Saturday, November 03, 2012

തിന മുറുക്ക്

തിനയും ചാമയെപ്പോലെതന്നെയുള്ള ഒരു ധാന്യമാണ്. പണ്ടത്തെക്കാലത്തുതന്നെയാണ് അതും കൂടുതലായിട്ട് നമ്മുടെ നാട്ടുകാർ കഴിച്ചിരുന്നത് എന്നു തോന്നുന്നു.  തിന കൊണ്ട് ഉപ്പുമാവാണ്
കേട്ടിട്ടുള്ളത്. ഉപ്പുമാവിനോട് വല്യ പ്രിയം ഇല്ലാത്തതുകൊണ്ട് ഞാൻ ഉപ്പുമാവ് പരീക്ഷിച്ചില്ല. അമ്മ പരീക്ഷിച്ചു. തിനയ്ക്ക് നല്ല വേവുണ്ട് എന്നു കണ്ടുപിടിച്ചു. അതായത് തിന വേവാൻ സമയം
എടുക്കും. അല്ലെങ്കിൽ കുക്കറിൽ വയ്ക്കേണ്ടിവരും. ഇനി ഞാൻ പരീക്ഷിച്ചാൽ പറയാം. ഇപ്പോ, തിന കൊണ്ട് മുറുക്കു മതി എന്നുവെച്ചു. അതാവുമ്പോൾ കറുമുറെ ശബ്ദം ഉണ്ടാക്കി തിന്നാലോ.



ഇതാണ് തിന (Foxtail Millet) (Setaria Italica). തമിഴിൽ തിനൈ എന്നും തെലുങ്കിൽ കൊറല്ലു/കൊറാലു  എന്നും കന്നടയിൽ നവനെ (നവണെ) എന്നും പറയും (വിക്കിപീഡിയയോടു കടപ്പാട്).

മുറുക്കുണ്ടാക്കിയത് എങ്ങനെയെന്നു പറയാം. സാദാ മുറുക്കുണ്ടാക്കുന്നതുപോലെത്തന്നെ. തിന വെള്ളത്തിൽ നാലു മണിക്കൂർ കുതിർത്തിട്ടു. അരിച്ചുകഴുകി വെള്ളം ഉണങ്ങാൻ വെച്ചു. തുണിയിൽ
ഇടുകയോ അടച്ചു കമഴ്ത്തിയിടുകയോ ചെയ്യാം.

ഒന്ന് ഉണങ്ങിക്കഴിഞ്ഞ് പൊടിച്ചു. അരിപ്പയിൽ അരിച്ചു മിനുസപ്പൊടി എടുത്തു. ഉഴുന്നു വറുത്തുപൊടിച്ചു.

തിനപ്പൊടി രണ്ടു ഗ്ലാസും, ഉഴുന്നുപൊടി അര ഗ്ലാസും എടുത്തു. അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ കറുത്ത എള്ള്, അല്പം കായം പൊടി, അല്പം ചൂടാക്കിയ വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ്, അല്പം അജ്വൈയ്ൻ/ഓമം/അയമോദകം ചേർത്തു.  നോർത്തിന്ത്യയിലൊക്കെ മിക്സ്ചറിലും മുറുക്കിലുമൊക്കെ ആ സംഗതി ചേർക്കും.




വെള്ളവും ചേർത്തു കുഴച്ചു.

മുറുക്കിന്റെ നാഴിയിൽ ഇട്ട് പ്ലാസ്റ്റിക് ഷീറ്റിലേക്കു പിഴിഞ്ഞു. വെളിച്ചെണ്ണയിൽ വറുത്തെടുത്തു.


അളവൊക്കെ കുറച്ച് മാറിയാലും പ്രശ്നമൊന്നുമില്ല. മുളകുപൊടി അധികമാക്കാം.  വേണ്ടെങ്കിൽ
ചേർത്തില്ലെങ്കിലും സാരമില്ല. അങ്ങനെ എല്ലാം കുറച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റണമെങ്കിൽ മാറ്റാം. ഈ അളവിൽ മുറുക്കു നന്നായിരുന്നു.

തിന വെള്ളത്തിലിടാതെ പൊടിച്ചും മുറുക്കുണ്ടാക്കിയാൽ കുഴപ്പമില്ലെന്നു തോന്നുന്നു.

5 comments:

കോമാളി said...

"തിന" കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല... :-(

സു | Su said...

കോമാളി :) ഇപ്പോ കണ്ടില്ലേ?

Unknown said...

സൂ.... :) കൊതിപ്പിച്ചു. കറുമുറാ തിന്നാൻ കൊതിയായി കിം ഫലം!!

ശ്രീ said...

കോമാളി പറഞ്ഞതു പോലെ 'തിന' യുമായി വല്യ പരിചയമില്ല. ഒരു പാട്ടില്‍ കേട്ട ഓര്‍മ്മയുണ്ട്... :)

സു | Su said...

അപ്പൂസ് :) ഞങ്ങളുടെ വീട്ടിൽ വന്നാൽ കിട്ടും.

ശ്രീ :) തിന കിട്ടുമെങ്കിൽ വാങ്ങൂ. പല വിഭവങ്ങളും ഉണ്ടാക്കാം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]