. തണുക്കാനിടുക.



ഉപ്പും വെള്ളവും ചേർത്ത് കുഴയ്ക്കുക. പുട്ടുകുറ്റിയിലിട്ട് വേവിച്ചെടുക്കുക. കറിയോ പഴമോ കൂട്ടി കഴിയ്ക്കുക.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]