പുതിനയിലച്ചോറ്. ഇത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. പുതിനയില വേണം. പിന്നെക്കുറച്ചു സാധനങ്ങളും. അതൊക്കെ മിക്കവാറും വീട്ടിലുണ്ടാവും.
പുതിനയില - അര കപ്പ്. ചെറുതായി മുറിച്ചുവയ്ക്കുക.
മല്ലിയില - അര കപ്പ്. ചെറുതായി മുറിച്ചുവയ്ക്കുക.
അരി - പച്ചരിയാണു നല്ലത്. ബസ്മതിയുമാവാം. പിന്നെ അതൊന്നുമില്ലെങ്കിൽ പുഴുങ്ങലരി - അര കപ്പ്.
ജീരകം - കാൽ ടീസ്പൂൺ.
പുലാവ് മസാലപ്പൊടി - ഒരു ടീസ്പൂൺ.
വലിയ ഉള്ളി - ഒന്ന്. ചെറുതായി മുറിയ്ക്കുക.
നിലക്കടല - ഒരു ടേബിൾസ്പൂൺ.
ഉണക്ക മുന്തിരി - ഒരു ടേബിൾസ്പൂൺ.
നെയ്യ്, ഉപ്പ് എന്നിവ ആവശ്യത്തിന്.
അല്പം മഞ്ഞൾപ്പൊടിയും.
അരി, പാകത്തിനു ഉപ്പുമിട്ടു വേവിച്ചുവയ്ക്കുക.
നെയ്യ് ചൂടാക്കി, ആദ്യം ജീരകം ഇടുക. നിലക്കടലയും, മുന്തിരിയും ഇടുക. മൊരിഞ്ഞാൽ ഉള്ളി ഇടുക.
ഉള്ളി വേവുന്നതുവരെ/മൊരിയുന്നതുവരെ വഴറ്റിക്കൊണ്ടിരിക്കുക. മല്ലിയിലയും
പുതിനയിലയും ചേർക്കുക. വഴറ്റുക. അല്പം മഞ്ഞൾപ്പൊടിയിടുക. പുലാവ് മസാലയും ഇടുക. നന്നായി യോജിപ്പിക്കുക. അല്പം ഉപ്പിടാം. അല്പനേരം ഇളക്കിക്കൊണ്ടിരിക്കുക. അതിലേക്ക്,
വേവിച്ച് ചോറ് ഇട്ടിളക്കുക. നന്നായി ചേർന്നശേഷം വാങ്ങിവയ്ക്കുക.
ഒക്കെ തീ കുറച്ചുവെച്ചിട്ട് വഴറ്റുക.
എല്ലാം വഴറ്റിയശേഷം നെയ്യ് കുറച്ചും കൂടെ വേണമെങ്കിൽ ചേർക്കാം. ചോറ് ചേർക്കുന്നതിനുമുമ്പ്.
നിലക്കടലയ്ക്കു പകരം അണ്ടിപ്പരിപ്പും ചേർക്കാം.
സാലഡ്/സലാഡ് കൂട്ടിക്കഴിക്കാം.
Sunday, April 29, 2012
Monday, April 02, 2012
ചുരയ്ക്ക മാങ്ങാക്കൂട്ടാൻ
Bottle gourd ആണിത്. ചുരയ്ക്ക എന്നും ചുരങ്ങ എന്നുമാണ് ഇതിനെ മലയാളത്തിൽ വിളിക്കുന്നത്. കുമ്പളങ്ങ പോലെയൊക്കെയുള്ള ഒന്നാണിത്. ദൂധി അല്ലെങ്കിൽ ലൌകി എന്നു ഹിന്ദിയിലും സോറേക്കായി (സൊറെക്കായി) എന്നു കന്നടയിലും, തുംബീ, അലാബൂ എന്നു സംസ്കൃതത്തിലും ഇത് അറിയപ്പെടുന്നു. (വിക്കിപ്പീഡിയയോടു കുറച്ചു കടപ്പാട്).
ചുരങ്ങ ഉണങ്ങിയാൽ വെള്ളത്തിൽ താഴാത്തതിനാലാണ് അലാബു: എന്ന അർത്ഥം വന്നതെന്ന് അമരകോശത്തിൽ പറയുന്നു. (മലയാളത്തിലുള്ള അമരകോശമാണിവിടെയുള്ളത്.)
ചുരയ്ക്കയും ഇട്ടൊരു മാങ്ങാക്കൂട്ടാൻ അതാണിവിടെ ഉണ്ടാക്കിയത്. ഒരു സാദാ കൂട്ടാൻ.
ചുരയ്ക്ക തോലും കുരുവും കളഞ്ഞ് കഷണങ്ങളാക്കിയത് - ഒരു കപ്പ്. (ചിത്രത്തിൽ ഉള്ള ചുരയ്ക്കയുടെ പകുതി എടുത്താൽ മതി)
മാങ്ങ ചെറുത് - രണ്ട്. തോലുകളഞ്ഞ് നുറുക്കിയത് അഥവാ മുറിച്ചത്.
തേങ്ങ - അഞ്ചോ ആറോ ടേബിൾസ്പൂൺ.
ജീരകം - ഒരു ടീസ്പൂൺ. അര ടീസ്പൂൺ ആയാലും മതി.
ചുവന്ന മുളക്/വറ്റൽ മുളക് - നാല്. (എരിവു പാകം നോക്കി കൂട്ടുക).
മഞ്ഞൾപ്പൊടി, ഉപ്പ്.
വറവിടാനുള്ളത് - കടുക്, കറിവേപ്പില, ചുവന്ന മുളക്, വെളിച്ചെണ്ണ.
തേങ്ങയും ജീരകവും മുളകും മിനുസമായി അരയ്ക്കുക. ചുരയ്ക്കയും മാങ്ങയും ഉപ്പും മഞ്ഞളുമിട്ട് വേവിക്കുക. അധികം വെള്ളം വേണ്ട. രണ്ടും വേഗം വേവും എന്നതും ഓർമ്മിക്കുക. വെന്താൽ അതിൽ തേങ്ങയരച്ചത് കൂട്ടുക/ചേർക്കുക. തിളപ്പിക്കുക. ആവശ്യമനുസരിച്ചു വെള്ളവും ചേർക്കുക. തിളച്ചാൽ വാങ്ങിവെച്ച് വറവിടുക.
വറ്റൽ മുളകിനു പകരം മുളകുപൊടിയിട്ടാലും മതി. വേവിക്കുമ്പോൾ പാകത്തിന് ഇടുക. മാങ്ങ തോലോടെയാണ് ഇട്ടത്. കുഴപ്പമൊന്നും തോന്നിയില്ല.
Subscribe to:
Posts (Atom)